കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ അതിസമ്പന്ന കുടുംബത്തിലെ സ്വത്തു തർക്കം വെടിവെപ്പിൽ കലാശിക്കുകയും സഹോദരനും മാതൃസഹോദരനും വെടിയേറ്റു മരിക്കുകയും ചെയ്ത സംഭവം കേരളത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. സംഭവത്തിൽ ജ്യേഷ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാറക്കയം കരിമ്പനാൽ രഞ്ജു കുര്യൻ (50), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്‌കറിയ (പൂച്ചക്കല്ലിൽ രാജു-78) എന്നിവരാണു കൊല്ലപ്പെട്ടത്.

രഞ്ജുവിന്റെ ജ്യേഷ്ഠൻ ജോർജ് കുര്യനെ (52) അറസ്റ്റ് ചെയ്തു. തടസ്സം പിടിക്കുന്നതിനിടെയാണു മാത്യുവിനു വെടിയേറ്റത്. രഞ്ജു സംഭവസ്ഥലത്തും അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്ന മാത്യു ഇന്നു പുലർച്ചെ 12.30നുമാണു മരിച്ചത്. ഇതോടെ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായി മാറി ജോർജ്ജ് കുര്യൻ.

ഇന്നലെ വൈകിട്ടു 4നു മണ്ണാറക്കയത്തെ കുടുംബവീട്ടിലാണു സംഭവം. കൊച്ചിയിൽ താമസിച്ച് റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണു ജോർജ് കുര്യൻ. ബിസിനസിൽ നഷ്ടം വന്നതോടെ കുടുംബവക സ്ഥലത്തിൽനിന്നു രണ്ടര ഏക്കർ കഴിഞ്ഞ ദിവസം ജോർജ് പിതാവിൽനിന്ന് എഴുതിവാങ്ങിയിരുന്നു. ഈ സ്ഥലത്തു വീടുകൾ നിർമ്മിച്ചു വിൽക്കാനായിരുന്നു ജോർജിന്റെ പദ്ധതി. എന്നാൽ ഇതിന് തടസമായി നിന്നത് സഹോദരനായിരുന്നു. സഹോദരനുമായുള്ള തർക്കം പരിഹരിക്കാൻ വേണ്ടിയാണ് ഇന്നലെ വീട്ടിൽ ചർച്ച നടന്നത്.

ഈ ചർച്ച നടക്കുന്നതിനിടെയാണ് പ്രകോപിതനായി ജോർജ്ജ് കുര്യൻ വെടിയുതിർത്തത്. തൊട്ടടുത്തുനിന്നു വെടിയുതിർത്തതുപോലെയാണു രഞ്ജുവിന്റെ ശരീരത്തിലെ മുറിവുകളെന്നു പൊലീസ് പറയുന്നു. വെടിയൊച്ച കേട്ട് ആദ്യം ഓടിയെത്തി മുറി തുറന്നത് ഇരുവരുടെയും മാതാപിതാക്കളാണ്. ജോർജ്ജ് കുര്യന്റെ കൈയിൽ തോക്കും ദേഹത്ത് രക്തക്കറയും കണ്ടു ഭയന്ന അവർ കതകടച്ച് ഓടിമാറി.

വെടിവയ്പിനു മുൻപു മൽപിടിത്തം നടന്നതായും പൊലീസ് സംശയിക്കുന്നു. ജോർജ് കുര്യന്റെ ഷർട്ടിലും ചോര പുരണ്ടിരുന്നു. പൊലീസ് എത്തിയപ്പോൾ രക്തം പുരണ്ട ഷർട്ടുമായി ജോർജ് വീട്ടിനുള്ളിലെ കസേരയിൽ ഇരിക്കുകയായിരുന്നു. സ്വത്തു വിറ്റതിനെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ 3 ദിവസം മുൻപ് എറണാകുളത്തു നിന്നെത്തിയ ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു.

സഹോദരങ്ങൾ പരസ്പരം സംസാരിച്ചിട്ടും തർക്കത്തിനു പരിഹാരം കാണാൻ കഴിയാതെ വന്നതോടെയാണ് ഇന്നലെ മാതൃസഹോദരൻ മാത്യു സ്‌കറിയ മധ്യസ്ഥതയ്ക്കായി എത്തിയത്. ഫ്‌ളാറ്റ് നിർമ്മാതാവായ ജോർജ്ജ് കുര്യന്റെ അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു കൂടുംബ സ്വത്ത്. സാമ്പത്തിക ബാധ്യത ഉള്ള മൂത്ത സഹോദരൻ ജോർജ് കുര്യൻ രണ്ടരയേക്കർ സ്ഥലത്ത് വീടുകൾ വെച്ച് വിൽപന നടത്താനുള്ള പദ്ധതി ഇട്ടതാണ് തർക്കത്തിന് കാരണമായത്. എന്നാൽ, കുടുംബ വീടിന് അടുത്തുള്ള അരയേക്കർ സ്ഥലം ഒഴിച്ചിടണം എന്ന് സഹോദരൻ രഞ്ജു കുര്യൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാൻ ജോർജ് കുര്യൻ തയ്യാറായില്ല. ഈ തർക്കമാണ് വെടിവെപ്പിൽ എത്തിയത്.

ജോർജ് കുര്യൻ ഉപയോഗിച്ച റിവോൾവറിൽനിന്നു 4 വെടി ഉതിർത്തതായി പൊലീസ് കണ്ടെത്തി. രണ്ടെണ്ണം രഞ്ജുവിന്റെയും രണ്ടെണ്ണം മാത്യു സ്‌കറിയയുടെയും ശരീരത്തിൽ തുളഞ്ഞു കയറിയതായി പൊലീസ് കരുതുന്നു. ഫൊറൻസിക് പരിശോധനയ്ക്കു ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.

വെടിവെപ്പ് നടക്കുമ്പോൾ ജോർജിന്റെയും രഞ്ജുവിന്റെയും മാതാപിതാക്കളും കുടുംബ വീട്ടിലുണ്ടായിരുന്നു. കൊച്ചിയിൽ ഫ്ളാറ്റ് നിർമ്മാതാവാണ് ജോർജ് കുര്യൻ. ഊട്ടിയിൽ വ്യവസായി ആയ രഞ്ജുവാണ് കുടുംബവീട്ടിൽ താമസിച്ചിരുന്നത്. കരുതിക്കൂട്ടി തന്നെയാണ് ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ എത്തിയതെന്നാണ് പൊലീസ് നിഗമനം. വെടിവെച്ച പോയിന്റ് 9ാാ റിവോൾവറിന് ലൈസൻസ് ഉണ്ടായിരുന്നു എന്നും പൊലീസ് അറിയിച്ചു.