കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഉത്ഘാടന ദിവസം തന്നെ സർവ്വീസ് തുടങ്ങാനുള്ള തീവ്രശ്രമത്തിലാണ് ഗോ എയർ. അതിന്റെ മുന്നോടിയായി ഗോ എയർ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി പരിശോധന നടത്തി.

എയർപോർട്ട് ടെർമിനലിൽ ഗോ എയറിന് അനുവദിച്ച സ്ഥലത്ത് ഓഫീസ് നിർമ്മാണം അന്തിമഘട്ടത്തിലാണ്. കുവൈറ്റ്, റിയാദ്, അബുദാബി, മസ്‌ക്കറ്റ്, എന്നിവിടങ്ങളിലേക്ക് സർവ്വീസ് ആരംഭിക്കാനാണ് ഗോ എയർ ഉദ്ദേശിക്കുന്നത് അതോടനുബന്ധിച്ച് സിവിൽ എവിയേഷൻ അധികൃതർക്ക് ഗോ എയർ ഉടൻ സമയക്രമം സമർപ്പിക്കും. അനുമതി ലഭിക്കുന്ന മുറക്ക് ഗോ എയർ ടിക്കറ്റ് ബുക്കിങ് ആരംഭിക്കും. ആഭ്യന്തര സർവ്വീസിനായി ബംഗളൂരു, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്ക് ഗോ എയർ അനുമതി തേടുന്നുണ്ട്.

രണ്ടാം ഘട്ടത്തിൽ ഡൽഹിയും തിരുവനന്തപുരവുമാണ് സർവ്വീസ് നടത്താൻ ഗോ എയർ പരിഗണിക്കുന്നത്. ഗോ എയറിനൊപ്പം ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നീ വിമാന കമ്പനികളും കണ്ണൂരിൽ നിന്ന് സർവ്വീസ് ആരംഭിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 9 ന് ഉത്ഘാടനം നടക്കുന്ന കണ്ണൂർ വിമാനത്താവളത്തിന്റെ ഗ്രൗണ്ട് ഹാന്റിലിങ് സംവിധാനത്തിനായി ജീവനക്കാരും ഉപകരണങ്ങളും എത്തി. വിമാനത്താവളത്തിന് വേണ്ടി വീടും സ്ഥലവും വിട്ട് കൊടുത്ത കുടുംബാംഗങ്ങൾക്ക് ഗ്രൗണ്ട് ഹാന്റിലിങിന്റെ ചുമതല നൽകിയിട്ടുണ്ട്. കണ്ണൂരിൽ നിന്നും വിമാന സർവ്വീസ് ആരംഭിക്കും മുമ്പ് യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കാനാണ് ശ്രമം. അതിന്റെ ഭാഗമായി എയർപോർട്ടും പരിസരവും നിരീക്ഷിച്ച് ഗ്രാണ്ട് ഹാന്റിലിങുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്.

രണ്ടാഴ്ച മുമ്പ് തന്നെ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇവിടെ എത്തിയിട്ടുണ്ടായിരുന്നു. എയർ ഇന്ത്യാ ട്രാൻസ്പോർട്ട് ലിമിറ്റഡ്, സെലിബി പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് കണ്ണൂർ വിമാനത്താവളത്തിന്റെ ഗ്രൗണ്ട് ഹാന്റ്ലിങ് ചുമതല നിർവ്വഹിക്കുന്നത്. കഴിഞ്ഞ ദിവസം എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനം അവസാന വട്ടം കാലിബ്രേഷൻ നടത്തിയിരുന്നു. 1200 അടി മുതൽ 4000 അടി ഉയരത്തിലായിരുന്നു വിമാനത്തിന്റെ കാലിബ്രേഷൻ.

കർണ്ണാടക അതിർത്തി വരെ പറന്ന് വിമാനം തിരിച്ച് വിവിധ ദിശകളിൽ പറന്ന് ടെർമിനൽ സ്റ്റേഷന് മുകളിലെത്തി ടച്ച് ലാന്റിങ് നടത്തിയിരുന്നു. വിമാനത്താവളത്തിൽ ഇതുവരെയായി ചെറുതും ഇടത്തരവും വലുതുമായ വിമാനങ്ങൾ 22 തവണ പറന്നിറങ്ങിയിട്ടുണ്ട്. 2016 ഫെബ്രുവരി 29 നാണ് പരീക്ഷണാർത്ഥം ഡോണിയർ വിമാനം ഇറങ്ങിയത്. പ്രളയ ദുരിതത്തിന്റെ ഭാഗമായി ഓഗസ്റ്റ് 11 മുതൽ മൂന്ന് തവണ നാവിക സേനയുടെ ഐ.എൻ 228 ഡോണിയർ വിമാനവും ഓഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 1 വരെ എയർ പോർട്ട് അഥോറിറ്റിയുടെ ബീച്ച് ക്രാഫ്റ്റ് വിമാനവും എത്തിയിരുന്നു. എയർ ഇന്ത്യാ എക്സപ്രസ്സിന്റെ ബോയിങ് 737 -800 വിമാനവും ഇവിടെ പല തവണ പറന്നിറങ്ങി.