- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനും സഹോദരനും മാത്രം വീട്ടിൽ ഉണ്ടായിരുന്നപ്പോൾ സഹോദരന്റെ മൂന്നുകൂട്ടുകാർ എത്തി; മാറി മാറി ഓരോ മണിക്കൂർ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെൺകുട്ടി; കഞ്ഞിക്കുഴിയിൽ ചേട്ടനെതിരെ അനിയത്തിയെ കൊണ്ട് പീഡനക്കേസ് കൊടുപ്പിച്ച വിവാഹദല്ലാളിനെ കുരുക്കിയത് ഇങ്ങനെ
ഇടുക്കി: സഹോദരിയെ സഹോദരനുൾപ്പെടെ അഞ്ചുപേർ പീഡിപ്പിച്ചെന്ന പരാതിക്ക് പിന്നിൽ വിവാഹദല്ലാളായ യുവതി കളിച്ചത് ശത്രുത തീർക്കാൻ. കഞ്ഞിക്കുഴി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൂട്ടബലാൽസംഗ കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അവിശ്വനീയമായ പീഡനക്കേസിൽ പതിനാലുകാരിയുടെ ആരോപണം കള്ളമെന്ന് പൊലീസ് സ്ഥീകരിച്ചത് തന്ത്രപരമായ നീക്കത്തിലൂടെയാണ്. കൂട്ടബലാൽസംഗ കേസിന്റെ പിന്നാമ്പുറത്ത് കുരുക്കുമുറുക്കിയത് വെൺമണി സ്വദേശിനി ശ്രീകലയാണെന്നാണ് ഇടുക്കി ഡിവൈ.എസ്പി. ഫ്രാൻസിസ് ഷെൽബിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ കണ്ടെത്തി.
'സഹോദരൻ എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ല. കലാമ്മ പറഞ്ഞിട്ടാണ് എല്ലാം ചെയ്തത്' - അഭയ കേന്ദ്രത്തിലെ രജിസ്റ്ററിൽ പതിനാലുകാരി കുറിച്ചത് നിർണ്ണായകമായി. ഇത് ഒരു കുടുംബത്തിന്റെ നാണക്കേടും മാറ്റി. തന്നോട് ശത്രുതയിലായവരെ വിവാഹ ദല്ലാളായ ശ്രീകല കേസിൽ കുരുക്കാൻ പെൺകുട്ടിയെ കരുവാക്കുകയായിരുന്നു.
പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളായ മൂന്നുപേരുമായിരുന്നു ഈ കേസിൽ പ്രതിപട്ടികയിൽ ഉണ്ടായിരുന്നത്. കേസ്സിൽ പെട്ടതിനെ തുടർന്നുള്ള അപമാനം സഹിക്കാനാവാതെ ആത്മഹത്യയെക്കുറിച്ചു പോലും യുവാവും വീട്ടുകാരും ചിന്തിച്ചുതുടങ്ങിയ അവസരത്തിലാണ് പൊലീസ് സംഭവത്തിന് പിന്നിലെ കള്ളക്കളി വെളിച്ചത്തുകൊണ്ടുവന്നത്. ഇതിനുപിന്നാലെ ശ്രീകലയ്ക്കെതിരെ തെറ്റായ വിവരങ്ങൾ ധരിപ്പിച്ചതിന് കഞ്ഞിക്കുഴി പൊലീസ് കേസെടുത്തു. അന്വേഷണം പൂർത്തിയാവുന്ന മുറയ്ക്ക് മേൽനടപടികളുണ്ടാവുമെന്നും ഡി വൈ എസ് പി ഫ്രാൻസിസ് ഷെൽബി മറുനാടനോട് വ്യക്തമാക്കി.
കഴിഞ്ഞമാസം 20 നാണ്് കഞ്ഞിക്കുഴി പൊലീസിൽ പരാതി കിട്ടുന്നത്. തുടർന്ന് പെൺകുട്ടിയിൽ നിന്നും പൊലീസ് മൊഴിയെടുത്തു. കഴിഞ്ഞ മാസം 15-നും 16 നും തന്നെ സഹോദരന്റെ മൂന്നുകൂട്ടുകാർ ബലാൽസംഗത്തിന് ഇരയാക്കി എന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. ഏപ്രിൽ 15-ന് താനും സഹോദരനും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് സഹോദരന്റെ കൂട്ടുകാർ വീട്ടിലെത്തിയതെന്നും ഈ സമയം സഹോദരൻ മുറിക്ക് പുറത്തേയ്ക്ക് പോയെന്നും പിന്നാലെ മൂവരും മാറി മാറി ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് പെൺകുട്ടി വെളിപ്പെടുത്തിയത്.
ഏപ്രിൽ 16-ാം തീയതി തലേന്ന് പീഡിപ്പിച്ചവർ വീണ്ടും എത്തിയെന്നും ഓരോ മണിക്കൂർ വീതം ഇവർ മാറിമാറി തന്നെ പീഡിപ്പിച്ചുവെന്നും സഹോദരൻ തലേന്നത്തെപ്പോലെ വീട്ടിൽ നിന്നും ഒഴിവാകുകയായിരുന്നെന്നും പെൺകുട്ടി വിശദമാക്കുകയും ചെയ്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉടൻ പൊലീസ് അലർട്ടായി. ഐ പി സി 164 പ്രകാരം പെൺകുട്ടിയെ മജിസ്ട്രേറ്റിനുമുമ്പാകെ ഹാജരാക്കി മൊഴിയെടുപ്പിച്ചു. പിന്നാലെ മെഡിക്കൽ പരിശോധനയും നടത്തി.ബലാൽസംഗം നടന്നിട്ടില്ലെന്ന് ഡോക്ടർ തീർത്തുപറയാത്ത സാഹചര്യത്തിൽ കേസിൽ തുടർനടപടികളുമായി മുന്നോട്ടു പോകാനായിരുന്നു പൊലീസ് തീരുമാനം.
കേസ്സ് കൂട്ടബലാൽസംഗമായതിനാൽ അന്വേഷണച്ചുമതല ഡിവൈ.എസ്പി. ഫ്രാൻസിസ് ഷെൽബിയുടെ ചുമലിലായി. ഏപ്രിൽ 15-ന് പെൺകുട്ടിയുടെ മാതാപിതാക്കൾ കഷ്ടി മുക്കാൽ മണിക്കൂർ മാത്രമാണ് വീട്ടിൽ നിന്നും മാറി നിന്നതെന്നും ഇത് കന്നുകാലിക്ക് പുല്ലരിയാനായിരുന്നെന്നും പൊലീസ് സംഘം സ്ഥിരീകരിച്ചു. പിറ്റേന്ന് പെൺകുട്ടിയടക്കം കുടുംബാംഗങ്ങൾ മുഴുവൻ സമയവും വീട്ടിലുണ്ടായിരുന്നെന്നും വിവരശേഖരണത്തിൽ നിന്നും അന്വേഷണസംഘത്തിന് വ്യക്തമായി. ഇവിടം മുതൽ കാര്യങ്ങൾ അത്ര പന്തിയല്ലന്ന് പൊലീസ് സംഘത്തിന് ബോദ്ധ്യമായി.
മാതാപിതാക്കളെയും പ്രതിസ്ഥാനത്തുള്ള സഹോദരനടക്കമുള്ളവരെയും വിശദമായി ചോദ്യം ചെയ്തു. വിവരങ്ങൾ ശേഖരിക്കാൻ വനിത കോൺസ്റ്റബിൾ എത്തിയപ്പോൾ വീട്ടിൽവച്ച് ഒന്നും പറയില്ലെന്നും കലാമ്മയുടെ അടുത്തെത്തത്തിച്ചാൽ എല്ലാംപറയാമെന്നും പെൺകുട്ടി വ്യക്തമാക്കിയപ്പോൾ പൊലീസ് സംഘം അന്തവിട്ട അവസ്ഥയിലായി. തുടർന്ന് സംശയം തീർക്കാൻ പൊലീസ് സംഘം ഫോറൻസിക് സർജ്ജന്റെ സേവനം പ്രയോജനപ്പെടുത്തി. വിശദമായ പരിശോധനയിൽ ഒന്നും സംഭവിച്ചിട്ടില്ലന്ന് ഫോറൻസിക് വിദഗ്ധൻ വിധിയെഴുതി. കാര്യങ്ങൾ കൈവിട്ടു എന്നുബോദ്ധ്യമായപ്പോൾ മിഴിനീരോടെ പെൺകുട്ടി എല്ലാം പൊലീസിനോട് ഏറ്റുപറഞ്ഞു.
കലാമ്മ പറഞ്ഞിട്ടാണ് താൻ കൂട്ടബലാൽസംഗത്തിന് വിധേയയായെന്ന് കള്ളംപറഞ്ഞതെന്നും അവരോടുള്ള അടുപ്പം കൊണ്ട് പറഞ്ഞതെല്ലാം അക്ഷരംപ്രതി അനുസരിച്ചു എന്നുമായിരുന്നു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. ഈ സാഹചര്യത്തിലാണ് ശ്രീകലയ്ക്കെതിരെ കഞ്ഞിക്കുഴി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞമാസം 20 ന് രജിസ്റ്റർ ചെയ്ത കേസ്സിൽ 22-ാം തീയതി ഉച്ചകഴിഞ്ഞപ്പോഴേയ്ക്കും അന്വേഷക സംഘം തീരുമാനമാക്കി. ഇതോടെ അപമാനംപേറി വീടിനു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥിയിൽ കഴിഞ്ഞിരുന്ന യുവാക്കൾക്കും കുടംബാംഗങ്ങൾക്കും ആശ്വാസമായി. ബലാൽസംഗക്കേസ്സിൽ നിന്നും യുവാക്കളെ ഒഴിവാക്കുന്നതിനുള്ള നടപടിക്രമങ്ങളും പൊലീസിന്റെ ഭാഗത്തുനിന്നും ആരംഭിച്ചിട്ടുണ്ട്.
വെണ്മണി സ്വദേശിനിയായ ശ്രീകല, പെൺകുട്ടിയുടെ സഹോദരന് വിവാഹമാലോചിച്ച് സ്ഥിരമായി വീട്ടിൽ വന്നിരുന്നു. മൂന്നുമാസംകൊണ്ട് ഇവർ കുട്ടിയുമായി അടുത്തു. അടുപ്പക്കൂടുതൽ കൊണ്ട് കലാമ്മയെന്നാണ് കുട്ടി ഇവരെ വിളിച്ചിരുന്നത്. പെൺകുട്ടിയോടുള്ള ഇവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ സഹോദരൻ, വീട്ടിൽ വരുന്നതിൽ നിന്നും ശ്രീകലയെ വിലക്കി. വിവാഹാലോചനയുമായി വരേണ്ടെന്നും പറഞ്ഞു. എന്നിട്ടും പെൺകുട്ടിയുടെ സഹോദരന്റെ മൊബൈലിലേയ്ക്ക് ശ്രീകല വിശേഷങ്ങൾ തിരക്കി മെസേജുകൾ അയച്ചിരുന്നു. ഇതിൽ ചിലതിനെല്ലാം യുവാവ് പ്രതികരിക്കാറുമുണ്ടായിരുന്നു. വിവരമറിഞ്ഞ മാതാപിതാക്കൾ യുവാവിനെ താക്കീതുചെയ്തു. ഇതോടെ യുവാവ് മെസേജുകളോടും പ്രതികരിക്കാതായി.
ഇതിന്റെ വൈരാഗ്യത്തിലാണ് ശ്രീകല, പെൺകുട്ടിയുമായുള്ള അടുപ്പം മുതലെടുത്ത് സഹോദരനെതിരേ മൊഴി നൽകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. കുട്ടിയെ ദുരുപയോഗം ചെയ്തതിനും പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് ശ്രീകലയുടെ പേരിൽ കേസെടുത്തിരിക്കുന്നത്. ഡിവൈഎസ്പിയെക്കൂടാതെ കഞ്ഞിക്കുഴി പൊലീസ് ഇൻസ്പെക്ടർ സെബി തോമസ്, എസ്ഐ.മാരായ സന്തോഷ്, റോബിൻസൺ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
മറുനാടന് മലയാളി ലേഖകന്.