കണ്ണൂർ: കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാലിൽ നിയമനം നടത്തുന്നതിൽ സിപിഐ.(എം) ഉന്നയിച്ച അഴിമതിയാരോപണങ്ങൾ അവർക്കു നേരെ തിരിഞ്ഞുകുത്തുന്നു. മുസ്ലിം ലീഗും യു.ഡി.എഫും പരമാവധി പ്രവർത്തകരെ വിമാനത്താവളനിയമനത്തിൽ തിരുകിക്കയറ്റുന്നു എന്നാണ് സിപിഐ.(എം). ആരോപിച്ചിരുന്നത്. എന്നാൽ സിപിഐ.(എം) നേതാക്കളുടെ മക്കൾക്ക് കിയാലിൽ ജോലി ലഭിച്ചത് എങ്ങനെയെന്ന് യു.ഡി.എഫ്. തിരിച്ചടിച്ചപ്പോൾ ജോലി ലഭിച്ച സിപിഐ.(എം) നേതാവിന്റെ മകൾ രാജിവയ്ക്കുകയും ചെയ്തു. ഫസൽ വധക്കേസിൽ എറണാകുളത്ത് കഴിയുന്ന കാരായി രാജന്റെ മകൾക്ക് കിയാലിൽ ജോലി ലഭിച്ചിരുന്നു. അഡ്‌മിനിസ്ട്രറ്റീവ് വിഭാഗത്തിലായിരുന്നു ജോലി. വിവാദങ്ങൾ ഉയർന്നതോടെ കാരായി രാജന്റെ മകൾ ജോലിയിൽ നിന്നും രാജി വച്ചിരിക്കയാണ്.

മട്ടന്നൂർ നഗരസഭാ ചെയർമാനും പ്രമുഖ സിപിഐ.(എം) നേതാവുമായ കെ.ഭാസ്‌ക്കരന്റേയും മുൻ എം.എൽ. എ, കെ.കെ ശൈലജയുടേയും മകൻ കെ.കെ. ലസിതിനും കിയാലിൽ ജോലി ലഭിച്ചിട്ടുണ്ട്. കിയാലിൽ ഇലക്ട്രോണിക്ക് എഞ്ചിനീയറാണ് ലസിത്. യു.ഡി.എഫിനു നേരെ നിയമന അഴിമതി ആരോപണം ഉയർന്നതോടെയാണ് സിപിഐ.(എം) നേതാക്കളുടെ മക്കൾക്ക് ജോലി ലഭിച്ചതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. അതുവരെ കോൺഗ്രസ്സും യു.ഡി.എഫും ഇക്കാര്യം പുറത്തു വിട്ടിരുന്നില്ല.

കഴിവും യോഗ്യതയും ഉള്ളതു കൊണ്ടാണ് തന്റെ മകന് കണ്ണൂർ വിമാനത്താവളത്തിൽ ജോലി ലഭിച്ചതെന്നും നിയമനം സുതാര്യമാണെന്നും അദ്ദേഹം പ്രസ്താവന ഇറക്കുകയും ചെയ്തു. ഇത് സിപിഐ.(എം) നെ അങ്കലാപ്പിലാക്കിയിരിക്കയാണ്. അഴിമതി ആരോപണം ഉന്നയിച്ച പാർട്ടിയിലെ പ്രമുഖ നേതാവു തന്നെ നിയമനം സുതാര്യമാണെന്ന് പ്രസ്താവന ഇറക്കിയത് പാർട്ടിയുടെ കഴിഞ്ഞ ദിവസംവരെയുള്ള നിലപാടിൽ നിന്നും പിറകോട്ടു പോകലാണെന്ന് ആരോപിക്കപ്പെടുന്നു.. വിമാനത്താവള നിയമനത്തിൽ അഴിമതി ആരോപിച്ച സിപിഐ.(എം). നേതൃത്വം മാപ്പു പറയണമെന്ന് യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടിരിക്കയാണ്.

വിമാനത്താവള നിയമനത്തിൽ പരമാവധി മുസ്ലിം ലീഗ് പ്രവർത്തകർ അപേക്ഷ നൽകണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി അണികൾക്കയച്ച കത്തിനെത്തുടർന്നാണ് വിവാദങ്ങൾ ഉടലെടുത്തത്. ഈ കത്തിനെ അഴിമതി എന്ന് വ്യാഖ്യാനിക്കുകയായിരുന്നു സിപിഐ.(എം).

അതേസമയം കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള 109 തസ്തികകളിലേക്ക് 1,58,128 പേരാണ് അപേക്ഷിച്ചിട്ടുള്ളത് നിയമനം നടത്തുന്നതിന് കിറ്റ് കോയെയാണ് കിയാൽ ചുമതലപ്പെടുത്തിയിട്ടുള്ളത്. എഴുത്തു പരീക്ഷയും അഭിമുഖവും നടത്തിയ ശേഷം റാങ്ക് ലിസ്റ്റ് പ്രകാരം നിയമനം നടത്തുമെന്ന് അധികൃതർ പറയുന്നു. ജൂനിയർ അസിസ്റ്റന്റ്, ജൂനിയർ അറ്റൻഡർ എന്നീ തസ്തികകളിലേക്കാണ് ഏറെയും അപേക്ഷകർ. വിമാനത്താവളത്തിനു വേണ്ടി കുടിയൊഴിഞ്ഞ കുടുംബങ്ങൾക്ക് ജൂനിയർ അസിസ്റ്റന്റ് തസ്തിക സംവരണം ചെയ്തിട്ടുണ്ട്.