മട്ടന്നൂർ: ദൈവത്തിന്റെ സ്വന്തം നാടിന് അഭിമാനമായി മാറിയ ഒന്നായിരുന്നു കണ്ണൂർ വിമാനത്താവളം. പ്രളയക്കെടുതിയിൽ വലഞ്ഞ കേരളത്തിന് ഓണവും ശേഷമുള്ള ആഘോഷങ്ങളും മങ്ങൽ നിറഞ്ഞതായി മാറിയിട്ടും ഉത്സവാന്തരീക്ഷത്തിൽ നടന്ന പരിപാടി എന്നത് കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനമാണ്. വിമാനത്താവളത്തിൽ പ്രധാന വേദിക്ക് മുന്നിലും ഇരു വശത്തുമായി കാൽ ലക്ഷം പേർക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കിയിരുന്നത്.

സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കും വിമാനത്താവളത്തിനായി സ്ഥലം നൽകിയവർക്കും അടക്കമുള്ളവർക്ക് പ്രത്യേകം ഇരിപ്പിടവും തയാറാക്കി. പരിപാടി അടുത്തിരുന്ന് കാണാൻ സാധിക്കാത്തവർക്കായി കൂറ്റൻ വീഡിയോ സ്‌ക്രീനും സജ്ജീകരിച്ചിരുന്നു.

ഉദ്ഘാടന ചടങ്ങിന് വർണ തിളക്കം നൽകാൻ കടൽ കടന്നാണ് നർത്തകിമാർ എത്തിയത് എന്നതാണ് മറ്റൊരു പ്രത്യേകത. മസ്‌കറ്റിൽ നിന്നുമെത്തിയ നൃത്ത അദ്ധ്യാപിക മധുമതിയും സംഘവുമാണ് ഇവിടെ നൃത്ത പരിപാടികൾ അവതരിപ്പിച്ചത്. മട്ടന്നൂർ സ്വദേശിയായ മധുമതി യോഗാ തെറാപ്പിസ്റ്റുകൂടിയാണ്. 17 വർഷമായി മസ്‌കറ്റിൽ നൃത്ത അദ്ധ്യാപനം നടത്തി വരികയാണ് മധുമതി. ഇത്ര വലിയ ഒരു വേദിയിൽ പരിപാടി അവതരിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മധുമതി പറയുന്നു.

ഉദ്ഘാടന ചടങ്ങിനായി എത്തുന്നവരുടെ വാഹനങ്ങൾക്ക് പ്രവേശിക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ സൗജന്യ ബസ് സർവീസും ഇവിടെ സജ്ജീകരിച്ചിരുന്നു. സ്വകാര്യ ബസ് സർവീസുകളും കെഎസ്ആർടിസിയുമാണ് ഇവിടെ സർവീസ് നടത്തിയത്. പനയത്താംപറമ്പ്, മട്ടന്നൂർ എച്ച്എസ്എസ്, പോളിടെക്‌നിക് ഗ്രൗണ്ട് എന്നിവിടങ്ങളിൾ സ്വകാര്യ വാഹനങ്ങൾക്കു പാർക്കിങ് സൗകര്യം നൽകിയിരുന്നു. ഇവിടങ്ങളിൽ നിന്നാണ് ബസിൽ വിമാനത്താവളത്തിലേക്ക് യാത്രക്കാരെ എത്തിച്ചത്.

കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ലഘുഭക്ഷണവും ഇളനീർ അടക്കമുള്ള പാനീയങ്ങളും ഏർപ്പെടുത്തിയിരുന്നതും ചടങ്ങിനെത്തിയവർക്ക് ഏരെ സഹായകരമായി. മട്ടന്നൂർ നഗരസഭയിലെയും കീഴല്ലൂർ പഞ്ചായത്തിലെയും കുടുംബശ്രീ പ്രവർത്തകരാണ് സ്റ്റാളുകൾ സജ്ജീകരിച്ചത്.

ഇവർക്കു സഹായത്തിനു കുടുംബശ്രീ മിഷന്റെ ഉദ്യോഗസ്ഥരും വേദിയിലെത്തിയിരുന്നു. രാജ്യാന്തര റോമിങ് സൗകര്യമുള്ള മൊബൈൽ ഫോൺ കണക്ഷൻ നൽകാൻ ബിഎസ്എൻഎൽ കിയോസ്‌ക് ഏർപ്പെടുത്തി. സബ് ഡിവിഷനൽ എൻജിനിയർ രാജേഷിന്റെ നേതൃത്വത്തിലാണു സൗകര്യം ഒരുക്കിയത്.