- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിധിയാണെന്ന് കരുതി സന്തോഷിച്ച് തുറന്നു നോക്കുമ്പോൾ പൊട്ടിത്തെറിച്ചത് സ്റ്റീൽ ബോംബ്? നിധി പാത്രം തുറന്നത് മറ്റുള്ളവരെ കടയിലേക്ക് അയച്ച ശേഷം; മട്ടന്നൂരിലെ വാടകവീട്ടിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ട അസം സ്വദേശികളായ അച്ഛനും മകനും കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ ഇരകൾ
കണ്ണൂർ: മട്ടന്നൂർ പത്തൊമ്പതാം മൈൽ ചാവശേരിക്കടുത്ത് നെല്ലിയാട്ട് അമ്പലത്തിന് സമീപം വാടകവീട്ടിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. അസം, സാർബോഗ്ബാർമനഗർ ബാർപെറ്റ സ്വദേശി ഫസൽഹഖ്(52) ഷാഹിദുൾ(25) എന്നിവരാണ് ദാരുണമായി മരിച്ചത്. വൈകുന്നേരം ആറുമണിക്കാണ് നാടിനെ നടുക്കിയ സംഭവം. ആക്രി പെറുക്കി വരുന്ന സമയത്ത് ഇവർ വഴിയിൽ വെച്ചു സ്റ്റീലിന്റെ ചെറിയ ഭരണി കിട്ടുകയും നിധിയാണെന്ന് കരുതി വാടക വീട്ടിലേക്ക് കൊണ്ടുവരുകയുമായിരുന്നു.
ഇതിനു ശേഷം അച്ഛനും മകനും വീട്ടിൽ താമസിക്കുന്ന ഷാഹിദുളിന്റെ സഹോദരൻ തഫീഖുലിനെയും മറ്റു രണ്ടു സഹതൊഴിലാളികളെയും സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് അയക്കുകയും വീടിന്റെ മുകളിലത്തെ നിലയിൽ കയറി ഇരുവരും രഹസ്യമായി നിധിപാത്രമെന്നു കരുതിയ സ്റ്റീൽ ബോംബ് തുറന്നു നോക്കുകയുമായിരുന്നു. ഇതേ തുടർന്ന് ബോംബ് ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിക്കുകയും ഇരുവരും തെറിച്ചു താഴേക്ക് വീഴുകയുമായിരുന്നു.
പുറത്തുപോയവർ മടങ്ങിയെത്തിയപ്പോഴാണ് ഇവരെ കണ്ടത്. ഇരുവരുടെയും കൈപ്പത്തി പൂർണമായും തകർന്നിരുന്നു. ഫസൽഹഖിന്റെ ഇരുകണ്ണുകളും പൊള്ളലേറ്റു കരിഞ്ഞു. ഇയാൾ സംഭവസ്ഥലത്തുവെച്ചു തന്നെ മരണമടഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന ഷാഹിദുളിനെ നാട്ടുകാരും പൊലീസും ചേർന്ന് കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രാത്രി ഏഴരയോടെ മരണമടഞ്ഞു.
കഴിഞ്ഞ രണ്ടുവർഷമായി ആക്രി ശേഖരിച്ചു ജീവിച്ചുവരികയായിരുന്നു ഇവർ. വിവരമറിഞ്ഞ് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ, എ.സി.പി പ്രദീപൻ കണ്ണിപൊയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻപൊലിസ് സംഘം സ്ഥലത്തെത്തി. കണ്ണൂരിൽ നിന്നുമെത്തിയ ബോംബു സ്‌ക്വാഡും ഫോറൻസിക്വിഭാഗവും പരിശോധന നടത്തി. മട്ടന്നൂർ പൊലിസ് കേസെടുത്തിട്ടുണ്ട്
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്