മട്ടന്നൂർ: പ്രകൃതിദുരന്തങ്ങളും അതിവർഷവും നേരത്തെ അറിയാൻ കണ്ണൂർ വിമാനതാവളത്തിൽ കാലവസ്ഥാ റഡാർ സ്ഥാപിക്കുന്നു. വടക്കെ മലബാറിലെ കാലാവസ്ഥാ പ്രവചനങ്ങൾക്ക് കൂടുതൽ കൃത്യത വരുത്താൻ സഹായകമാവുന്ന വിധത്തിലാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കാലാവസ്ഥാ റഡാർ സ്ഥാപിക്കുന്നത്. ഇത് മൂന്നു മാസത്തിനകം പ്രവർത്തനക്ഷമമാവും.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നേതൃത്വത്തിലാണ് പുതിയ റഡാർ സ്ഥാപിക്കുന്നത്. ഇത് പ്രവർത്തനക്ഷമമാവുന്നതോടെ, കേരളം മുഴുവൻ കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണത്തിൽ വരും.100 കിലോമീറ്ററാണ് പുതുതായി സ്ഥാപിക്കുന്ന ഉപകരണത്തിന്റെ പരിധി. നിലവിൽ തിരുവനന്തപുരത്തും കൊച്ചിയിലും ഡോപ്‌ളർ റഡാർ സംവിധാനം ഉണ്ട്.

തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ പ്രവർത്തിക്കുന്ന റഡാറിന്റെ പരിധി, തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയാണ്. കൊച്ചി തോപ്പുംപടിയിൽ ഐ.എസ്.അർ.ഒ സ്ഥാപിച്ച റഡാർ പരിധിയിൽ ഇടുക്കി മുതൽ മലപ്പുറം വരെയുള്ള ജില്ലകൾ ഉൾപ്പെടും. കണ്ണൂർ വിമാനത്താവളത്തിൽ പുതിയ റഡാർ സ്ഥാപിക്കുന്നതോടെ, കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർഗോഡ് എന്നീ ജില്ലകൾക്ക് പുറമെ കർണാടകയിലെ കൂർഗ്ഗിൽ ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനം കൃത്യമായി മനസ്സിലാക്കാനാവും. മംഗളുരുവിലും ഇത്തരം റഡാർ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.

കണ്ണൂർ വിമാനത്താവളത്തിൽ റഡാർ സ്ഥാപിക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായി. ഹൈദരാബാദ് ആസ്ഥാനമായ കമ്പനിക്കാണ് ഇതിന്റെ കരാർ നൽകിയിരിക്കുന്നത്. ഇതിന് പുറമെ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 85 ഓട്ടോമാറ്റിക് കാലാവസ്ഥാമാപിനികൾ കേരളത്തിൽ സ്ഥാപിക്കുന്നുണ്ട്. ഇതിൽ 15 എണ്ണം ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. ബാക്കിയുള്ളവ ഡിസംബറിനകം സ്ഥാപിക്കും.

മഴയുടെ അളവ്, കാറ്റിന്റെ വേഗം, ദിശ, അന്തരീക്ഷ ഈർപ്പം, താപനില തുടങ്ങിയ വിവരങ്ങൾ തത്സമയം ലഭ്യമാകുമെന്നതാണ് ഓട്ടോമാറ്റിക് കാലാവസ്ഥാ മാപിനികളുടെ പ്രത്യേകതയെന്ന് അധികൃതർ പറഞ്ഞു.