കണ്ണൂർ: മൂർഖൻപറമ്പിൽ എല്ലാം സൂപ്പറായി. അപ്പോഴും ഉദ്ഘാടന ദിവസത്തിൽ ഒറ്റയാൾ പ്രതിഷേധം. നാദാപുരം കല്ലാച്ചി സ്വദേശിയായ ഫൈസലാണ് പ്രതിഷേധവുമായെത്തുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഉദ്ഘാടനത്തിന് വിളിക്കാത്തതാണ് ഇതിന് കാരണം. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു കണ്ണൂരിൽ നിർമ്മാണം പുരോഗമിച്ചത്. ആദ്യഘട്ട ഉദ്ഘാനവും നടത്തി. വിമാനത്താവളത്തിന് ആദ്യം അനുകൂല നിലപാട് എടുത്ത മുൻകേന്ദ്രമന്ത്രി ഇബ്രാഹിമിനെ പോലും ഉദ്ഘാടനത്തിന് ക്ഷണിച്ചു. അപ്പോഴും ഉമ്മൻ ചാണ്ടിയെ ഒഴിവാക്കി. വി എസ് അച്യൂതാനന്ദനേയും ക്ഷണിച്ചില്ല. ഇതൊക്കെയാണ് വിമാനത്താവള ഉദ്ഘാടനത്തിനിടെ ചർച്ചയാകുന്നത്. അതുകൊണ്ട് തന്നെ പ്രതിപക്ഷം ഉദ്ഘാടനം ബഹിഷ്‌കരിക്കുകയാണ്.

അബുദാബിയിലേക്ക് യാത്ര ചെയ്യാനെത്തിയ ഫൈസൽ ബാനറുമായാണ് എത്തിയത്. ഉമ്മൻ ചാണ്ടിയെ വിളിക്കാത്തതിൽ പ്രതിഷേധിക്കുകയും ചെയ്തു. മാധ്യമ പ്രവർത്തകരോട് കാര്യങ്ങൾ വിശദീകരിച്ചു. എന്നാൽ ഈ യാത്രികനെ തടയാൻ ആരും എത്തിയില്ല. പൊലീസും ഇടപെട്ടില്ല. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ഫൈസൽ വിമാനയാത്രയ്ക്കായി പോവുകയും ചെയ്തു. ഇതിനിടെയിലും ഉമ്മൻ ചാണ്ടിയേയും ബാബുവിനേയും ക്ഷണിക്കാത്തത് ഫൈസൽ ചർച്ചയാക്കുകയായിരുന്നു.

അബുദാബിയിലേക്ക് വിമാനം കയറാനെത്തിയ ഫൈസൽ ബാനറുമായാണ് എത്തിയത്. ഉമ്മൻ ചാണ്ടിയേയും മുൻ തുറമുഖ മന്ത്രി ബാബുവിനേയും ഒഴിവാക്കിയത് ശരിയായില്ലെന്ന് ഫൈസൽ ആരോപിച്ചു. ഉമ്മൻ ചാണ്ടിയാണ് ഈ എയർപോർട്ടിന്റെ രാജശില്പി, ഒപ്പം അന്നത്തെ മന്ത്രി കെ.ബാബുവുമാണ് ഈ എയർപോർട്ടിന്റെ നിർമ്മാണ പ്രവർത്തിക്ക് തുടക്കം കുറിച്ചത് അവരെ ഒഴിവാക്കി ഈ എയർപോർട്ടിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത് എൽ ഡി എഫ് സർക്കാർ ചെയ്യുന്ന കുറ്റമാണ്, ഇത് അംഗീകരിക്കാനാവില്ല.അതിൽ യുഡിഎഫ് പ്രവർത്തകനും, കെ എം സി സി പ്രവർത്തകനുമായ എന്റെ പ്രതിഷേധമാണ് ഇവിടെ അറിയിക്കുന്നത്.ഇതിന്റ പേരിൽ ദുബായിലേക്കുള്ള എന്റെ യാത്ര തടസ്സപ്പെട്ടാൽ പോലും എനിക്ക് ദുഃഖമില്ലെന്ന് ഫൈസൽ പറയുന്നു.

വിമാനത്താവളം യാഥാർത്ഥ്യമാക്കാൻ ഇടപെടൽ നടത്തിയ പ്രവാസികളിൽ ഒരാളാണ് ഫൈസൽ. കെഎംസിസിയെന്ന സംഘടനയിലൂടെ പലപ്പോഴും സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തി. ഇത്തരത്തിലൊരു വ്യക്തിയാണ് പ്രതിഷേധിച്ചത്. ബാനർ പ്രദർശിപ്പിച്ച് എല്ലാവരോടും ചർച്ച ചെയ്താണ് എമിഗ്രേഷൻ ക്ലിയറൻസിനായി ഫൈസൽ പോയത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാർക്ക് നാളെ തുറന്നു കൊടുക്കുമ്പോൾ അഞ്ചു വർഷക്കാലം പദ്ധതിയെ നയിച്ച തന്നെ ഒന്ന് ഫോണിലെങ്കിലും വിളിക്കാമായിരുന്നുവെന്ന് മുൻ മന്ത്രി കെ. ബാബുവും നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു.

കടലാസിൽ മാത്രമായിരുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയെന്ന സ്വപ്നത്തെ യാഥാർത്ഥ്യമാക്കി, മലയാളിയുടെ സ്വപ്നത്തിന് അഞ്ചു വർഷങ്ങൾക്കുള്ളിൽ ചിറകുകൾ നൽകുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുവാൻ കഴിഞ്ഞതിൽ എനിക്ക് സംതൃപ്തിയും അതിലേറെ ചാരിതാർത്ഥ്യവുമുണ്ട്. പക്ഷെ, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാർക്ക് തുറന്നു കൊടുക്കുമ്പോൾ ആ ചരിത്ര മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കുവാൻ അഞ്ചു വർഷക്കാലം ഈ പദ്ധതിയെ നയിച്ച എന്നെ ഒന്ന് വിളിക്കുവാൻ പോലും എൽ ഡി എഫ് സർക്കാരും കിയാൽ മാനേജ്‌മെന്റും തയ്യാറായില്ല. എങ്കിലും ഞാൻ അഭിമാനിക്കുന്നു, സന്തോഷിക്കുന്നുവെന്നും ബാബു ഫേസ്‌ബുക്കിൽ കുറിച്ചു.

ഉമ്മൻ ചാണ്ടി സർക്കാർ 2011ൽ അധികാരമേറ്റ് 15 ദിവസത്തിനുള്ളിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഡയറക്ടർ ബോർഡ് യോഗം ചേർന്ന് ഭാവിപദ്ധതികൾ മുൻഗണന ക്രമത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. 2016ൽ കോഡ്-ബി എയർക്രാഫ്റ്റ് ഉപയോഗിച്ച് പരീക്ഷണ പറക്കലും നടത്തി. എയർപോർട്ടുകളുടെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ 2011 ജൂണിൽ നിർദ്ദിഷ്ട കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള നിർമ്മാണത്തിനു വേണ്ടി ചൂണ്ടിക്കാണിച്ചിരുന്ന സ്ഥലമായ മൂർഖൻപറമ്പിലെത്തുമ്പോൾ വലിയ ഒരു കുന്നാണ് എനിക്ക് കാണുവാൻ കഴിഞ്ഞത്. വിമാനത്താവള നിർമ്മാണത്തിന് അനുയോജ്യമല്ലെന്ന് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ വിധിയെഴുതി വച്ചിരുന്ന സ്ഥലമായിരുന്നു അത്. എന്നാൽ അതിലൊന്നും പതറാതെ ഞങ്ങൾ മുന്നോട്ടു പോയി-ബാബു പറയുന്നു.

അന്നത്തെ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി വയലാർ രവിയെ കണ്ട് സംസാരിച്ച് ഒറിയന്റേഷനിൽ മാറ്റം വരുത്തിയാണ് വിമാനത്താവള നിർമ്മാണത്തിന് പ്രസ്തുത സ്ഥലത്തെ അനുയോജ്യമാക്കിയതും ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയതും. പ്രതിരോധ പരിസ്ഥിതി ആഭ്യന്തര - വ്യോമയാന മന്ത്രാലയങ്ങളുടെ വിവിധ അനുമതികൾ നേടിയെടുത്തു. കൂടാതെ പദ്ധതിയിൽ സർക്കാരിന് 35% ഓഹരി വിഹിതം ഉറപ്പാക്കിയത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ മറ്റൊരു നേട്ടമാണ്. ഈ അനുമതികൾ ലഭ്യമാക്കുന്നതിൽ ശ്രീ. എ. കെ. ആന്റണി വഹിച്ച പങ്ക് നിസ്തുലമാണ്. മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിരന്തരമായ മാർഗനിർദ്ദേശങ്ങളും മേൽനോട്ടവുമാണ് ഈ സ്വപ്ന്പദ്ധതിയെ യാഥാർത്ഥ്യത്തിലെത്തിച്ചത് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്-ഇങ്ങനെയാണ് ബാബു കാര്യങ്ങൾ വിശദീകരിക്കുന്നത്.

ഫണ്ട് കണ്ടെത്തൽ വലിയൊരു വെല്ലുവിളിയായിരുന്നു. അതിനായി കാനറ ബാങ്കിന്റെ നേതൃത്വത്തിൽ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവയെ ചേർത്ത് ബാങ്ക് കൺസോർഷ്യം രൂപീകരിച്ച് 892 കോടി രൂപ വായ്പയിനത്തിൽ സമാഹരിച്ചു. പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കൽ ഒരു ഭഗീരഥ പ്രയത്നമായിരുന്നു. അത് വിജയകരമായി പരാതികൾക്കിട നൽകാതെ പൂർത്തീകരിക്കുവാൻ സാധിച്ചു. കൂടാതെ റൺവേ നിർമ്മാണത്തിനായി 10.25 ഏക്കർ ഭൂമി അധികമായി ഏറ്റെടുത്തു. 2014-ൽ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഭൂമി ഏറ്റെടുക്കൽ, നിർമ്മാണ പ്രവർത്തനങ്ങൾ, റൺവേ നിർമ്മാണം, പാറപൊട്ടിക്കൽ എന്നിവയിൽ അനാവശ്യമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നതിൽ സ്ഥലം എംഎൽഎയും ഇപ്പോഴത്തെ ഉത്സാഹ കമ്മറ്റിക്കാരും കാണിച്ച 'ആത്മാർഥത' ഞാൻ ഓർക്കുന്നു. 2016ൽ റൺവേയുടെ നിർമ്മാണം പരിപൂർണ്ണമായി പൂർത്തിയാക്കി പരീക്ഷണ പറക്കലും വിജയകരമായി നടത്തിയിരുന്നു. എ.ടി.സി. ടവർ, ടെക്നിക്കൽ ബിൽഡിങ്, ടാക്സി വേ, ഏപ്രൻ, ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിങ് എന്നീ നിർമ്മാണ പ്രവർത്തനങ്ങളും ഇ ആൻഡ് എം ഉപകരണങ്ങൾ, എസ്‌കലേറ്റർ, ലിഫ്റ്റ് എന്നിവയുടെ ടെണ്ടർ നടപടികളും ഉൾപ്പെടെ പദ്ധതിയുടെ 90 ശതമാനം പ്രവർത്തനങ്ങളും ഉമ്മൻ ചാണ്ടി സർക്കാർ
പൂർത്തിയാക്കിയിരുന്നു.

ബി. പി. സി. എല്ലുമായുള്ള ഇക്വിറ്റി പാർട്ടിസിപ്പേഷൻ, എയർപോർട്ട് അഥോറിറ്റി, മെറ്റീരിയോളജിക്കൽ വകുപ്പ് എന്നിവയുമായുള്ള വിവിധ ധാരണാപത്രങ്ങൾ, ബി. പി. സി. എൽ. കിയാൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന ജോയിന്റ് വെഞ്ച്വർ കമ്പനിയുടെ രൂപീകരണം, റൺവേയുടെ നിർമ്മാണം, സ്റ്റാറ്റിയൂട്ടറിയായി വേണ്ട അനുമതികൾ, മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ എന്നിങ്ങനെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 90 ശതമാനം ജോലികളും നടന്നത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കേവലം രണ്ട് വർഷം കൊണ്ടാണ് നടന്നതെന്നത് പകൽ പോലെ വ്യക്തമാണ്. എന്നാൽ ബാക്കി പത്ത് ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാൻ എൽ. ഡി. എഫ്. സർക്കാരിന് വേണ്ടി വന്നത് രണ്ടര വർഷമാണ്! സർക്കാർ പദ്ധതി പ്രവർത്തനങ്ങളിൽ പുലർത്തിയ അലംഭാവവും അവധാനതയും താല്പര്യമില്ലായ്മയും ഇതിൽ വ്യക്തമാണെന്ന് ബാബു ആരോപിച്ചിരുന്നു.