- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു ഫ്‌ളക്‌സ് ബോർഡ്; ദുഃഖാചരണത്തിന്റെ ഭാഗമായി ഓട്ടോ പണിമുടക്ക്; വിടപറഞ്ഞ തെരുവുനായയ്ക്ക് ഓമല്ലൂരുകാർ യാത്രയയപ്പു നൽകിയത് ഇങ്ങനെ
പത്തനംതിട്ട: കഴിഞ്ഞ ദിവസം ഓമല്ലൂർ മാർക്കറ്റ് ജങ്ഷനിൽ ഒരു ഫ്‌ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. കഴുത്തിൽ മാലചാർത്തി ഉടുപ്പും നിക്കറുമിട്ട് ഇരിക്കുന്ന ഒരു നായയുടെ ചിത്രം. കൺമണിക്ക് ആദരാഞ്ജലികൾ എന്ന് അടിക്കുറുപ്പും. കഥയറിയാതെ മിഴിച്ചു നിന്ന വഴിപോക്കരോട് നനഞ്ഞ മിഴിയുമായി സ്റ്റാൻഡിലെ ഓട്ടോഡ്രൈവർമാർ പറഞ്ഞു: അവളായിരുന്നു ഞങ്ങളുടെ കൺമണി. കഴിഞ്ഞ 16 വർഷമായി മാർക്കറ്റ് ജങ്ഷനിലെ കടക്കാരുടെയും ഓട്ടോഡ്രൈവർമാരുടെയും സന്തത സഹചാരി. എവിടെ നിന്നോ അലഞ്ഞു തിരിഞ്ഞുവന്ന അവളെ ഈ നാട്ടുകാർ കല്ലെറിഞ്ഞ് ഓടിച്ചില്ല, വിഷം കൊടുത്തു കൊല്ലാൻ നോക്കിയില്ല, പകരം കൺമണി എന്ന് പേരിട്ടു കണ്ണിലെ കൃഷ്മണി പോലെ വളർത്തി. കൊട്ടാരങ്ങളിൽ വളരുന്ന നായ്ക്കൾക്കു പോലും കിട്ടാത്ത ബഹുമതിയാണ് ഓമല്ലൂരുകാർ കൺമണിക്ക് നൽകിയത്. കൺമണിയുടെ വിയോഗത്തിൽ അനുശോചിച്ച് ഓട്ടോറിക്ഷാ തൊഴിലാളികൾ അന്ന് ഓടിയില്ല. അവർ ഒന്നുചേർന്ന് കൺമണിയെ മാർക്കറ്റിനോട് ചേർന്ന കേരളാ ഗ്രാമീൺ ബാങ്ക് ശാഖയ്ക്ക് സമീപമുള്ള ഇത്തിരി സ്ഥലത്ത് അടക്കം ചെയ്തു. അതു കഴിഞ്ഞ് കൺമണിയുടെ വിയോഗം നാട്ട
പത്തനംതിട്ട: കഴിഞ്ഞ ദിവസം ഓമല്ലൂർ മാർക്കറ്റ് ജങ്ഷനിൽ ഒരു ഫ്‌ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. കഴുത്തിൽ മാലചാർത്തി ഉടുപ്പും നിക്കറുമിട്ട് ഇരിക്കുന്ന ഒരു നായയുടെ ചിത്രം. കൺമണിക്ക് ആദരാഞ്ജലികൾ എന്ന് അടിക്കുറുപ്പും.
കഥയറിയാതെ മിഴിച്ചു നിന്ന വഴിപോക്കരോട് നനഞ്ഞ മിഴിയുമായി സ്റ്റാൻഡിലെ ഓട്ടോഡ്രൈവർമാർ പറഞ്ഞു: അവളായിരുന്നു ഞങ്ങളുടെ കൺമണി. കഴിഞ്ഞ 16 വർഷമായി മാർക്കറ്റ് ജങ്ഷനിലെ കടക്കാരുടെയും ഓട്ടോഡ്രൈവർമാരുടെയും സന്തത സഹചാരി.
എവിടെ നിന്നോ അലഞ്ഞു തിരിഞ്ഞുവന്ന അവളെ ഈ നാട്ടുകാർ കല്ലെറിഞ്ഞ് ഓടിച്ചില്ല, വിഷം കൊടുത്തു കൊല്ലാൻ നോക്കിയില്ല, പകരം കൺമണി എന്ന് പേരിട്ടു കണ്ണിലെ കൃഷ്മണി പോലെ വളർത്തി.
കൊട്ടാരങ്ങളിൽ വളരുന്ന നായ്ക്കൾക്കു പോലും കിട്ടാത്ത ബഹുമതിയാണ് ഓമല്ലൂരുകാർ കൺമണിക്ക് നൽകിയത്. കൺമണിയുടെ വിയോഗത്തിൽ അനുശോചിച്ച് ഓട്ടോറിക്ഷാ തൊഴിലാളികൾ അന്ന് ഓടിയില്ല. അവർ ഒന്നുചേർന്ന് കൺമണിയെ മാർക്കറ്റിനോട് ചേർന്ന കേരളാ ഗ്രാമീൺ ബാങ്ക് ശാഖയ്ക്ക് സമീപമുള്ള ഇത്തിരി സ്ഥലത്ത് അടക്കം ചെയ്തു. അതു കഴിഞ്ഞ് കൺമണിയുടെ വിയോഗം നാട്ടുകാരെയറിയിക്കാൻ ബസ് സ്‌റ്റോപ്പിൽ ഫ്‌ളക്‌സ് ബോർഡും സ്ഥാപിച്ചു. എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു കൺമണി.
അഞ്ചു വർഷം മുമ്പ് ഒറ്റ പ്രസവത്തിൽ 13 കുഞ്ഞുങ്ങൾ ഉണ്ടായതോടെ കൺമണി പത്രത്താളുകളിലും ഇടംപിടിച്ചു. ഇതോടെ കൺമണി താരമായി. പതിനാറു വർഷം മുമ്പ് ഓമല്ലൂർ മാർക്കറ്റിൽ കൺമണി എത്തുമ്പോൾ പിൻകാലൊരെണ്ണം ഒടിഞ്ഞ നിലയിലായിരുന്നു. മാർക്കറ്റിന് സമീപമുള്ള വർക്ക് ഷോപ്പിൽ കൺമണി അഭയം തേടി. വർക്ക് ഷോപ്പ് ഉടമ ആലപ്പുഴ സ്വദേശി റജി കൺമണിയെ ചികിത്സിച്ചു വളർത്തി. വർഷങ്ങൾക്ക് ശേഷം വർക്ക് ഷോപ്പ് പൂട്ടിയപ്പോൾ കൺമണിയും അവിടെ നിന്നിറങ്ങി.
പിന്നീട് കടത്തിണ്ണയിലായി വാസം. നിറയെ രോമമുള്ള വലിയ വാലായിരുന്നു കൺമണിയുടെ ചന്തം. കടകൾക്കും രാവിലെ കടത്തിണ്ണയിൽ കിടക്കുന്ന പത്രക്കെട്ടുകൾക്കും കാവലായിരുന്നു കൺമണി. ആരോടും ശല്യമില്ലാത്ത കൺമണി പിന്നീട് ഓട്ടോറിക്ഷാ തൊഴിലാളികളുടെയും കടക്കാരുടെയും ഉറ്റ ചങ്ങാതിയായി. എല്ലാ ദിവസവും രാവിലെ മേക്കാട്ട് ടീഷോപ്പ് ഉടമ ബിജു നൽകുന്ന പൊറോട്ടയും ബീഫ് കറിയും കഴിക്കും. പിന്നീടുള്ള ഭക്ഷണം ഓട്ടോറിക്ഷ തൊഴിലാളികളും മറ്റ് കടക്കാരും നൽകും. ഓണം, ക്രിസ്മസ് തുടങ്ങിയ വിശേഷ ദിവസങ്ങളിൽ വിഭവ സമൃദ്ധമായ ആഹാരം.
കഴിഞ്ഞ ഓണത്തിന് കൺമണിയെ കുളിപ്പിച്ച് പുതിയ ഉടുപ്പും അണിയിച്ച് ഇലയിട്ട് സദ്യനൽകി തൊട്ടടുത്തുള്ള അപ്പൂസ് സ്റ്റുഡിയോയിൽ കൊണ്ടുപോയി ഫോട്ടോയുമെടുത്തു. ആ ചിത്രമാണ് ഫ്‌ളക്‌സ് ബോർഡിൽ അടിക്കാൻ ഉപയോഗിച്ചത്. കൺമണിക്കുണ്ടാകുന്ന കുഞ്ഞുങ്ങളെ വീട്ടിലേക്ക് കൊണ്ടുപോകാനും ആളുകൾ ഇവിടേക്ക് തിരക്കി വരുമായിരുന്നു. പ്രായമേറിയതിനെ തുടർന്നായിരുന്നു കൺമണിയുടെ അന്ത്യം.