തൃശ്ശൂർ: ബിജെപി. സംസ്ഥാന ഭാരവാഹിയോഗത്തിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് രൂക്ഷവിമർശം. കണ്ണന്താനം കേരളത്തിൽ ബിജെപിയുടെ സാധ്യതകൾ തകർക്കുന്നുവെന്നായിരുന്നു ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കൾ കണ്ണന്താനത്തിനെതിരെ ഉയർത്തിയ ആരോപണം. കണ്ണന്താനത്തെ മന്ത്രിയാക്കിയ കേന്ദ്ര നേതൃത്വത്തിന്റെ നടപടിയെ ചോദ്യം ചെയ്യുകയായിരുന്നു പലരും. ഓഖി ദുരന്തത്തിലും പെട്രോൾ വില വർദ്ധനവിലും കണ്ണന്താനത്തിന്റെ പ്രസ്താവന പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ആക്ഷേപം.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ. ശിവരാജൻ, പി.പി. വാവ എന്നിവർ, കണ്ണന്താനം കേരളത്തിലെ പാർട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമാണെന്ന് പറഞ്ഞു. പിണറായി വിജയനെ തന്റെ ഗുരുവായാണ് അദ്ദേഹം കാണുന്നത്. പിന്നെ ഗുരുഭക്തി മൂത്ത് മുഖ്യമന്ത്രിയെ വല്ലാതെ പുകഴ്‌ത്തും. ഇത് പാർട്ടിക്ക് ബാധ്യതയാണ്.-വാവ പറഞ്ഞു. ഇങ്ങനെ പോയാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കാര്യം പോക്കാണെന്നും നേതാക്കൾ വിമർശിച്ചു. കേന്ദ്രനേതാക്കളായ നളിൻകുമാർകട്ടീൽ, എച്ച്. രാജ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിമർശം. കേന്ദ്ര നേതാക്കളെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു ഇടപെടൽ. പാർട്ടി അണികളും നിരാശരാണെന്നാണഅ ഇവർ പറയുന്നത്.

ശിവരാജൻ കുറേക്കൂടി തീവ്രമായി കണ്ണന്താനത്തെ പരിഹസിച്ചു. കേന്ദ്രമന്ത്രി നല്ല കഴിവുള്ളയാളാണ്. പക്ഷേ, രാഷ്ട്രീയം അറിയില്ല. അദ്ദേഹത്തിന്റെ കഴിവുകൾ ഡൽഹിയിൽ പാർട്ടിക്ക് ഗുണമായിരിക്കും. അദ്ദേഹത്തോട് കേരളത്തിലേക്ക് വരരുതെന്ന് പറയണം. അഥവാ വന്നാൽതന്നെ പത്രക്കാരോട് വാ തുറക്കരുതെന്നും. പാലക്കാട്ട് എത്തിയ കണ്ണന്താനം എം.ബി. രാജേഷ് എംപി.യെ പുകഴ്‌ത്തിയ കാര്യവും ശിവരാജൻ തമാശയായി അവതരിപ്പിച്ചു. ലോകമണ്ടത്തരങ്ങളാണ് കണ്ണന്താനം വിളിച്ചുപറയുന്നതെന്നും വിമർശമുണ്ടായി.

സംസ്ഥാനനേതാക്കളിൽ ഒരാൾപോലും കണ്ണന്താനത്തിന് അനുകൂലമായി ഒരക്ഷരംപോലും മിണ്ടിയില്ല. വീണ്ടും കണ്ണന്താനത്തെ വിമർശിക്കാൻ തുനിഞ്ഞവരോട്, ഒരേ കാര്യങ്ങൾ ഒന്നിലധികംപേർ പറയേണ്ട എന്ന് വിലക്കുക മാത്രമേ ചെയ്തുള്ളൂ. ഭാവിയിൽ കണ്ണന്താനം മണ്ടത്തരം പറയാതിരിക്കാൻ വേണ്ടത് ചെയ്യണമെന്നാണ് സംസ്ഥാന നേതാക്കളുടെ ആവശ്യം. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ അറിവോടെയാണ് വിമർശനം ഉയർത്തിയതെന്നാണഅ സൂചന. ശിവരാജനും വാവവും കുമ്മനത്തോട് അടുത്തു നിൽക്കുന്ന നേതാക്കളാണ്. അതിനിടെ കേന്ദ്ര മന്ത്രിപദം ലക്ഷ്യമിട്ട് കണ്ണന്താനത്തെ മോശക്കാരനാക്കാൻ കുമ്മനം ശ്രമിക്കുന്നുവെന്ന ആക്ഷേപവും സജീവമാണ്.

ഓഖിയിൽ കണ്ണന്താനം പറഞ്ഞതായിരുന്നു പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനും പറഞ്ഞത്. കേന്ദ്രമന്ത്രിമാർ സംസ്ഥാന സർക്കാരുകളെ വിമർശിക്കരുതെന്ന പൊതു നയമുണ്ട്. അതുകൊണ്ട് തന്നെ കണ്ണന്താനത്തിന് പരിമിതയമായി മാത്രമേ സർക്കാരിനെ വിർശിക്കാൻ കഴിയൂ. എന്നാൽ കേരളത്തിലെ നേതാക്കൾ വ്യക്തി വിരോധം തീർക്കാൻ ശ്രമിക്കുകയാണ്. ഇതിന് പിന്നിൽ കേന്ദ്രമന്ത്രിയാവുകയെന്ന പലരുടേയും മോഹമാണ്. അതിന് അപ്പുറം ഒന്നുമില്ലെന്ന് കണ്ണന്താനത്തെ അനുകൂലിക്കുന്നവരും പറയുന്നു. ഏതായാലും കേരള നേതൃത്വത്തിലെ നേതാക്കളെല്ലാം കണ്ണന്താനത്തിന് എതിരാണ്.

നേരത്തെ കണ്ണന്താനത്തെ മന്ത്രിയാക്കിയപ്പോൾ ബിജെപി നേതാക്കൾ ആഹ്ലാദം പോലും പ്രകടിപ്പിച്ചില്ല. മരണ വീടു പോലായിരുന്നു ബിജെപിയുടെ ഓഫീസ്. കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രശാന്ത് ഐഎഎസിനെ നിയമിക്കുന്നത് പോലും തടസ്സപ്പെടുത്താൻ ചിലർ ശ്രമിച്ചു. അതിന്റെ തുടർച്ചയാണ് ഈ വിമർശനമെന്നും കണ്ണന്താനത്തെ അനുകൂലിക്കുന്നവർ പറയുന്നു.