കണ്ണൂർ:കണ്ണൂർ-മട്ടന്നൂർ സംസ്ഥാനപാതയിലെ ഏച്ചൂർ പെട്രോൾ പമ്പിൽ കയറി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ മൂന്നു പേരെ ചക്കരക്കൽ പൊലിസ് അറസ്റ്റു ചെയ്തു. കണ്ണൂർ ഭദ്രനെന്നു അറിയപ്പെടുന്ന മഹേഷ്, ഇയാളുടെ കൂടെയുണ്ടായിരുന്ന ഗിരീശൻ, സി ബിൻ, എന്നിവരെയാണ് ചക്കരക്കൽ പൊലിസ് ഇൻസ്‌പെക്ടർ സത്യനാഥന്റെ നേതൃത്വത്തിൽ പൊലിസ് സംഘം അറസ്റ്റു ചെയ്തത്.

പെട്രോൾ പമ്പ് ജീവനക്കാരൻ പ്രദീപനാണ് മർദ്ദനമേറ്റത്. സ്വത്തുവിൽപനയുമായി ബന്ധപ്പെട്ട് പ്രദീപൻ കമ്മിഷൻ തുകയിൽ കൊടുക്കാനുണ്ടായിരുന്ന 25000 രൂപയെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ശനിയാഴ്‌ച്ച രാത്രി പത്തു മണിയോടെ ചക്കരക്കൽ സി.ആർ പമ്പിലാണ് സംഭവം.സ്വത്തു വിൽപനയുമായിബന്ധപ്പെട്ടു 25,000 രൂപ നൽകാനുള്ള വിഷയത്തിൽ ഏച്ചൂർ സ്വദേശിയുടെ ക്വട്ടേഷനേറ്റെടുത്ത കണ്ണൂർ ഭദ്രനെന്ന മഹേഷാണ് അക്രമമഴിച്ചുവിട്ടത്.

ഇയാൾ ഓഫിസിൽ കയറി പണം കൊടുക്കാനുള്ള ജീവനക്കാരനായ പ്രദീപനെ മർദ്ദിക്കുകയും ഇതു തടയാൻ ചെന്ന മറ്റു തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.അതിക്രമത്തിനിടെ ഇയാൾ പൊലിസിനെ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. ഒരുമണിക്കൂറോളം അക്രമം അഴിച്ചുവിട്ടതിനു ശേഷമാണ് ഇയാളും കൂടെയുണ്ടായിരുന്ന. രണ്ടു പേരും മടങ്ങിയത്. പണം കിട്ടാനുണ്ടായിരുന്ന ഏച്ചൂർ സ്വദേശിയും മറ്റൊരാളും കണ്ണൂർ ഭദ്രനെന്നു സ്വയം വിശേഷിപ്പിക്കുന്ന ക്വട്ടേഷൻ നേതാവായ മഹേഷിന്റെ കൂടെയുണ്ടായിരുന്നു.

എന്നാൽ ഇവർ മർദ്ദനത്തിൽ പങ്കാളിയായിട്ടില്ല. സംഭവത്തിൽ പെട്രോൾ പമ്പുമാനേജർ നൽകിയ പരാതിയെ തുടർന്നാണ് ചക്കരക്കൽ പൊലിസ് കേസെടുത്തത്. പമ്പിലെത്തിയ യാത്രക്കാരിലൊരാളാണ് മൊബൈലിൽ അക്രമ ദൃശ്യങ്ങൾ പകർത്തിയത്. അക്രമം നടത്തിയ മഹേഷ് മദ്യലഹരിയിലാണെന്ന് സംശയിക്കുന്നതായി പൊലിസ് അറിയിച്ചു.

പൊലിസ് വന്നാൽ തനിക്കു ഒരു പ്രശ്‌നവുമില്ലെന്നും ആരെ വേണമെങ്കിലും വിളിച്ചോളൂവെന്നു കണ്ണൂർ ടൗൺ പൊലിസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരിയുടെ പേര് പറഞ്ഞു ഇയാൾ പലതവണ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. ഇയാളെ തടയാൻ ശ്രമിച്ച ഇന്ധനം നിറയ്ക്കാനെത്തിയ മറ്റു യാത്രക്കാരുടെ നേർക്കും ഇയാൾ വെല്ലുവിളിക്കുന്ന ദൃശ്യം ഒരാൾ വീഡിയോയിൽ പകർത്തിയിട്ടുണ്ട്.

കണ്ണൂർ നഗരത്തിൽ ക്വട്ടേഷൻ പണിയെടുക്കുന്നയാളാണ് താനെന്നും ഏച്ചൂർ സ്വദേശിയായ ഒരാൾക്കു വേണ്ടിയാണ് താൻ ഇടപെടുന്നതെന്നും കണ്ണൂർ ഭദ്രൻ സംഘർഷത്തിനിടെയിൽ വിളിച്ചു പറയുന്നുണ്ട്. പണം കിട്ടാനുള്ള ഏച്ചൂർ സ്വദേശിയും ഇയാൾക്കൊപ്പമുണ്ടായിരുന്നു. ഭദ്രൻ ഓഫിസിൽ കയറി ജീവനക്കാരെ മർദ്ദിക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.