കണ്ണൂർ : സർവകലാശാല മലയാള വിഭാഗം അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ. പ്രിയാ വർഗീസിനെ നിയമിക്കാനുള്ള നീക്കം പുതിയ തലത്തിലേക്ക്. അതീവ രഹസ്യമായി ഈ ഘട്ടത്തിൽ സൂക്ഷിക്കേണ്ട റാങ്ക് ലിസ്റ്റ് പുറത്തു വന്നതാണ് ഇതിന് കാരണം. ഇക്കാര്യത്തിൽ വിശദ അന്വേഷണം നടത്താനാണ് തീരുമാനം.

പ്രിയാ വർഗ്ഗീസിനെ തിരുകിക്കയറ്റാനുള്ള ശ്രമത്തിനിടെ ഗുരുതര വീഴ്ചകൾ സംഭവിച്ചതായി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിച്ചിരുന്നു. ആവശ്യമായ യോഗ്യതയില്ലാത്തവരെ പോലും ഇന്റർവ്യൂ പട്ടികയിൽ ഉൾപ്പെടുത്തിയതായും ഡിസിസി പ്രസിഡന്റ് ആരോപിച്ചു. '150ന് അടുത്ത് റിസർച് സ്‌കോറുള്ള പ്രിയാ വർഗീസിന് 32 മാർക്കും 650ന് അടുത്തു റിസേർച് സ്‌കോറുള്ള ഡോ. ജോസഫ് സ്‌കറിയക്ക് 30 മാർക്കുമാണ് ഇന്റർവ്യൂവിൽ ലഭിച്ചതെന്നും പറഞ്ഞു.

ഡോ.സി.ഗണേശ് 28, ഡോ. പി.പി.പ്രകാശൻ 26, ഡോ. മുഹമ്മദ് റഫീക് 22, ഡോ. ഡി.റെജികുമാർ21 എന്നിങ്ങനെയാണു മറ്റുള്ളവരുടെ മാർക്ക്. ഒരു ഉദ്യോഗാർഥിയുടെ 5 പ്രസിദ്ധീകരണങ്ങൾ മാത്രമേ പരിഗണിക്കാൻ സാധിക്കുകയുള്ളൂ എന്ന് മിനിറ്റ്‌സിൽ വ്യക്തമാക്കുകയും അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്ത് മാർക്ക് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കുറഞ്ഞത് 7 പ്രസിദ്ധീകരണങ്ങളാണു യോഗ്യതയെന്നിരിക്കെ, അതില്ലാത്ത ഉദ്യോഗാർഥിയെ ഇന്റർവ്യൂ ചെയ്യാൻ പാടില്ലായിരുന്നുവെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. മാർട്ടിൻ ജോർജിന് എങ്ങനെയാണ് റാങ്ക് ലിസ്റ്റ് കിട്ടിയതെന്നാണ് ഉയരുന്ന ചോദ്യം.

കാലിക്കറ്റ് സർവകലാശാലയിൽ സമാന സാഹചര്യമുണ്ടായപ്പോൾ, ഉദ്യോഗാർഥിയെ മടക്കിയയക്കുകയാണു ചെയ്തത്. തസ്തികയിലേക്കു ലഭിച്ച 10 അപേക്ഷകളിൽ 4 എണ്ണം മതിയായ യോഗ്യത ഇല്ല എന്നു പറഞ്ഞാണു നിരസിച്ചത്. ഉയർന്ന റിസേർച്ച് സ്‌കോറും മതിയായ യോഗ്യതയും അവർക്കുണ്ടായിരുന്നുവെന്നാണു പുറത്തുവരുന്ന വിവരം. ഇവരെ ഒഴിവാക്കുകയും അയോഗ്യതയുള്ളവരെ ഉൾപ്പെടുത്തുകയും ചെയ്ത സ്‌ക്രീനിങ് കമ്മിറ്റി അംഗങ്ങൾക്കെതിരെ നടപടിയെടുക്കണം.

ഡോ.ജോസഫ് സ്‌കറിയയ്ക്ക് പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ തസ്തികകളിൽ കാലിക്കറ്റ് സർവകലാശാല ഒന്നാം റാങ്ക് നൽകിയതും കണ്ണൂർ സർവകലാശാലയിലെ സ്വജനപക്ഷപാത നിയമനത്തിനു തെളിവാണ്. കണ്ണൂർ വിസി നടത്തിയ മുഴുവൻ നിയമനങ്ങളും പരിശോധനയ്ക്കു വിധേയമാക്കണം. മലയാളം അസോഷ്യേറ്റ് പ്രഫസർ റാങ്ക് പട്ടിക റദ്ദാക്കണം. ഈ പട്ടികയിൽ നിന്നു നിയമനത്തിനു ശ്രമിക്കുകയാണെങ്കിൽ വിസിക്കെതിരെ നിയമനടപടികൾ ആലോചിക്കും' ഡിസിസി പ്രസിഡന്റ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന് കണ്ണൂർ സർവ്വകാശാലയിൽ നിയമനം നൽകാൻ റാങ്ക് പട്ടികയിൽ ക്രമക്കേട് നടന്നെന്ന ആരോപണം ശക്തമായിരിക്കെയാണ് , കാലിക്കറ്റ് സർവ്വകലാശാല റാങ്ക് വിവരം പുറത്തുവരുന്നത്. പ്രിയ വർഗ്ഗീസ് ഒന്നാം റാങ്കുകാരിയായ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് തഴയപ്പെട്ട ഡോ. ജോസഫ് സ്‌കറിയ ആണ് കാലിക്കറ്റിന്റെ പ്രൊഫസർ , അസോസിയേറ്റ് പ്രൊഫസർ എന്നീ തസ്തികകളുടെ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. 27 വർഷമായി അദ്ധ്യാപന രംഗത്തുള്ള ജോസഫ് സ്‌കറിയ നിലവിൽ ചങ്ങനാശ്ശേരി എസ് ബി കോളേജി ൽ മലയാള വിഭാഗം മേധാവിയാണ്. നൂറ്റി അൻപതിലേറെ ഗവേഷണ പ്രബന്ധങ്ങളും ആറ് പുസ്തകങ്ങളും രചിച്ച ഇദ്ദേഹത്തിന് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകളും ഫെല്ലോഷിപ്പുകളും ലഭിച്ചിട്ടുണ്ട്.

കണ്ണൂരിലെ റാങ്ക് പട്ടികയ്‌ക്കെതിരെ കോടതിയെ സമീപിക്കാനിരിക്കെയാണ് ജോസഫ് സ്‌കറിയക്ക് കാലിക്കറ്റ് സർവ്വകലാശാല ഒന്നാം റാങ്ക് നൽകിയിരിക്കുന്നതെന്നും ശ്രദ്ധേയം. ഈ മാസം 29ന് ചേരുന്ന കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റിൽ നിയമക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും. യോഗ്യതയുള്ളയാളെ തഴഞ്ഞാണ് കണ്ണൂരിലെ റാങ്ക് പട്ടികയെന്ന് ഇതോടെ വ്യക്തമായെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറം ഉൾപ്പെടെയുള്ളവരുടെ പ്രതികരണം.

ഇടത് സഹയാത്രികനായ ജോസഫ് സ്‌കറിയ കണ്ണൂർ സർവ്വകലാശാലക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നത് തടയുക എന്ന ലക്ഷ്യംകൂടിയുണ്ടെന്നും ആരോപണമുയരുന്നു.