കണ്ണൂർ: ആർഎസ്എസ് നേതാവിനെ വിവാഹം ചെയ്ത സിപിഎം. പഞ്ചായത്ത് അംഗം രാജിവെച്ചത് പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമെന്ന് സൂചന. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ശ്രീലക്ഷ്മി കൃഷ്ണയാണ് രാജിവെച്ചൊഴിഞ്ഞത്. ഭാവിയിലെ വിവാദങ്ങൾ ഒഴിവാക്കാനായിരുന്നു ഈ നിർദ്ദേശം.

കണ്ണൂർ ഇരിട്ടിയിലെ ആർ.എസ്. എസ്. ശാഖ മുന്മുഖ്യശിക്ഷകിനെയാണ് ശ്രീലക്ഷ്മി വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസം ഇവരെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പരാതി നൽകിയിരുന്നു. തുടർന്ന് ഇവർ ചൊവ്വാഴ്ച പയ്യോളി പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. ഇതിന് ശേഷമാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ശ്രീലക്ഷ്മി രാജി നൽകിയത്.

2020ലെ തദ്ദേശ തെരെഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷത്തിനാണ് സിപിഎം. സ്ഥാനാർത്ഥിയായി ശ്രീലക്ഷ്മി അഞ്ചാം വാർഡിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ടത് . തിക്കോടി പഞ്ചായത്തിലെ തന്നെ റെക്കോർഡ് ഭൂരിപക്ഷമായ 526 വോട്ടിനാണ് ബിജെപി.യുടെ എതിർ സ്ഥാനാർത്ഥിയെ ശ്രീലക്ഷ്മി തോൽപിച്ചത്. മെമ്പർ രാജിവെച്ചതോടെ എൽ.ഡി. എഫ്. ഭരിക്കുന്ന തിക്കോടിയിലെ അഞ്ചാം വാർഡായ പള്ളിക്കര സൗത്തിൽ വീണ്ടും ഉപതെരെഞ്ഞെടുപ്പ് വരും.

17 വാർഡുകളുള്ള തിക്കോടി ഗ്രാമപഞ്ചായത്ത് ഏറെക്കാലത്തെ ഇടവേളക്ക് ശേഷമാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. നിലവിൽ എൽ.ഡി.എഫിന് പത്തും യു.ഡി.എഫിന് ഏഴും സീറ്റുകളാണുള്ളത്. അതുകൊണ്ട് തന്നെ ശ്രീലക്ഷ്മിയുടെ രാജി ഭരണകക്ഷിക്ക് ഭീഷണിയാകില്ല. ആ സാഹചര്യത്തിലാണ് ശ്രീലക്ഷ്മിയോട് രാജിവയ്ക്കാൻ നിർദ്ദേശിച്ചത്.