- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
കെമിക്കൽ അലി എന്ന കോഡു ഭാഷയിൽ അറിയപ്പെട്ടുന്ന നാടൻബോംബ് വിദഗ്ദ്ധർ; സെപ്റ്റിക്കായി മരിക്കാൻ തുരുമ്പുചേർത്ത് നിർമ്മിച്ചവ തൊട്ട് മുളകുപൊടിയും മുള്ളാണിയുമിട്ട് കണ്ണെടുക്കുന്നവവരെ; ഉയർന്ന സാങ്കേതിക പരിശീലനവും ക്ലാസും നൽകി വളർത്തുന്നത് രാഷട്രീയ പാർട്ടികൾ തന്നെ; പാർട്ടി ഗ്രാമങ്ങളിൽ കൈപ്പത്തിയില്ലാത്ത വികലാംഗർ നിരവധി; എന്നിട്ടും പഠിക്കാതെ വീണ്ടും ബോംബ് നിർമ്മാണം; കണ്ണൂരിൽ കുടിൽ വ്യവസായംപോലെയായ 'പാർട്ടി ബോംബ് സക്വാഡിന്റെ' കഥ
'യുദ്ധക്കെടുതികൾക്ക് സാധാരണ മനുഷ്യർ ഇരയാവുന്നതിന്റെ എക്കാലത്തെയും പ്രതീകമാണ് 1972-ലെ വിയറ്റ്‌നാം യുദ്ധത്തിൽ അമേരിക്കയുടെ നാപ്പാം ബോംബുവർഷത്തിൽ ശരീരമാകെ പൊള്ളലേറ്റ് ഭയന്ന് നിലവിളിച്ച് നഗ്നയായി ഓടുന്ന ഒൻപതുവയസ്സുള്ള കിം ഫുക്ക് എന്ന പെൺകുട്ടിയുടെ ചിത്രം. യുദ്ധത്തിന്റെ എല്ലാ ക്രൂരതകളും ആവാഹിച്ചെടുത്ത ഈ ദൃശ്യം പകർത്തിയ അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫർ നിക്ക് ഉട്ട് കേരളത്തിൽ വന്നപ്പോൾ വിശ്വപ്രസിദ്ധമായ ആ ചിത്രം ഒരിക്കൽക്കൂടി മലയാളികളുടെ ഓർമയിലെത്തി. അതുപോലെ പ്രബുദ്ധനെന്ന് കരുതുന്ന മലയാളിയുടെ കണ്ണില്ലാത്ത ക്രൂരതയുടെയും ബോംബ് രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു കളിച്ചുകൊണ്ടിരിക്കേ വലതുകാൽ ബോംബേറിൽ നഷ്ടപ്പെട്ട അഷ്നയെന്ന പെൺകുട്ടി'- പ്രശസ്ത മാധ്യമ പ്രവർത്തകൻ രാധാകൃഷ്ൻ പട്ടാനൂർ 20വർഷം മുമ്പ് കണ്ണൂരിലെ ബോംബേറി വലതുകാൽ നഷ്ടപ്പെട്ടിട്ടും പഠിച്ച് വളർന്ന് ഡോക്ടറായ അഷ്നയെന്ന പെൺകുട്ടിയെ കുറിച്ച് എഴുതിയത് ഇങ്ങനെയാണ്.
അഷ്നയുടെ കഥ ഒറ്റപ്പെട്ടയല്ല. കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്തെ വടക്കേമലബാറിന്റെ ചരിത്രം എടുത്താൽ നാടൻ ബോംബേറിൽ പരിക്കേറ്റും, നിർമ്മാണത്തിനിടെ ബോംബ് പൊട്ടിയും, അറിയാതെ ചവുട്ടി ബോംബ് പൊട്ടി മരിച്ചവരും പരിക്കേറ്റവരും നിരവധിയാണ്. സിപിഎം കേന്ദ്രങ്ങളിലൊക്കെപോയാൽ കൈപ്പത്തിയില്ലാത്ത നിരവധി വികാംലംഗരെയാണ് കാണാൻ കഴിയുക. പക്ഷേ കഴിഞ്ഞ ഒരു വർഷമായി രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ലാത്ത കാലമാണ് കണ്ണൂരിൽ കടന്നുപോയത്. അതുകൊണ്ടുതന്നെ കണ്ണൂർ ശാന്തമാകുന്നുവെന്ന് വാർത്തകൾ വരുമ്പോഴാണ്, കതിരൂർ പൊന്ന്യത്ത് ഒരു സിപിഎം കേന്ദ്രത്തിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനുണ്ടായി രണ്ടുപേർക്ക് സാരമായി പരിക്കേറ്റത്. ഇതോടെ ശക്തമായ ഭീതിയാണ് ഈ മേഖലയിൽ ഉണ്ടാവുന്നത്. ഒന്നും അവസാനിച്ചിട്ടില്ലെന്നും ബോംബ് നിർമ്മാണവും ആയുധശേഖരവും ഇപ്പോഴും നടക്കുന്നുവെന്നും, ആരൊക്കെയോ ശക്തമായ ആക്രമണത്തിന് കോപ്പുകൂട്ടുന്നുവെന്നുമുള്ള ഭീതി ഇപ്പോൾ ശക്തമാണ്.
കണ്ണൂരിന്റെയും വടക്കൻ മലബാറിന്റെയും ബോംബ് രാഷ്ട്രീയത്തിന്റെ ചരിത്രം നോക്കിയാൽ അത് അത്ര എളുപ്പത്തിലൊന്നും പരിഹരിക്കാൻ കഴിയില്ല എന്ന് ഉറപ്പാണ്. കാരണം സിപിഎമ്മും ബിജെപിയും മുസ്ലിം ലീഗും എന്തിന് സമാധാനപ്രിയരാണെന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്ന കോൺഗ്രസുകാർ പോലും നാടൻ ബോംബിനെ കുടിൽവ്യവസായമാക്കി മാറ്റിയതിന് പിന്നിലുണ്ട്. ആർഎസ്സ് കേന്ദ്രങ്ങളിലും മുസ്ലിം ലീഗ് കേന്ദ്രങ്ങളിലും ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം ഉണ്ടായി പ്രവർത്തകർ കൊല്ലപ്പെട്ടുണ്ട്. കോൺഗ്രസുകാർ അടക്കം പലരും ബോംബ് കേസിൽ പ്രതികളും. ചുരിക്കിപ്പറഞ്ഞാൽ പാർട്ടി സ്പോൺസേഡ് ബോംബ് സ്‌ക്വാഡ് തന്നെയാണ് കണ്ണൂരിൽ പ്രവർത്തിക്കുന്നതും.
പൊന്ന്യത്തേത് സ്ഥിരം ബോംബ് നിർമ്മാണ കേന്ദ്രം
രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റ പൊന്ന്യം അപകടം കണ്ണൂരിൽ ഇനിയും ആയുധ നിർമ്മാണം അവസാനിച്ചിട്ടില്ല എന്നതിന്റെ സൂചനയാണ് നൽകുന്നത്. പാലം ചൂള റോഡ് തെക്കേ തയ്യിൽ ബോംബ് നിർമ്മാണ കേന്ദ്രത്തിൽ സ്ഫോടനം നടക്കുമ്പോൾ സ്ഥലത്ത് ആറുപേർ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചത്. ബോംബ് സ്ഫോടനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ രമ്യ നിവാസിൽ രമീഷ്, അഴിയൂർ കെ ഒ ഹൗസിൽ ധീരജ് എന്നിവർ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സ്ഫോടനം നടക്കുമ്പോൾ പൊന്യം പാലത്തെ സജൂട്ടി എന്നയാളടക്കമുള്ള മറ്റ് നാല് സിപിഎം പ്രവർത്തകർ കൂടി ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. സ്ഫോടനത്തെ തുടർന്ന് റമീഷിന്റെ ഇരുകൈകളുടെയും കൈപ്പത്തി പൂർണമായും നഷ്ടപ്പെട്ടിരുന്നു. മൂന്നുമണിക്കൂർ നീണ്ട സർജറിക്കുശേഷം രമീഷ് അപകടനില തരണം ചെയ്തതായാണ് ഹോസ്പിറ്റൽ അധികൃതർ പറയുന്നത്. പുഴയ്ക്ക് സമീപത്തായി ഷീറ്റുകൊണ്ട് മറച്ച ഷെഡ്ഡിലായിരുന്നു ബോംബു നിർമ്മാണം നടന്നിരുന്നത്.
ഏകദേശം 12 ഓളം സ്റ്റീൽ ബോംബുകൾ പ്രദേശത്തുനിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലത്തുനിന്നും ബോംബ് സ്‌ക്വാഡ് കണ്ടെടുത്ത ബോംബ് നിർവീര്യമാക്കുകയും ചെയ്തു. നിർമ്മിച്ച ബോംബുകൾ കുറ്റിക്കാട്ടിൽ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. സിപിഎമ്മിന്റെ ശക്തി കേന്ദ്രം കൂടിയാണ് ബോംബ് സ്ഫോടനം നടന്ന പ്രദേശം. സ്ഫോടനം നടന്ന പ്രദേശത്ത് രക്തം തളംകെട്ടി കിടപ്പുണ്ട്.
സി.ഒ.ടി നസീർ വധശ്രമക്കേസിലെയും ടിപി വധക്കേസിലെയും പ്രതിയാണ് അശ്വന്ത്. ബോംബ് നിർമ്മിക്കുന്നതിനുള്ള താൽക്കാലിക സംവിധാനമല്ലെന്നാണ് അന്വേഷണത്തിൽ തെളിയുന്നത്. ചെങ്കല്ല് കൊണ്ട് കെട്ടിയുണ്ടാക്കിയ തറയും ഉറപ്പുള്ള മേൽക്കൂരയുമെല്ലാം അതിന് തെളിവാണ്. പ്ലൈവുഡ് പലകകളും കവുങ്ങും ഉപയോഗിച്ചുണ്ടാക്കിയ ഇരിപ്പിടങ്ങളുമുണ്ട്. സമീപത്തെ പൊന്ന്യം പുഴ മുറിച്ചുകടന്നാണ് ബോംബുകൾ കൊണ്ടുപോകാറുള്ളതെന്ന് നാട്ടുകാരിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പിടിച്ചെടുത്ത ബോംബുകൾ ഉഗ്രശേഷിയുള്ളതാണെന്ന് നിർവീര്യമാക്കാൻ പൊട്ടിച്ചപ്പോൾ തന്നെ പൊലീസിന് വ്യക്തമായി.
കൂടോത്രമെന്ന് കരുതി ഉപേക്ഷിച്ചപ്പോൾ പൊട്ടിത്തെറി
ഇതിന് പിന്നാലെ പാനൂരിൽ കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടനവും ജനങ്ങളെ ഭീതിയിലാഴ്‌ത്തി. കൂടോത്രം എന്ന് കരുതി പുഴയിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് അത് സ്റ്റീൽ ബോംബാണെന്ന് തിരിച്ചറിഞ്ഞത്. അടച്ചിട്ട വീടും പറമ്പും ഉടമസ്ഥൻ വൃത്തിയാക്കുന്നതിടെയാണ് സ്റ്റീൽ ബോംബുകൾ കിട്ടിയത്. ഈ സാധനങ്ങൾ കാറിലാണ് വീട്ടുടമസ്ഥൻ പുഴക്കരയിലേക്ക് കൊണ്ടുപോയത്. വാഹനത്തിൽ വച്ച് ബോംബ് പൊട്ടാഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. ബെംഗലൂരുവിൽ സ്ഥിര താമസമാക്കിയ രമേശ് ബാബുവിന്റെതാണ് കണ്ണൂർ പടന്നക്കരയിലെ വീടും സ്ഥലവും.
ബംഗളുരുവിൽ നിന്ന് കുടുംബമായി അവധിക്ക് വന്നതായിരുന്നു ഇവർ. കുട്ടികളടക്കം ഇവരുടെ ഒപ്പമുണ്ടായിരുന്നു. വീട് വൃത്തിയാക്കുന്നതിനിടെയാണ് സ്റ്റീൽപ്പാത്രങ്ങൾ കൂട്ടിയിട്ടത് പോലെ കണ്ടത്. ഇത് ആരോ കൂടോത്രം ചെയ്തതാണെന്ന് കരുതിയാണ് എല്ലാമെടുത്ത് ചാക്കിലിട്ട് പുഴയിൽ തള്ളാനായി പോയത്. കാറിൽ കുട്ടികളോടൊപ്പമാണ് വീട്ടുടമസ്ഥൻ പോയതെന്ന് പറയുന്നു. ഇത് കാറിലിരുന്ന് പൊട്ടിയിരുന്നെങ്കിൽ അത് വൻ ദുരന്തത്തിന് വഴി വച്ചേനെ.യുദ്ധരംഗത്ത് ഉപേക്ഷിക്കപ്പെടുന്ന മൈനുകൾ ആണ് പിൽക്കാലത്ത് ആ നാട്ടിലെ ജനജീവിതത്തിന് ഭീഷണിതാവുന്നതെങ്കിൽ കണ്ണൂരിൽ അത് ഉപേക്ഷിക്കപ്പെട്ട നാടൻ ബോംബുകളാണ്.
ഈ വർഷം തുടക്കത്തിൽ ഇങ്ങനെ ബോംബ് പൊട്ടി തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. മുഴക്കുന്ന് മാമ്പറത്ത് ഓമന ദയാനന്ദനാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടുകൂടിയാണ് മുഴക്കുന്ന് പഞ്ചായത്തിൽ മാമ്പുറത്ത് സ്‌ഫോടനമുണ്ടായത്. ജോലിക്കിടെ നാടൻ ബോംബ് പൊട്ടുകയായിരുന്നു.കാലുകൾക്കും വലതുകൈയ്ക്കുമാണ് പരിക്കേറ്റത്. ഇതാണ് കണ്ണൂരിന്റെ ഗ്രാമങ്ങളിൽപോലുമുള്ള അവസ്ഥ. ഉപക്ഷേിക്കപ്പെട്ട ഒരു കുപ്പിപോലും നാട്ടുകാരിൽ ഭീതി ഉയർത്തും. എന്താണ് എപ്പോഴാണ് പൊട്ടിത്തെറിക്കുകയെന്ന് ആർക്കും പറാൻ കഴിയില്ല.
അഷ്‌നയുടേത് അസാധാരണ അതിജീവന കഥ
കണ്ണൂർ ജില്ലയിലെ ചില ഭാഗങ്ങളിൽ പതിറ്റാണ്ടുകളായി തുടരുന്ന രാഷ്ട്രീയക്കലിയുടെയും കണ്ണില്ലാത്ത ക്രൗര്യത്തിന്റെയും പ്രതീകമായിരുന്നു അഷ്‌ന എന്ന പെൺകുട്ടി. അക്രമപരമ്പരകളിൽ ഒരു കൊച്ചുപെൺകുട്ടി ഇരയാവുന്നത് ആദ്യമായിരുന്നു. 2000 സെപ്റ്റംബർ 27-ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുദിവസം പാട്യം പഞ്ചായത്ത് ചെറുവാഞ്ചേരിയിലെ പൂവത്തൂർ എൽ.പി. സ്‌കൂളിനുസമീപത്തെ വീടിനുനേരെ നടന്ന ബോംബേറിൽ വലതുകാൽ അറ്റുപോയ പെൺകുട്ടി കണ്ണൂരിലെ ബോംബുരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു. വീടിനു മുൻപിൽ അനുജൻ ആനന്ദിനൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് അത് സംഭവിച്ചത്. പൂവത്തൂർ സ്‌കൂളിലെ പോളിങ് ബൂത്തിൽ ഉണ്ടായ സംഘർഷത്തിന്റെ ഭാഗമായി കോൺഗ്രസ് സംഘത്തെ കല്ലും ബോംബുമായി ഓടിച്ച ആർഎസ്എസ് - ബിജെപി സംഘം എറിഞ്ഞ ബോംബ് പൊട്ടിയാണ് അഷ്നയുടെ കാൽ ചിന്നഭിന്നമായതും സഹോദരൻ ആനന്ദിന് പരിക്കേറ്റതും. ബിജെപി വിട്ട് സിപിഎമ്മിലെത്തിയ അശോകൻ ചെറുവാഞ്ചേരിയിലെ അഷ്നയെന്ന പെൺകുട്ടിയുടെ കാൽനഷ്ടപ്പെടാൻ ഇടയാക്കിയ ബോംബാക്രമണ കേസിലെ പ്രതികളിൽ ഒരാളാണ്.
കൃത്രിമക്കാൽവച്ചായിരുന്നു അഷ്നയുടെ പിന്നീടുള്ള ജീവിതം. 2018 മാർച്ച് 24-ന് കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് ഈ കൊച്ചുമിടുക്കി എം.ബി.ബി.എസ്.പാസായി. 'നീണ്ട ആശുപത്രിവാസമാണ് ഡോക്ടറാവണമെന്ന ആഗ്രഹം ഉടലെടുക്കാൻ കാരണം. എല്ലാവരുടെയും സഹായങ്ങളെ നന്ദിയോടെ ഓർക്കുന്നു. എന്നെ ഇന്നത്തെനിലയിൽ എത്തിച്ചതിൽ അവരോടെല്ലാം കടപ്പാടുണ്ട്. ആക്രമണങ്ങളെയൊന്നും രാഷ്ട്രീയമായി കാണുന്നില്ല.'- ഡോക്ടറായപ്പോൾ തന്നെ വന്നുകണ്ട മാധ്യമ പ്രവർത്തകരോട് അഷ്നയുടെ മറുപടി അതായിരുന്നു.
പാട്ടപെറുക്കി നടന്നിരുന്ന അമാവാസിയെന്ന തമിഴ് നാടോടി ബാലനടക്കം ഒളിപ്പിച്ചതോ ഉപേക്ഷിക്കപ്പെട്ടതോ ആയ ബോംബുകൾ പൊട്ടി അംഗവൈകല്യം സംഭവിക്കുകയോ മരിക്കുകയോ ചെയ്ത കുരുന്നു ബാല്യങ്ങളും നിരവധിയാണ്. അമാവാസിയും ഇതുപോലെ നാടിന്റെ നൊമ്പരമായിരുന്നു. കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ആൾമാറി കൊല ചെയ്യപ്പെട്ടവരും ഉണ്ട്. കണ്ണൂർ കൊലപാത രാഷ്ട്രീയത്തിന്റെ അവിഭാജ്യഘടമായിരുന്നു നാടൻ ബോംബുകൾ. ആദ്യം ബോംബെിറഞ്ഞ് ഭീതിപരത്തുക. പിന്നെ വെട്ടിക്കൊല്ലുക എന്നാതായിരുന്നു കണ്ണൂരിലെ കില്ലർ സ്‌ക്വാഡിന്റെ രീതി.
കില്ലർ സ്‌ക്വാഡുകൾ ഉണ്ടാകുന്നത് ഇങ്ങനെ
എം വി രാഘവനാണ് കണ്ണൂർ ജില്ലയിൽ എതിരാളികളെ അതേ നാണയത്തിൽ തിരിച്ചടിക്കുന്ന പ്രതിരോധ സംഘങ്ങൾക്ക് കണ്ണൂരിൽ തുടക്കം കുറിച്ചത്. ഇവയാണ് പിന്നീട കില്ലർ സ്‌ക്വാഡുകൾ ആയി മാറിയത്. മറ്റുപാർട്ടികൾക്കും ഇതുപോലുള്ള സംഘങ്ങൾ ഉണ്ടെങ്കിലും അത് സിപിഎമ്മിന്റെ അത്ര ആസൂത്രിതമല്ല. ഒരുത്തൻ ഒരു കില്ലർ സ്‌ക്വാഡിൽ അംഗമായാൽ പിന്നെ അവന്റെ സമ്പൂർണ്ണ ചുമതല പാർട്ടിക്കാണ്. അക്രമത്തിനിടെ കൊല്ലപ്പെട്ടാൽ കുടംബത്തെ പാർട്ടി നോക്കും, രക്തസാക്ഷിയുടെ മകന് പാർട്ടി ബാങ്കിലും മറ്റുമായി ജോലി ഉറപ്പ്. പുറമെ ലക്ഷങ്ങൾ പിരിച്ചെടുത്ത് നൽകുയും ചെയ്യും. ഇനി കേസും പാർട്ടി നടത്തിക്കോളും. ഭരണത്തിൽ വന്നാൽ ജയിലിലും കുശാൽ. ഓരോ പ്രദേശത്തും ഇങ്ങനെ എന്തിനും പോന്നവരെ സിപിഎം വളർത്തിക്കൊണ്ടുവന്നു. അത് ക്രമേണെ മറ്റുപാർട്ടികളിലേക്കും വ്യാപിച്ചു. മാത്രമല്ല ഒരു പാർട്ടിയിൽനിന്ന് തെറ്റിപോകുന്നവർ മറ്റ് പാർട്ടിയിലേക്ക് ചേക്കേറി അവിടെയും അതേ അവസ്ഥയുണ്ടാക്കി.
ക്രമേണെ ക്രമിനൽ ബുദ്ധിയുള്ളവർ ഇത് മുതലെടുക്കാൻ തുടങ്ങി. സമൂഹത്തിൽ നല്ല നിലയും വിലയുമുള്ള ഒരു തൊഴിലായാണ് പാർട്ടി ഗുണ്ടയെന്ന് അവർ തിരിച്ചറിഞ്ഞു. എന്നിട്ട് പാർട്ടിപോലും അറിയാതെ അവർ മണൽവാരലും, മദ്യക്കടത്തും, സ്വർണ്ണക്കടത്തുമെല്ലാം നടത്തി. കൊടി സുനിയുടെ അവസ്ഥ നോക്കുക. പരോളിൽ ഇറങ്ങിയിട്ടും ക്വട്ടേഷൻ എടുത്തു. ജയിലനകത്തിരുന്ന് ഗുണ്ടാ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.പാർട്ടിക്ക് സ്വന്തമായ നുണകളുടെ ഫാക്ടറിയുണ്ടാക്കാൻ നിരവധി വക്കീലന്മാരും ഉണ്ടായി. ഗുണ്ടകൾ സ്വന്തമായി ഉണ്ടാക്കുന്ന കേസുകളും പാർട്ടിയുടെ തലയിലായി. ഭസ്മാസുരന് വരം കൊടുത്തപോലെ ഗുണ്ടകളെകൊണ്ട് പാർട്ടിയും തുലഞ്ഞു.
കൃത്യമായ ആക്ഷൻ പ്ലാനും കോർഡിനേഷനും ഉള്ളവയായിരുന്നു ഈ കില്ലർ സ്‌ക്വാഡുകൾ. വെട്ടാൻ ഒരു ടീം, ആയുധങ്ങൾ എത്തിച്ചുകൊടുക്കാൻ മറ്റുചിലർ, പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം കൊടുക്കന്നത് വേറെ ചിലർ. ഇവർ തമ്മിൽ പരസ്പരം ബന്ധം ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ഒരാളെ പിടിച്ചാൽ ഒരു വിവരവും കിട്ടില്ല. ഇനി സമയത്തിന് ഡമ്മി പ്രതികളെ ഇറക്കാനും പാർട്ടിക്ക് അറിയാം. കണ്ണൂരിലെ മിക്ക കേസുകളിലും യഥാർഥ പ്രതികൾ പോലുമല്ല ശിക്ഷിക്കപ്പെടുന്നത്. അതായത് പാർട്ടിക്ക് കോടതിയും പൊലീസും മാത്രമല്ല കള്ളന്മാരെ സപ്ലെചെയ്യുന്ന സംഘങ്ങളുമുണ്ടെന്ന് ചുരുക്കം. ഇങ്ങനെ ഡമ്മി പ്രതികളെ ഇറക്കുന്നതിലും രണ്ടുകാര്യമുണ്ട്. കേസ് പൊളിക്കാൻ എളുപ്പമാണ്. ഉദാഹരണമായി ഒരു വെട്ടുകേസിൽ ലെഫ്റ്റ് ഹാൻഡറും റൈറ്റ് ഹാൻഡറും ഉണ്ടാക്കുന്ന മുറിപ്പാടുകൾ വ്യത്യസ്തമാണ്. ഈ ഒരൊറ്റ വകുപ്പിൽ പിടിച്ചാൽ തന്നെ കേസ് പൊളിക്കാം.
അതായത് ഒരു സാധാ ക്വട്ടേഷൻ ടീമോ അക്രമി സംഘമോ ആയിരുന്നില്ല കണ്ണൂരിലെ കില്ലർ സ്‌ക്വാഡുകൾ. അതിൽ നാടൻ ബോംബുണ്ടാക്കുന്നവൻ തൊട്ട് ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന വക്കീലും, പ്രതികളെ ചികിൽസിക്കുന്ന ഡോക്ടറും തൊട്ട് വലിയൊരു മാഫിയാ സംഘമായിരുന്നു അത്. ഈ വിവിധ ടീമുകളെ ഏകോപിപ്പിക്കുന്നതാവട്ടെ ഒരു രാഷ്ട്രീയ നേതാവും.
'കെമിക്കൽ അലി'മാർ എന്ന നാടൻബോബ് വിദഗ്ദ്ധർ
സദ്ദാം ഹുസൈനിന്റെ രാസായുധ വിദഗ്ധനയാ കെമിക്കൽ അലിയെ ഓർമ്മയില്ലേ. എത്ര കൂരമായ ആയുധവും നിർമ്മിച്ചുകൊടുക്കുന്നതിൽ വിദഗ്ധനായിരുന്നു ഇദ്ദേഹം. സിപിഎമ്മിന്റെ അടക്കമുള്ള കണ്ണൂർ കില്ലർ സ്‌ക്വാഡുകളിലെ പ്രധാനിയും ഇത്തരത്തിലുള്ള ഒരു കെമിക്കൽ അലിയാണ്. അയാൾക്കാണ് നാടൻബോംബിന്റെ കൂട്ട് കൃത്യമായി അറിയുക.വന്ന് ഒരു കാലത്ത് കെമിക്കൽ അലി എന്ന കോഡു ഭാഷയിലായിരുന്നു ഇവർ അറിയപ്പെട്ടിരുന്നതും.
ഇനി അക്രമത്തിനിടെ അസുഖം പറ്റുന്നവർക്ക് ഒളിച്ച് താമസിക്കാനും ചികിൽസിക്കാനുമായി പാർട്ടിക്ക് സ്വന്തമായി ആശുപത്രികളും ഉണ്ട്. മുറിവ് കൃത്യമായി ഉണ്ടാക്കാൻ അറിയുന്നവരും പാർട്ടിയിലുണ്ട്. പണ്ടൊക്കൊ വാഴയില പൊള്ളിച്ച് പുറത്ത് അടിച്ചാണ് ലാത്തിച്ചാർജിന്റെയൊക്കെ പാടുകൾ കൃത്രിമമായി ഉണ്ടാക്കിയിരുന്നതെന്ന് എ പി അബദുല്ലക്കുട്ടിയെപ്പോലുള്ള പാർട്ടി വിട്ടവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൗണ്ടർ കേസിനായി ഒരു ഫോറൻസിക്ക് എക്സപേർട്ടിനും പിടികൊടുക്കാൻ കഴിയാത്ത രീതിയിൽ മുറിവ് ഉണ്ടാക്കി കൊടുക്കാൻ കഴിയുന്ന വിദഗ്ധരും ഈ ഗ്രൂപ്പിലുണ്ട്.
തൊണ്ണൂറുകളിലെ അക്രമക്കാലത്ത് നാടൻബോംബ് നിർമ്മാണവും ഒരു കുടിൽ വ്യവസായംപോലെ ആയിരുന്നു. മംഗലാപുരത്തുനിന്ന് ഒരു വിദഗ്ധനെകൊണ്ടുവന്ന് പാർട്ടി ക്ലാസുപോലെ പഠിപ്പിച്ച് എം വി രാഘവനാണ് ഈ പരിപാടി കണ്ണൂർ സഖാക്കൾക്ക് ശാസ്ത്രീയമായി പരിചയപ്പെടുത്തിക്കൊടുത്തത് എന്നാണ് എതിരാളികൾ പറയുന്നത്. എംവിആർ എതിർപക്ഷത്തേക്ക്പോയതോടെ ബോംബു നിർമ്മാണത്തിന്റെ സാങ്കേതിക മറ്റുള്ളവർക്കും എളുപ്പാമയി. കലാപ കലുഷിതമായ 90കളുടെ അവസാനത്തിലൊക്കെ കണ്ണൂരിലെ ഏത് പാർട്ടിഗ്രാമത്തിൽപോയാലും കൈയില്ലാത്ത ഒരാളെയെങ്കിലും കാണാം. കൈ പോയതാവട്ടെ ബോംബ് ഉണ്ടാക്കുന്നതിനിടെയും. ബോംബ് നിർമ്മാണത്തിനിടെ നിരവധിപേരാണ് കണ്ണൂരിൽ മരിച്ചത്. സിപിഎം മാത്രമല്ല മറ്റുപാർട്ടികളിലുമുണ്ട് ഇങ്ങനെ ജീവൻ പോയവർ. പക്ഷേ കൂടുതൽ സിപിഎമ്മിനാണെന്ന് മാത്രം.
ജീവൻ പണയം വെച്ച് നാടൻബോംബ് ഉണ്ടാക്കുന്നവർ
പുറമെനിന്ന് കാണുന്നപോലെ അത്ര എളുപ്പമെന്നുമല്ല നാടൻ ബോംബ് നിർമ്മാണം. ശരിക്കും ജീവൻ പണയം വെച്ചുള്ള ഒരു കളിയാണിതെന്നാണ് പൊലീസ് ഉദ്യോഗസ്ഥരും ഇത്തരം നിർമ്മാണത്തിൽ പങ്കെടുത്തവരും പറയുന്നത്. പടക്കം നിർമ്മാണ ഫാക്ടറിയിലേതുപോലെ എത് നിമിഷവും അപകടം പ്രതീക്ഷിക്കാവുന്ന തീക്കളി.
അപകടമുണ്ടായാൽ തീപടരാതിരിക്കാനും പരമാവധി അപകടം ഒഴിവാക്കാനുമായി ഏറ്റവും വിജനമായ സ്ഥലമാണ് നാടൻബോംബ് നിർമ്മാണത്തിന് തെരഞ്ഞെടുക്കുക. മൂന്നുഭാ
മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തുകളോ, പുഴയോരങ്ങളോ, കല്ലൂവെട്ട് കുഴികളോ ഒക്കെയാണ് ഇതിനായി തെരഞ്ഞെടുക്കുക. പഴയ വീടുകളുടെ മൺചുമരുകളിൽ ദ്വാരമിട്ടും, തെങ്ങുപോലുള്ള മരങ്ങളിൽ രണ്ടു പൊത്തുകൾ ഉണ്ടാക്കിയുമൊക്കെയാണ് ബോംബ് അസമ്പിൾ ചെയ്യുക. പ്ലൈവുഡ് പലകകൾക്കിടയിൽ ദ്വാരമിട്ട് അസമ്പിൾ ചെയ്യുന്ന രീതിയാണ് ഇപ്പോൾ കാണുന്നത്. ഇതിനിടെ അപകടം ഉണ്ടായാൽ കൈക്ക് മാത്രം പരിക്കേൽക്കാനാണ് ഈ കരുതൽ. കൈപ്പത്തിയില്ലാത്ത നിരവധി പേരെ നിങ്ങൾക്ക് പാനൂർ മേഖലിയിൽ മാത്രം കാണാം.
നൂൽബോംബ്, പെട്രോൾ ബോംബ്, സ്റ്റീൽബോംമ്പ് എന്നിവയാണ് കണ്ണൂർ മേഖലയിൽ വ്യാപകമായി കണ്ടുവരുന്ന നാടൻ ബോംബുകൾ. ഇതിൽ നൂൽബോംബിന് അതി ശക്തമായ പുകയാണ് ഉണ്ടാവുക. ആ പുകയുടെയും ശബ്ദത്തിന്റെ ഭീതിയിൽ കില്ലർ സ്‌ക്വാഡിന് കൊല നടത്താൻ കഴിയും. ആളുകളുടെ ശ്രദ്ധമുഴുവൻ ബോംബ് എറിഞ്ഞടത്ത് ആയിരിക്കും. ഭീതി പരത്തുക എന്നതാണ് നൂൽബോംബിൻെ പ്രധാന ലക്ഷ്യം. കല്ലും കുപ്പിച്ചില്ലും ആണിയും കരിങ്കൽ ചീളും വെടിമരുന്നും ഇട്ട് നൂലുചുറ്റിയെടുത്താണ് ഇത് നിർമ്മിക്കുന്നത്. പുറത്തേക്കുള്ള നുൽ വലിച്ചുവിട്ടാൽ ഘർഷണം കൊണ്ട് തീപിടിക്കും. ഇങ്ങനെയാണ് ഇത് ഉപയോഗിക്കുന്നത്. മാരക പ്രഹരശേഷിയുള്ളവയാണ് പെട്രോൾ ബോംബുകൾ. ഇതുകൊണ്ടുനടക്കുന്നതും റിസ്‌ക്കാണ്. ഒരു കുപ്പികത്ത് പ്രെടോൾ ഒഴിച്ച് തരി പുറത്തേക്കിട്ട് കവർ ചെയ്യുകയാണ് ഇവിടെ. എന്നിട്ട് തിരിക്ക് തീക്കൊളുത്തി എറിഞ്ഞാൽ പെട്രോൾ അഞ്ഞ് കത്തും. പൊലീസ് ജീപ്പുകൾ കത്തിക്കാൻ വരെ വിദ്യാർത്ഥി സമരക്കാരടക്കം ഒരുകാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നത് ഇത്തരം പ്രെടോൾ ബോംബുകൾ ആയിരുന്നു.
ഇതിൽ സ്റ്റീൽ ബോംബാണ് മാരകം. വെടിമരുന്നിനും ഗന്ധകത്തിനുമൊപ്പം കുപ്പിച്ചില്ലും സ്റ്റീലും ഇട്ടാണ് നിർമ്മാണം. പൊട്ടിയാൽ പുറത്തുവരുന്ന കനത്ത ശബ്ദവും പുകയും ആരെയും ഞെട്ടിക്കും. കുപ്പിച്ചില്ലും സ്റ്റീലും, കരിങ്കൽ ചീളും, ആണിയും, തുണഞ്ഞുകയറി മരണവും ഉണ്ടാവും. ബോംബിന്റെ കാഠിന്യം ഉറപ്പിക്കുന്നത് നമ്മുടെ സഫോകവസ്തു വിദഗ്ധന്റെ രഹസ്യക്കൂട്ടാണ്. അത് ഒരു പാചക വിദഗ്ധന്റെ പൊടിക്കെപ്പോലെ പലരുടെയും ട്രേഡ് സീക്രട്ടാണ്. സെപ്റ്റിക്കായി പോയൻസൻ കയറി മരിക്കാൻ ലക്ഷ്യമിട്ട് തുരുമ്പുചേർത്ത് നിർമ്മിച്ച ബോംബ് തൊട്ട് മുളകുപൊടിയും മുള്ളാണിയിമിട്ട് കണ്ണെടുക്കുന്ന മാരകമായ നാടൻ ബോംബുവരെ നിർമ്മിക്കുന്ന 'പ്രതിഭകൾ' കണ്ണൂരിലുണ്ടെന്നാണ് മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.
ഇനി ഈ കെമിക്കൽ അലിമാർക്ക് ഉയർന്ന സാങ്കേതിക പരിശീലനവും കൊടുക്കാനും പാർട്ടി തയ്യാറായിരുന്നു. ഇത്തരക്കാരിൽനിന്ന് വിദ്യകൾ പഠിക്കാനും മറ്റിടങ്ങളിൽനിന്ന് ആളുകൾ എത്തിയിരുന്നു. അതായത് ശരിക്കും ഒരു സർക്കാർ സ്പോൺസേഡ് കുടിൽ വ്യവസായം! ബോംബ് നിർമ്മിച്ചശേഷം മുത്തപ്പന് കൊടുക്കൽ ചടങ്ങുനടത്തിയാണ് ഇത് പുറത്തുകൊണ്ടപോയിരുന്നത്. ഇത്തരം അദ്ധവിശ്വാസങ്ങളുട കാര്യം എടുക്കുമ്പോൾ കോൺഗ്രസ് എന്നോ മാർക്സിറ്റ് എന്നോ ഉള്ള വ്യത്യാസമൊന്നും ഇല്ല. അതുപോലെ ഒരു അന്ധവിശ്വാസമാണ് കൊലക്കിടെ അമ്മിക്കല്ല് എടുത്ത് അടുപ്പിൽ ഇടുന്ന രീതിയും.
അമ്മിക്കല്ല് കിണറ്റിൽ എറിയുന്നത് വിവാഹം മുടക്കാൻ
യുദ്ധാന്തരീക്ഷത്തിൽ ജീവിക്കുന്നവരെ പോലെ ആയിരുന്നു കണ്ണൂരിലെ കുരുതി നിലങ്ങളായ പാനൂർ, തലശേരി, കതിരൂർ, കൂത്തുപറമ്പ്, ആയിത്തറമമ്പറം തുടങ്ങിയ പ്രദേശങ്ങളിലെ ആളുകൾ ഈ അടുത്തകാലം വരെ. ബോംബും മാരകായുധങ്ങളുമായി പേപ്പട്ടികളെ പോലെ പാഞ്ഞു നടക്കുന്ന കൊലപാതകി സംഘങ്ങൾ. ഏതു നിമിഷവും ഏതു വീടും അക്രമിക്കപ്പെടാമെന്ന അവസ്ഥ. ആരും എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാം. ഇതൊക്കെയായിരുന്നു ഈ അടുത്ത കാലം വരെ ഇവിടങ്ങളിലെ അവസ്ഥ.
കൊലപാതകങ്ങളിലും അക്രമങ്ങളിലും ശമിക്കുന്നത് ആയിരുന്നില്ല ഈ സംഘങ്ങളുടെ ശൗര്യം. അക്രമിക്കപ്പെടുന്ന വീട്ടിലെ കണ്ണാടികൾ തച്ചുടയ്ക്കപ്പെടും അമ്മിക്കല്ലും (അരകല്ല്) പിള്ളക്കല്ലും കിണറ്റിൽ എറിയും. (കണ്ണാടി തകർക്കുന്നതിനും അമ്മിക്കല്ലും പിള്ളക്കലും കിണറ്റിൽ എറിയുന്നതിനും പിന്നിൽ ഒരു അന്ധവിശ്വാസമുണ്ട്. അങ്ങനെ ചെയ്താൽ പിന്നീട് ആ വീട്ടിൽ പെൺകുട്ടികളുടെ വിവാഹം നടക്കില്ലത്രേ.)
പാർട്ടി ഗ്രാമങ്ങളിലെ ബോംബു നിർമ്മാണം കുടിൽ വ്യവസായം പോലെ തഴച്ചു വളർന്നതോടെ ബോംബു നിർമ്മാണ കേന്ദ്രങ്ങളിൽ സ്‌ഫോടനങ്ങളും മരണങ്ങളും പതിവായി. അബദ്ധത്തിൽ സംഭവിക്കുന്ന ഇത്തരം സ്‌ഫോടനങ്ങളുടേയും മരണങ്ങളുടേയും ഉത്തരവാദിത്വവും ആർഎസ്എസും സിപിഐഎമ്മും കോൺഗ്രസും പരസ്പരം പഴി ചാരാനുള്ള ഉപാധിയാക്കി മാറ്റി. കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒരു പാർട്ടിക്കും ഒഴിഞ്ഞു നിൽക്കാനാവില്ല. അതുപോലെ തന്നെയാണ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രവും. ഇന്ന് ഗാന്ധിയന്മാരായി ഭാവികുന്ന കോൺഗ്രസാണ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് തുടക്കം കുറിച്ചത്്. പക്ഷേ ബോംബും വടിവാളുമായി അതിനെ തീർത്തും പൈശാചികമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് സിപിഎം ആണെങ്കിലും. ഇതിനകം നാനൂറിലേറെ പേർ കണ്ണൂരിൽ മാത്രം കൊല്ലപ്പെട്ടു കഴിഞ്ഞു. അക്രമങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം മൂവായിരം കവിഞ്ഞു.
തുടക്കം മൊയാരത്ത് ശങ്കരന്റെ കൊലയിൽ
കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ അതിൽ ഒരു പാർട്ടിക്കും ഒരു സംഘടനക്കും ഒഴിഞ്ഞുനിൽക്കാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം. 1948ൽ മൊയാരത്ത് ശങ്കരൻ എന്ന സ്വാതന്ത്ര്യ സമര സനോനിയെ തല്ലിക്കൊന്നുകൊണ്ട് ഇന്ന് ഗാന്ധിയന്മാരായി നടിക്കുന്ന കോൺഗ്രസ് ആണ് ഐക്യകേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകത്തിന് നേതൃത്വം കൊടുത്തതതെന്നാണ് സിപിഎം പറയുന്നത്. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന മൊയാരത്ത് ശങ്കരനെ 1948 മെയ് 11ന് മൊയാരത്തെ ദേശരക്ഷാസമിതി എന്ന പേരിൽ പ്രവർത്തിച്ചിരുന്ന കോൺഗ്രസ്സ് പ്രവർത്തകർ പിടികൂടി തല്ലിച്ചതച്ചു. മൃതപ്രായനായ അദ്ദേഹത്തെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. 1948 മെയ് 12നു കണ്ണൂർ സബ് ജയിലിൽ പൊലീസ് മർദ്ദനത്തെ തുടർന്ന് മരണമടഞ്ഞു. ബന്ധുക്കൾക്ക് മൊയാരത്തിനെ അവസാനമായി കാണാനുള്ള അവകാശംപോലും നൽകിയില്ല. മൃതദേഹം ജയിൽവളപ്പിൽ എവിടെയോ മറവുചെയ്തു.
അതുകഴിഞ്ഞ് കേരളത്തെ ഞെട്ടിച്ച രാഷ്ട്രീയ കൊലയുണ്ടാവുന്നത് 1968ൽ പി.പി. സുലൈമാൻ വധത്തോടെയാണ്. മാവൂർ ഗ്വാളിയോർ റയോൺസിലെ ജീവനക്കാരനായിരുന്ന സുലൈമാൻ ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ 1968 ഏപ്രിൽ 29-ന് ആർ.എസ്.എസുകാർ അതിധാരുണമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. റയോൺസ് വർക്കേഴ്‌സ് യൂണിയൻ നേതാവും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന അദ്ദേഹം.
സിപിഎം നേതാക്കൾ ഇപ്പോഴും ആവർത്തിക്കുന്നത് കേരളത്തെ കലാപഭൂമിയാക്കുന്നതിന്റെ ഭാഗമായി ആർഎസ്എസ് കേന്ദ്ര നേതൃത്വം കണ്ണൂരിനെ പരീക്ഷണശാല ആക്കിയെന്നാണ്. മംഗാലാപുരം ഗണേശ് ബീഡി കമ്പനി മലബാറിലെ അവരുടെ ബീഡി തെറുപ്പു കേന്ദ്രങ്ങൾ പൂട്ടിയപ്പോഴാണ് തൊഴിൽ രഹിതരായവരെ സഹായിക്കാൻ സിപിഎം ദിനേശ് ബീഡി കമ്പനി ആരംഭിച്ചത്. ഈ സംരംഭത്തെ തകർക്കാൻ മംഗാലപുരത്തു നിന്നും ഒഴുകിയെത്തിയ പണത്തിന്റെ ബലത്തിൽ കണ്ണൂർ ജില്ലയിൽ ആർഎസ്എസ് ശാഖകൾ ആരംഭിച്ച കഥയാണ് സിപിഎം ഇപ്പോഴും ആവർത്തിക്കുന്നത്. 1971-ൽ തലശേരിയിൽ ഉണ്ടായ വർഗീയ ലഹളയും അതിനെ സിപിഐം ഫലപ്രദമായി നേരിട്ടു എന്നുമൊക്കെ അവർ വിശദീകരിക്കുന്നു. ലഹളയിൽ കഷ്ടനഷ്ടങ്ങൾ സംഭവിച്ചു കൊണ്ടിരുന്ന മുസ്ലിംങ്ങളെ സഹായിക്കുന്നതിനുവേണ്ടി സിപിഎം രൂപീകരിച്ച സ്‌ക്വാഡിൽപ്പെട്ട കൂത്തുപറമ്പ് മെരുമ്പായി സ്വദേശി യു കെ കുമാരനെയാണ് സിപിഎം ഈ പരമ്പരയിലെ തങ്ങളുടെ ആദ്യ രക്തസാക്ഷിയായി അവതരിപ്പിക്കുന്നത്.
കോൺഗ്രസ് നേതാവ് കെ സുധാകരനും കൊലപാതക രാഷ്ട്രീയത്തിൽ പലതവണ ആരോപിതനായി. നാൽപ്പാടി വാസു വധക്കേസ് അടക്കമുള്ള നിരവധി സംഭവങ്ങൾ. അതായത് കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് ഒരു പാർട്ടിക്കും മാറിനിൽക്കാനാവില്ലെന്ന് ചുരുക്കം. അതേസമയം ജില്ലയിലെ ആർഎസ്എസ്-ബിജെപി നേതാക്കൾക്ക് പറയാനുള്ളത് 1968-ലെ വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകമാണ്. തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ സിപിഐഎം തുടർന്നു വരുന്ന അസഹിഷ്ണുതയേയും.
പിണറായി ആരോപിതനായ വാടിക്കൽ രാമകൃഷ്ണൻ കൊല
1968-ൽ വാടിക്കൽ രാമകൃഷ്ണൻ എന്ന ആർഎസ്എസ് പ്രവർത്തകന്റെ മരണമാണ് കണ്ണൂരിലെ സിപിഐഎം-ആർഎസ്എസ് കൊലപാതക പരമ്പരയിലെ ആദ്യത്തേതെന്നാണ് സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്. ഇന്നത്തെ മുഖ്യമന്ത്രി പണറായി വിജയൻ വരെ അതിൽ ആരോപണ വിധേയനായട്ടുണ്ട്. 1999 ഡിസംബർ 31-ന് നടന്ന യുവമോർച്ചാ നേതാവ് കെ ടി ജയകൃഷ്ണന്റെ കൊലപാതകം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. 1995-ൽ നടന്ന സിഐടിയു പ്രവർത്തകൻ മാമൻ വാസുവിന്റെ കൊലപാതകത്തിനുള്ള തിരിച്ചടിയായാണ് ജയകൃഷ്ണൻ വധം വിലയിരുത്തപ്പെട്ടത്. മൊകേരി സ്‌കൂളിൽ ക്ലാസ് എടുത്തു കൊണ്ടിരിക്കുമ്പോഴാണ് വടിവാളുകളുമായി എത്തിയ ഒരു സംഘം അക്രമികൾ ജയകൃഷ്ണനെ കൊത്തി നുറുക്കിയത്. ഈ കൊലപാതകത്തിനുള്ള തിരിച്ചടിയായിരുന്നു സിപിഐഎം നേതാവ് പി ജയരാജനു നേർക്ക് നടന്ന വധശ്രമം. തൊട്ടടുത്ത തിരുവോണ നാളിലാണ് കിഴക്കേ കതിരൂരിലുള്ള സ്വന്തം വീട്ടിൽ വച്ച് ജയരാജനെ അക്രമി സംഘം വെട്ടിയരിയുന്നത്. അക്രമത്തിൽ അറ്റുപോയ കൈ തുന്നിച്ചേർത്തെങ്കിലും ജയരാജന് ഇന്ന് ശാരീരിക അവശതകൾ ഏറെയാണ്. ട്രെയിനിൽ വെടിയേറ്റ് പരിക്കുകളോടെ ജീവിക്കുന്ന ഇ പി ജയരാജനും കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന മുഖമാണ്.
തുടർന്നങ്ങോട്ടും കണ്ണൂരിൽ നിരവധിപേർക്ക് ജീവൻ പൊലിഞ്ഞു. നാനൂറിലധികം പേരാണ് ഇതുവരെ ഇവിടെ രാഷ്ട്രീയ കൊലപാതകങ്ങളിൽ കൊല്ലപ്പെട്ടത്. 2016ൽ ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവത്തുപോലും സമാധാന ചർച്ചയെന്ന ആശയം ആദ്യം മുന്നോട്ടു വച്ചിരുന്നു. തന്റെ ക്ഷണം സ്വീകരിച്ച് സംവാദത്തിന് എത്തിയവരുടെ ഒരു ചോദ്യത്തിന് മറുപടിയായാണ് കണ്ണൂരിൽ സമാധാനം ഉണ്ടാക്കാൻ ആർഎസ്എസ് തയ്യാറാണെന്ന് ഭാഗവത് പറഞ്ഞത്. ആർഎസ്എസ് നേതാവിന്റെ നിലപാട് സത്യസന്ധമാണെങ്കിൽ അതിനെ തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
സിപിഎമ്മിന്റെ മനസ്സുമാറ്റിയ പെരിയ ഇരട്ടക്കൊല
നേരിട്ടുള്ള ചർച്ച നടന്നില്ലെങ്കിലും കണ്ണൂർ ഏറെക്കുറേ ശാന്തമായിരുന്നു കഴിഞ്ഞ രണ്ടുമൂന്ന് വർഷങ്ങൾ കൊണ്ട്. പക്ഷേ ടിപി വധവും പെരിയ ഇരട്ടക്കൊലയും ഉണ്ടാക്കിയ പേരുദോഷം തന്നെയായിരുന്നു ഇതിന് പിന്നിൽ. പെരിയ ഇരട്ടക്കൊലക്കെതിരെ നടന്ന ജനരോഷമാണ് തങ്ങളുടെ ഉറച്ച സീറ്റായ കാസർകോട് ലോകസസഭാ സീറ്റ് നഷ്മാക്കിയതിന് കാരണങ്ങളിൽ ഒന്നായി സിപിഎം വിലയിരുത്തുന്നത്. അതോടെ എന്തുവിലകൊടുത്തും സമാധാനം വേണം എന്ന നിലപാടിലേക്ക് പാർട്ടി മാറിരുന്നു. അതിന്റെ ഗുണ ഫലം വടക്കെ മലബാറിൽ മൊത്തമായി കണ്ടുവരുന്നുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഒന്നും ഉണ്ടായിട്ടില്ല. അക്രമങ്ങളും ബോംബേറും തീവെപ്പുമെല്ലാം വല്ലാതെ കുറഞ്ഞു.
പക്ഷേ ഇതുകൊടുങ്കാറ്റിന് മുമ്പാണ്ടായിരുന്ന ശാന്തമാത്രമായിരുന്നോ. അതാണ് കതിരൂർ പൊന്ന്യത്തെ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തെ തുടർന്ന് ഉയരുന്ന ചോദ്യം. ഓരോ ഇടക്കാല സമാധാനങ്ങളും കഴിഞ്ഞ് ഞെട്ടിക്കുന്ന ഒരു രാഷ്ട്രീയ കൊലപാതകത്തിലേക്കാണ് കണ്ണൂർ ഉണരാറുള്ളത്. അണിയറൽ ആരോ ആയുധങ്ങൾ മൂർച്ചകൂട്ടുന്നുവെന്ന് ചുരുക്കം. അത് കണ്ടെത്താനുള്ള ആർജവമാണ് സംസ്ഥാന പൊലീസിന് ഉണ്ടാകേണ്ടത്. മലബാറിന്റെ സമാധനത്തിനായുള്ള സിപിഎം ശ്രമങ്ങൾ ആത്മാർഥമാണെങ്കിൽ അവർ പ്രതികൾക്ക് സംരക്ഷണം കൊടുക്കരുത്. അതുണ്ടാവുമോ എന്നാണ് സമാധാനപ്രേമികൾ ഉറ്റുനോക്കുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ