ബെംഗളൂരു: കന്നഡയിലെ ശ്രദ്ധേയ സംവിധായകൻ പ്രദീപ് രാജ് കോവിഡ് ബാധിച്ച് മരിച്ചു. 46 വയസ്സായിരുന്നു. ഏതാനും ദിവസം മുമ്പാണ് പ്രദീപിനെ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് പോണ്ടിച്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. സഹോദരൻ പ്രശാന്ത് രാജാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

പ്രമേഹവും കരൾ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു. 15 വർഷത്തിലേറെയായി പ്രമേഹരോഗം അലട്ടിയിരുന്നു. കൊവിഡിനെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാലാണ് ഇപ്പോൾ മരണം സംഭവിച്ചിരിക്കുന്നത്. കന്നഡ സൂപ്പർ താരം യാഷും ഓവിയയും മുഖ്യ വേഷങ്ങളിൽ അഭിനയിച്ച കിരാതകയായിരുന്നു പ്രദീപ് രാജിന്റെ ആദ്യ ചിത്രം. ദുനിയ വിജയ്, ഗണേശ് തുടങ്ങിയവരും പ്രദീപിന്റെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

കിച്ച സുദീപ് പ്രധാനവേഷത്തിലെത്തിയ കിച്ചു, മിസ്റ്റർ 420, രജനികാന്താ, അഞ്ജഡ ഗണ്ടു, ബാംഗ്ലൂർ 560 023 എന്നിവയാണ് പ്രദീപ് ഒരുക്കിയ മറ്റു ചിത്രങ്ങൾ. കിരാതകാ 2 എന്ന ചിത്രം സംവിധാനം ചെയ്യുന്നതിനായുള്ള ഒരുക്കങ്ങൾ നടക്കവേയാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.