തിരുവനന്തപുരം : കന്നിയമ്മാളിന്റേത് ഭർത്താവിന്റെ സംശയ രോഗം മൂലമുള്ള കൊലപാതകം തന്നെ. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ നിർണ്ണായക സാക്ഷിമൊഴി കോടതിയിൽ. ഇതോടെ പ്രതി ശിക്ഷിക്കപ്പെടാൻ സാധ്യത കൂടി. ശ്രീവരാഹം മുക്കോലയ്ക്കൽ എസ്. കെ നിവാസിലെ ഒന്നാം നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന തൂത്തുക്കുടി സ്വദേശികളായ കന്നിയമ്മാളും ഭർത്താവ് മാരിയപ്പനും സിറ്റിയിൽ സിനിമ കണ്ട് തിരികെ രാത്രി 9.45 ന് വന്ന് ഒന്നാം നിലയിലേക്ക് കയറിപ്പോകുന്നത് കണ്ടതായി താഴത്തെ നിലയിൽ താമസിക്കുന്ന കെട്ടിട ഉടമ മോഹൻകുമാർ സാക്ഷിമൊഴി നൽകി.

ബെഡ് റൂമും പുറം വാതിലും പൂട്ടി പിതാവ് ഒന്നും മിണ്ടാതെ പോയതിനാൽ ദമ്പതികളുടെ മകൻ മണികണ്ഠന്റെ ആവശ്യപ്രകാരം താൻ സ്‌പെയർ കീ നൽകിയതായും മണക്കാട് തട്ടു ചായക്കട നടത്തുന്ന കെട്ടിട ഉടമ മൊഴി നൽകി. കന്നിയമ്മ കഴുത്തിൽ വെട്ടേറ്റ് രക്തത്തിൽ കുളിച്ച് ബെഡ് റൂമിൽ കിടക്കുന്നത് കണ്ടതായി കെട്ടിട ഉടമയും മണികണ്ഠനും സാക്ഷി മൊഴി നൽകി.

സുന്ദരിയായ കന്നിയമ്മയെ ഭർത്താവ് സംശയത്താൽ ഉപദ്രവിക്കാറുണ്ടെന്നും സാക്ഷികൾ മൊഴിനൽകി. പ്രതിയേയും യുവതി കൃത്യസമയം ധരിച്ചിരുന്ന വസ്ത്രങ്ങളും ചാക്കും കയറും വെച്ച് കെട്ടിയ പ്രതിയുടെ എം 80 മോഡൽ സ്‌ക്കൂട്ടറും സാക്ഷികൾ കോടതിയിൽ തിരിച്ചറിഞ്ഞു. സംശയ രോഗത്താൽ കന്നിയമ്മാൾ (38) നെ ഭർത്താവും ആക്രിക്കച്ചവടക്കാരനുമായ മാരിയപ്പൻ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ കൃത്യവുമായി ബന്ധിപ്പിക്കുന്ന നിർണ്ണായക സാക്ഷിമൊഴികൾ വിചാരണക്കോടതിയിലെത്തിയത്.

തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാസെഷൻസ് ജഡ്ജി കെ.വിഷ്ണുവിന്റെ മുന്നിലാണ് വിചാരണ പുരോഗമിക്കുന്നത്. വയലറ്റ് കളർ പുള്ളിയുള്ള നൈറ്റി , സ്‌കൂട്ടർ എന്നിവ തൊണ്ടി മുതലുകളായും മാരിയപ്പനും കെട്ടിട ഉടമയും ചേർന്നെഴുതിയ ഒറ്റിയാധാരം , മൃതദേഹം കണ്ട ശേഷം 24-ാം തീയതി വെളുപ്പിന് 2 മണിക്ക് പൊലീസിൽ നൽകിയ പ്രഥമ വിവരമൊഴി എന്നിവ പ്രോസിക്യൂഷൻ ഭാഗം രേഖകളായും കോടതി തെളിവിൽ സ്വീകരിച്ചു.

ദമ്പതികളും മൂത്ത മകൻ ഗണേശൻ , ഗണേശിന്റെ ഭാര്യ , ഇളയ മകൻ മണികണ്ഠൻ എന്നിവരാണ് 2014 മുതൽ ഒന്നാം നിലയിൽ ഒറ്റിക്ക് താമസിച്ചിരുന്നത്. കൃത്യദിവസമായ 2018 സെപ്റ്റംബർ 23 ഞായറാഴ്ച രാത്രി താനും ഭാര്യയും ടി വി കണ്ടു കൊണ്ടിരിക്കുകയായിരുന്നുവെന്ന് കെട്ടിട ഉടമ മൊഴി നൽകി. തൽസമയം നല്ല മഴയായിരുന്നു. 11.30 മണിയായപ്പോൾ കന്നിയമ്മ-മാരിയപ്പൻ ദമ്പതികളുടെ ഇളയ മകനായ മണികണ്ഠൻ ജോലി കഴിഞ്ഞ് വരികയും പിതാവ് ഒന്നും മിണ്ടാതെ വീട്ടിൽ നിന്നിറങ്ങിപ്പോയതായും വീട് പൂട്ടിക്കാണുന്നതായും പറഞ്ഞ് സ്‌പെയർ താക്കോൽ ചോദിച്ചു.

അച്ഛനും അമ്മയും മുകളിലുണ്ടല്ലോ! സിനിമ കണ്ടിട്ട് അവർ മുകളിലോട്ട് പോകുന്നത് കണ്ടല്ലോയെന്നും താൻ പറഞ്ഞു. തുടർന്ന് താൻ പുറം വാതിലിന്റെ താക്കോൽ നൽകി. കുറച്ച് കഴിഞ്ഞപ്പോൾ മണികണ്ീൻ വീണ്ടും താഴെ വന്നു. അമ്മയെ അവിടെ കാണാനില്ലെന്ന് പറഞ്ഞു. ബെഡ് റൂമിൽ ഉറങ്ങിയിരിക്കുമെന്നും ബെഡ് റൂം തുറന്ന് നോക്കാനും താൻ പറഞ്ഞു. അപ്പോൾ ബെഡ് റൂം പുറത്തു നിന്ന് പൂട്ടിയിരിക്കുകയാണെന്നും ബെഡ് റൂമിന്റെ സ്‌പെയർ കീ തന്നാൽ നോക്കാമെന്നും പറഞ്ഞു.

താക്കോൽ കൊടുത്തിട്ട് താനും മണികണ്ഠനൊപ്പം പുറത്തേ സ്റ്റെയർകേസ് വഴി മുകളിലേക്കു പോയി. ബെഡ് റൂം തുറന്ന മണികണ്ഠന്റെ നിലവിളി കേട്ട് താൻ ഓടിച്ചെന്ന് നോക്കിയപ്പോൾ കന്നിയമ്മ കട്ടിലിൽ കഴുത്തറുത്ത് രക്തത്തിൽ കുളിച്ചു കമഴ്ന്ന് കിടക്കുന്നത് കണ്ടതായും സാക്ഷിമൊഴി നൽകി. വിചാരണയിൽ ലാസ്റ്റ് സീൻ റ്റുഗെതർ തിയറി പ്രതിക്ക് കുരുക്കാവുന്നു. ഇന്ത്യൻ തെളിവു നിയമത്തിലെ (പ്രതിയുടെ അറിവിൽ പെട്ട വസ്തുത വിശദീകരിക്കേണ്ട പ്രതിയുടെ തെളിവു ഭാര ബാധ്യത) കൊല്ലപ്പെട്ടയാളെയും പ്രതിയെയും അവസാനമായി ഒരുമിച്ച് കാണപ്പെടുന്നത് പ്രതിയിലേക്ക് സംശയം നീളുന്നതാണ് ' ലാസ്റ്റ് സീൻ തിയറി. '

സംശയ രോഗത്തെ തുടർന്ന് ഭർത്താവ് മാരിയപ്പൻ(45) കന്നിയമ്മയെ വെട്ടിക്കൊന്നെന്നാണ് കേസ്. 2018 സെപ്റ്റംബർ 23 രാത്രിയിലായിരുന്നു. കേസിനാസ്പദമായ സംഭവം. കൃത്യ ദിവസം കന്നിയമ്മയും മാരിയപ്പനും തിരുവനന്തപുരം കൃപാ തിയേറ്ററിൽ സാമി -2 സിനിമ കണ്ടതിനുശേഷം രാത്രി 9.45 മണിയോടുകൂടി ശ്രീ വരാഹത്തെ വാടക വീട്ടിലെത്തിയിരുന്നു. സിനിമ തിയേറ്ററിൽ വച്ച് പരിചയക്കാരെ കണ്ടു ചിരിച്ചതിൽ വെച്ച് വീട്ടിൽ വച്ച് പരസ്പരം സംസാരവും വാക്കുതർക്കവുമായി.

തുടർന്ന് കന്നിഅമ്മയെ കഴുത്തിൽ ബലം പ്രയോഗിച്ചു പിടിച്ച് കിടപ്പുമുറിയിൽ കൊണ്ടുവന്ന് ചുറ്റികകല്ല് കൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തിയശേഷം വെട്ടു പിച്ചാത്തി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. കൃത്യസമയം നഗരത്തിൽ കനത്ത മഴ പെയ്തതിനാൽ പരിസരവാസികൾ ശബ്ദം കേട്ടിരുന്നില്ല. കന്നിയമ്മയുടെ മരണം ഉറപ്പാക്കിയ ശേഷം രാത്രിതന്നെ മാരിയപ്പൻ തിരുനെൽവേലിയിലേക്ക് കടന്നുകളഞ്ഞു. നഗരത്തിൽ പിസ്സ വിതരണക്കാരനായ മകൻ മണികണ്ഠൻ ജോലികഴിഞ്ഞ് രാത്രി 11.30 ന് എത്തിയപ്പോഴാണ് കന്നിയമ്മ ചോരയിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. മകന്റെ നിലവിളി കേട്ടെത്തിയ കെട്ടിട ഉടമ ഫോർട്ട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കൃത്യത്തിന് മൂന്നാം നാൾ തിരുനെൽവേലിയിൽ നിന്നും ഫോർട്ട് പൊലീസ് മാരിയപ്പനെ കസ്റ്റഡിയിലെടുത്തു. ഫോർട്ട് പൊലീസ് അന്വേഷിച്ച കേസിൽ സർക്കിൾ ഇൻസ്‌പെക്ടർ അജിചന്ദ്രൻ നായരാണ് കുറ്റപത്രം ഹാജരാക്കിയത്.