മട്ടന്നൂർ: നവംബർ ഒന്നിന് കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടക്കില്ലെന്ന് സൂചന. ഡിസംബർ മാസത്തിലേക്ക് ഉദ്ഘാടനം മാറ്റാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് സംസ്ഥാനം ക്ഷണിക്കുമെന്നാണ് സൂചന. ഇതിന് വേണ്ടി കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലേക്ക് പോകുന്നത്. മോദിയുടെ സൗകര്യ പ്രകാരം ഉദ്ഘാടനം ഡിസംബറിലേക്ക് മാറ്റുമെന്നാണ് സൂചന.

രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ക്രിസ്മസ് വരെ നീളാൻ സാധ്യതയെന്നു സുരേഷ്‌ഗോപി എംപി പറഞ്ഞിരുന്നു. അവസാനഘട്ട മിനുക്കുപണികളും തീർന്നതിനു ശേഷം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം വിമാനത്താവളം സന്ദർശനത്തിനിടയിലാണ് അദ്ദേഹം ഇതു വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റെയും മനസ്സ് തിരിച്ചറിഞ്ഞാണ് ഇതെന്നാണ് സൂചന. കണ്ണൂരിന്റെ ഭൂമിശാസ്ത്രവും സാംസ്‌കാരിക തനിമയും വേണ്ടുവോളം പ്രയോജനപ്പെടുത്തിയ വിമാനത്താവളത്തിന്റെ രൂപകൽപന രാജ്യാന്തര നിലവാരത്തിലാണെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.

വിമാനത്താവളത്തോടൊപ്പം അടിസ്ഥാനസൗകര്യങ്ങളും വികസിക്കേണ്ടതുണ്ട്. കൂടുതൽ റോഡുകളും റെയിൽപാതകളും സജ്ജീകരിച്ചാൽ യാത്രക്കാരുടെ എണ്ണത്തിൽ വൻവർധനയുണ്ടാകും. തലശ്ശേരി മൈസൂർ റെയിൽപാതയോടൊപ്പം നിലമ്പൂർ പാതയും ചർച്ചയിലുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി നിലവിലെ റോഡുകളെല്ലാം നാലുവരിയായി ഉയർത്തേണ്ടിവരുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ കണ്ണൂർ സന്ദർശനത്തോടെയാണ് ഡിസംബറിലേക്ക് ഉദ്ഘാടനം മാറുമെന്ന സൂചന ലഭിക്കുന്നത്.

അതിനിടെ കേരളത്തിന്റെ തനിമയും പാരമ്പര്യവും യാത്രക്കാർക്കുമുന്നിൽ നിറവാർന്ന ചായക്കൂട്ടുകളിലൂടെ അവതരിപ്പിക്കാനുള്ള ചിത്രവര കണ്ണൂർ വിമാനത്താവളത്തിൽ തുടങ്ങി കഴിഞ്ഞു. ആകർഷകമായ ചുമർചിത്രങ്ങളാണ് വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടത്തിൽ ഒരുങ്ങുന്നത്. ടെർമിനലിലെ സന്ദർശക ഗാലറിയിലും സ്വീകരണ ഹാളിലുമാണ് കേരളീയ കലാരൂപങ്ങളും നാടൻകലകളും വരകളിലൂടെ തെളിയുന്നത്. ചിത്രകലാകാരൻ ഹരീന്ദ്രൻ ചാലാടും കാലടി കേരള സംസ്‌കൃത സർവകലാശാലയിലെ പൂർവ വിദ്യാർത്ഥികളുമാണ് ചിത്രങ്ങൾ ഒരുക്കുന്നത്. ഇതിനൊപ്പം വിമാനത്താവളം സാങ്കേതികപരമായും സർവ്വ സജ്ജമായി കഴിഞ്ഞു. കണ്ണൂർ വിമാനത്താവളത്തിൽ യാത്രാവിമാനങ്ങളുടെ പരീക്ഷണപ്പറക്കലുകളും വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇനി കേന്ദ്രഗവൺമെന്റിന്റെ ഔപചാരികമായ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ വിമാനത്താവളത്തിന്റെ ചുമതലക്കാരായ കിയാലിന് ഉദ്ഘാടനത്തീയതി നിശ്ചയിക്കാം.

മോദിയുടെ മനസ്സ് അറിഞ്ഞ ശേഷം അധികംവൈകാതെ കിയാലിന്റെ യോഗം ചേർന്ന് ഉദ്ഘാടനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് അന്തിമരൂപം നൽകുമെന്നാണ് വിവരം. ഒക്ടോബർ ഒന്നുമുതൽ കേന്ദ്ര റിസർവ് സേന വിമാനത്താവളത്തിന്റെ സുരക്ഷാചുമതല ഏറ്റെടുക്കുമെന്ന പ്രഖ്യാപനവും വന്നുകഴിഞ്ഞു. കണ്ണൂരിലൊരു വിമാനത്താവളത്തിനായി നടത്തിയ ശ്രമങ്ങൾക്ക് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. എൺപതുകളുടെ അവസാനം ചെറിയ മട്ടിൽ ആരംഭിച്ച പ്രക്ഷോഭ, ബോധവത്കരണ പ്രവർത്തനങ്ങളുടെ ഫലമാണ് ഇപ്പോൾ മട്ടന്നൂർ മൂർഖൻപറമ്പിൽ തലയുയർത്തിനിൽക്കുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. ഉത്തരമലബാറിന്റെ ശാപമായി തുടരുന്ന റോഡുകളുടെ ശോച്യാവസ്ഥ പുതിയ വിമാനത്താവളത്തിന്റെ തിളക്കം കുറയ്ക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കാനും സർക്കാർ അടിയന്തര നടപടികൾ തുടങ്ങും. വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ കാര്യത്തിൽ കൃത്യമായ ആസൂത്രണവും വേഗതയുമാണ് ഉറപ്പുവരുത്താനാണ് നീക്കം.

മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച. 'നവകേരള'സൃഷ്ടിക്കായുള്ള പദ്ധതികൾ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ചർച്ച ചെയ്യും. കേരളത്തിന് ലഭിക്കേണ്ട കേന്ദ്രസഹായത്തേപ്പറ്റി പിണറായി പ്രധാനമന്ത്രിയോട് ആരായുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനൊപ്പം വിമാനത്താവളവും ചർച്ചാവിഷയമാകുമെന്നാണ് ലഭിക്കുന്ന സൂചന.