- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശുചിമുറിയിൽ വീണിടത്തു നിന്നും തലയിലും നെഞ്ചിലും ചവുട്ടിക്കുഴച്ചു: ബോധരഹിതനായപ്പോൾ ഉപേക്ഷിച്ചു കടന്നു കളഞ്ഞു: കണ്ണൂരിലെ കാഞ്ഞിരോട് നെഹർ കോളേജിൽ നടന്നത് അതിക്രൂരമായ റാഗിങ്; ജൂനിയർ വിദ്യാർത്ഥിയെ അടിച്ചു ബോധം കെടുത്തിയ സീനിയർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
കണ്ണൂർ: ജൂനിയർ വിദ്യാർത്ഥിയെ റാഗുചെയ്യുന്നതിനിടെ മർദ്ദിച്ചു ബോധരഹിതനാക്കിയ കേസിലെ പ്രതികളായ രണ്ടു വിദ്യാർത്ഥികളെ കോളേജ് അധികൃതർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കാഞ്ഞിരോട് നെഹർ കോളേജിലെ ഏഴു സീനിയർ വിദ്യാർത്ഥികൾക്കെതിരെ ചക്കരക്കൽ പൊലിസ് കേസെടുത്തിട്ടുണ്ട്.
വിദ്യാർത്ഥിൾക്കെതിരെ റാഗിങ് വിരുദ്ധ വകുപ്പുകൾ കൂടി ചേർക്കുമെന്ന് പൊലിസ് അറിയിച്ചു. മർദ്ദനത്തെ തുടർന്ന് ബോധരഹിതനായ രണ്ടാംവർഷ ബി. എ ഇക്കണോമിക്സ് ബിരുദവിദ്യാർത്ഥി ചെക്കിക്കുളം തനിയേരി ഡ്രീംപാലസിൽ പി. അൻഷാദിന്റെ(19) മൊഴി പൊലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. റാഗിങിനെതിരെ കണ്ണൂർ ജില്ലയിലെ എല്ലാവിദ്യാലയങ്ങളിലും ബോധവൽക്കരണം ശക്തമാക്കാൻ ജനമൈത്രി പൊലിസ് തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് കേസിനാസ്പദമായ സംഭവം. ഇരുപതോളംവരുന്ന സീനിയർ വിദ്യാർത്ഥികളുടെ റാഗിങിനെ തുടർന്നുണ്ടായ മർദ്ദനത്തിൽ അൻഷാദ് ബോധരഹിതനായി വീഴുകയായിരുന്നു. തുടർന്ന് ജീവനക്കാരും അദ്ധ്യാപകരും ആദ്യം വാരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചാല മിംമ്സ് ആശുപത്രിയിലെത്തിച്ചതിനും ശേഷമാണ് അൻഷാദിന് ബോധം തിരിച്ചുകിട്ടിയത്.
നീയെന്തിനാണ് പെൺകുട്ടികളോട് സംസാരിക്കുന്നതെന്നു ചോദിച്ചെന്നായിരുന്നു മർദ്ദനമെന്ന് അൻഷാദ് പറഞ്ഞു. കൈയിലുണ്ടായിരുന്ന മൊബഃൽ ഫോൺ പിടിച്ചുവാങ്ങി ബാങ്ക് അക്കൗണ്ടു പരിശോധിക്കുകയും ചെയ്തു. ഇതിനു ശേഷം ആദ്യം ഒരു സംഘം മർദ്ദിക്കുകയായിരുന്നു. ഇതിനു ശേഷം അവശനായ അൻഷാദിനെ ശുചിമുറിയിലേക്ക് വലിച്ചിഴച്ചു
കൊണ്ടുപോയി മറ്റൊരു സംഘവും മർദ്ദിച്ചു. തന്റെ തല പലതവണ ചുമരിൽ ബലമായി ഇടിപ്പിച്ചതായും വീണുകിടക്കുമ്പോൾ നെഞ്ചിലും വയറിലും തലയിലും പലതവണ ചവുട്ടിയതായും അൻഷാദ് പൊലിസിനു മൊഴി നൽകിയിട്ടുണ്ട്. മർദ്ദനം തുടർന്നതോടെയാണ് അൻഷാദ് ബോധരഹിതനായത്. ഇതിനു മുൻപും കോളേജിലെ പല ജൂനിയർ വിദ്യാർത്ഥികളെയും റാഗ് ചെയ്തതായും ഭയം കാരണം ആരും തുറന്നുപറഞ്ഞിട്ടില്ലെന്നും അൻഷാദ് പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിൽ ഉൾപ്പെട്ട സീനിയർ വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോളേജ് അഡ്‌മിനിസ്ട്രേറ്റർ എം.കെ അബ്ദുൽസത്താർ പറഞ്ഞു. സംഭവം നടന്നയുടനെ മർദ്ദനമേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിക്കുകയും പൊലിസിനെ വിവരമറിയിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
ഇതിനു ശേഷം കോളേജ് അച്ചടക്ക സമിതി ചേരുകയും പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ട് രണ്ടു സീനിയർ വിദ്യാർത്ഥികളെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മകനെ റാഗിങിന്റെ പേരിൽ അതിക്രൂരമായി മർദ്ദിച്ച സീനിയർ വിദ്യാർത്ഥികൾക്കെതിരെ നിയമനടപടിയുമായി മുൻപോട്ടു പോകുമെന്ന് അൻഷാദിന്റെ രക്ഷിതാക്കൾ അറിയിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്