മട്ടന്നൂർ: ഉദ്ഘാടനത്തിനൊരുങ്ങുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളം 5 മുതൽ പൊതുജനങ്ങൾക്കു സന്ദർശിക്കാം. 12 വരെ എല്ലാദിവസവും രാവിലെ 10 മുതൽ നാലുവരെയാണു സന്ദർശകരെ പ്രവേശിപ്പിക്കുക. എയർപോർട്ടിന്റെ സുരക്ഷാ സംവിധാനങ്ങൾക്ക് 613 സുരക്ഷാ ഉദ്യോഗസ്ഥരെ ഒക്ടോബർ ഒന്നു മുതൽ സിഐഎസ്എഫ് നിയോഗിച്ചിരുന്നു. ഇമിഗ്രേഷനുവേണ്ടി താത്കാലികാടിസ്ഥാനത്തിൽ കേരള പൊലീസിനെ വിനിയോഗിക്കാനാണ് തീരുമാനം. സുരക്ഷാ സംവിധാനമെത്തിയതോടെയാണ് പൊതുജനങ്ങൾക്ക് കാണാൻ അവസരം ഒരുക്കുന്നത്.

സൗകര്യങ്ങളുടെയും സംവിധാനത്തിന്റെയും കാര്യത്തിൽ രാജ്യത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ കൂട്ടത്തിലേക്കാണ് കണ്ണൂർ വിമാനത്താവളം ഇടംപിടിക്കാൻ പോകുന്നത്. പരീക്ഷണപ്പറക്കലിനായെത്തിയ കാലിബ്രേഷൻ വിമാനത്തിന്റെയും എയർ ഇന്ത്യാ എക്സ്‌പ്രസ് ഉൾപ്പെടെയുള്ള യാത്രാവിമാനങ്ങളുടെയും ൈപലറ്റുമാരും എൻജിനീയർമാരും കണ്ണൂർ വിമാനത്താവളത്തിലെ സൗകര്യങ്ങളെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു. പലകാരണങ്ങളാൽ വികസനപരമായി പിന്നാക്കമായ ഉത്തരകേരളത്തിൽ കണ്ണൂർ വിമാനത്താവളം വികസനക്കുതിപ്പിന്റെ വാതിലുകളാണ് തുറക്കുന്നത്. പുതിയ ടൗൺഷിപ്പും വിമാനത്താവള വില്ലേജും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും മാത്രമല്ല വ്യവസായ ഭൂപടത്തിലേക്കും പഴയ മലബാർ മേഖല സ്ഥാനപ്പെടാൻ പോവുകയാണ്.

വിമാനത്താവളം കാണാനെത്തുന്നവർ ഫോട്ടോ പതിച്ച തിരിച്ചറിയൽരേഖ കരുതണമെന്നു ചീഫ് ഓപ്പറേറ്റിങ് ഓഫിസറുടെ ചുമതലയുള്ള എക്‌സിക്യുട്ടിവ് ഡയറക്ടർ കെ.പി.ജോസ് അറിയിച്ചു. ടെർമിനലിനു മുൻവശത്തെ പാർക്കിങ് മേഖലയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ്, വിമാനത്താവള ഉദ്യോഗസ്ഥർ എന്നിവരുടെ നിർദേശങ്ങൾ പാലിക്കണം. ടെർമിനലിനകത്തു ഭക്ഷണ സാധനങ്ങളോ പാനീയങ്ങളോ അനുവദിക്കില്ല. സന്ദർശകർ പ്ലാസ്റ്റിക്, മറ്റു മാലിന്യങ്ങൾ എന്നിവ വിമാനത്താവള പരിസരത്ത് ഉപേക്ഷിക്കരുതെന്നും കിയാൽ അധികൃതർ അറിയിച്ചു.

കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ പരിശോധനയുടെയും ഫ്ളൈറ്റ് ട്രയലുകളുടെയും അടിസ്ഥാനത്തിൽ വിമാനത്താവള ലൈസൻസ് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതുകഴിഞ്ഞാൽ ഉദ്ഘാടന തീയതി പ്രഖ്യാപിക്കും. കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് മൂർഖൻ പറമ്പിൽ സ്ഥിതിചെയ്യുന്നു വിമാനത്താവളം മലബാറിന്റെ വികസ കുതിപ്പിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. കേരളത്തിലെ ഏറ്റവും വലിപ്പമേറിയ വിമാനത്താവളമാണിത്. കേരളത്തിലെ നാലാമത്തെ വിമാനത്താവളവും. 97000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ടെർമിനൽ. അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാർക്ക് ഒറ്റ മേൽക്കൂരയ്ക്ക് യാത്രാ സൗകര്യമൊരുക്കുന്നു. 2018 സെപ്റ്റംബർ 20 ന് ഇവിടെ എയർഇന്ത്യ എക്സ്‌പ്രസ് വിമാനമിറക്കിയുള്ള പരിശോധന നടത്തി. സെപ്റ്റംബർ 21 ന് ഇൻഡിഗോ വിമാനം വിമാനത്താവളത്തിലിറങ്ങി. രാത്രികാല പരിശോധന ഉടൻ നടത്തും.

ഇതു കഴിഞ്ഞാൽ ഉടൻ ലൈസൻസും കിട്ടും. ഈ വിമാനത്താവളത്തിലെ അന്താരാഷ്ട്ര സംവിധാനങ്ങളാണ് ഇതിന് കാരണം. ബംഗളുരു കഴിഞ്ഞാൽ ദക്ഷിണേന്ത്യയിൽ ഏറ്റവും തിരിക്കുള്ള വിമാനത്താവളമായി മറാനുള്ള കുരത്ത് കണ്ണൂരിനുണ്ടെന്നാണ് വിലയിരുത്തൽ. കണ്ണൂർ രാജ്യാന്തരവിമാനത്താവളത്തിൽ നിന്ന് വാണിജ്യടിസ്ഥാനത്തിൽ വിമാന സർവീസുകൾ ഡിസംബർ ആറിന് ശേഷംമാത്രമെന്ന സൂചനയാണ് പുറത്തു വരുന്നത്. രാജ്യാന്തരതലത്തിലുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുള്ള കാലതാമസമാണ് വിമാനസർവീസുകൾ ആരംഭിക്കാൻ വൈകാൻ കാരണം. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷനാണ് ലോകത്തിലെ വിമാനത്താവളങ്ങളുടെ സാങ്കേതിക വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഈ വിവരങ്ങൾ പ്രസിദ്ധീകരിക്കേണ്ട തീയതികൾ മുൻകൂട്ടി നിശ്ചയിച്ചതാണ്.

ഈ വർഷം ഇനിയുള്ള തീയതികൾ ഒക്ടോബർ 11, നവംബർ 8, ഡിസംബർ 6 എന്നിങ്ങനെയാണ്. അതുകൊണ്ടാണ് ഡിസംബറിലേക്ക് ഉദ്ഘാടനം മാറ്റാൻ സർക്കാർ നിർബന്ധിതമാകുന്നത്. അപ്പോഴേക്ക് എല്ലാ അടിസ്ഥാന സൗകര്യ വികസന പരിപാടികളും പൂർത്തിയാവുകയും ചെയ്യും. വിമാനത്താവളത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു. റൺവേ, എയർസൈഡ് വർക്കുകൾ, ടെർമിനൽ ബിൽഡിങ്ങ് തുടങ്ങിയവ പൂർത്തിയാക്കി. ടെർമിനൽ ബിൽഡിങ്ങിനകത്തെ ഡിഎഫ്എംഡി, എച്ച്എച്ച്എംഡി, ഇൻലൈൻ എക്‌സ്‌റേ മെഷീൻ, ബാഗേജ് ഹാൻഡ്‌ലിങ് സിസ്റ്റം, ചെക്ക് ഇൻ കൗണ്ടറുകൾ, എമിഗ്രേഷൻ ചെക്ക് പോയിന്റുകൾ, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, പാസഞ്ചർ ബോർഡിങ് ബ്രിഡ്ജ് എന്നിവ സജ്ജമാക്കി. റൺവേ ദൈർഘ്യം 4000 മീറ്ററാക്കി വർധിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കൽ പ്രക്രിയ പുരോഗമിക്കുകയാണ്. 4000 മീറ്റർ റൺവേ പൂർത്തിയായിക്കഴിയുമ്പോൾ കണ്ണൂരിലേത് കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം ആയി മാറും.

കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ പ്രവാസികൾക്ക് ആഹ്ലാദം നൽകുന്നതാണ് വിമാനത്താവളം. കണ്ണൂർ ജില്ലയോട് ചേർന്നുകിടക്കുന്ന കോഴിക്കോട് ജില്ലയിലെ പ്രദേശങ്ങളിലെ പ്രവാസികൾക്കും പുതിയ വിമാനത്താവളം ഗുണമാകും. ഇതുവരെയുള്ള യാത്രാദുരിതങ്ങൾക്ക് അറുതി വരും എന്നതാണ് ഈ മേഖലയിലെ പ്രവാസികൾക്ക് സന്തോഷം നൽകുന്നത്. കണ്ണൂർ മേഖലയിലെ പ്രവാസികൾക്ക് നാട്ടിൽ പോകുക എന്നതല്ല പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നത്. വിമാനത്താവളത്തിൽ എത്തിയിട്ട് സ്വന്തം വീട്ടിൽ എത്തുന്നതിനുള്ള കാലതാമസമായിരുന്നു.