ജയ്പുർ: കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെ രാജസ്ഥാനിൽനിന്നു രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്നതിനെതിരെ ബിജെപിയിൽ തന്നെ എതിരഭിപ്രായം. ബിജെപി എംഎൽഎ. ഘനശ്യാം തിവാരിയാണ് കണ്ണന്താനത്തിന് എതിരെ പരസ്യമായി രംഗത്തെത്തിയത്. കേരളത്തിൽ ബിജെപിയുടെ പരിതാപകരമായ അവസ്ഥയാണ് ഘനശ്യം തിവാരി ചൂണ്ടിക്കാട്ടുന്നത്.

കണ്ണന്താനം പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് എംഎൽഎയുടെ പ്രസ്താവന. 'പുറത്തുനിന്നുള്ള സ്ഥാനാർത്ഥികളെ ഇവിടെ മത്സരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. സ്വന്തം സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിനു നിന്നാൽ ഇവർ എംഎൽഎയോ കൗൺസിലറോ പോലുമാകില്ല' തിവാരി പറഞ്ഞു. തിവാരിയുടെ പ്രസ്താവനയ്‌ക്കെതിരെ പാർട്ടിയോ കണ്ണന്താനമോ പ്രതികരിച്ചിട്ടില്ല.

കോൺഗ്രസ് മത്സരിക്കുന്നില്ല എന്നു തീരുമാനിച്ചതോടെ കണ്ണന്താനം രാജസ്ഥാനിൽ നിന്നു രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പായി. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ച കണ്ണന്താനം എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിക്കും. 200 അംഗങ്ങളുള്ള രാജസ്ഥാൻ നിയമസഭയിൽ ബിജെപിക്ക് 160 എംഎൽഎമാരുണ്ട്. 24 അംഗങ്ങളുള്ള കോൺഗ്രസാണ് മുഖ്യ പ്രതിപക്ഷം. വെങ്കയ്യനായിഡു ഉപരാഷ്ട്രപതിയായതിനെ തുടർന്നാണ് രാജസ്ഥാനിൽ രാജ്യസഭാ സീറ്റ് ഒഴിവു വന്നത്.