കണ്ണൂർ:പ്രതികൂല കാലാവസ്ഥയും കാഴ്ച കുറവും കാരണം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ന് രാവിലെ ഇറക്കേണ്ട ഇൻഡിഗോ വിമാനംകോയമ്പത്തൂരിലിറക്കി. ഇന്ന് രാവിലെ 7.45ന് ഇറങ്ങേണ്ട ഇൻഡിഗോ ഹൈദരബാദ്-കണ്ണൂർ വിമാനമാണ് റൺവേയിൽ ഇറങ്ങാനാവാതെ മടങ്ങിയത്. ഇതിനു ശേഷം 9.15ന് വിമാനം കോയമ്പത്തൂർ വിമാനതാവളത്തിൽ സുരക്ഷിതമായി ഇറക്കി.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ രണ്ടു തവണ റൺവേയിൽ ക്യാപ്റ്റൻ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടർന്നാണ് മടങ്ങി കോയമ്പത്തൂരിലേക്ക് പുറപ്പെട്ടത്. യാത്രക്കാരെ ഇതു അൽപം ബുദ്ധിമുട്ടിച്ചുവെങ്കിലും സുരക്ഷിതത്വത്തിന്റെ കാര്യമായതിനാൽ ആരും പ്രതിഷേധിച്ചില്ലെന്നാണ് വിവരം. ഇതിനു ശേഷം കോയമ്പത്തൂരിൽ നിന്നും വീണ്ടും പതിനൊന്ന് മണിയോടെ വിമാനം കണ്ണൂരിൽ ലാൻഡ് ചെയ്തതോടെ പ്രശ്നപരിഹാരമായി.തിങ്കളാഴ്‌ച്ച രാവിലെ മുതൽ കണ്ണൂർ ജില്ലയിൽ അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്.