കണ്ണൂർ: കണ്ണൂരിൽ യുവാവ് ബോംബേറിൽ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. വിവാഹ സംഘത്തിനു നേരെ ബോംബ് എറിഞ്ഞയാളെ പൊലീസ് തിരിച്ചറിഞ്ഞു. ഏച്ചൂർ സ്വദേശി അക്ഷയ് ആണ് ബോംബെറിഞ്ഞത് എന്നും ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

വിവാഹ തലേന്നുണ്ടായ പ്രശ്‌നങ്ങളെ തുടർന്നാണ് ബോംബേറ് നടന്നത്. തോട്ടടയിലുള്ളവർക്ക് നേരെ എറിഞ്ഞ ബോംബ് ജിഷ്ണുവിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നെന്നാണ് പിടിയിലായവരും പൊലീസിന് നൽകിയിരിക്കുന്ന മൊഴി. വിവാഹം കഴിഞ്ഞ് തോട്ടടയിലേക്ക് എത്തിയവരുടെയെല്ലാം മൊഴി എടയ്ക്കാട് പൊലീസ് രേഖപ്പെടുത്തി. ഇനിയും പിടികൂടാനുള്ളവർ ജില്ല വിടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ബോംബറിഞ്ഞ ഏച്ചൂർ സംഘമെത്തിയ ടെംപോ ട്രാവലറിനായും പരിശോധന ഊർജിതമാക്കി.

കൊലപാതകം, സ്‌ഫോടകവസ്തു കൈകാര്യം ചെയ്യൽ എന്നീ വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഏച്ചൂർ സ്വദേശികളായ റിജുൽ, സനീഷ്, ജിജിൽ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സനീഷും ജിജിലും ഇന്നു രാവിലെയാണ് പിടിയിലായത്. ബോംബ് നിർമ്മിച്ച ആൾ അടക്കമാണ് പിടിയിലായിരിക്കുന്നത്. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. മിഥുൻ എന്നയാളെക്കൂടി പിടികൂടാനുണ്ട്. കൊല്ലപ്പെട്ട ജിഷ്ണുവിനും അക്ഷയ്ക്കും പുറമെ മിഥുനും ബോംബിനെക്കുച്ച് അറിയാമായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും.

അതേസമയം ബോംബ് കൈകാര്യം ചെയ്തത് ഏത് രാഷ്ട്രീയ പാർട്ടിക്കാരാണെന്ന ചർച്ചകളും സജീവമായി. കൊല്ലപ്പെട്ട ജിഷ്ണുവും കേസിലെ പ്രതികളും സിപിഎമ്മിന്റെ സജീവ പ്രവർത്തകരാണെന്ന് കണ്ണൂർ മേയർ ടി ഒ മോഹനൻ പറഞ്ഞു. സംഭവതലേന്ന് രാത്രി ചേലോറയിലെ മാലിന്യസംസ്‌കരണ സ്ഥലത്ത് പ്രതികൾ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തിയിരുന്നു. ഇവർ ആസൂത്രിതമായി തന്നെയാണ് ഇത് ചെയ്തതെന്നും എല്ലാവർക്കും ഡ്രസ് കോഡുണ്ടായിരുന്നെന്നും മേയർ ചൂണ്ടിക്കാട്ടി. അദ്ദേഹം വ്യക്തമാക്കി.

കല്ല്യാണവീട്ടിൽ കഴിഞ്ഞദിവസം രാത്രി നടന്ന സംഗീതപരിപാടിക്കിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇത് പിന്നീട് നാട്ടുകാർ ഇടപെട്ട് പരിഹരിച്ചിരുന്നു. ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തിൽവച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാർട്ടി വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയായിരുന്നു സ്ഫോടനം. ജിഷ്ണുവിന്റെ തലയിലാണ് ബോംബ് കൊണ്ടത്.

വിവാഹ പാർട്ടിയുടെ വീഡിയോ ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയുന്നതിൽ നിർണായകമായത്. വധുവിനേയും വരനേയും ആനയിച്ചുകൊണ്ടുവരുന്ന ഒരു വീഡിയോ ദൃശ്യം ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണെന്നാണ് വിവരം. ബാൻഡ്മേളങ്ങളുമായി വധൂവരന്മാരെ ആനയിക്കുന്ന സംഘത്തിന് പിന്നിലായി ഒരാൾ ഒരു കവറുമായി നടക്കുന്നത് കാണാം. ഇത് ബോംബാണെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഈ കവറിൽ നിന്ന് സാധനങ്ങളെടുത്ത് മറ്റൊരാൾ നീങ്ങുന്നതും ദൃശ്യത്തിലുണ്ട്. ഇവർ സഞ്ചരിച്ച വാഹനത്തിനായും തിരച്ചിൽ നടത്തുന്നുണ്ട്. വെള്ള ടെമ്പോ ട്രാവലറിലാണ് ഇവർ യാത്ര ചെയ്തിരുന്നതെന്നാണ് ദൃക്സാക്ഷികൾ നൽകിയ വിവരം. ഇതിൽ ഇവരെടുത്ത സെൽഫികളും പുറത്തുവന്നിട്ടുണ്ട്.

ഏച്ചൂർ ബാലക്കണ്ടി ഹൗസിൽ സി.എം. ജിഷ്ണു (26)വാണ ബോംബേറിൽ കഴിഞ്ഞ ദിവസം മരിച്ചത്. ചാല പന്ത്രണ്ട്കണ്ടിയിലെ ഹേമന്ത് (29), രജിലേഷ് (27), ചിറക്കുതാഴെയിലെ അനുരാഗ് (28) എന്നിവർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. തലതകർന്ന് റോഡിൽത്തന്നെ യുവാവ് മരിച്ചുവീണു. ശരീരാവശിഷ്ടങ്ങൾ തൊട്ടടുത്ത പറമ്പിലുംമറ്റും തെറിച്ചു.

ചാലാട്ടെ വിവാഹസ്ഥലത്ത് ടെമ്പോ ട്രാവലറിലാണ് ഏച്ചൂരിലെ സംഘമെത്തിയത്. അവിടെ പടക്കം പൊട്ടിക്കലും ആഘോഷവുമുണ്ടായിരുന്നു. തിരിച്ച് തോട്ടട അമ്മൂപ്പറമ്പിനടുത്ത് വാൻ നിർത്തി വരന്റെ വീട്ടിലേക്ക് വരുന്ന വഴിയിൽ സ്വീകരിക്കാൻ നിന്ന സംഘത്തെ ലക്ഷ്യംവച്ചാണ് ബോംബെറിഞ്ഞതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. എന്നാൽ ബോംബ് ലക്ഷ്യം തെറ്റി ജിഷ്ണുവിന്റെ തലയിൽ തട്ടി പൊട്ടുകയായിരുന്നുവെന്ന് കരുതുന്നു. സ്ഫോടനത്തിനിടെ ഇവർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. വരന്റെ സുഹൃത്തുക്കളായ രണ്ടുസ്ഥലത്തുനിന്നുള്ള സംഘങ്ങൾ തമ്മിലുണ്ടായ പ്രശ്നമാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന.