- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് നഴ്സുമാരെ സോഷ്യൽ മീഡിയ വഴി ക്രൂരമായി അവഹേളിച്ചു; ഇന്ന് അവരുടെ സ്നേഹം നിറഞ്ഞ പരിചരണം കാണുമ്പോൾ പശ്ചാത്താപത്താൽ കണ്ണു നിറയുന്നു; കോവിഡ് ബാധിച്ച് കണ്ണൻ സി അമേരിക്ക ചികിത്സയിൽ; നഴ്സുമാരും ആരോഗ്യപ്രവർത്തകരും കൺകണ്ട ദൈവങ്ങളെന്ന് യുവാവ്
ആലപ്പുഴ: നഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും സമൂഹ മാധ്യമത്തിൽ കൂടി അപമാനിച്ച യുവാവ് ഇപ്പോൾ കഴിയുന്നത് നഴ്സുമാരുടെയും ആരോഗ്യപ്രവർത്തകരുടെയും പരിചരണത്തിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി തകിടിവെളിയിൽ കണ്ണൻ സി അമേരിക്ക(കണ്ണൻ-24) എന്ന യുവാവാണ് കോവിഡ് ബാധിച്ചതു മൂലം ചികിത്സയിൽ കഴിയുന്നത്. വളവനാട് സി.എഫ്.എൽ.ടി.സിയിൽ കഴിയുന്ന ഇയാൾക്ക് നഴ്സുമാരും ആരോഗ്യപ്രവർത്തകരും ഇപ്പോൾ കൺകണ്ട ദൈവമാണ്. കഴിഞ്ഞ 17 നാണ് കോവിഡ് പോസിറ്റീവായ കണ്ണനും മാതാവും ഇവിടെയെത്തുന്നത്. സമൂഹമാധ്യമങ്ങളിൽ അപമാനിച്ച വ്യക്തിയാണ് ചികിത്സതേടി എത്തിയതെന്ന് ആദ്യം ആരോഗ്യപ്രവർത്തകർക്ക് മനസ്സിലായില്ല. കഴിഞ്ഞ ദിവസം മണ്ണഞ്ചേരി പഞ്ചായത്തംഗം ടി.പി ഷാജി പറയുമ്പോഴാണ് കണ്ണനെ തിരിച്ചറിയുന്നത്. എന്നാൽ ആരും തന്നെ ഇയാളെ കുറ്റപ്പെടുത്തുകയോ ചികിത്സയിൽ വീഴ്ച വരുത്തുകയോ ചെയ്തില്ല.
മുൻപ് നഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും മോശമാക്കി സമൂഹമാധ്യമത്തിൽ സംസാരിച്ചതിൽ ഏറെ കുറ്റബോധമുണ്ടെന്ന് ഇയാൾ ഇപ്പോൾ പറയുന്നു. അവരുടെ സ്നേഹവും പരിചരണവും കാണുമ്പോൾ കണ്ണു നിറയുകയാണ്. കൃത്യമായി തനിക്ക് നഴ്സുമാർ മരുന്നുകളും മറ്റും നൽകിയതിനാൽ ഉണ്ടായിരുന്ന അസ്വസ്ഥതകളൊക്കെ മാറി. ശ്വാസം മുട്ടുമ്പോൾ അവർ എത്തി ഓക്സിജൻ നൽകുകയും ആവി പിടിക്കാൻ സഹായിക്കുകയുമൊക്കെ ചെയ്തു തന്നിരുന്നു. അവരോടെല്ലാം തനിക്ക് ആദരവാണെന്ന് കണ്ണൻ പറയുന്നു. കൂടാതെ മുൻപ് അവരെ അപമാനിച്ച സംഭവത്തിൽ വീണ്ടും ക്ഷമ ചോദിക്കുകയാണ്. ചെയ്ത തെറ്റ് മനസ്സിലാക്കാൻ കാലം സമ്മാനിച്ചതാണ് കോവിഡ് എന്നും അയാൾ പറഞ്ഞു.
കഴിഞ്ഞ വർഷം ജൂലൈ 29നാണ് കണ്ണൻ സി അമേരിക്ക എന്ന ഫേസ്ബുക്ക് പേജിലൂടെ നഴ്സുമാരെയും ആരോഗ്യപ്രവർത്തകരെയും ഇയാൾ അപമാനിച്ചത്. ''നഴ്സ്സ്, ലാബ് ടെക്നിഷ്യൻ, അറ്റെന്റർ ഇവരൊന്നും മെഡിക്കൽ ഫീൽഡിൽ ഒരു ഉണ്ടയുമല്ല എന്നത് സമൂഹം ചിലപ്പോഴൊക്കെ മറക്കുന്നു'. സമൂഹം അർഹതപ്പെട്ടവർക്ക് അംഗീകരാം നൽകുന്നില്ലെന്ന കുറ്റപ്പെടുത്തലോടെയാണ് കണ്ണന്റെ വീഡിയോ. ഇതിന് ഉദാഹരണമാണ് മെഡിക്കൽ ഫീൽഡിൽ നേഴ്സുമാർക്ക് കിട്ടുന്ന പരിഗണന. ഡോക്ടർമാരുടെ കഷ്ടപ്പാടിനെ ആരും കാണുന്നില്ലെന്ന തരത്തിലാണ് വീഡിയോ. വിദേശത്ത് ആരും മക്കളെ നേഴ്സിങ് പഠിപ്പിക്കില്ല. അത്രയും കൊള്ളരുതാത്ത ജോലിയാണ് നേഴ്സെന്ന് വ്യാഖ്യാനിച്ചാണ് വീഡിയോ. ലാബ് ടെക്നീഷ്യന്മാരുടെ വിചാരം ജനിതക എൻജിനിയർമാരാണെന്നും ആശുപത്രികളിൽ അറ്റൻഡർമാർ പ്രവർത്തിക്കുന്നത് ഐ.എ.എസുകാരെ പോലെയാണെന്നും കുറ്റപ്പെടുത്തുന്നു.
നഴ്സുമാരെ വെറുതെ പൊക്കി പിടിക്കുകയാണ്. രോഗികളുടെ രോഗം കണ്ടെത്തുന്നതും മരന്ന് എന്തുകൊടുക്കണമെന്ന് തീരുമാനിക്കുന്നതും ഡോക്ടറാണ്. എത്ര അളവിൽ മരുന്ന് കൊടുക്കണമെന്നും ഡോക്ടർ പറയുന്നു. ഇത് എടുത്തു നൽകുന്നവർ മാത്രമാണ് നേഴ്സുമാർ. എന്നിട്ടും കൊറോണക്കാലത്ത് നേഴ്സുമാരെ അരിയും പൂവും ഇട്ട് സ്വീകരിക്കുന്നു. വലിയ വിദ്യാഭ്യാസം ഇല്ലാത്തവരാണ് നേഴ്സുമാർ. ഡോക്ടർമാരും പൊരി വെയിലത്ത് ജോലിയെടുക്കുന്ന പൊലീസുകാരും കൊറോണക്കാലത്ത് വലിയ സേവനങ്ങൾ നടത്തുന്നു. ഇതൊന്നും കാണാതെ വെറുതെ നേഴ്സുമാരെ പുകഴ്ത്തുന്നുവെന്ന കുറ്റപ്പെടുത്തലും പരിഹാസവുമാണ് വീഡിയോയിലുള്ളത്.
ആർക്കും അറ്റൻഡറാകാം. ആശുപത്രിയിൽ പോയി തൂക്കുക, കക്കൂസ് കഴുകുക, ഛർദ്ദിൽ വാരുക എന്നിവയാണ് ചെയ്യുന്നത്. അവർക്കും അനാവശ്യമായ പ്രോത്സാഹനം നൽകുന്നുവെന്നാണ് കണ്ണന്റെ പരിഭവം. നേഴ്സുമാരെ സേവനത്തിന്റെ മാലാഖമാർ എന്നു പറയുന്നു. ചുരുങ്ങിയ ചെലവിൽ ആർക്കും നേഴ്സിങ് പഠിക്കും. സ്വകാര്യ കോളേജുകൾ ഏറെയുണ്ട്. ഈ സ്വകാര്യ കോളേജ് മാനേജ്മെന്റിന്റെ പരസ്യമായിരുന്നു സേവനത്തിന്റെ മാലാഖമാരാകാൻ പഠിക്കാം എന്നത്. ഈ പരസ്യവാചകത്തെ ഇപ്പോഴും അറിവില്ലായ്മ കൊണ്ട് പൊക്കി കൊണ്ടു നടക്കുന്നു-വീഡിയോയിൽ കുറ്റപ്പെടുത്തുന്നു.
ഡോക്ടർ എഴുതി കൊടുക്കുന്ന കുറുപ്പടി നോക്കി മരുന്ന് എടുത്തു കൊടുക്കുന്ന വെറും ഹെൽപ്പർ മാത്രമാണ് നേഴ്സ് എന്നാണ് വ്യാഖ്യാനിക്കൽ. അധികം വിദ്യാഭ്യാസമൊന്നും അവർക്കില്ല. നേഴ്സും ലാബ് ടെക്നീഷ്യനും അറ്റൻഡറും വലിയ തസ്തികയെന്നാണ് ഏവരും കരുതുന്ന്. അവർ തമ്പുരാന്മാരോ തമ്പുരാട്ടിമാരോ അല്ല. അവർ പഠിച്ചത് ശാസ്ത്രത്തിന്റെ മറ്റേ അറ്റത്തിന്റെ സംഭവമാണെന്ന് പലരും കരുതുന്നു. ആതുര സേവനത്തിന്റെ മാലാഖമാർ എന്നത് കച്ചവടത്തിന്റെ ഭാഗമായുള്ള പരസ്യം മാത്രം.
പ്ലസ് ടു കഴിഞ്ഞാൽ ജനറൽ നേഴ്സിങ് പഠിക്കാം. കൂടുതൽ പഠിച്ച് അദ്ധ്യാപകരും മറ്റും ആകാൻ പറ്റില്ലെന്ന് ഉറപ്പായവരാണ് ഇത് പഠിക്കാൻ പോകുന്നത്. വിദേശത്ത് ജോലി സാധ്യതയുണ്ട്. ഇതിന് കാരണം വിദേശത്ത് ആരും മക്കളെ ഈ കോഴ്സിന് വിടില്ല. വിദേശ ജോലി മോഹിച്ച് പലരും നേഴ്സിങ് പഠിക്കുന്നു. പാവാട വിസയ്ക്കായി ഇവരെ കെട്ടുന്നവരുമുണ്ട്. അങ്ങനെ വിദേശത്തെ അടിമപ്പണിയാണ് അവർ ചെയ്യുന്നത്. അതുകൊണ്ടാണ് വിദേശത്ത് എത്തുന്ന നേഴ്സുമാർ ആരും നാട്ടിലേക്ക് തിരിച്ചു വരാത്തതുമെന്ന് തെറ്റിധരിപ്പിക്കൽ വീഡിയോയിൽ വിശദീകരിക്കുന്നു.
പ്രസവ വാർഡിൽ മാലാഖമാരാണ് നേഴ്സുമാരെന്ന് പറയുന്നു. അമ്മ മയങ്ങി കിടക്കുമ്പോൾ കുട്ടിയെ എടുക്കുന്നത് നേഴ്സുമാരാണെന്നും പറയുന്നു. എന്നാൽ അത് സത്യമല്ലെന്നും ഡോക്ടർമാരാണ് കുട്ടിയെ എടുക്കുന്നതെന്നും കളിയാക്കുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യമെമ്പാടുമുള്ള നേഴ്സുമാർ രാപകൽ വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഇയാൾക്കെതിരെ നഴ്സിങ് സംഘടനകൾ രംഗത്ത് വന്നു. ശക്തമായ പ്രതിഷേധമുണ്ടായതോടെ ഒടുവിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു അറസ്റ്റ് ചെയ്തു. പിന്നീട് പെയ്സ് ബുക്കിലെത്തി പൊട്ടിക്കരഞ്ഞുകൊണ്ട് മാപ്പു പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം നടന്ന് ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ കോവിഡ് ബാധിച്ച് ഇയാളും മാതാവും ചികിത്സയിലാകുന്നത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.