കണ്ണൂർ: സംസ്ഥാനത്തെ മറ്റൊരു പൊതുമേഖലാ സ്ഥാപനവും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. കണ്ണൂർ ഇന്റർനാഷണൽ എയർപോർട് ലിമിറ്റഡ് ( കിയാൽ KIAL ) പുതിയ സാമ്പത്തിക വർഷത്തിൽ 185 കോടിരൂപയുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2018 ഡിസംബർ ഒമ്പതിനാണ് വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചത്. നാല് വർഷം കൊണ്ട് 324.54 കോടി രൂപയുടെ നഷ്ടമുണ്ടായി.

ഓരോ വർഷവും കുമിഞ്ഞുകൂടുന്ന കിയാലിന്റെ നഷ്ടം കമ്പനിയുടെ അടിസ്ഥാന മൂലധനത്തിൽ 25 ശതമാനം കുറവുണ്ടായി. ഈ അവസ്ഥ സൂചിപ്പിക്കുന്നത് വിമാനത്താവള കമ്പനി ഗുരുതരമായ സാമ്പത്തിക സ്ഥിതിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ചസാമ്പത്തിക വർഷത്തിലെ വരുമാനത്തിൽ 61 ശതമാനത്തിന്റെ കുറവുണ്ടായി. വരുമാനത്തേക്കാൾ നേരെ ഇരട്ടി ചിലവുവരുന്ന അവസ്ഥയാണ് ഇപ്പോൾ കമ്പനി നേരിടുന്ന ദുർഗതി. കഴിഞ്ഞ വർഷം മാർച്ച് 31 വരെ 28 കോടി രൂപയുടെ പലിശ തിരിച്ചടയ്ക്കുന്നതിൽ കമ്പനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. 228.76 കോടി രൂപയായിരുന്നു 2020-21 സാമ്പത്തിക വർഷം കിയാലിന്റെ ആകെ ചെലവ്.

കണ്ണൂർ വിമാനത്താവളത്തിലേക്ക് കൂടുതൽ സർവ്വീസുകൾ ഏർപ്പെടുത്തുന്നതിൽ ആഭ്യന്തര- വിദേശ വിമാനകമ്പനികൾ താൽപര്യം കാണിക്കാത്തതും നഷ്ടം കൂടുന്നതിന് ഇടയാക്കുന്ന കാര്യങ്ങളാണ്. 2013-ലെ കമ്പനീസ് ആക്ട് പ്രകാരം രൂപീകരിച്ചിരിക്കുന്ന സർക്കാർ കമ്പനിയാണ് കിയാൽ. സംസ്ഥാന സർക്കാരിന് 39.23 ശതമാനം ഓഹരിയുണ്ട്. ഭാരത് പെട്രോളിയം കമ്പനി 16.20, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1.12 ശതമാനം, കെഎസ്‌ഐഡിസി 0.75 , ബിവറേജസ് കോർപ്പറേഷൻ 0.60 എന്നിങ്ങനെയാണ് സർക്കാരുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം. എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ 2020-21 കാലയളവിൽ കിയാലിൽ 7.47 ശ തമാനം ഓഹരികൾ കൈവശം വെച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരിനും, ബിപിസിഎലിനും ശേഷം കമ്പനിയിലെ മൂന്നാമത്തെ വലിയ ഓഹരി ഉടമയാണ് എം.എ യൂസഫലി. അദ്ദേഹത്തിന് 8.59 ശതമാനം ഓഹരി കിയാലിലുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയിലും രണ്ടാമത്തെ ഏറ്റവും വലിയ ഓഹരി ഉടമയാണ് യൂസഫ് അലി. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ പറന്നുയരാൻ തുടങ്ങിയിട്ട് നാല് വർഷം തികയുകയാണ്.

2018 ഡിസംബർ 9 നു സംസ്ഥാനത്തെ നാലാമത്തെതും ഏറ്റവും വലുതുമായ വിമാനത്താവളം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വടക്കേ മലബാർ മേഖലയിലും കർണാടകയിലെ കുടക് , മൈസൂർ ജില്ലകളിലും , പുതുച്ചേരിയിലെ മാഹി ജില്ലയിലുമുള്ള ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് വിമാനത്താവളം പ്രവർത്തിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് റൺവേ വികസനം നടത്തുന്നില്ലായെന്ന് ആരോപിച്ച് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപകമായ സമരങ്ങൾ നടത്തിയിരുന്നു. തങ്ങൾ അധികാരത്തിൽ വന്നാൽ റൺവേ വികസനം ഉടൻ നടപ്പാക്കുമെന്നായിരുന്നു സമരത്തിന് നേതൃത്വം നൽകിയിരുന്ന ഇ.പി ജയരാജന്റെ അവകാശവാദം.

അധികാരത്തിലേറി ആറ് വർഷം കഴിഞ്ഞിട്ടും കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ 4000 മീറ്ററാക്കാനുള്ള വികസന പ്രവർത്തികളുടെ ഭാഗമായുള്ള ഭൂമിയേറ്റെടുക്കൽ അനന്തമായി നീളുകയാണ്. 2019-ൽ ആവശ്യമായ ഭൂമി അളന്ന് തിട്ടപ്പെടുത്തിയെങ്കിലും സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയും മൂല്യം പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കാത്തതുകൊണ്ട് ഏറ്റെടുക്കൽ പ്രവർത്തികൾ പൂർണമായും നിലച്ചിരിക്കുകയാണ്. കീഴെല്ലൂർ വില്ലേജിലെ താനാട്, കീഴെല്ലൂർ പ്രദേശങ്ങളിലെ 245 ഏക്കർ ഭൂമിയാണ് റൺവേ വികസനത്തിനായി ഏറ്റെടുക്കേണ്ടത്. എന്നാൽ ഈ പ്രദേശങ്ങളിലെ വസ്തുവിന്റെയും കെട്ടിടങ്ങളുടെയും മറ്റ് സ്ഥാപനങ്ങളുടെയും മൂല്യ നിർണയം നടത്തുന്നതിൽ പിഡബ്ല്യൂഡി വീഴ്ച വരുത്തിയതുകൊണ്ട് സ്ഥലം ഏറ്റെടുക്കൽ എങ്ങുമെത്തിയില്ല.

അടിസ്ഥാനവില നിശ്ചയിച്ച് തുടർ നടപടികൾ സ്വീകരിക്കാത്തതുകൊണ്ട് തന്നെ ഭൂഉടമകൾക്ക് അവരുടെ കെട്ടിടങ്ങൾ നന്നാക്കാനോ, അറ്റകുറ്റ പണി നടത്താനോ കഴിയാത്ത സ്ഥിതിയാണ്. സർക്കാരിന്റെ മെല്ലെപോക്കും വകുപ്പുകളുടെ ഏകോപനമില്ലായ്മയുമാണ് റൺവേ വികസനം അവതാളത്തിലായത്. ഇങ്ങനെ പ്രാഥമികമായി ചെയ്തുതീർക്കേണ്ട വികസന പ്രവർത്തനങ്ങൾ എങ്ങുമെത്താതെ കിടക്കുമ്പോഴാണ് ഒന്നര ലക്ഷം കോടി രൂപ മുടക്കിയുള്ള കെ-റെയിൽ പദ്ധതിക്ക് വേണ്ടി സംസ്ഥാന സർക്കാർ മുറവിളി കൂട്ടുന്നത്. വിമാനത്താവള വികസനത്തിന് ആവശ്യമായ ഭൂമിയേറ്റെടുക്കുന്നതിന് പണമില്ലാത്തതാണ് റൺവേ വികസനം നീണ്ടുപോകുന്നത്.