കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിയമനങ്ങളിൽ നടന്ന വമ്പൻ അഴിമതികൾക്ക് നേരേ കണ്ണടയ്ക്കുന്നതായി ആരോപണം. വിമാനത്താവളത്തിലെ പല തസ്തികകളിലെയും നിയമനങ്ങൾക്കെതിരെ പരാതി വന്നിട്ട് കാലങ്ങളായെങ്കിലും, എല്ലാം മുക്കുകയാണ്. പ്രായപരിധിയും, മാനദണ്ഡങ്ങളും തെറ്റിച്ചാണ് പല തസ്തികകളിലും ചിലർ കയറിക്കൂടിയത് എന്നാണ് ആക്ഷേപം.

വിമാനത്താവള കമ്പനിയായ കിയാലിന്റെ എംഡിയെ നിയമിച്ചത് മുഖ്യമന്ത്രി എക്‌സ് ഓഫിഷ്യ ചെയർമാൻ ആയിട്ടുള്ള കിയാൽ ഡയറക്ടർ ബോർഡ് ആണ്. ജി ചന്ദ്രമൗലി എംഡി ആയിരിക്കെ 2015 മെയ് 16 ന്് കിയാലിൽ അഞ്ചു വർഷം പൂർത്തിയാക്കിയ കരാർ ജീവനക്കാർ ആയിരുന്ന ടി അജയകുമാർ, എസ് ജയകൃഷ്ണൻ, ദൃശ്യ ടി കെ എന്നിവരെ സ്ഥിരപ്പെടുത്തിയിരുന്നു.

സ്ഥിരപ്പെടുത്തിയ ആളുകളിൽ ടി അജയ് കുമാറിന് കിയാൽ കമ്പനി അനുശാസിക്കുന്ന യോഗ്യത ഇല്ലായിരുന്നു. എസ് ജയകൃഷ്ണന് ആവട്ടെ കമ്പനിയുടെ മാനദണ്ഡത്തിൽ രേഖപ്പെടുത്തിയ പ്രായത്തേക്കാൾ 12 വയസ്സ് അധികവും ആയിരുന്നു. ഇത്തരത്തിൽ പരിചയക്കാർക്കും മറ്റ് ആവശ്യക്കാർക്ക് വേണ്ടി നിരവധി നിയമനങ്ങൾ നടന്നു.

പ്രധാനപ്പെട്ട മറ്റൊരു ആരോപണം കെ.കെ.ശൈലജ ടീച്ചറുടെ മകന് വഴിവിട്ട സഹായം നൽകി തൊഴിൽ നൽകി എന്നതാണ്. ലെസിത് എന്ന ശൈലജ ടീച്ചറുടെ മകൻ ഐടി ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് മാനേജർ ആയതിലും ഒത്താശ നടന്നിട്ടുണ്ട് എന്നാണ് പരാതിയിൽ പറയുന്നത്. മുപ്പത്തിയഞ്ചാം റാങ്കുകാരനായ ലസിത്‌ ഇന്റർവ്യൂ കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോഴേക്കും ഒന്നാം റാങ്കുകാരനായി നിയമനം കിട്ടി. വെറും 35-റാങ്കുകാരനായ ലസിതിന് ഇന്റർവ്യൂവിൽ വൻ മാർക്കാണ് നൽകിയിരിക്കുന്നത്. നിയമനം ലഭിച്ച് മാസങ്ങൾക്കകം വൻ ശമ്പള വർദ്ധനവും ലസിതിന് നൽകിയെന്നാണ് വിവരം. മകൻ നിയമനം നേടുമ്പോൾ ടീച്ചർ വിമാനത്താവള ഡയറക്ടർ ബോർഡംഗമായിരുന്നു. ഭർത്താവ് ഭാസ്‌കരൻ വിമാനത്താവളം ഉൾപ്പെടുന്ന നഗരസഭാ ചെയർമാനുമായിരുന്നു.

ഇതിനുപുറമേ തന്നെ ജി ചന്ദ്രമൗലി എംഡി ആയിരുന്ന കാലഘട്ടത്തിൽ നിരവധി മരങ്ങൾ അനധികൃതമായി മുറിച്ച് മറച്ചു വിട്ടിട്ടുണ്ട്. സർക്കാരിലേക്ക് ലഭിക്കേണ്ട പണം എങ്ങോട്ട് പോയി എന്ന് പോലും അറിയില്ല. കേസ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. പരാതികൾ പ്രകാരം ജി ചന്ദ്രമൗലി ആണ് ഒന്നാം എതിർകക്ഷി. ശൈലജ ടീച്ചറുടെ മകനായ ലെസിത് ആറാം എതിർകക്ഷിയാണ്. കേസിൽ 2019 ൽ തുടർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിവിധി വന്നിരുന്നുവെങ്കിലും കാര്യമായി കേസ് മുന്നോട്ട് നീങ്ങിയില്ല.

വിവരാവകാശപ്രകാരം പരാതിക്കാരൻ നേടിയ രേഖകളിൽ വൻ അഴിമതിയും ക്രമക്കേടും, കിയാലിന്റെ പ്രവർത്തനത്തിൽ നടന്നിട്ടുണ്ട് എന്ന് വ്യക്തമായി. എന്നാൽ, സർക്കാരിന്റെയും, പ്രതിപക്ഷത്തിന്റെയും ശ്രദ്ധയിലും വിഷയം പലതവണ കൊണ്ടു വന്നുവെങ്കിലും, ഒരിടപെടലും ഉണ്ടായില്ല.

(മെയ് ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതു കൊണ്ട് നാളെ(01-05-2022) അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല- എഡിറ്റർ)