- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധിനിവേശത്തിന്റെ ഇരുനൂറു വർഷങ്ങൾ: മൂന്നാറിന്റെ കഥ
മൂന്നാറിന് ഇരുന്നൂറു വയസ്സായി. ഇന്നത്തെ മൂന്നാറിന് വിത്തിട്ട ട്രിഗ്‌ണോമെട്രിക്കൽ സർവ്വേ നടത്തി, ബി എഫ്. വാർഡ്, പീറ്റർ ഐ കണോർ എന്നിവർ മൂന്നാറിന്റെ ആധുനിക ചരിത്രത്തിനടിത്തറ പാകിയത് 1817 ലാണ്. അധിനിവേശത്തിന്റെ ഈ ഇരുന്നൂറു വർഷങ്ങളുടെ കഥപറയുകയാണ് എം.ജെ. ബാബു. യൂറോ-അമേരിക്കൻ കൊളോണിയൽ അധിനിവേശത്തിന്റെ അവശിഷ്ട സംസ്‌കാരങ്ങളിൽ ഏറ്റവും മൂർത്തവും ഭൗതികവുമായ ഒന്നാകുന്നു, തോട്ടങ്ങൾ (Plantations). ആഫ്രിക്ക, എഷ്യ, തെക്കെ അമേരിക്ക എന്നീ മൂന്നു ഭൂഖണ്ഡങ്ങളിലും ഇതിങ്ങനെത്തന്നെയാണ്. ഫ്യൂഡലിസത്തിൽ നിന്നും മുതലാളിത്തത്തിലേക്കുള്ള ചരിത്ര പരിണാമത്തിന്റെ അധ്യായങ്ങളിലൊന്ന്. ദക്ഷിണേന്ത്യൻ തോട്ടങ്ങളുടെ സമഗ്രചരിത്രം ക്രോഡീകരിക്കുന്ന ജോർജ് ഏബ്രഹാം പൊട്ടംകുളത്തിന്റെ The path to the Hills എന്ന ഗ്രന്ഥം വായിച്ചാലറിയാം, ബ്രിട്ടീഷാധിപത്യം നിലവിൽ വന്ന പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽതന്നെ യൂറോപ്യന്മാർ പശ്ചിമഘട്ടത്തിന്റെ ഇരുവശങ്ങളിലും നടത്തിയ തോട്ടം നിർമ്മാണങ്ങളുടെ അത്ഭുതകഥകൾ. ഗോവ മുതൽ നാഗർകോവിൽ വരെ നീണ്ടു കിടക്കുന്ന പ
മൂന്നാറിന് ഇരുന്നൂറു വയസ്സായി. ഇന്നത്തെ മൂന്നാറിന് വിത്തിട്ട ട്രിഗ്‌ണോമെട്രിക്കൽ സർവ്വേ നടത്തി, ബി എഫ്. വാർഡ്, പീറ്റർ ഐ കണോർ എന്നിവർ മൂന്നാറിന്റെ ആധുനിക ചരിത്രത്തിനടിത്തറ പാകിയത് 1817 ലാണ്. അധിനിവേശത്തിന്റെ ഈ ഇരുന്നൂറു വർഷങ്ങളുടെ കഥപറയുകയാണ് എം.ജെ. ബാബു. യൂറോ-അമേരിക്കൻ കൊളോണിയൽ അധിനിവേശത്തിന്റെ അവശിഷ്ട സംസ്‌കാരങ്ങളിൽ ഏറ്റവും മൂർത്തവും ഭൗതികവുമായ ഒന്നാകുന്നു, തോട്ടങ്ങൾ (Plantations). ആഫ്രിക്ക, എഷ്യ, തെക്കെ അമേരിക്ക എന്നീ മൂന്നു ഭൂഖണ്ഡങ്ങളിലും ഇതിങ്ങനെത്തന്നെയാണ്. ഫ്യൂഡലിസത്തിൽ നിന്നും മുതലാളിത്തത്തിലേക്കുള്ള ചരിത്ര പരിണാമത്തിന്റെ അധ്യായങ്ങളിലൊന്ന്. ദക്ഷിണേന്ത്യൻ തോട്ടങ്ങളുടെ സമഗ്രചരിത്രം ക്രോഡീകരിക്കുന്ന ജോർജ് ഏബ്രഹാം പൊട്ടംകുളത്തിന്റെ The path to the Hills എന്ന ഗ്രന്ഥം വായിച്ചാലറിയാം, ബ്രിട്ടീഷാധിപത്യം നിലവിൽ വന്ന പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽതന്നെ യൂറോപ്യന്മാർ പശ്ചിമഘട്ടത്തിന്റെ ഇരുവശങ്ങളിലും നടത്തിയ തോട്ടം നിർമ്മാണങ്ങളുടെ അത്ഭുതകഥകൾ. ഗോവ മുതൽ നാഗർകോവിൽ വരെ നീണ്ടു കിടക്കുന്ന പശ്ചിമഘട്ടത്തിന്റെ കിഴക്കും പടിഞ്ഞാറും രൂപം കൊണ്ട കാപ്പി, തേയില, റബ്ബർ, കുരുമുളക്. ഏലം തോട്ടങ്ങളുടെ ഐതിഹാസികമായ ചരിത്രം മനുഷ്യാധ്വാനത്തിന്റെ എക്കാലത്തെയും വലിയ സാഹസ കഥകൾ കൂടിയാണ്. ദക്ഷിണേന്ത്യൻ സസ്യ, ജന്തു ആവാസവ്യവസ്ഥ പുനർക്രമീകരിച്ചും, ആഭ്യന്തര കുടിയേറ്റങ്ങളുടെ കാലം തുറന്നിട്ടും പ്രകൃതിയെ കീഴടക്കിയും അട്ടിമറിച്ചും വനവിഭവങ്ങളും ജലസ്രോതസുകളും വിനിയോഗിച്ചും വനവാസികളെ കൂടുതൽ കാടുകയറ്റിയും നാടുകടത്തിയും ദക്ഷിണ ഇന്ത്യയുടെ തൊഴിൽ, സമ്പദ്ഘടനകൾ പുനർനിർമ്മിച്ചും അടിമത്തത്തെ തൊഴിലാളിത്തമായി പുനർവിന്യസിച്ചും കാർഷിക സംസ്‌കൃതി അടിമുടി വഴിതിരിച്ചു വിട്ടും ജനസമൂഹങ്ങളെ പുനരധിവസിപ്പിച്ചും തോട്ടങ്ങൾ സൃഷ്ടിച്ച കൊളോണിയൽ ഇടപെടൽ ഇന്നു ചരിത്രമാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് പശ്ചിമഘട്ടത്തിനിരുവശവും ഇന്നുള്ളത് പതിനൊന്നരലക്ഷം ഹെക്ടർ തോട്ടങ്ങളാണ്. ഇതിൽ പകുതി റബ്ബറും മൂന്നിലൊന്ന് കാപ്പിയും പത്തിലൊന്ന് തേയിലയുമാണ് (The Hindu 2017 Oct.16). കുരുമുളകും ഏലവും അത്രവേഗം വലിയ തോട്ടങ്ങളായല്ല, ഇടവിളയായോ, ചെറുകിട-ഇടത്തരം തോട്ടങ്ങളായോ ആണ് പൊതുവെ നിലനിൽക്കുന്നത്.
കുടക്, നീലഗിരി, ആനമല, വയനാട്, വണ്ടന്മേട്, മുണ്ടക്കയം, കണ്ണൻദേവൻ തുടങ്ങിയ തോട്ടം മേഖലകൾക്കോരോന്നിനുമുണ്ട് അതിസാഹസികമായ ജീവചരിത്രങ്ങൾ. കൊളോണിയൽ പ്ലാന്റർമാരും ഭൂവുടമകളായിരുന്ന നാട്ടു രാജാക്കന്മാരും തമ്മിലുണ്ടാക്കിയ കരാറുകളിലൂടെ മനുഷ്യാധ്വാനത്തിന്റെയും പ്രകൃതി ചൂഷണത്തിന്റെയും വിഭവ സമാഹരണത്തിന്റെയും ആധുനിക ചരിത്രം തിരുത്തിയെഴുതിയവ. കണ്ണൻദേവൻ മലകൾ കേന്ദ്രീകരിച്ചു നടന്ന തേയില കൃഷിയുടേയും കാലാന്തരത്തിൽ വികസിച്ചുവന്ന കുടിയേറ്റം, ടൂറിസം, ഭൂമികയ്യേറ്റം, വന്യജീവി സംരക്ഷണം, രാഷ്ട്രീയം, ജനജീവിതം തുടങ്ങിയവയുടെയും ചരിത്രം പറഞ്ഞ് മൂന്നാറിന്റെ കഥയെഴുതുകയാണ് ബാബു.
ഇതര ദക്ഷിണേന്ത്യൻ തോട്ടം മേഖലകളെന്നപോലെ കണ്ണൻദേവൻ കുന്നുകളും വനമല്ലതായി മാറിയത് പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യംതൊട്ടാണ്. മൂന്നുഘട്ടങ്ങളാണ് മൂന്നാറിന്റെ ചരിത്രത്തിനുള്ളത്. മഹാശിലായുഗ സംസ്‌കൃതിയുടെ അവശിഷ്ടങ്ങളായി കണ്ടെത്തിയിട്ടുള്ള ഗുഹാചിത്രങ്ങളും മുനിയറകളും മുതൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ മലകടന്നെത്തിയ പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള കാലമാണ് ആദ്യത്തേത്. അഞ്ചുനാട് കേന്ദ്രീകരിച്ചുരൂപംകൊണ്ട ആദിവാസികളുടെ ആവാസഘട്ടമാണിത്. ഇക്കാലത്ത് നരവംശ ശാസ്ത്രപരമായും ഭാഷാപരമായും സമ്പർക്കപരമായും ഇവിടം തമിഴകത്തിന്റെ ഭാഗമായിരുന്നു. പൂഞ്ഞാർ രാജകുടുംബത്തിന്റെ കൈവശമായിരുന്നു ഈ ഭൂപ്രദേശമെങ്കിലും തമിഴ്‌നാട്ടിൽ നിന്ന് മറയൂർ വഴിയും ബോഡിമെട്ട് വഴിയും കമ്പംമെട്ട് വഴിയും മാത്രമാണ് ഇവിടേയ്ക്കും ഇവിടെനിന്നും ജനസഞ്ചാരമുണ്ടായിരുന്നത്. ഹൈറേഞ്ചിലെ വനമേഖലകളിലേക്ക് 1790 ൽ ബോഡിനായ്ക്കന്നൂർ വഴി കടന്നുവന്ന വെല്ലസ്ലി ദേവികുളം വരെയെത്തി ഹൈറേഞ്ചിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞുവെന്ന് പറയാറുണ്ടെങ്കിലും 1817 ലെ സർവ്വെയാണ് യൂറോപ്യന്മാരെ ഇവിടേക്കാകർഷിച്ചത്. ബി എസ് വാർഡും പീറ്റർ ഐകണോറുമായിരുന്നു സർവ്വേക്കു നേതൃത്വം കൊടുത്തത് എന്ന് സൂചിപ്പിച്ചു. പിന്നീട് 1862ൽ ജനറൽ ഹാമിൽട്ടൺ മൂന്നാർ മലകൾ സന്ദർശിക്കുന്നു. അദ്ദേഹം ആനമുടി കീഴടക്കുകയും ആദ്യമായി കണ്ണൻ ദേവൻ മലനിരകളുടെ ഫോട്ടോകൾ എടുക്കുകയും തന്റെ ആനമുടി യാത്രയെക്കുറിച്ച് ഒരു സചിത്ര വിവരണമെഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. (The path to the Hills ൽ ഈ യാത്രാവിവരണത്തിന്റെ പ്രസക്തഭാഗങ്ങൾ ജോർജ് ഏബ്രഹാം എടുത്തു ചേർത്തിട്ടുണ്ട്). പീരുമേടും വണ്ടന്മേടുമൊക്കെ കയ്യടക്കിയ ശേഷം 1876 ൽ ജെ.ഡി മൺറോ കണ്ണൻദേവൻ മലകളിൽ നായാട്ടിനിറങ്ങുന്നതോടെ മൂന്നാറിന്റെ ഈ രണ്ടാംഘട്ടം പുതിയ തലത്തിലേക്കു മാറുന്നു. 1877 ൽ മൺറോ നടത്തിയ സർവ്വെ റിപ്പോർട്ട് (ഇത് ഇപ്പോഴും ദേവികുളം താലൂക്കാഫീസിലുണ്ട്) അനുസരിച്ച് ഹൈറേഞ്ചിൽ തോട്ടങ്ങൾ തുടങ്ങാനുള്ള പദ്ധതി കണ്ണൻദേവൻ കുന്നുകളിലേക്കുകൂടി വ്യാപിപ്പിക്കുന്നു. ടർണർ സഹോദരന്മാർക്കൊപ്പം ചേർന്ന് മൂന്നാറിന്റെ ജാതകം മൺറോ തിരുത്തിയെഴുതി. ബോഡിനായിക്കന്നൂറിൽ തമ്പടിച്ച്, ബോഡിമെട്ട് വഴി ദേവികുളത്തും മൂന്നാറിലുമെത്തി അവർ റബ്ബറും കാപ്പിയും നട്ടു. ആനത്താരകൾ പൊതുവഴികളായി മാറി. ക്രമേണ കാപ്പിയും റബ്ബറും പരാജയമാണെന്ന് തിരിച്ചറിഞ്ഞ മൺറോ സിങ്കോണ കൃഷി തുടങ്ങി. അതും പരാജയമായതോടെ തേയിലയിലേക്ക് ചുവടുമാറ്റി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കമാകുമ്പോഴേക്കും മൂവായിരത്തിലധികം ഏക്കറായിക്കഴിഞ്ഞിരുന്നു, മൂന്നാറിലെ തേയില കൃഷി. പിന്നീടുള്ള മൂന്നാറിന്റെ മാറ്റം വളരെപെട്ടന്നായിരുന്നു. 1924 ലെ വെള്ളപ്പൊക്കം കണ്ണൻ ദേവൻ കുന്നുകളുടെ ചരിത്രം വഴിതിരിച്ചു വിട്ടു. സ്വാതന്ത്യാനന്തരവും തോട്ടങ്ങൾ വളർന്നുകൊണ്ടിരുന്നു. 1970 കളിൽ ടാറ്റാ കമ്പനി മൂന്നാറിലെ തോട്ടങ്ങൾ മിക്കതും സ്വന്തമാക്കി. ഹാരിസൺ ഉൾപ്പെടെയുള്ള കമ്പനികൾക്കുമുണ്ട് മൂന്നാറിൽ തേയിലത്തോട്ടം.
1990 കളുടെ തുടക്കം തൊട്ടാരംഭിക്കുന്നു, മൂന്നാറിന്റെ ചരിത്രത്തിലെ മൂന്നാംഘട്ടം. കൊളോണിയൽ ഭരണകാലത്ത് ഹൈറേഞ്ചിലെ വനഭൂമിക്കും മൂന്നാറിലെ മലനിരകൾക്കും കൈവന്ന തോട്ടങ്ങളായുള്ള രൂപപരിണാമം കാർഷിക-ഭൂവുടമ-തൊഴിൽ ബന്ധങ്ങളിലും കുടിയേറ്റത്തിലൂടെ സംഭവിച്ച ഹൈറേഞ്ചിന്റെ സംസ്‌കാരിക ഭൂമിശാസ്ത്ര വ്യതിയാനങ്ങളിലും പ്രകടമായെങ്കിൽ മൂന്നാംഘട്ടത്തിൽ സംഭവിക്കുന്നത് ആഗോളടൂറിസത്തിന്റെ പ്രചണ്ഡമായ കടന്നുകയറ്റമാണ്. ഹൈറേഞ്ചിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥ, കുടിയേറ്റം തുടങ്ങി ആദ്യ അരനൂറ്റാണ്ടിനുള്ളിൽ തന്നെ തകിടം മറിഞ്ഞു. ചെറുകിടയും ഇടത്തരവും വൻകിടയുമായ തോട്ടങ്ങൾ ഏതാണ്ടൊന്നടങ്കം തകർന്നടിഞ്ഞു. കർഷകരും കർഷകത്തൊഴിലാളികളും മാത്രമുണ്ടായിരുന്ന ഒരു സാമൂഹ്യവ്യവസ്ഥ ചിതറിത്തെറിച്ചു.
അതോടെ മൂന്നാറും ചുറ്റുപാടുമുള്ള മറയൂർ, അടിമാലി, പള്ളിവാസൽ, ബൈസൺവാലി, രാജാക്കാട്, ശാന്തൻപാറ തുടങ്ങിയ പഞ്ചായത്തുകളും ടൂറിസത്തിന്റെ പിടിയിലമർന്നു തുടങ്ങി. ഈയൊരു പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക വ്യതിയാനം മൂന്നാറിനെപ്പോലെ ഇത്രമേൽ മാരകമായി ബാധിച്ച മറ്റൊരു വിനോദസഞ്ചാരകേന്ദ്രം ദക്ഷിണേന്ത്യയിൽ വേറെയുണ്ടാവില്ല. ഒരുവശത്ത് അവശിഷ്ട വനപ്രദേശങ്ങൾ ദേശീയോദ്യാനങ്ങളും മറ്റുമായി (മതികെട്ടാൻ, പാമ്പാടും ചോല, ഇരവികുളം) സംരക്ഷിക്കപ്പെടുമ്പോൾ തന്നെയാണ് മറുവശത്ത്, വനംനശിപ്പിച്ച് കൃഷിനടത്തിയ പ്രദേശങ്ങൾ ഏതാണ്ട് പൂർണ്ണമായും ടൂറിസത്തിനു വഴിമാറുന്നത്. ഇതിനിടെയാണ് മൂന്നാർ കേന്ദ്രീകരിച്ച് വ്യാപകമായി നടക്കുന്ന റവന്യൂ, വനഭൂമികയ്യേറ്റങ്ങളും അനധികൃതകെട്ടിടനിർമ്മാണങ്ങളും അവസൃഷ്ടിക്കുന്ന പ്രകൃതി ദുരന്തങ്ങളും ജലക്ഷാമവും കാലാവസ്ഥ വ്യതിയാനവും മലിനീകരണവും വാഹനപ്പെരുപ്പവും മറ്റും മറ്റും.
ചുരുക്കിപ്പറഞ്ഞാൽ മേൽപ്പറഞ്ഞ മൂന്നുഘട്ടങ്ങളിലൂടെയും നടത്തുന്ന ഒരു ഓട്ടപ്രദക്ഷിണമാണ് ബാബുവിന്റെ ഈ പുസ്തകം. അതിലുപരി 1940 കളിൽ സജീവമായി തുടങ്ങിയ മൂന്നാർ - ഹൈറേഞ്ച് മേഖലകളിലേക്കുള്ള ജനകീയ കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ സമരങ്ങളിലും പ്രക്ഷോഭങ്ങളിലും കേന്ദ്രീകരിച്ച് മൂന്നാറിന്റെ കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടിന്റെ കഥപറയുകയാണ് ബാബു എന്നും പറയാം.
പന്ത്രണ്ടധ്യായങ്ങളിലായി മൂന്നാറിന്റെ രണ്ടുനൂറ്റാണ്ടിന്റെ ജീവചരിത്രമെഴുതാൻ ബാബു മുഖ്യമായും ആധാരമാക്കുന്നത് നാലപ്പാട്ടു സുലോചനയുടെ 'മൂന്നാറിന്റെ കഥ'യാണ്. പിന്നെ, മൂന്നാറിൽ ജനിച്ചുവളർന്ന് പത്രപ്രവർത്തകനായി മാറിയ ബാബുവിന് ലഭിച്ച തദ്ദേശീയമായ അറിവുകളുടെയും സാമൂഹ്യ, രാഷ്ട്രീയ, മാധ്യമപ്രവർത്തനങ്ങൾ നൽകിയ അനുഭവങ്ങളുടെയും വെളിച്ചവും. അതിനപ്പുറം, അക്കാദമിക ചരിത്രങ്ങളുടെയോ കൊളോണിയൽ ചരിത്രസ്രോതസ്സുകളുടെയോ പിൻബലം ഈ പുസ്തകത്തിനില്ല.
അടിമാലി മുതൽ ബോഡിമെട്ട് വരെയോ കാന്തല്ലൂർവരെയോ ഉള്ള എഴുപത്, എൺപത് കിലോമീറ്റർ ദൂരം ഒരൊറ്റവിനോദസഞ്ചാര കേന്ദ്രമായി സങ്കൽപ്പിക്കേണ്ടിവരുംവിധം വ്യാപാരസമുച്ചയങ്ങളും ഹോട്ടലുകളും വാഹനങ്ങളും തിങ്ങിനിറഞ്ഞ മലയോരഗ്രാമങ്ങളുടെ ഒരു സഞ്ചയമായി കഴിഞ്ഞിരിക്കുന്നു ഇന്ന് മൂന്നാർ. കഴിഞ്ഞ കാൽനൂറ്റാണ്ടിന്റെ 'വികസനം'.
ഈ നിലയിലേയ്ക്ക് മാറും മുൻപ്, തുടക്കത്തിൽ പറഞ്ഞപോലെ മൂന്നാറിന് കൊളോണിയലിസത്തിന്റെയും ആധുനികീകരണത്തിന്റെയും ചരിത്രങ്ങളുണ്ട്. കണ്ണൻദേവൻ മലകളുടെ ആ കാനനഗാഥയാണ് ഒന്നാമധ്യായം. രണ്ടാമദ്ധ്യായംതേയിലയുടെ പിറവിയാണ്. ബാബു എഴുതുന്നു:
'തമിഴകത്തെ അമ്മനായ്ക്കന്നൂരിൽ തീവണ്ടിയിറങ്ങി കണ്ണൻദേവൻ കുന്നുകളെത്തേടിയെത്തിയവർ ഈ മണ്ണിൽ പലതും പരീക്ഷിച്ചു. അതിലേറെയും സിങ്കോണയായിരുന്നു. മലമ്പനിക്കുള്ള മരുന്നിനാണ് സിങ്കോണ ഉപയോഗിച്ചിരുന്നത്. അക്കാലത്തെ ഭീതിപരത്തുന്ന അസുഖം മലമ്പനിയായിരുന്നല്ലോ. സിങ്കോണയ്ക്കുപുറമേ കാപ്പിയും കൃഷി ചെയ്തു. കണ്ണൻ ദേവൻ കുന്നിന്റെ ഭാഗമായ മാങ്കുളത്ത് റബറാണ് പരീക്ഷിച്ചത്. സംസ്ഥാനത്തെ ആദ്യ റബർമരം മാങ്കുളത്തായിരുന്നു.
എം.എച്ച്. ഷാർപ്പ് എന്ന സായ്പാണ് 1878 ൽ സെവന്മല എസ്റ്റേറ്റിലെ പാർവതി ഡിവിഷനിൽ ആദ്യ തേയിലച്ചെടി നട്ടത്. അത് പുതിയൊരു തുടക്കമായിരുന്നു. തേയിലയ്ക്ക് അനുയോജ്യമാണ് ഈ മണ്ണെന്നു കണ്ടെത്താൻ അധികസമയം വേണ്ടിവന്നില്ല. എന്നാൽ, മലയാളക്കരയിലെ ആദ്യതേയില ആയിരുന്നില്ല, മൂന്നാറിലേത്. 1849 ൽ തിരുവതാംകൂർ ദിവാനും വില്യം ഹാക്‌സനുമായി ഒപ്പിട്ട പത്തനാപുരം കൺസഷനാണ് തിരുവതാംകൂറിലെ തേയിലകൃഷിക്ക് തുടക്കംകുറിച്ചത്. പത്തനാപുരം, ചെങ്കോട്ടമേഖലയിലെ പത്തു ചതുരശ്രമൈൽ പ്രദേശം ഹ്ക്‌സന് പാട്ടത്തിന് നൽകുന്നതായിരുന്നു 1849 ജൂലൈ ഒമ്പതിന് ഒപ്പിട്ട കരാർ. ഇതനുസരിച്ച് ഇവിടെ തേയില കൃഷിക്ക് തുടക്കമിട്ടുവെങ്കിലും അതൊരു പരാജയപ്പെട്ട പരീക്ഷണമായിരുന്നു. തുടർന്ന് 1852 ൽ ഈ ഭൂമി ബിന്നി ആൻഡ് കമ്പനിക്ക് കൈമാറി. ഇതേകാലഘട്ടത്തിൽ പീരുമേട്ടിലും തേയിലകൃഷി ആരംഭിച്ചിരുന്നു. 1885-89 കാലയളവിൽ പീരുമേടിൽ 3000 ഏക്കറിലും 1895-99 കാലഘട്ടത്തിൽ 15000 ഏക്കറിലും തേയിലകൃഷി ഉണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവതാംകൂറിന്റെ സമ്പദ്ഘടനയെ മാറ്റിമറിച്ച് തോട്ടം വ്യവസായമായി തേയില മാറിയത് കണ്ണൻദേവൻ കുന്നുകളിലൂടെയാണ്.
ഷാർപ്പിനൊപ്പം മൂന്നാർ മലകയറിവന്നവർ അവരുടെ രീതിയിൽ തോട്ടങ്ങൾ വികസിപ്പിച്ചിരുന്നു. ഇതനുസരിച്ച് തമിഴ്‌നാട്ടിൽനിന്നും തൊഴിലാളികളും എത്തി. 1894 ൽ കണ്ണൻദേവൻ കുന്നുകളിൽ 26 എസ്റ്റേറ്റുകൾ രൂപം കൊണ്ടിരുന്നു. അതിൽ തേയില മാത്രമല്ല, സിങ്കോണയും കാപ്പിയും എലവും ഉണ്ടായിരുന്നു. 1895 ൽ ഈ എസ്റ്റേറ്റുകൾ ഒരു കുടക്കീഴിൽ കൊണ്ടുവന്നത് ഫിൻലേമ്യൂർ കമ്പനിയായിരുന്നു. ഫിൻലേ കമ്പനിക്ക് അക്കാലത്ത് സിലോൺ, കെനിയ, അസം എന്നിവിടങ്ങളിൽ തേയിലത്തോട്ടങ്ങളുണ്ടായിരുന്നു.'
തോട്ടം തൊഴിലാളികളുടെ ജീവിതം പറയുന്നു, തുടർന്നുള്ള അഞ്ചധ്യായങ്ങൾ. പത്തൊൻപതാം നൂറ്റാണ്ടിൽ തന്നെ തമിഴ്‌നാട്ടിൽ നിന്നെത്തിച്ച നൂറുകണക്കിനു തൊഴിലാളികളുടെ അടിമകൾക്കു തുല്യമായ ജീവിതത്തിൽ തുടങ്ങി, 'പെമ്പിളൈ ഒരുമൈ' സമരം വരെയെത്തി നിൽക്കുന്ന ഒന്നരനൂറ്റാണ്ടു ചരിത്രമുണ്ട് ഇവരുടെ അതിജീവന കഥയ്ക്ക്. ആദ്യകാലംതൊട്ടുള്ള കൂലി സമ്പ്രദായം, വാസസൗകര്യങ്ങൾ, ഗതാഗതസംവിധാനം, ഭക്ഷണരീതി, ആരോഗ്യരംഗം, വിദ്യാഭ്യാസമേഖല എന്നിങ്ങനെ ഓരോന്നും ബാബു വിശദീകരിക്കുന്നു. 1900 ലെ ജലവൈദ്യുത നിലയം, 1924 ലെ വെള്ളപ്പൊക്കം , തമിഴ്‌നാട് അതിർത്തി വരെയുള്ള ഇരുപത്തി രണ്ട് മൈൽദൂരം തേയില നീക്കാനുപയോഗിച്ചിരുന്ന മോണോറെയിൽ - ലൈറ്റ് റെയിൽ പദ്ധതി എന്നിവയൊക്കെ മൂന്നാമധ്യായത്തിലുണ്ട്.
നാലാമധ്യായം, തൊഴിലാളികളെത്തന്നെ കേന്ദ്രീകരിച്ചു രൂപംകൊണ്ട മൂന്നാറിലെ ഭൗതിക സാഹചര്യങ്ങളുടെയും സൗകര്യങ്ങളുടെയും ചരിത്രമെഴുതുന്നു. തൊഴിലാളി യൂണിയനുകളുടെ വരവ്, ദേശീയ പ്രസ്ഥാനം, ഭാഷാ സമരം എന്നിവയാണ് അഞ്ചാമധ്യായത്തിലെ ചർച്ചാവിഷയങ്ങൾ. തിരുവിതാംകൂർ, തമിഴ്‌നാട് കോൺഗ്രസായിരുന്നു, സ്വാതന്ത്ര്യപ്രാപ്തി വരെയുള്ള കാലത്ത് മൂന്നാറിലെ ഏക തൊഴിലാളിയൂണിയൻ. മൂന്നാറുൾപ്പെടുന്ന ഹൈറേഞ്ച് തമിഴ്‌നാട്ടിൽ ചേർക്കണമെന്ന വാദം ഇക്കാലത്തു ശക്തമായി. പക്ഷെ ഈ വാദം വിലപ്പോയില്ല. ബാബു എഴുതുന്നു:
'കുപ്പുസ്വാമിയുടെ നേതൃത്വത്തിൽ തമിഴ്‌വാദം ശക്തമാകുമ്പോൾ അതിനെ നേരിട്ടത് മൂന്നാറിൽ ജനിച്ചുവളർന്ന എൻ. ഗണപതിയുടെ നേതൃത്വത്തിലായിരുന്നു. 1952 ൽ 25-ാം വയസ്സിൽ തിരു-കൊച്ചി നിയമസഭയിലേക്ക് ദേവികുളത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ട എൻ. ഗണപതിയുടെ ശക്തമായ നിലപാടാണ് ദേവികുളവും പീരുമേടും കേരളത്തിൽ നിലനിൽക്കാൻ കാരണമായത്. അദ്ദേഹം 1957ലും 1967ലും കേരള നിയമസഭയിൽ അംഗമായിരുന്നു. പിന്നീട് പലതവണ മൽസരിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. 2010 മാർച്ച് ഒന്നിന് എൻ.ഗണപതി മരിക്കുമ്പോൾ അദ്ദേഹവും കേരളാകോൺഗ്രസിലായിരുന്നു. ആർ. കുപ്പുസ്വാമിയും എൻ. ഗണപതിയുമായിരുന്നു മൂന്നാറിൽ നേർക്കുനേർ പൊരുതിയ കോൺഗ്രസ് നേതാക്കൾ. 1969 ൽ കോൺഗ്രസിലുണ്ടായ പിളർപ്പിൽ സിൻഡിക്കേറ്റ് ഭാഗത്ത് എത്തിയ പീഡാ മുത്തയ്യയും അവസാനം വരെ കുപ്പുസ്വാമിയെ രാഷ്ട്രീയമായി നേരിട്ടു. 1977 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സഹോദരൻ എൻ. കിട്ടപ്പയ്ക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് അന്ന് എ.ഐ.സി.സി അംഗമായിരുന്ന എൻ. ഗണപതി കോൺഗ്രസ് വിട്ടതും സ്വതന്ത്രനായി നിയമസഭയിലേയ്ക്ക് മത്സരിച്ചതും. ഭാര്യ നേശമ്മാൾ അടിയന്തരാവസ്ഥാനാളുകളിൽ കോൺഗ്രസ് മൂന്നാർ മണ്ഡലം പ്രസിഡന്റായിരുന്നു. 1982 ൽ മകൻ കുമാർ ഗണപതി യു.ഡി.എഫ് സ്ഥാനാർത്ഥിയായി മൽസരിച്ചെങ്കിലും സിപിഎമ്മിലെ ജി. വരദനോട് നിസ്സാര വോട്ടിന് പരാജയപ്പെട്ടു. കണ്ണൻ ദേവൻ കമ്പനിയിലെ പ്യൂണായി ജോലി ചെയ്യവേയാണ് എൻ. ഗണപതിക്ക് രാഷ്ട്രീയം തലയ്ക്കു പിടിച്ചത്. വൈകാതെ ജോലി പോയി. തുടർന്ന് കാദാബാച്ചയുടെ കടയിൽ ജോലി ചെയ്യവേയാണ് തിരുകൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അന്നും തമിഴ്‌നാട് തിരുവതാംകൂർ കോൺഗ്രസ് ഗണപതിയെ എതിർത്തിരുന്നു. ഗണപതിയുടെ നിലപാടാണ് ദേവികുളവും പീരുമേടും കേരളത്തിൽ ഉൾപ്പെടാൻ കാരണമെന്ന് പറഞ്ഞല്ലോ. അന്ന് ഗണപതിയെ തമിഴ്‌നാട് കോൺഗ്രസുകാർ വിളിച്ചത് 'തായ് നാട്ടൈ കാട്ടി കൊടുത്തവൻ' (ജന്മനാടിനെ ഒറ്റു കൊടുത്തവൻ) എന്നായിരുന്നു. കോൺഗ്രസിന് ഒമ്പതംഗങ്ങൾ മാത്രമുണ്ടായിരുന്ന 1967 ലെ നിയമസഭയിൽ ഗണപതിയും ഉണ്ടായിരുന്നു. അന്നാണ് ഇദ്ദേഹത്തെ കേരളം കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്.'
1958 ൽ രണ്ട് എസ്റ്റേറ്റുകളിലുണ്ടായ തൊഴിൽ സമരങ്ങളെത്തുടർന്ന് രണ്ട് പേർ വെടിയേറ്റ് മരിച്ചതോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തൊഴിലാളി യൂണിയന്റെ കാലമാരംഭിച്ചു. പീരുമേട്ടിൽ നേതാവായിരുന്ന റോസമ്മ പുന്നൂസും ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന സി. എ കുര്യനുമാണ് മൂന്നാറിൽ കമ്മ്യൂണിസ്റ്റ് തൊഴിലാളിസംഘടനയ്ക്ക് നേതൃത്വം നൽകിയത്. പാർട്ടി പിളർന്നത് മുതൽ 1980 വരെ ബദ്ധവൈരികളായിരുന്നു. സി.പി.എം - സി. പി. ഐ സംഘടനകൾ.
1958 ലെ ഉപതിരഞ്ഞെടുപ്പ് മൂന്നാറിനെ ദേശീയ തലത്തിൽ ശ്രദ്ധേയമാക്കി. കേരളത്തിലെ ആദ്യഉപതെരഞ്ഞെടുപ്പായിരുന്നു, ഇത്. ഇന്ദിരാഗാന്ധി വരെ വന്നു പ്രചരണം നടത്തിയിട്ടും കോൺഗ്രസ്സ് സ്ഥാനാർത്ഥി ബി.കെ. നായർ ജയിച്ചില്ല. റോസമ്മ പുന്നൂസ് തന്നെ ജയിച്ചു.
എട്ടാമദ്ധ്യായം മുതലുള്ള ചർച്ചയും 1980 കൾതൊട്ടുള്ള മൂന്നാറിന്റെ കഥയും ഒന്നു തന്നെ. ടൂറിസവും മൂന്നാറും തമ്മിലുള്ള ബന്ധത്തിന്റെ നാനാർത്ഥങ്ങൾ. അർത്ഥങ്ങളും അനർത്ഥങ്ങളും നിറഞ്ഞ സമീപഭൂതകാലത്തിന്റെയും വർത്തമാനകാലത്തിന്റെയും കഥ.
മൂന്നാറിനെ ഇല്ലാതാക്കുമായിരുന്ന ഒരു ജലവൈദ്യുത പദ്ധതിയുടെ കഥ, മൂന്നാറിനെ കണ്ണീരിലാഴ്‌ത്തിയ ചില ദുരന്തങ്ങളുടെ ഓർമ്മ, സൂര്യനെല്ലി പെൺകുട്ടിയുടെ അനുഭവങ്ങൾ തുടങ്ങിയവ ബാബു രണ്ടദ്ധ്യായങ്ങളിൽ വിവരിക്കുന്നു. ദീർഘമായ പതിനൊന്നാമദ്ധ്യായം മൂന്നാറിലെ ഭൂമി പ്രശ്‌നം എന്നതാണ്. കേരളത്തിൽ വർഷങ്ങളോളം കത്തിനിന്ന രാഷ്ട്രീയം എന്ന നിലയിലേയ്ക്കു വളർന്ന ഭൂ പ്രശ്‌നത്തിന്റെ ചരിത്രവും വിശദാംശങ്ങളും നിയമവശങ്ങളും ബാബു വിശദീകരിക്കുന്നു. അതിലൂടെ, ഇടതു - വലതു സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും കയ്യേറ്റക്കാർക്കു കൂട്ടുനിന്ന് മൂന്നാറിനെ തീറെഴുതിവിൽക്കുന്ന കാഴ്ചയുടെ മറനീക്കുന്നു. ഒപ്പം, മൂന്നാറിൽ ജനിച്ചു വളർന്നു ജീവിക്കുന്ന തമിഴരും മലയാളികളുമായ നിരവധി പേരുടെ ആത്മകഥകൾ പോലെ നീളുന്ന ചില ആഖ്യാനങ്ങളും.
അവസാനഅധ്യായം മറയൂരിനെക്കുറിച്ചാണ്. മൂന്നാറിന്റെ ഉപഗ്രഹമാണ് മറയൂർ. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും നരവംശ ശാസ്ത്രപരമായും മൂന്നാർ ഉൾപ്പെടുന്ന അഞ്ചു നാടിന്റെ മുഖ്യ ആവാസകേന്ദ്രം മറയൂരായിരുന്നു. പക്ഷെ കാലാവസ്ഥയും കൃഷി രീതികളും തികച്ചും വ്യത്യസ്തം. 'ചിലപ്പതികാരത്തിലെ കഥകൾ പാടുന്ന ആദിവാസി ഊരുകൾ പോലും മറയൂരിലുണ്ട്. മൂന്നാറിൽ നിന്ന് ഉടുമൽപേട്ടയിലേയ്ക്ക് 1887 ൽ പോലും പ്ലാന്റർമാർ യാത്ര ചെയ്തിരുന്നത് മറയൂർ വഴിയായിരുന്നു. മറയൂരിനപ്പുറത്ത് കാന്തല്ലൂർ, വട്ടവട, കമ്പക്കല്ല് ……… പശ്ചമിഘട്ടമലനിരകൾ നീണ്ടു നീണ്ടങ്ങനെ പോകുകയാണ്.
കൗതുകകരമായ നിരവധി വ്യക്തി ചിത്രങ്ങളുണ്ട് ബാബുവിന്റെ പുസ്തകത്തിൽ. 'അജു' കുടുംബത്തിന്റേതാണ് ഒന്ന്. ഇന്ത്യയിൽ തേയില സംസ്‌കാരത്തിന്റെ സാങ്കേതികത പഠിപ്പിക്കാനെത്തിയ ചൈനീസ് കുടുംബത്തിന്റെ എത്രയെങ്കിലും തലമുറകൾ ഓരോ തോട്ടംമേഖലയിലുണ്ട്. മൂന്നാറിലുമുണ്ട് ഒരെണ്ണം. 1879 ലെ മൂന്നാറിൽ വേരുറപ്പിച്ചതാണ് ജോൺ അജുവിന്റെ താവഴി.
മറ്റൊന്ന്, ഐ. എൻ. ടി. യു സി നേതാവായ കുപ്പുസാമിയുടെ കഥയാണ്. മൂന്നാറിന്റെ ചരിത്ര ഗതിയിൽ നിർണ്ണായകമായി ഇടപെട്ട വ്യവസായി കുടുംബമായ 'മരിക്കാരിന്റേതാണ് വേറൊന്ന്. ഇനിയുമൊന്ന്, അതിസാഹസികയായ നായാട്ടുകാരിയായി പേരെടുത്ത മറയൂരിലെ കുട്ടിയമ്മയുടെ കഥയും.
ആഗോള ടൂറിസത്തിന്റെ നക്ഷത്ര സൗഭാഗ്യങ്ങൾ മുതൽ പ്രായോഗിക ദുരന്തങ്ങളുടെ കണ്ണീർചോലകൾ വരെ ഇടകലർന്നൊഴുകുന്നു, മൂന്നാറിന്റെ ജീവിത ഗതിയിൽ. ചരിത്രവും മിത്തും ഭൂതവും വർത്തമാനവും പട്ടിണിയും ദുരിതവും തമിഴും മലയാളവും കൃഷിയും വാണിജ്യവും സമ്പത്തും ദാരിദ്ര്യവും മഞ്ഞും മഴയും സമരവും പ്രതിരോധവും ഇടകലർന്നു നിൽക്കുന്ന മൂന്നാറിന്റെ സാംസ്‌കാരിക ജീവചരിത്രം ഒരു പച്ചപരവാതാനിപോലെ വിടർത്തിയിടുകയാണ് ബാബു.
പുസ്തകത്തിൽ നിന്ന്:-
വംശനാശഭീഷണി നേരിടുന്ന വരയാടുകൾക്കുവേണ്ടിയാണ് സംസ്ഥാനത്തെ ആദ്യ നാഷണൽ പാർക്ക് ഇരവികുളത്ത് പ്രഖ്യാപിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ വരയാടുകളുള്ളതും മൂന്നാർ മലകളിലാണ്. 1971 ലെ കണ്ണൻ ദേവൻ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം സർക്കാർ ഏറ്റെടുത്ത പ്രദേശമാണ് പിന്നീട് വരയാടുകളുടെ അഭയകേന്ദ്രമായി പ്രഖ്യാപിച്ചത്. കണ്ണൻദേവൻ കമ്പനിയിലെ മാനേജർമാർ അംഗങ്ങളായ ഹൈറേഞ്ച് വൈൽഡ് ലൈഫ് പ്രിസർവേഷൻ അസോസിയേഷന്റെ ഇടപെടലാണ് വരയാടുകൾക്കുവേണ്ടി വന്യജീവിസങ്കേതം പ്രഖ്യാപിക്കാൻ കാരണമായത്. വരയുള്ളതുകൊണ്ടല്ല. ഈ ആടിനെ വരയാട് എന്നു വിളിക്കുന്നത്. വരൈകൾക്ക് (കുത്തനെയുള്ള പാറക്കെട്ടുകൾ) ഇടയിൽ ജീവിക്കുന്ന ആട് വരയാട് ആയെന്നുമാത്രം. ഹിമാലയത്തിലെ ഹിമാലയൻ താറിനോടും അറേബ്യൻ രാജ്യങ്ങളിലെ അറേബ്യൻ താറിനോടും സാമ്യമുള്ളതാണ് നമ്മുടെ വരയാടെന്ന നീലഗിരിതാർ. അമേരിക്കയിൽ നിന്നുമെത്തിയ ഡോ.ക്ലിഫോർഡ് റൈസ് മാസങ്ങളോളം ഇവിടെ തമ്പടിച്ച് വരയാടുകളെക്കുറിച്ച് പഠിച്ചാണ് ഡോക്ടറേറ്റ് നേടിയത്. 1979 - 1981 കാലഘട്ടത്തിലാണ് അദ്ദേഹം രാജമലയിൽ താമസിച്ചത്. വരയാടുകൾ വേഗത്തിൽ ഇണങ്ങുന്ന ജീവിയാണ്. അൽപം ക്ഷമയുണ്ടെങ്കിൽ വരയാടുകളെ ഒപ്പം നിർത്തി സെൽഫിയെടുക്കാം. ഇപ്പോൾ എല്ലാം സെൽഫിയാണല്ലോ?
സമുദ്രനിരപ്പിൽനിന്നും ഏഴായിരം അടി ഉയരത്തിലുള്ള ഇരവികുളം പ്രദേശം 1957 ലാണ് വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്. വരയാടുകളുടെ പ്രധാന്യം കണക്കിലെടുത്ത് 1978 ൽ ദേശീയ ഉദ്യാനമായി ഇരവികുളം മാറി. ഹിമാലയത്തിനു തെക്ക് ഏറ്റവും ഉയരം കൂടിയ ആനമുടിയും ഇരവികുളം നാഷണൽ പാർക്കിലാണ്. 2695 മീറ്ററാണ് ആനമുടിയുടെ ഉയരം; അതായത് 8841 അടി. അത്യപൂർവവും വംശനാശ ഭീഷണി നേരിടുന്നതുമായ നിരവധി സസ്യങ്ങളും ഉരഗങ്ങളും ചിത്രശലഭങ്ങളും, ഈ ദേശീയ ഉദ്യാനത്തിലുണ്ട്.
വന്യജീവിസങ്കേതം വരുന്നതുവരെ വരയാടുകളെ സംരക്ഷിച്ച കമ്പനി പ്രതിനിധികൾക്ക് നന്ദി പറയണം. അവർ ഇവിടെ ചെക്‌പോസ്റ്റ് സ്ഥാപിച്ചിരുന്നു. ജോവാനും ഭാര്യയുമായിരുന്നു വാച്ചർമാർ. പിന്നീട് മകൻ കൃഷ്ണനും എത്തി. ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ ഭാഗമായ രാജമലയിലെ ഹാച്ചറിയിൽ വളരുന്ന ട്രൗട്ട് ഇനത്തിൽപ്പെട്ട മത്സ്യവും വിശേഷപ്പെട്ടതാണ്. ബ്രിട്ടീഷുകാർ ആരംഭിച്ച ഹൈറേഞ്ച് ആംഗ്ലിങ് അസ്സോസിയേഷനാണ് ഹാച്ചറിയുടെ നടത്തിപ്പുകാർ. സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിലുള്ള തടാകത്തിൽ മാത്രം ജീവിക്കുന്നതാണ് ഈ മത്സ്യം. മാട്ടുപെട്ടി ഡാമിനോടുചേർന്ന് സർക്കാർ ഉടമസ്ഥതയിൽ ഹാച്ചറി ആരംഭിക്കാൻ വർഷങ്ങൾക്കുമുമ്പ് നിർദ്ദേശമുണ്ടായിരുന്നതാണ്. പ്രത്യേകിച്ച് വിദേശികൾക്ക് ചൂണ്ടയിടലിൽ താല്പര്യമുള്ളതിനാൽ.
നീലഗിരി താറിനുവേണ്ടി ഇരവികുളത്ത് വന്യജീവികേന്ദ്രം പ്രഖ്യാപിച്ചതുപോലെതന്നെയാണ് നീലക്കുറിഞ്ഞിക്കുവേണ്ടി വട്ടവട പഞ്ചായത്തിൽ സങ്കേതം പ്രഖ്യാപിക്കപ്പെട്ടത്. 12 വർഷത്തിലൊരിക്കൽ പൂവിടുന്ന പുഷ്പത്തിനുവേണ്ടിയുള്ള സങ്കേതമാണിത്. നീലക്കുറിഞ്ഞികൾ വിവിധതരമുണ്ട്. നിശ്ചിത ഇടവേളകളിൽ പൂവിടുന്നതാണ് എല്ലാം. ചെടികളുടെ ഉയരവും ഇലയും നോക്കിയാണ് ഇവയെ തിരിച്ചറിയുന്നത്. പൂവിടുന്നതോടെ ചെടികളുടെ ആയുസ്സും എണ്ണി തുടങ്ങും. പൂവ് ഉണങ്ങി വിത്തായി വീഴുന്നതിനൊപ്പം ചെടി കരിഞ്ഞു വീഴും. അടുത്ത മഴക്കാലത്ത് വിത്തുപൊട്ടി അടുത്ത തലമുറ ജനിക്കും. ഒരിക്കൽ പുഷ്പിക്കാൻവേണ്ടി മാത്രമായി ജനനം. വിവിധ വർഷങ്ങളുടെ ഇടവേളകളിൽ പൂവിടുന്നതാണ് നീലക്കുറഞ്ഞിയെങ്കിലും 12 വർഷത്തിലൊരിക്കൽ എന്ന തരത്തിലാണ് അറിയപ്പെടുന്നത്. കുറിഞ്ഞി പൂക്കുന്ന കാലത്ത് ശേഖരിക്കപ്പെടുന്ന തേൻ ഔഷധഗുണമുള്ളതാണ്.
2006 ഒക്‌ടോബറിലാണ് കുറിഞ്ഞിസങ്കേതം നിലവിൽ വന്നത്. സംരക്ഷണകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടതോടെ ഇവിടുത്തെ നീലക്കുറിഞ്ഞികൾ നശിപ്പിക്കപ്പെട്ടു. പുൽമേടുകൾ നശിപ്പിച്ച് അവിടെ റിസോർട്ടുകൾ ഉയർന്നതോടെ പലയിടത്തും കുറിഞ്ഞികൾ നഷ്ടമായി.
സസ്യങ്ങൾക്കുവേണ്ടി മൂന്നാറിലെ കുട്ടിയാർവാലി കേന്ദ്രമാക്കി ഫെൺ സാങ്ചറിക്ക് തുടക്കമിട്ടതാണ്. പശ്ചിമഘട്ടത്തിലുള്ള നൂറു കണക്കിന് പന്നൽച്ചെടികളെ സംരക്ഷിക്കുകയായിരുന്നു ഉദ്ദേശ്യം. ഇതിനായി ഗ്രീൻ ഹൗസൊക്കെ നിർമ്മിച്ച് ചില പ്രവർത്തനങ്ങൾ 1990 കളുടെ രണ്ടാം പകുതിയിൽനടത്തിയിരുന്നു. പക്ഷേ, കുട്ടിയാർവാലിയിലെ ഭൂമി ഭൂരഹിതർക്ക് വീതംവെച്ചതോടെ പന്നൽ സങ്കേതം മാത്രമല്ല, വനംവന്യജീവി ഗവേഷണകേന്ദ്രവും ഏതോ വഴിക്കുപോയി. ഡെറാഡൂണിലെ വനം ഗവേഷണകേന്ദ്രത്തിന്റെ മാതൃകയിൽ വനം വന്യജീവി ഗവേഷണ കേന്ദ്രം ആരംഭിക്കാൻ വനം മന്ത്രിയായിരുന്ന കെ.പി. വിശ്വനാഥൻ തറക്കല്ലിട്ടതാണ്. ആ കല്ലിന് എന്തു സംഭവിച്ചുവോ? അതും പതിച്ച് കൊടുത്തോയെന്നറിയില്ല.
കണ്ണൻദേവൻ കുന്നുകൾ
എം. ജെ. ബാബു
കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
2017 വില :70 രൂപ