കോട്ടയം: കാശു കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുക എന്നൊരു ചൊല്ല് നമ്മുടെ നാട്ടിലുണ്ട്. അതേ അവസ്ഥയിലാണ് തൊടുപുഴയിലെ ഹോട്ടൽ വ്യാപാരിയായ പ്രസാദ്. തൊടുപുഴയിൽ വെജിറ്റേറിയൻ ഹോട്ടൽ നടത്തുന്ന ഇദ്ദേഹം ഹോട്ടൽ നവീകരണത്തിന്റെ ഭാഗമായി ഗ്ലാസ് കൗണ്ടർ വാങ്ങാൻ പോയാണ് ശരിക്കും പുലിവാല് പിടിച്ചത്. കാഞ്ഞിരമറ്റം ടൗണിൽ പോയി നാലഞ്ച് കടകളിൽ കയറിയ ശേഷമാണ് പ്രസാദ് ഗ്ലാസ് കൗണ്ടർ വാങ്ങിയത്. ഇതമായി വീട്ടിലെത്തി ദിവസങ്ങൾ കഴിയുമ്പോഴാണ് പൊലീസ് എത്തിയതും നിങ്ങൾക്കെതിരെ കേസുണ്ടെന്ന് പറഞ്ഞതും. ഇദ്ദേഹത്തെ കാഞ്ഞിരമറ്റം ടൗണിൽ കൂടുതൽ സമയം കണ്ടെന്ന കാരണത്താൽ പോപ്പുലർ ഫ്രണ്ട് സംശയം ഉന്നയിച്ചു നൽകിയ പരാതിയാണ പ്രസാദിന് പുലിവാലായിരിക്കുന്നത്.

മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കച്ചവടക്കാരുള്ള കാഞ്ഞിരമറ്റത്ത് പ്രസാദ് പോയി സാധനം വാങ്ങിയതാണോ ഇപ്പോഴത്തെ കുഴപ്പം എന്നു ചോദിച്ചു സോഷ്യൽ മീഡിയയിൽ ആർഎസ്എസ് അനുകൂലികളും പോസ്റ്റിട്ടു രംഗത്തു വന്നു. താൻ കൗണ്ടർ വാങ്ങിയത് മതം നോക്കിയല്ലെന്നാണ് പ്രസാദ് പറഞ്ഞത്. കാഞ്ഞിരമറ്റം ടൗണിൽ കുറച്ചു സമയം കണ്ടു എന്നതിന്റെ പേരിലാണ് പോപ്പുലർ ഫ്രണ്ട് പരാതി ഉന്നയിച്ചതും അതിന്റെ പേരിൽ പൊലീസ് അന്വേഷണം നടക്കുന്നതും.

തനിക്ക് പറ്റിയ വിലക്ക് സാധനം കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് താൻ കാഞ്ഞിരമറ്റത്ത് പോയതെന്നാണ് പ്രസാദ് പറയുന്നത്. അന്ന് പല കടകളിൽ കയറിയ ശേഷമാണ് ഒരു ഗ്ലാസ്‌കൗണ്ടർ കിട്ടിയത്. അന്ന് തന്നെ സാധനം കണ്ടുപോകണം എന്നതു കൊണ്ടാണ് കുറേ സമയം അവിടെ ചിലവഴിക്കേണ്ടി വന്നത്. അന്ന് വൈകുന്നേരത്തോടെ സാധനം തൊടുപുഴയിൽ എത്തിക്കുകയും ചെയ്തു. കൂറച്ചു ദിവസം കഴിഞ്ഞ് പൊലീസ് വീട്ടിലെത്തിയപ്പോഴാണ് പ്രശ്‌നം മനസ്സിലായത്. പോപ്പുലർ ഫ്രണ്ട് നേതാവ് അസ്വഭാവിക സമയത്തു കണ്ടുവെന്നാണ് പരാതി നൽകിയിരുന്നത്. ഇത് അന്വേഷിച്ചാണ് പൊലീസ് എത്തിയതും. ഇതേ തുടർന്ന് പൊലീസിനെ താൻ വാങ്ങിയ സാധനങ്ങളുടെ ബില്ലും മറ്റും പരിശോധിച്ചു പോയി.

പിന്നീട് പൊലീസ് സ്‌റ്റേഷനിൽ എത്താൻ പറഞ്ഞെങ്കിലും പോയില്ല. എസ്‌പിക്കാണ് പരാതി കൊടുത്തത് എന്നതിനാൽ എസ്‌പി ഓഫീസിൽ നിന്നും വിളിച്ച് വിവരം അന്വേഷിച്ചിരുന്നു. ഇതെല്ലാം താൻ ഒരു ഗ്ലാസ് കൗണ്ടർ വാങ്ങാൻ പോയതിന്റെ പേരിലാണെന്ന് പ്രസാദ് പറയുന്നത്. സോഷ്യൽ മീഡിയയിലും ഈ വിഷയം പോസ്റ്റാക്കി ആർഎസ്എസ് അനുകൂലികൾ പ്രചരിപ്പിക്കുന്നുണ്ട്. എന്താണ് എസ്ഡിപിഐ ഉദ്യോശിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയാ പോസ്റ്റിലെ ചോദ്യം. മുസ്ലിംകടകളിൽ മറ്റു മതസ്ഥർ കയറരുത് എന്നാണോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ മഞ്ജു മോഹൻ എന്ന പ്രൊഫൈൽ ഉന്നയിക്കുന്ന ചോദ്യം.

അതേസമയം അടുത്തുകാലത്ത് പോപ്പുലർ ഫ്രണ്ട് -ആർഎസ്എസ് സംഘർഷം വർധിക്കുന്ന പശ്ചാത്തലത്തിൽ പൊലീസിൽ പരാതി ലഭിച്ചതോടെ വിശദമായി പൊലീസ് പരിശോധിക്കുകയാണ് ഉണ്ടായതെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇന്റലിജൻസ് കൂടുതൽ ശക്തമാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം പരാതികൾ പരിശോധിക്കേണ്ടി വരുന്നതെന്നും പൊലീസ് സൂചിപ്പിക്കുന്നു.