കണ്ണുർ: കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ യാത്രാ നിയന്ത്രണത്താൽ ശ്വാസം മുട്ടുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാന താവളം അതിജീവനത്തിനുള്ള പുതുവഴി തേടുന്നു. രാജ്യാന്തര ചരക്കു നീക്കമാരംഭിച്ചാൽ നവാഗത വിമാന താവളമായ കണ്ണുരിന് വലിയ ആശ്വാസമേകുമെന്നാണ് വിലയിരുത്തൽ.

രാജ്യാന്തര ചരക്കുനീക്കം ആരംഭിക്കുന്നതിന് മുന്നോടിയായി കാർഗോ ട്രയൽ റൺ ഉടൻ ആരംഭിക്കുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കസ്റ്റംസ് ചീഫ് കമ്മിഷണർ ശ്യാം രാജ് പ്രസാദ്, കമ്മിഷണർ രാജേന്ദ്രകുമാർ ജോയന്റ് കമ്മിഷണർ മനീഷ് വിജയ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വിമാനത്താവളത്തിൽ ഒരുക്കിയ സൗകര്യങ്ങൾ തൃപ്തികരമാണെന്ന് വിലയിരുത്തിയിട്ടുണ്ട്.

കിയാൽ സിഇഒ സുഭാഷ് എക്‌സിക്യുട്ടിവ് ഡയറക്ടർ എ.പി ജോസ്, ഓപറേഷൻ ഹെഡ് കെ.പി പൊതുവാൾ എന്നിവരുടെ സാന്നിധ്യത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. നേരത്തെ വിമാനത്താവളത്തിൽ എയർ കാർഗോ കോംപ്ലക്‌സ് പ്രവർത്തനം തുടങ്ങുന്നതിനു മുന്നോടിയായി ഒൻപത് കസ്റ്റംസ് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് കമ്മിഷണർ ഉത്തരവിറക്കിയിരുന്നു

ഒരു ഡപ്യൂട്ടി കമ്മിഷണർ, മൂന്ന് സൂപ്രണ്ടുമാർ, മൂന്ന് ഇൻസ്‌പെക്ടർമാർ, ക്ലാർക്ക്, ഹവിൽദാർ എന്നിവരെയാണ് എയർ കാർഗോ കോംപ്ലക്‌സിലേക്കു നിയമിച്ചത്. ഇവർ 15നു മുൻപ് എല്ലാവരും ചുമതലയേൽക്കുമെന്ന്കിയാൽ അധികൃതർ അറിയിച്ചു. ഇതോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നു ചരക്കുനീക്കം താമസിയാതെ യാഥാർഥ്യമാവുമെന്നാണ് പ്രതീക്ഷ.

ഇ.ഡി.ഐ സൗകര്യം ഏർപ്പെടുത്തുന്നതിനു മുന്നോടിയായി ചീഫ് കമ്മിഷണർ ശ്യാംരാജ് പ്രസാദ്, കമ്മിഷണർ രാജേന്ദ്ര കുമാർ എന്നിവർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം വിമാനത്താവളം സന്ദർശിച്ചിരുന്നു. കിയാൽ മാനേജിങ് ഡയറക്ടർ ഡോ. വി.വേണു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ഇവർ കൂടിക്കാഴ്‌ച്ച നടത്തുകയും ചെയ്തു.

2019 ൽ നിർമ്മാണം പൂർത്തിയാക്കിയ കാർഗോ കോംപ്ലക്‌സിന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്), എയർപോർട്ട് ഇക്കണോമിക് റഗുലേറ്ററി അഥോറിറ്റി (എ.ഇ.ആർ.എ) എന്നിവയുടെ അനുമതികളും ലഭിച്ചിരുന്നു. പഴം, പച്ചക്കറി കയറ്റുമതിക്ക് കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ അംഗീകാരവും 2020 ജൂണിൽ ലഭിച്ചു. കാർഗോ കോംപ്ലക്‌സിന്റെ ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചത്.

1200 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലുള്ള കാർഗോ കോംപ്ലക്‌സാണ് സജ്ജമാക്കിയിട്ടുള്ളത്. എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ നിയമിക്കാത്തതിനാൽ ഇതുവരെ രാജ്യാന്തര ചരക്കുനീക്കം തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. 7000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള അത്യാധുനിക കാർഗോ കോംപ്ലക്‌സിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്.

അതേ സമയം, കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ രാജ്യാന്തര സർവീസുകൾക്ക് തുടക്കമായി. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെയാണ് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസ് ആരംഭിച്ചത്. ഇന്നലെ മസ്‌കറ്റിലേക്ക് എയർ ഇന്ത്യ എക്സ്‌പ്രസിന്റെ സർവീസ് ആരംഭിച്ചു. 182 യാത്രക്കാരുമായി ഫുൾലോഡ് സർവീസായിരുന്നു ആദ്യത്തേത്.

ആഴ്ചയിൽ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുള്ളത്. ഏപ്രിൽ 24നാണ് മസ്‌കറ്റിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് നീക്കി 129 ദിവസത്തിനുശേഷമാണ് സർവീസ് പുനരാരംഭിച്ചത്. നേരത്തെ യു.എ.ഇയിലേക്ക് സർവീസ് ആരംഭിച്ചിരുന്നു. അതിന് പിന്നാലെയാണ് മസ്‌കറ്റിലേക്കും സർവീസിന് അനുമതി ലഭിച്ചത്.

എയർ ഇന്ത്യ എക്സ്‌പ്രസ്, എയർ ഇന്ത്യ, ഇൻഡിഗോ, ഗോ ഫസ്റ്റ് എന്നിവയാണ് ഗൾഫ് സർവീസ് നടത്തുന്നത്. ഷാർജ, ദുബായ്, അബുദാബി, കുവൈറ്റ്, ദോഹ, റിയാദ്, സലാല എന്നിവിടങ്ങളിലേക്കും കണ്ണൂരിൽനിന്ന് വിമാനമുണ്ട്. മസ്‌കറ്റിലേക്കുള്ള ആഴ്ചയിലെ മൂന്ന് സർവീസിന് പുറമെ അബുദാബിയിലേക്കും ഷാർജയിലേക്കും ആറുദിവസവും ദുബായിലേക്ക് നാലുദിവസവും വിമാനമുണ്ട്. എന്നാൽ കണ്ണൂരിൽനിന്ന് സ്ഥിരം സർവീസിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അനുമതി നൽകിയിട്ടില്ല. വിദേശ വിമാനങ്ങളുടെ സർവീസിനും അനുമതി ലഭിച്ചിട്ടില്ല.

കോവിഡിനെ തുടർന്നുള്ള അടച്ചിടലിൽ പ്രവാസികളുമായി വിദേശ എയർക്രാഫ്റ്റുകൾ കണ്ണൂരിലിറങ്ങിയിരുന്നു. വൈഡ് ബോഡി എയർക്രാഫ്റ്റുകൾക്ക് പ്രയാസരഹിതമായി കണ്ണൂരിന്റെ റൺവേയിൽ ഇറങ്ങാമെന്നും തെളിഞ്ഞിരുന്നു. വിദേശവിമാന സർവീസിന് അനുമതി തേടി കിയാൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിച്ചുവെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. കേന്ദ്ര സർക്കാർ വിദേശ വിമാന സർവിസ് കമ്പിനികൾക്ക് അനുമതി നൽകാത്തത് കണ്ണുരിനെ സംബന്ധിച്ചു കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തി വയ്ക്കുന്നത്.

കോവിഡ് പ്രതിസന്ധി മൂർച്ഛിച്ചതു കാരണം വരുമാനത്തിൽ ഗണ്യമായ കുറവാണ് കണ്ണുരിനുണ്ടായിരിക്കുന്നത്. സർക്കാർ ധനഹായത്താലും ബാങ്ക് വായ്പയെടുത്തുമാണ്കിയാൽ മുൻപോട്ടു പോകുന്നത്. കാർഗോ കോംപ്‌ളക്‌സ് തുടങ്ങിയാൽ വടക്കെ മലബാറിന്റെ വാണിജ്യ-വ്യാവസായ മേഖലകൾക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കുടകിൽ നിന്നും കാപ്പിയും കുരുമുളകു മടക്കം കയറ്റുമതി ചെയ്യുന്നതിനുള്ള ചർച്ചകളും നടന്നു വരികയാണ്.