കണ്ണൂർ: ആലപ്പുഴ സീമാസിലെ തൊഴിലാളി പ്രശ്‌നം പരിഹരിക്കാൻ രംഗത്തിറങ്ങിയ സിപിഐ(എം) നേതാക്കൾ കണ്ണൂരിൽ സ്വന്തം പാർട്ടിക്കാരുടെ സ്ഥാപനങ്ങളിലെ തൊഴിൽപ്രശ്‌നങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണോ? കണ്ണൂർ എകെജി ആശുപത്രിയിൽ നഴ്‌സുമാർ അടക്കമുള്ളവർ പരസ്യമായി സമരം ചെയ്ത സംഭവം വാർത്തയായിരുന്നു. ഇങ്ങനെ ആനുകൂല്യങ്ങൾക്ക് വേണ്ടി സമരത്തിനിറങ്ങേണ്ടി വന്ന നഴ്‌സുമാർക്കു പിറകെ കണ്ണൂർ എ.കെ.ജി. സ്മാരക സഹകരണ ആശുപത്രിയിലെ മുൻ ജീവനക്കാരും പരാതികളുമായി രംഗത്തെത്തി. ഇതോടെ സീമാസിലെ സമരം തീർ്ക്കാൻ രംഗത്തിറങ്ങിയ നേതാക്കൾക്ക് പോലും മിണ്ടാട്ടം മുട്ടിയിരിക്കയാണ്. സംസ്ഥാനത്തെ ആദ്യത്തെ മാതൃകാ സഹകരണ ആശുപത്രിയെന്നു മേനി നടിച്ച കണ്ണൂർ എ.കെ.ജി. ആശുപത്രി ഇതോടെ വിവാദക്കുരുക്കിലകപ്പെടുന്നു. സി.എംപി. രൂപീകരിച്ച് പാർട്ടി വിട്ട എം വി രാഘവനും, പാർട്ടി പുറത്താക്കിയ സിഐടി.യു നേതാവ് ഒ. ഭരതനും പ്രസിഡന്റായ കാലം മുതൽ സേവനമനുഷ്ഠിച്ചവരാണ് പെൻഷൻ ലഭിക്കുന്നില്ലെന്ന പരാതിയുമായി രംഗത്തുവന്നത്.

എ.കെ.ജിയുടെ പേരിൽ സ്ഥാപിച്ച ആദ്യത്തെ സഹകരണ ആശുപത്രി. സിപിഐ(എം) അഭിമാനത്തോടെ കൊണ്ടു നടന്ന സ്ഥാപനം. പക്ഷേ അതിന്റെ ഉള്ളുകള്ളികൾ പുറത്തുവരികയാണ്. പാർട്ടിക്കാർ പാർട്ടിയോടകന്നു പോകാനുള്ള കാരണം തിരയുമ്പോൾ അടുത്ത കാലത്ത് അധികാരം കൈയാളിയ സിപിഐ(എം)നേതൃത്വങ്ങൾക്ക് ഉത്തരം പറയേണ്ടി വരും. എ.കെ.ജി ആശുപത്രിയോട് മുൻകാലങ്ങളിലുള്ളതുപോലെ അടുപ്പം ഇന്ന് പാർട്ടിക്കാർക്കില്ല. പാർട്ടി ബന്ധത്തിന്റെ പേരിൽ അന്നത്തെ നേഴ്‌സുമാരും ജീവനക്കാരും ത്യാഗപൂർണമായ സേവനമാണ് അനുഷ്ഠിച്ചിരുന്നത്. എ.കെ.ജി.യെപ്പോലെ, എ.കെ.ജി.യുടെ പേരിൽ അറിയപ്പെടുന്ന ഈ ആശുപത്രിയേയും അവർ നെഞ്ചിലേറ്റിയിരുന്നു. എന്നാൽ തങ്ങളുടെ ഭാവി ഇങ്ങനെ തുലയുമെന്ന് അന്നവർ കരുതിയിരുന്നില്ല. ഇത്രയും കാലം പാർട്ടിക്കെതിരെ ശബ്ദിക്കാത്തവർ ഇന്നെല്ലാം പുറം ലോകത്തോട് വിളിച്ചു പറയുകയാണ്.

സിപിഐ(എം) അംഗങ്ങളും അനുഭാവികളുമായ ഇരുപത്തിരണ്ടു പേർ എ.കെ.ജി ആശുപത്രി മാനേജ്‌മെന്റിന്റെ നിസ്സഹകരണം മൂലം സഹകരണ ബോർഡ് പെൻഷൻ ലഭിക്കുന്നില്ലെന്ന ആരോപണവുമായാണ് രംഗത്തുവന്നത്. നഴ്‌സിങ് സൂപ്രണ്ട് മുതൽ നഴ്‌സിങ് അസിസ്റ്റന്റ് വരെയുള്ള ജോലി അനുഷ്ഠിച്ചവരാണ് മാനേജ്‌മെന്റിനെതിരെ പരാതി ഉന്നയിക്കുന്നത്. 2006 നുശേഷം വിരമിച്ചവരിൽ ഒരാൾ സാമ്പത്തിക പരാധീനത കാരണം ആത്മഹത്യ ചെയ്തു. മറ്റൊരു വനിത ആത്മഹത്യക്കു ശ്രമിച്ചതിനാൽ രോഗക്കിടക്കയിലാണെന്ന് വിരമിച്ചവർ പറയുന്നു. സിപിഐ(എം). ജില്ലാ സെക്രട്ടറി പി.ജയരാജൻ, പി.കെ. ശ്രീമതി എംപി. മറ്റു പാർട്ടി ഘടകങ്ങൾ എന്നീ തലത്തിൽ പരാതികൾ നൽകിയെങ്കിലും അവരാരും തങ്ങളുടെ അവസ്ഥ കണ്ടില്ലെന്നു നടിക്കയാണ്. മറ്റു ചില നേതാക്കൾ ഭീഷണിയുടെ സ്വരത്തിലാണ് പ്രതികരിച്ചതെന്ന് അവർ പറയുന്നു.

ആശുപത്രി മാനേജ്‌മെന്റ് അമ്പതു ലക്ഷം രൂപ സഹകരണ പെൻഷൻ ബോർഡിൽ അടച്ചാൽ മാത്രമേ ഇവർക്ക് പെൻഷൻ ലഭിക്കുകയുള്ളൂ. പി.എഫ്. പെൻഷനിൽ നിന്നും സഹകരണ സ്വാശ്രയ പെൻഷൻ പദ്ധതിയിലേക്ക് മാറ്റിയപ്പോഴുള്ള കുടിശികയാണിത്. 1.5 ലക്ഷം രൂപ മുതൽ 6 ലക്ഷം രൂപ വരെ കുടിശിക വിരമിച്ച ജീവനക്കാർ അടയ്ക്കണമെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. എന്നാൽ 2002 മുതൽ അർഹതപ്പെട്ട ഡി.എ.യും ഗ്രേഡുകളും മാനേജ്‌മെന്റ് തങ്ങൾക്ക് തന്നിട്ടില്ലെന്ന് വിരമിച്ചവർ പറയുന്നു. അതിനാൽ ഈ പണം ഉപയോഗിച്ച് പെൻഷൻ ബോർഡിൽ കുടിശിക അടയ്ക്കണമെന്നാണ് വിരമിച്ചവരുടെ ആവശ്യം. എന്നാൽ സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് ഉത്തരവു പ്രകാരം എ.കെ.ജി ആശുപത്രി മാനേജ്‌മെന്റിന് ഉത്തരവും ഓർമ്മക്കത്തും നൽകിയിട്ടും കുടിശിക അടയ്ക്കാൻ തയ്യാറായിട്ടില്ല. ഈ കുടിശിക അടയ്ക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മാനേജ്‌മെന്റ്.

ആരോഗ്യഇൻഷൂറൻസ് പദ്ധതിയിൽ പ്രഖൃാപിച്ച ആനുകൂല്യം തങ്ങൾക്കു ലഭിച്ചിട്ടില്ല. അര ലക്ഷം രൂപയുടെ ആനുകൂല്യമായിരുന്നു ഇൻഷൂറൻസിൽ പറഞ്ഞത്. എന്നൽ ചികിത്്‌സ തേടിയവർക്ക് ബില്ലടയ്ക്കാനായിരുന്നു മാനേജ്‌മെന്റ് നിർദ്ദേശം. ഇത് മാനസിക സംഘർഷം ഉണ്ടാക്കി. തുച്ഛമായ ശമ്പളത്തിൽ സേവനം ചെയ്ത ഞങ്ങൾ 35 വർഷം പൂർത്തിയാക്കി വിരമിച്ചവരാണ്. ഇന്നും പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചുവരുന്നു. ഇത് ഇപ്പോഴെങ്കിലും പുറത്തു പറയാതെ വയ്യ. സിപിഐ(എം) അനുകൂല സഹകരണ എംപ്ലോയീസ് യൂനിയൻ മുൻ സെക്രട്ടറി സി.കെ. ലക്ഷ്മി, എം ഗീത എന്നിവർ പറയുന്നു. പാർട്ടി സ്ഥാപനമെന്ന പേരിൽ മൂന്നര പതിറ്റാണ്ട് സേവനമനുഷ്ഠിച്ച ശേഷം പാർട്ടി നൽകിയത് കഠിനശിക്ഷയായിപ്പോയെന്ന് ഇന്നും ചെങ്കൊടിയെ പ്രണയിക്കുന്ന ഇവർ ആക്ഷേപിക്കുന്നു.