കണ്ണൂർ: അറബിക്കടലിലുണ്ടായ ടൗട്ടെ ചുഴലിക്കാറ്റിലുണ്ടായ കടൽക്ഷോഭം കാരണം കണ്ണൂരിലെ പയ്യാമ്പലം ഉൾപ്പെടെയുള്ള ബീച്ചുകൾ കടൽ കയറി നശിച്ചു. ഇതോടെ കോടികൾ ചെലവഴിച്ചുണ്ടാക്കിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉൾപ്പെടെയാണ് നശിച്ചത്. അഞ്ചുകിലോമീറ്റർ ദൂരദൈർഘ്യമുള്ള മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് മുഴുവനായും കടൽ കയറി നശിച്ചു.

നാൽപതു മീറ്റർ കരയിലേക്ക് വെള്ളം കയറി തീരത്തോട് ചേർന്ന് നിർമ്മിച്ച നടപ്പാതയുടെ മിക്കഭാഗങ്ങളും തകർന്നിട്ടുണ്ട്. പത്തു വള്ളങ്ങൾക്കും മത്സ്യത്തൊഴിലാളികളുടെ വലകൾക്കും കേടുപാട് പറ്റി. ഇതുകാരണം 15ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഡ്രൈവ് ഇൻ ബീച്ചിൽ സർക്കാർ നടപ്പിലാക്കാനുദ്ദ്യേശിക്കുന്ന 260 കോടിയുടെ വികസന പ്രവർത്തനങ്ങൾ രേഖപ്പെടുത്തി സ്ഥാപിച്ച കൂറ്റൻ ബോർഡും കാറ്റിൽ തകർന്നു. ഏഴര, കിഴുന്ന ബീച്ചുകളിലെ മിക്കയിടങ്ങളിലും കരയിടിഞ്ഞ നിലയിലാണ്.

തലശേരി കടൽപ്പാലത്തിന് സമീപം റോഡുകളിലേക്ക് കടൽ കയറി പാലത്തിന്് വലതു വശം റോഡിൽ തിരയോടൊപ്പമെത്തിയ മാലിന്യം കൂമ്പാരമായി കിടക്കുന്ന കാഴ്ചയാണുള്ളത്. രണ്ട് കിലോമീറ്റർ ദൂരമുള്ള കണ്ണൂർ പയ്യാമ്പലം ബീച്ചിന്റെ ഒരു കിലോമീറ്റർ വെള്ളത്തിനടിയിലായി. 30മീറ്റർ കരയിലേക്ക് വെള്ളം കയറി.

മിക്ക സ്ഥലങ്ങളിൽ നിന്നും നടപ്പാതയുടെ അരികിൽ നിന്നും മണൽ ഒഴുകി കടലിലേക്ക് പോയത് ഭീഷണിയായിട്ടുണ്ട്. കടലിൽ നിന്നും ബീച്ചിലേക്ക് മാലിന്യം അടിച്ചു കയറിയിട്ടുണ്ട്. ഒന്നരകിലോമീറ്ററുള്ള അഴീക്കോട് ചാൽ ബീച്ചിലെ പാർക്കിൽ വെള്ളം കയറി വൻനാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഒന്നരകിലോമീറ്ററുള്ള അഴീക്കോട് ചാൽ ബീച്ചിലെ അരകിലോമീറ്ററിൽ വെള്ളം കയറി.ബീച്ചിലെ പാർക്കിൽ വെള്ളം കയറിയതുമായി ബന്ധപ്പെട്ട് വൻനാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

ഒന്നര കിലോമീറ്ററുള്ള പയ്യന്നൂർ എട്ടിക്കുളം ബീച്ചിലെ ഒരു കിലോമീറ്റർ ഭാഗം കടലെടുത്തു. ഇവിടെ 300 മീറ്ററോളം കരയിലേക്ക് വെള്ളം കയറിയിട്ടുണ്ട്. മാട്ടൂൽ കടപ്പുറത്ത് 200മീറ്ററോളം കരയിലേക്ക് വെള്ളം കയറിയിട്ടുണ്ട്. അപ്രതീക്ഷിതമായി ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ കണ്ണൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തകർന്നത് ടൂറിസം വകുപ്പിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. കോടികൾ മുടക്കിയ പയ്യാമ്പലം ബീച്ച് നവീകരണമടക്കം കൊവിഡായതിനാൽ പാതിവഴിയിലിരിക്കെയാണ് ദുരന്തം ചുഴലിക്കാറ്റിന്റെ രൂപത്തിൽ തേടിയെത്തിയത്.