തലശേരി: ചെറിയൊരു ഇടവേളയ്ക്കു ശേഷം കണ്ണൂർ ജില്ലയിൽ കൊലപാതക രാഷ്ട്രീയം വീണ്ടും പിടിമുറുക്കിയിരിക്കെ രാഷ്ട്രീയ നിറം നോക്കാതെ അതിശക്തമായി നേരിടാൻ പൊലിസ് ഒരുങ്ങുന്നു. വടക്കെമലബാറിന്റെ പ്രത്യേകതയായ തെയ്യക്കാവുകളിലാണ് പൊലിസ് നിരീക്ഷണം ശക്തമാക്കുന്നത്. ബുധനാഴ്‌ച്ച ചേർന്ന് ഐ.ജി അശോക് യാദവിന്റെ നേതൃത്വത്തിൽ നടന്ന ഉന്നത പൊലിസ് യോഗത്തിൽ അക്രമസംഭവങ്ങൾ ഒഴിവാക്കുന്നതിനായി നിർണായകമായ ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്. ഇതു പ്രകാരം വരുന്ന മാർച്ചു അവസാനം വരെ കളിയാട്ടം നടക്കാനിരിക്കുന്ന കാവുകളിലെയും അമ്പലങ്ങളിലെയും ഭാരവാഹികളുടെ യോഗം അതത് സ്റ്റേഷൻ പരിധിയിൽ വിളിക്കും. പൊലിസ് പ്രൊട്ടോക്കോൾ അനുസരിച്ചു ഉത്സവം നടത്താൻ സംഘാടകരോട് ആവശ്യപ്പെടും.

ഭാരവാഹികൾ ആവശ്യപ്പെടുകയാണെങ്കിൽ സംഘർഷ പ്രദേശങ്ങളിലെ ഉത്സവങ്ങളിൽ തുടക്കം മുതൽ കഴിയുന്നതുവരെ പൊലിസ് സാന്നിധ്യമുണ്ടാകും. പൊലിസിനെ അറിയിക്കാതെ അനുമതിയില്ലാതെ നടത്തുന്ന ഉത്സവങ്ങളിൽ അനിഷ്ടസംഭവങ്ങളുണ്ടാവുകയാണെങ്കിൽ നടത്തിപ്പുകാർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമുള്ള കേസെടുക്കും. ഉത്സവസ്ഥലങ്ങളിൽ സി.സി.ടി.വി ക്യാമറകൾ ഉൾപ്പെടെ സ്ഥാപിക്കാനും നിർദ്ദേശമുണ്ട്. ഉത്സവകാലങ്ങളിലെ അനിഷ്ടസംഭവങ്ങളൊഴിവാക്കാൻ ബന്ധപ്പെട്ട രാഷ്ട്രീയപാർട്ടികളുടെ യോഗം പ്രാദേശിക തലങ്ങളിൽ പൊലിസ് സ്റ്റേഷനുകളിൽ ചേരും. ഉത്സവങ്ങളുമായിബന്ധപ്പെട്ട തർക്കങ്ങൾ രാഷ്ട്രീയമായി വളരാതിരിക്കാൻ പ്രാദേശിക നേതാക്കളുടെ ഇടപെടൽ അനിവാര്യമാണെന്നും നേരത്തെ തലശേരി താലൂക്കിൽ ഈ രീതി ഗുണം ചെയ്തുവെന്നും ഉന്നത തലയോഗത്തിൽ അഭിപ്രായമുയർന്നു. ഐ.ജി അശോക് യാദവിന്റെ നേതൃത്വത്തിലാണ് കണ്ണൂർ ജില്ലയിലെ സ്ഥിതി ഗതികൾ വിലയിരുത്തിയത്. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിൽ ക്രമസമാധാന നില തകർന്നുവെന്ന പ്രതിപക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പൊലിസിന്റെ ഉന്നതതലയോഗം കണ്ണൂരിൽ അടിയന്തിരമായി ചേർന്നത്.

കണ്ണൂർ ജില്ലയിലെ കാവുകളിൽ വരുന്ന മാർച്ച് അവസാനം വരെ നടക്കുന്ന തെയ്യം -തിറയട്ടക്കാലം അക്രമസാധ്യത വർധിപ്പിക്കുമെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു.ഇതോടെയാണ് ഉത്സവാഘോഷങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകം നടന്നത് ഉത്സവ സ്ഥലത്തുണ്ടായ സംഘർഷം രാഷ്ട്രീയ വൈരാഗ്യത്തിലെത്തിയതാണെന്നു അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. അതു കൊണ്ടു തന്നെയാണ് ജില്ലയിൽ മാർച്ച് അവസാനം വരെ നടക്കുന്ന തെയ്യംതിറ മഹോത്സവങ്ങളിൽ തർക്കങ്ങളും ഏറ്റുമുട്ടലുകളും ഒഴിവാക്കാൻ ജാഗ്രതപാലിക്കാൻ പൊലിസ് തീരുമാനിച്ചത്. അണ്ടലൂർ കാവിൽ കഴിഞ്ഞ ദിവസം നടന്ന ഉത്സവദിനങ്ങളിൽ അഞ്ചോളം ഏറ്റുമുട്ടലുകൾ രാഷ്ട്രീയ ഇതരകാരണങ്ങളാൽ നടന്നിരുന്നുവെങ്കിലും പൊലിസിന്റെയും നാട്ടുകാരുടെയും ഇടപെടലുകൾ കാരണം അവ സംഘർഷത്തിൽ കലാശിക്കാതെ ഒഴിവാകുകയായിരുന്നു.

സംഘർഷബാധിത പ്രദേശങ്ങളിലെ തെയ്യക്കാലം മാത്രമല്ല തലശേരി താലൂക്കിൽ നടന്ന രക്തസാക്ഷി - ബലിദാന ദിനാചരണങ്ങളും പൊലിസിന് മുൻപിൽ മറ്റൊരു വെല്ലുവിളിയായിമാറിയിരിക്കുകയാണ്. ഇത്തരംഓർമകൾക്ക് തീപിടിപ്പിക്കുമ്പോഴാണ് കത്തികൾക്ക് മൂർച്ചകൂട്ടുന്നതും ബോംബുകളുടെ ചരടുകൾമുറുകുന്നതും. അനുസ്മരണ സമ്മേളനങ്ങളിൽ നേതാക്കൾ നടത്തുന്ന കൊലവിളി പ്രസംഗങ്ങളിൽ സോഷ്യൽമീഡിയിലൂടെ പ്രചരിക്കുന്നതും ഇരുഭാഗത്തുള്ളവരുടെയും സിരകളിൽ ചൂടുപിടിക്കുന്നതുംസമീപകാല സംഭവവികാസങ്ങളുടെ പ്രത്യേകതയാണ്. പൊതുയോഗങ്ങളിൽ കൊലവിളി നടത്തുന്ന നേതാക്കന്മാർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കാനും ഇത്തരം നാക്കിനെല്ലില്ലാത്ത പ്രസംഗങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെെൈ സബർ ആക്ടുപ്രകാരം കേസെടുക്കാനും പൊലിസ് തീരുമാനമെടുത്തിട്ടുണ്ട്

കണ്ണൂർ ജില്ലയിൽ പയ്യന്നൂർ മുതൽ ന്യൂ മാഹി വരെ വ്യാപകമായി ബോംബുനിർമ്മാണം നടക്കുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. സിപിഎം.ബിജെപി, എസ്.ഡി.പി.ഐ സ്വാധീന മേഖലകളിലാണ് ബോംബ് നിർമ്മാണം തകൃതിയായി നടക്കുന്നതെന്നാണ് വിവരം. ഇത്തരം രഹസ്യ കേന്ദ്രങ്ങളിലേക്ക് പൊലിസിന് കടന്നു ചെല്ലാൻ കഴിയാത്തതു കാരണം ബോംബുനിർമ്മാണവും മറ്റു കേന്ദ്രങ്ങളിലേക്കുള്ള മാറ്റലും തടയാൻ കഴിഞ്ഞിരുന്നില്ല.

ഇനി അഥവാ രഹസ്യവിവരം കിട്ടി പൊലിസ് റെയ്ഡു നടത്തുമ്പോഴെക്കും ഇത്തരം രഹസ്യ കേന്ദ്രങ്ങളിൽ നിന്നും ബോംബുകൾ മാറ്റി കഴിഞ്ഞിരിക്കും. പൊലിസ് സേനയിൽ നിന്നു തന്നെ പലപ്പോഴും റെയ്ഡ് വിവരം ചോരുന്ന മുൻകാല അനുഭവങ്ങളുമുണ്ടായിട്ടുണ്ട്.
പതിവിൽ നിന്നും വ്യത്യസ്തമായി പാർട്ടി രഹസ്യ കേന്ദ്രങ്ങളിൽ നിന്നും അതിവ മാരകമായ ബോംബുകളാണ് ഇപ്പോൾ നിർമ്മിക്കുന്നത്. തളിപ്പറമ്പ് ,ഇരിട്ടി, തലശേരി താലുക്കുകളിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറികളിൽ നിന്നും ലഭിക്കുന്ന വെടിവരുന്നാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതു എത്തിച്ചു നൽകാനായി പ്രത്യേക ഏജന്റുമാർ തന്നെ ഓരോ പാർട്ടിക്കു മുണ്ട്. ചൈനീസ് പടക്കങ്ങളിൽ നിന്നും ലഭിക്കുന്ന വെടിമരുന്ന് നേരത്തെ ബോംബ് നിർമ്മാണത്തിനായി ഉപയോഗിക്കുന്നുവെന്ന ആരോപണമുയർന്നിരുന്നു

എന്നാൽ വീര്യം കുറഞ്ഞ വെടിമരുന്നാണ് ചൈനീസ് പടക്കങ്ങളിലെന്നതു കൊണ്ടു പൊലിസ് ഈ വാദം തള്ളിക്കളയുകയായിരുന്നു. ഒരൊറ്റ ഏറിന് എതിരാളിയുടെ മരണം ഉറപ്പിക്കുന്നതിന് അതീവ മാരകമായ വെടിമരുന്നും കുപ്പിച്ചില്ലുകളും ആണികളുമാണ് ഉപയോഗിക്കുന്നത്. ഇതിനൊപ്പം തുരുമ്പെടുത്ത ആണികളും ഉപയോഗിക്കുന്നുണ്ട്. സി. പി.എം - ബിജെപി പാർട്ടി ഗ്രാമങ്ങളിൽ വ്യാപകമായ ബോംബുനിർമ്മാണം നടക്കുമ്പോൾ എസ്.ഡി.പി.ഐ കേന്ദ്രങ്ങളിൽ മാരകായുധങ്ങളുടെ ശേഖരണവും ആയുധപരിശീലനവുമാണ് നടക്കുന്നത്. സ്റ്റിൽ ബോംബുകൾ, പൈപ്പ് ബോംബുകൾ എന്നിവയ്ക്കൊപ്പം പ്ളാസ്റ്റിക്ക് ബോംബുകളും ഇപ്പോൾ പ്രചാരത്തിലുണ്ട്. കൈകാര്യം ചെയ്യാൻ എളുപ്പവും അബദ്ധത്തിൽ പൊട്ടാൻ സാധ്യതയില്ലാത്തതുമാണിത്.

ചെറിയൊരു ഇടവേളയ്ക്കു ശേഷം കണ്ണുരിൽ വീണ്ടും കൊലപാതക രാഷ്ട്രീയം നടമാടാൻ തുടങ്ങിയതോടെ തൊഴിൽ രഹിതരായിരുന്ന ക്വട്ടേഷൻ സംഘങ്ങളും പതിയെ സജീവമാവാൻ തുടങ്ങിയിട്ടുണ്ട്. നേരത്തെ പാർട്ടി നേതൃത്വങ്ങൾ കടക്ക് പുറത്തെന്നു പറഞ്ഞ ഇപ്പോൾ ബ്ളോഡ്മദ്യമാഫിയകൾക്കു വേണ്ടികോടാലി കൈയായി പ്രവർത്തിക്കുന്നവരാണ് പതുക്കെ പാർട്ടി നേതാക്കളുമായി ലോഹ്യം കൂടുന്നത്. ഏതൊരു പ്രതിസന്ധിയിലും വെട്ടാനും ചാവാനും നടക്കുന്ന ഇവരുമായുള്ള നാഭീനാള ബന്ധം പാർട്ടി നേതൃത്വങ്ങൾ മുറിച്ചു കളയാതിരുന്നതിനാൽ സമാധാനകാലങ്ങളിൽ അകറ്റിനിർത്തപ്പെട്ട ക്വട്ടേഷൻ സംഘങ്ങളുടെ തിരിച്ചുവരവും എളുപ്പത്തിലായിരിക്കുകയാണ്.

ന്യൂമാഹി പുന്നോലിലെ സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലയ്ക്കു പിന്നിൽ പ്രൊഫഷനൽ ക്വട്ടേഷൻ സംഘമാണെന്ന പൊലിസ് കണ്ടെത്തൽ പ്രെഫഷനൽ ക്വട്ടേഷൻ ടീമുകളുടെ തിരിച്ചുവരവിന്റെ വ്യക്തമായ സൂചനയാണ് .തളിപ്പറമ്പ് ആലക്കാട്ട് ബോംബ് നിർമ്മാണത്തിനിടെ ആർ.എസ്.എസ് നേതാവിന്റെ കൈപ്പത്തി തകർന്നതും കണ്ണുർ ചാലാട് എസ്.ഡി.പി.ഐ പ്രവർത്തകൻ മാരകായുധവുമായി പിടിയിലായതും പൊലിസ് ഗൗരവകരമായാണ് വീക്ഷിക്കുന്നത്.