മട്ടന്നൂർ: കടുത്ത പ്രതിസന്ധിയിൽ ഞെരിപിരിക്കൊള്ളുന്ന കണ്ണൂർ വിമാനത്താവള കമ്പിനിയായ കിയാലിന് പൊത മേഖലാ ബാങ്കുകളുടെ ഓക്സിജൻ. വായപാ തിരിച്ചടവിന് രണ്ടുവർഷത്തെ മൊറട്ടോറിയം നൽകിയാണ് പൊതുമേഖലാബാങ്കുകൾ കിയാലിന്് പ്രാണവായുവേകിയത്.

ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻബാങ്ക്, കാനറബാങ്ക് എന്നിവയുടെ കൺസോർഷ്യമാണ് കിയാലിന് 892 കോടി രൂപ വായ്പ നൽകിയിരുന്നത്. കോവിഡ് പിടിമുറുക്കിയ സാഹചര്യത്തിൽ രാജ്യന്തര, ആഭ്യന്തര വിമാനസർവീസുകൾ കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇതോടെ സാമ്പത്തിക വരുമാനമെല്ലാം കുറഞ്ഞു. ഈ സാഹചര്യത്തിൽ വായ്പാ തിരിച്ചടവും തടസപ്പെട്ടു.

ഇതേ തുടർന്നാണ് കിയാൽ എം.ഡി ഡോ.വി.വേണു ബാങ്കുകളുടെ കൺസോർഷ്യവുമായി ചർച്ച നടത്തിയത്. ഇതേ തുടർന്നാണ് തിരിച്ചടവിന് രണ്ടുവർഷത്തെ കാലാവധി അനുവദിച്ചത്. വിമാനതാവള ജീവനക്കാരുടെ ശമ്പളം, ദൈനം ദിനചെലവുകൾ, കസ്്റ്റംസ് എയർപോർട്ട്, സി. ഐ. എസ്. എഫ് തുടങ്ങിയ വിഭാഗങ്ങൾക്കായി നൽകേണ്ട തുക എന്നിവ അടയ്ക്കാൻ കിയാൽ പ്രായസപ്പെടുന്ന ഈ കാലത്ത് ബാങ്ക് തിരിച്ചടവ് വൻപ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

വിമാനത്താവളത്തിൽ കാർഗോ കോംപളക്സ് തുടങ്ങുന്ന സാഹചര്യത്തിൽ ഒട്ടേറെ പ്രതിസന്ധികൾ കിയാൽ മുറിച്ചുകടക്കേണ്ടതുണ്ട്. ഇവിടേക്ക് നിയോഗിക്കേണ്ട കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശമ്പളം മുൻകൂറായി അടയ്ക്കേണ്ടതുണ്ട്. ലോക്ഡൗണിനു ശേഷം വിമാന സർവീസുകൾ പുനരാരംഭിക്കുമ്പോൾ കാർഗോ കോംപൽക്സ് തുടങ്ങാനുള്ള തീരുമാനത്തിലാണ് കിയാൽ. ഇതു വന്നു കഴിഞ്ഞാൽ വിദേശത്തേക്കുള്ള കയറ്റുമതി- ഇറക്കുമതിയിലൂടെ വരുമാനമുണ്ടാക്കാമെന്ന പ്രതീക്ഷയാണുള്ളത്.

കോവിഡ് രണ്ടാം വർഷത്തിലേക്ക് കടന്നതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളം പിടിച്ചു നിൽക്കാനായി പാടുപ്പെടുകയാണ്. അന്താരാഷ്ട്ര സർവീസുകൾ മുടങ്ങിയതോടെയാണ് രാജ്യത്തെ നവാഗത വിമാനാതാവളമായ കണ്ണൂരിന്റെ നട്ടെല്ലൊടിഞ്ഞത്. വിവിധ പൊതു മേഖലാ ബാങ്കുകളിലായി 888 കോടി രൂപയുടെ കടബാധ്യതയാണ് കിയാലിനുള്ളത്. വിമാനത്താവളം തുടങ്ങിയതു മുതൽ കൃത്യമായി തിരിച്ചടവ് നടന്നിരുന്നുവെങ്കിലും പിന്നീട് വീഴുകയായിരുന്നു. കഴിഞ്ഞ വർഷം ലോക് ഡൗൺ തുടങ്ങിയതുമുതലാണ് ബാങ്ക് വായ്പകൾ തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യമുണ്ടായത്.

കൊവിഡിൽ രാജ്യത്തെ വ്യോമയാന മേഖലകൾ തകർന്നു തരിപ്പണമായതിന്റെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിലും വളരെ കുറവ് യാത്രക്കാരുമായി ആഭ്യന്തര സർവീസ് മാത്രമേ നടത്തുന്നുള്ളൂ. ജീവനക്കാരുടെ ശമ്പളം, വൈദ്യുതി, വെള്ളം എന്നിവയടക്കം കിയാലിന് ഏതാണ്ട് മൂന്നര കോടിയോളം രൂപ പ്രതിമാസ ചെലവുണ്ട്. നേരത്തെ കസ്റ്റംസ്, എയർപോർട്ട് അഥോറിറ്റി എന്നിവയിലെ ഉദ്യോഗസ്ഥരുടെ ശമ്പളം കേന്ദ്രസർക്കാരിലേക്ക് മുൻകൂട്ടി നൽകിയിരുന്നുവെങ്കിലും ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്. ഭീമമായ ശമ്പളം പറ്റുന്ന കസ്റ്റംസ് വിഭാഗത്തിൽ മാത്രം 34 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ ശമ്പളത്തിന്റെ മൂന്നിരട്ടി കേന്ദ്ര വ്യോമയാനമന്ത്രാലയത്തിലേക്ക് മുൻകൂട്ടി അടയ്ക്കണമെന്നാണ് നിർദ്ദേശം.

കുടിശ്ശിക തുക വേഗം അടയ്ക്കാമെന്ന് കസ്റ്റംസ് കമ്മിഷണറെ അറിയിച്ച കിയാൽ ശമ്പള ചെലവ് അടയ്ക്കുന്നതിൽ നിന്നും അഞ്ചു വർഷത്തേക്ക് ഒഴിവാക്കണമെന്ന നിവേദനവും നൽകിയിട്ടുണ്ട്. വടക്കേ മലബാറിന്റെ വികസനത്തിന് ഏറ്റവും നിർണായകമായി മാറുമെന്ന് കരുതിയ കണ്ണൂർ വിമാനത്താവളം കോവിഡ് പ്രതിസന്ധിയിൽപ്പെട്ട് അതിന്റെ ഏറ്റവും കഠിനമായ പാതയിലൂടെ സഞ്ചരിക്കുകയാണ്. ബാലാരിഷടതകളുടെ റൺവേയിൽ തന്നെയാണ് വിമാനത്താവളം ഇപ്പോഴും ചുറ്റിതിരിയുന്നത്.