കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരൂ കൂട്ടം യു ഡി എഫ് എം എൽ എ മാർ നിയമസഭയിൽ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അവരുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം നൽകിയ മറുപടികൾ മറുന്നു കൊണ്ടാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കാര്യങ്ങൾ വിശദീകരിക്കുന്നത്. അതിൽ ഒരു ചോദ്യം, മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത്, കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രവർത്തനങ്ങൾ പൂർത്തിയായി എന്നായിരുന്നു. ആ ചോദ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ 20. 6. 18 ന് നൽകിയ മറുപടിയിൽ ഉമ്മൻ ചാണ്ടി സർക്കാർ ചെയ്തത് എന്തെല്ലാമാണെന്ന് അക്കമിട്ട് നിരത്തുന്നുണ്ട്. കണ്ണൂർ വിമാനത്താവള നിർമ്മാണത്തിന്റെ 90% ലധികം പ്രവർത്തനങ്ങളും മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ പൂർത്തിയായി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം നൽകിയ മറുപടികളിലുള്ളത്.

എന്നാൽ കണ്ണൂർ വിമാനത്താവളത്തിലെ ഉദ്ഘാടനത്തിൽ യുഡിഎഫ് സർക്കാരിനെ കുറ്റപ്പെടുത്താൻ മാത്രമാണ് പിണറായി ശ്രമിച്ചത്. എല്ലാം ചെയ്തത് ഇടതുപക്ഷമാണെന്ന വരുത്താനും ശ്രമിച്ചു. ഉമ്മൻ ചാണ്ടിയെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു. ഇതേ തുടർന്ന് പിണറായി വിജയനെതിരെ വി എസ് അച്യൂതാനന്ദന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ എം ഷാജഹാൻ വിമർശിച്ചിരുന്നു. ഇതിലാണ് പിണറായി വിജയൻ നൽകിയ മറുപടിയിലെ വിവരങ്ങളുള്ളത്. ഉദ്ഘാടന വേദിയിലും പിണറായി ഉമ്മൻ ചാണ്ടി സർക്കാരിനെ പരിഹസിച്ചതോടെ ഷാജഹാന്റെ പോസ്റ്റ് കൂടുതൽ ചർച്ചയാവുകയാണ്.

അതിനിടെ വി എസ് അച്യൂതാന്ദനെ ഒഴിവാക്കാനാണ് ഉമ്മൻ ചാണ്ടിയെ മാറ്റി നിർത്തിയതെന്ന വാദവും യുഡിഎഫ് സജീവമാക്കുന്നുണ്ട്. കണ്ണൂരിലെ വേദിയിൽ വി എസ് അച്യുതാനന്ദൻ എത്തിയാൽ ഉയരുന്ന ആരവങ്ങൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തി. അതൊഴിവാക്കാൻ മുൻ മുഖ്യമന്ത്രിമാരെ വേദിയിൽ വേണ്ടെന്ന് തീരുമാനിച്ചു. ഇതിന്റെ ഫലമായി ഉമ്മൻ ചാണ്ടിയെ മാറ്റി നിർത്തുകയായിരുന്നുവെന്നാണ് യുഡിഫ് പറയുന്നത്. നിയമസഭയിൽ നൽകിയ മറുപടിക്ക് ഘടക വിരുദ്ധമായി രാഷ്ട്രീയം ഉദ്ഘാടനത്തിൽ പറഞ്ഞത് വിഎസിനെ ഒഴിവാക്കിയത് ചർച്ചയാക്കാതിരിക്കാനാണെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. അങ്ങനെ വിവാദത്തെ പുതിയ തലത്തിലെത്തിക്കുകയാണ് സോഷ്യൽ മീഡിയയിൽ കോൺഗ്രസുകാർ.

കണ്ണൂർ വിമാനത്താവളത്തിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് പകൽ പോലെ, അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നുവെന്നാണ് ഷാജഹാൻ നിയമസഭയിലെ മറുപടി ഉദാഹരിച്ച് വിശദീകരിച്ചത്. എന്നിട്ടും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്ത പിണറായി സർക്കാരിന്റെ നടപടിയെ എന്ത് പേരിട്ടാണ് വിളിക്കുക? യഥാർത്ഥത്തിൽ മുഖ്യമന്ത്രിമാരായ എ കെ ആന്റണി, വി എസ് അച്ചുതാനന്ദൻ എന്നിവരേയും ഉദ്ഘാടനത്തിന് ക്ഷണിക്കേണ്ടതായിരുന്നു. എന്നാൽ അതൊക്കെ, അല്പം അന്തസ്സും നാണവും മാനവുമുള്ള ഭരണകൂടത്തിൽ നിന്നല്ലേ പ്രതീക്ഷിക്കാനാവൂ? എന്ന കുറ്റപ്പെടുത്തലും ഷാജഹാൻ നടത്തിയിരുന്നു. ഇത് വൈറലായി മാറുന്നതിനിടെയായിരുന്നു യുഡിഎഫിനെ രാഷ്ട്രീയമായി കുറ്റപ്പെടുത്തുന്ന പ്രസംഗം പിണറായി പറയുന്നത്.

കേന്ദ്രമന്ത്രിയായിരുന്ന മട്ടന്നൂർകാരൻ സിഎം ഇബ്രാഹിമിനാണ് വിമാനത്താവള ആശയത്തിന്റെ ക്രെഡിറ്റ് മുഴുവൻ പിണറായി നൽകിയത്. നയനാരേയും പുകഴ്‌ത്തി. വിഎസിന്റെ പേരും പരാമർശിച്ചു. എന്നാൽ മുല്ലപ്പള്ളി രാമചന്ദ്രനാണ് കണ്ണൂരിൽ വിമാനത്താവളം വേണമെന്ന് ചൂണ്ടിക്കാട്ടി ആദ്യം കത്ത് നൽകിയതെന്ന് മുൻ കേന്ദ്ര വ്യോമയാന മന്ത്രിയായ സി.എം ഇബ്രാഹിം പറയുന്നു. വിമാനത്താവള ഉൽഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ വിമാനത്താവളത്തിന്റെ ഉൽഘാടനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. വിവാദങ്ങളെ കുറിച്ച് ആദ്യം അറിഞ്ഞിരുന്നെങ്കിൽ മധ്യസ്ഥതക്ക് ശ്രമിച്ചേനെ. ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിക്കേണ്ടതായിരുന്നുവെന്നും സി.എം ഇബ്രാഹിം പറഞ്ഞു. കണ്ണൂർ എംപിയായിരിക്കെ മുല്ലപ്പള്ളി നടത്തിയ ഇടപെടലിന് തെളിവാണ് സിഎം ഇബ്രഹാമിന്റെ വാക്കുകൾ. ഇത് പുറത്തു വന്നതോടെ പിണറായി കൂടുതൽ പ്രതിരോധത്തിലായി.

കണ്ണൂരിൽ വിഎസിന് ഏറെ ആരാധകരുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ അധികം അത് ദൃശ്യവുമാണ്. കണ്ണൂരിലെ എയർപോർട്ട് ഉദ്ഘാടനത്തിന് വി എസ് എത്തിയാലും സമാന ആരവങ്ങൾ ഉയരുമെന്ന് പിണറായി പ്രതീക്ഷിച്ചു. അതൊഴിവാക്കാനുള്ള രാഷ്ട്രീയ തന്ത്രം പുറത്തുവരാതിരിക്കാനാണ് ഉമ്മൻ ചാണ്ടിയേയും യുഡിഎഫിനേയും കുറ്റപ്പെടുത്തിയതെന്നാണ് കോൺഗ്രസ് ഉയർത്തുന്ന വാദം.

കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട്  ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് എന്തൊക്കെ പ്രവർത്തനങ്ങൾ പൂർത്തിയായി എന്നായിരുന്നു. ആ ചോദ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ 20. 6. 18 ന് നൽകിയ മറുപടി

1.വിമാനത്താവളത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് സിയാലിനെ ചുമതലപ്പെടുത്തി.
2. മൂന്നാം ഘട്ട സ്ഥലമെടുപ്പിന്റെ ഭാഗമായി 785 ഏക്കർ ഭൂമി ഏറ്റെടുക്കാൻ 310 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റിയിൽ ലോൺ ലഭ്യമാക്കുകയും സ്ഥലമെടുപ്പ് ആരംഭിക്കുകയും ചെയ്തു.
3.എൽ ആൻഡ് ടി കമ്പനിക്ക് റൺവേയുടെ പ്രവൃത്തി ഏല്പിച്ചു.
4. റൺവേയുടെ വികസനത്തിന് ആവശ്യമായ 10.52 ഏക്കർ ഭൂമി ഏറ്റെടുത്തു.
5. റോഡ് നിർമ്മാണത്തിന് 40 സെന്റ് ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകി.
6. മൂന്നാം ഘട്ടത്തിൽ ഡിനോവയായ 131 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടിയാരംഭിച്ചു.
7. ബിപിസിഎൽ ന് 170 കോടി രൂപക്കുള്ള ഓഹരി കൈമാറി.
8. എ ടി എഫ് എയർക്രാഫ്ട് ഫ്യൂവൽ ഫാം നടപ്പാക്കുന്നതിനുള്ള ബിപിസിഎൽ -കിയാൽ എന്ന സ്വകാര്യ സംയുക്ത സംരംഭ കമ്പനി രൂപീകരിച്ചു.
9. 892 കോടി രൂപക്കുള്ള ബാങ്ക് ലോൺ ലഭ്യമാക്കുന്നതിന് ക്യാനറാ ബാങ്ക്, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നീ ബാങ്കുകളുമായി ധാരണാപത്രം ഒപ്പിട്ടു.

വിമാനത്താവള നിർമ്മാണവുമായി ബന്ധപ്പെട്ട് എന്തെല്ലാം പ്രവർത്തനങ്ങൾ ഇത് വരെ പൂർത്തിയായി എന്ന ചോദ്യത്തിന് 2016 ജൂണിൽ(26 .9.16 ന് ) മുഖ്യമന്ത്രി ഇങ്ങനെ മറുപടി നൽകി:

3050 മീറ്റർ റൺവേ, 20 എയർക്രാഫ്റ്റ് പാർക്കിങ്ങിനായുള്ള ഏപ്രൺ, പാരലൽ ടാക്‌സി ട്രാക്ക് (889 മീറ്റർ), റൺവേ ലിങ്ക് - ടാക്‌സി (2 എണ്ണം), ഏപ്രൺ ലിങ്ക് ടാക്‌സി (4 എണ്ണം), ചുറ്റുമതിൽ (18മീറ്റർ), ഓപ്പറേഷൻ വാൾ(4കിമീ), എയർ ട്രാഫിക് കൺട്രോൾ ടവർ ബിൽഡിങ്ങ് (85%), ഫയർ‌സ്റ്റേഷൻ (2) ( 75%), സ്റ്റോം വാട്ടർ ഡ്രെയിൻ (35%), ഐസൊലേഷൻ ബേ (50%), ടെർമിനൽ ബിൽഡിങ്ങ് (75%), ഫ്‌ളൈ ഓവർ ( 150 മീറ്റർ) (90%), അപ്രോച്ച് റോഡ് (ഇന്റണൽ ) ( 20%), കാർ പാർക്കിങ്ങ് (50%), ബാഗേജ് ഫാന്റലിങ്ങ് സിസ്റ്റം (60%), ലിഫ്റ്റ്(40%), എസ്‌കലേറ്റർ ( 70%), കെ എസ് ഇ ബി സപ്ലൈ (90%), വാട്ടർ സപ്ലൈ (100%).