കണ്ണൂർ: കണ്ണൂരിൽ ബോംബ് രാഷ്ട്രീയം കുറച്ചു കാലമായി മാറി നിൽക്കുകയാണ്. ആർഎസ്എസും സിപിഎമ്മും മുൻകൈയെടുത്ത് അക്രമ രാഷ്ട്രീയത്തിൽ നിന്നും പിന്മാറിയതോടെ ഇടക്കാലമായി കണ്ണൂർ ശാന്തമായിരുന്നു. അതേസമയം കേരളത്തിൽ അങ്ങോളമിങ്ങോളം ആർഎസ്എസും എസ്ഡിപിഐയും തമ്മിൽ സംഘർഷമുണ്ടാകുന്ന സാഹചര്യവും നിലനിൽക്കുന്നു. പരസ്പ്പരം നേതാക്കൾ വെല്ലുവിളിക്കുന്ന അവസ്ഥയുമുണ്ടായി. ഇതിനിടെയാണ് കണ്ണൂരിലെ ബോംബ് രാഷ്ട്രീയം വീണ്ടും ചർച്ചകളിൽ നിറയുന്നത്. ആലക്കോട്ടെ ആർ. എസ്. എസ് പ്രവർത്തകന്റെ വീട്ടിൽ ബോംബുസ്ഫോടനം നടന്നതോടെ കണ്ണൂർ ജില്ല വീണ്ടും ആശങ്കയിലാണ്.

ആലക്കോട്ടെ ആർ. എസ്. എസ് പ്രവർത്തകന്റെ വീട്ടിൽ ബോംബുസ്ഫോടനം നടന്ന സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ ശനിയാഴ്‌ച്ച പകൽ പന്ത്രണ്ടു മണിയോടെയാണ് സ്ഫോടനമുണ്ടായത്. ആലക്കോട്ടെ ആർ. എസ്. എസ് പ്രവർത്തകൻ ബിജുവിന് പരുക്കേറ്റിട്ടുണ്ട്. പയ്യന്നൂരിലെ സി.പി. എം പ്രവർത്തകൻ ധനരാജ് വധക്കേസിലെ മുഖ്യപ്രതിയാണ് ബിജു. ബോംബ് നിർമ്മാണത്തിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്.

ഉഗ്രസ്ഫോടനത്തിൽ ബിജുവിന്റെ രണ്ടു കൈവിരലുകൾ അറ്റിട്ടുണ്ട്. സ്ഫോടനം നടന്നയുടൻ ബിജുവിന്റെ വീട്ടിലെത്തിയ ഒരു ബൊലേറോ കാറിൽ ഇയാൾ കയറിപോയതായി പ്രദേശവാസികൾ പറയുന്നു. സംഭവസമയത്ത് ബിജുവിന്റെ ഭാര്യയും രണ്ടുമക്കളും വീട്ടിലുണ്ടായിരുന്നു. ബിജു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പെരിങ്ങോം പൊലിസും ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

പയ്യന്നൂർ ധനരാജ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ ബിജുവിന്റെ വീട്ടിൽ ബോംബുനിർമ്മാണം നടന്നുവരുന്നതായി സി.പി. എം ആരോപിച്ചു. നേരത്തെയും ഇയാളുടെ വീട്ടിൽ ബോംബു സ്ഫോടനം നടയ്ക്കുകയും ഇയാളുടെ അമ്മയ്ക്കുൾപ്പെടെ സാരമായി പരുക്കേൽക്കുകയും ചെയ്തിരുന്നുവെന്നു സി.പി. എം പ്രാദേശിക നേതൃത്വം ആരോപിച്ചു. പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനാണ് ആർ. എസ്. എസ്് ബോംബു നിർമ്മാണത്തിലൂടെ ശ്രമിക്കുന്നതെന്ന് സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ ആരോപിച്ചു.

ബോംബ് നിർമ്മാണം ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണെന്നും ജയരാജൻ ആരോപിച്ചു. ഗാന്ധി രക്തസാക്ഷി ദിനത്തോട് ചേർന്നാണ് കണ്ണൂരിൽ ബോംബ് നിർമ്മാണം നടന്നത്. ഗോഡ്‌സേ തോക്ക് ഉപയോഗിച്ചപ്പോൾ ഇവിടെ കലാപം ഉണ്ടാക്കാൻ ആർഎസ് എസുകാർ ബോംബ് നിർമ്മിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

പോത്തിന്റെ പ്ലോട്ട് റിപ്പബ്ലിക് ദിന പരേഡിൽ അവതരിപ്പിച്ചത് രാജ്യത്തിന് അപമാനമാണെന്നും ജയരാജൻ കുറ്റപ്പെടുത്തി. ഭരണഘടനയെ മാറ്റി മറിക്കാനുള്ള ശ്രമമാണ് ഡൽഹിയിൽ നടക്കുന്നതെന്ന് ജയരാജൻ പറഞ്ഞു. സംഭവത്തിൽ കേസ് എടുത്ത പെരിങ്ങോം പൊലീസ് അന്വേഷണം തുടരുകയാണ്.