കണ്ണൂർ: കണ്ണൂർ നഗരത്തിൽ വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ച സംഭവത്തിൽ കാർ ഓടിച്ച ഡ്രൈവർക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന സ്ത്രീയുടെ കാറാണ് അപകടത്തിൽ പെട്ടത്. ബന്ധുവീട്ടിലേക്ക് കാറോടിച്ച് പോകുകയായിരുന്നു ഇവർ. അപകടത്തിൽ കാർ ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

എറണാകുളം മുക്കന്നൂർ താബൂരിലെ പണിക്കശേരി വീട്ടിൽ കെ. ഷാജി-ആയിഷ ദമ്പതികളുടെ മകൻ ഗൗതം കൃഷ്ണ ഷാജി (21), അങ്കമാലി പൂതംകുറ്റി കാഞ്ഞിരത്തിങ്കൽ ജോയി-ത്രേസ്യാമ്മ ദമ്പതികളുടെ മകൻ ജിസ് ജോസ് (22) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച അർധരാത്രിയിലായിരുന്നു അപകടം.

കണ്ണൂർ സ്‌കൈ പാലസ് ബാറിലെ ജീവനക്കാരാണ് മരിച്ച ഇരുവരും. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് ബൈക്കിൽ യാത്ര ചെയ്യവേ കണ്ണൂർ താവക്കരയിൽ വച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.

ഹോട്ടൽ മാനേജ്‌മെന്റ് പഠനം പൂർത്തിയാക്കി കണ്ണൂരിലെ സ്‌കൈ പാലസ് ഹോട്ടലിൽ ജോലിക്കായി എത്തിയതായിരുന്നു യുവാക്കൾ. ജിസ് ജോയിയുടെ സഹോദരങ്ങൾ: സെബി, സിൻസി. ആതിരയാണ് ഗൗതമിന്റെ സഹോദരി.