കണ്ണൂർ: ഒരു ഇടവേളയ്ക്ക് ശേഷം കണ്ണൂർ വീണ്ടും കത്തി തുടങ്ങിയതായി സൂചന. പി. ജയരാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ആരംഭിച്ച സഘർഷങ്ങളുടെ ഭാഗമായാണ് കണ്ണൂരിൽ വീണ്ടും കൊലപാതക രാഷ്ട്രീയം ചർച്ചയാവുന്നത്. ഇന്നലെ പാപ്പിനാശ്ശേരിയിൽ ബിജെപി പ്രവർത്തകനെ വീട്ടിൽ കയറി അടിച്ചു കൊന്നതോടെ കണ്ണൂർ വീണ്ടും സ്‌ഫോടനാത്മകമായ സാഹചര്യത്തിലേക്ക് നടന്നു നീങ്ങുകയാണ്. ആരോളി കോളനിയിൽ സുജിത്(27) ആണ് കൊല്ലപ്പെട്ടത്. വീട്ടിൽ കയറി ഒരു സംഘം ആളുകൾ മർദ്ദിച്ച് അവശനാക്കിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിപിഐ(എം) പ്രവർത്തകനായ ജയേഷ് എന്ന കുട്ടന്റെ നേതൃത്വത്തിലാണ് കൊല നടന്നത്. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

പതിനൊന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സിപിഎമ്മിൽ രാഷ്ട്രീയ കൊലപാതകമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനൊപ്പമാണ് ബിജെപിയുടെ തിരിച്ചടിയുടെ റിപ്പോർട്ട്. ഇത് കൂടി കണക്കിലെടുത്ത് കണ്ണൂരിലാകെ രാത്രി തന്നെ വലിയൊരു പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ആരേയും നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ ചൂടറിയാവുന്നവർ പൊട്ടിത്തെറി പ്രതീക്ഷിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പുള്ള ആക്രമത്തിന് അതിന്റേതായ ഗൗരവ സ്വഭാവമുണ്ടെന്ന് തന്നെയാണ് വിലയിരുത്തൽ. അക്രമം പടർന്നാൽ കൊലപാതക രാഷ്ട്രീയം തന്നെയാകും പ്രചരണത്തിൽ നിറയുക.

തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിച്ച് സുജിത് ഉറങ്ങാൻ കിടിക്കുമ്പോഴായിരുന്നു സംഭവം. ഇരുപത് പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. വടിയുമായെത്തിയ സംഘം സുജിത്തിനെ വീട്ടിൽ നിന്ന് പുറത്തേക്ക് വലിച്ചിറക്കി. അതിന് ശേഷം അച്ഛന്റേയും അമ്മയുടേയും മുമ്പിലിട്ട് തല്ലി. വെട്ടുകയും ചെയ്തു. അയൽവാസികളെത്തുമ്പോഴേക്ക് എല്ലാവരും രക്ഷപ്പെട്ടു. കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സുജിത് മരിച്ചിരുന്നു. അക്രമത്തിൽ പരിക്കേറ്റ അച്ഛൻ ജനാർദ്ധനൻ ചികിൽസയിലാണ്. തലയ്ക്ക് പിന്നിലേറ്റ വെട്ടാണ് കൊലയ്ക്ക് കാരണം.

സുജിത്തിന്റെ മരണത്തോടെ വീണ്ടും കണ്ണൂർ പുകയുകയാണ്. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് ബിജെപി ആരോപിക്കുന്നു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയമാണ് കണ്ണൂരിലെ കലാപ ഭൂമിയാക്കുന്നതെന്നാണ് ബിജെപിയുടെ നിലപാട്. സുജിത്തിന്റെ മരണത്തെ തുടർന്ന് പ്രദേശത്ത് ബിജെപി പ്രവർത്തകർ സംഘടിച്ചിട്ടുണ്ട്. ഏത് സമയത്ത് എന്തും സംഭവിക്കാമെന്ന അവസ്ഥയിലേക്ക് കണ്ണൂർ മാറുകയാണ്. ജയരാജനെ സിബിഐ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമാണ് ഇതെന്നാണ് ബിജെപിയുടെ നിലപാട്. 

നേരത്തെ സിപിഐ(എം) അനുഭാവിയായിരുന്നു സുജിത്ത്. പിന്നീട് ആർഎസ്എസുമായി സഹകരിക്കുകയായിരുന്നു. രണ്ട് ദിവസമായി ഈ മേഖലയിൽ സംഘർഷമുണ്ടായിരുന്നു. ഫയാസ് എന്ന സിപിഐ(എം) പ്രവർത്തകനെ അടിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഇതിന്റെ പ്രതികാരമാണ് സുജിത്തിന്റെ കൊലയെന്നാണ് സൂചന. ഇക്കാര്യം പിടിയിലായവർ പൊലീസിനോട് സമ്മതിച്ചിട്ടുമുണ്ട്. അതിനിടെ പ്രദേശത്തെ സിപിഐ(എം) പ്രവർത്തകരുടെ വീട്ടിന് നേരെയും അക്രമം ഉണ്ടായിട്ടുണ്ട്. സിപിഐ(എം) ബ്ലോക് പഞ്ചായത്ത് അംഗത്തിന്റെ വീടും ആക്രമിക്കപ്പെട്ടു.

ജയരാജന്റെ അറസ്റ്റിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നാണ് സിപിഐ(എം) പറയുന്നത്. എന്നാൽ അവർ കാര്യങ്ങളെ കായികമായി കാണുകയാണ്‌സംഭവത്തെ കുറിച്ച് സംഘപരിവാർ നേതൃത്വത്തിന്റെ ആദ്യ പ്രതികരണം ഇതാണ്. ടിപി ചന്ദ്രശേഖരൻ കേസ് സിബിഐ അന്വേഷിക്കുമെന്ന ഭയം സിപിഎമ്മിനുണ്ട്. കേസിൽ പിണറായി വിജയൻ കുറ്റക്കാരനാണ്. ഇതാണ് അവരെ കൂടുതൽ ആകുലപ്പെടുത്തുന്നത്. ഇതു കൂടിക്കണക്കിലെടുത്ത് ബിജെപിയെ ഭയപ്പെടുത്താനാണ് നീക്കം. കേസ് അന്വേഷണം നടത്തുന്നത് സിബിഐയാണ്. അതിൽ ബിജെപിക്കാർക്ക് ഒന്നും ചെയ്യാനുമില്ലബിജെപി നേതൃത്വും പറയുന്നു.

എന്നാൽ സംഭവത്തിൽ ബന്ധമില്ലെന്നാണ് സിപിഐ(എം) നിലപാട്. ജയരാജന്റെ അറസ്റ്റുമായി കാര്യങ്ങളെ കൂട്ടികുഴയ്ക്കരുത്. സിപിഎമ്മിനെ ഭീകര പാർട്ടിയാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇതിന് പിന്നിലെന്നും സിപിഐ(എം) വിശദീകരിക്കുന്നു.