കണ്ണൂർ: തോട്ടടയിൽ കല്യാണ വീട്ടിൽ നടന്ന ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ പൊലീസ് അന്വേഷണത്തിൽ ഗുരുതരമായ വീഴ്‌ച്ചയെന്ന് ആരോപണം ശരിവെച്ച് പ്രതികൾക്ക് ജാമ്യം. കേസിലെ പ്രതികൾക്കെതിരെ 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപിക്കാൻ പൊലിസിന് കഴിയാഞ്ഞതോടെ അറസ്റ്റിലായ മുഴുവൻ പ്രതികൾക്കും സ്വാഭാവികമായ ജാമ്യം ലഭിച്ചത്. സംഭവത്തിൽ അറസ്റ്റിലായ എട്ടു പ്രതികൾക്കാണ് തലശ്ശേരി സെഷൻസ് കോടതി കഴിഞ്ഞ ദിവസംജാമ്യം അനുവദിച്ചത്.

കേസിൽ 90 ദിവസം പിന്നിട്ടിട്ടും യഥാസമയം കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് കോടതി നടപടി. 2020 ഫെബ്രുവരി 13നാണ് തോട്ടട അമ്മുപറമ്പിലെ കല്യാണ വീട്ടിൽ നടന്ന ബോംബേറിൽ യുവാവ് കൊല്ലപ്പെട്ടത്. കണ്ണൂർ ഏച്ചൂർ പരേതനായ ബാലകണ്ടി മോഹനനന്റെ മകൻ ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

എടക്കാട് പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാൽ, സംഭവം കഴിഞ്ഞ് അഞ്ചു മാസം പിന്നിട്ടിടും കേസിൽ കുറ്റപത്രം സമർപ്പിക്കാനോ മുഴുവൻ പ്രതികളെ പിടികൂടാനോ പൊലീസിന് സാധിക്കാത്തത് രാഷ്ട്രീയ സമ്മർദ്ദമാണെന്നാണ് ആരോപണം. തോട്ടട പന്ത്രണ്ടു കണ്ടിയിൽ നടന്ന ബോംബേറിൽ കൊല്ലപ്പെട്ട ജിഷ്ണുവും കേസിലെ പ്രതികളും ഡിവൈഎഫ്ഐ പ്രവർത്തകരാണ്. കണ്ണൂർ അസി. സിറ്റി പൊലിസ് കമ്മിഷണർ പി.പി സദാനന്ദന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.

സഖാക്കളായതു കൊണ്ടാണ് കേസിൽ മെല്ലേപ്പോക്ക് നയം എന്നാണ് ആക്ഷേപം. സംസ്ഥാനത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഈ ബോംബേറു കേസ്. രണ്ട് സംഘങ്ങളായി തിരുഞ്ഞുള്ള കശപിശയാണ് ബോംബേറിൽ കലാശിച്ചത്. സുഹൃത്തിന്റെ വിവാഹ ദിവസമായ ഞായറാഴ്ച തോട്ടട 12 കണ്ടിയിൽ ഏച്ചൂർ സംഘം എത്തിയതു കൃത്യമായ ആസൂത്രണത്തോടെ എന്നു പൊലീസിന്റെ കണ്ടെത്തൽ. ഏച്ചൂർ സംഘം 3 ബോംബുകളാണു കൈയിൽ കരുതിയിരുന്നതെന്നും മൂന്നും തോട്ടട സംഘത്തിനു നേരെ എറിഞ്ഞതായും സ്ഥിരീകരിച്ചു. ഒരു ബോംബ് പൊട്ടിയില്ല. രണ്ടാമത്തെ ബോംബ് പൊട്ടി. മൂന്നാമത്തേതാണു ലക്ഷ്യം തെറ്റി ജിഷ്ണുവിന്റെ തലയിൽ പതിച്ചത്. പൊട്ടാത്ത ബോംബ് സംഭവ സ്ഥലത്തു നിന്നു പൊലീസ് വീണ്ടെടുത്തിരുന്നു.

വിവാഹ വീട്ടിൽ തലേന്നു രാത്രിയിലെ ആഘോഷത്തിനിടെ മിഥുനെ തോട്ടട സംഘത്തിൽപ്പെട്ടയാൾ തല്ലിയെന്നും മിഥുൻ അയാളെ വാഹനത്തിന്റെ താക്കോൽ കൊണ്ട് കുത്തിയെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു വിവാഹദിവസം തിരിച്ചടിയുണ്ടായാൽ ബോംബെറിഞ്ഞ് എതിരാളികളെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഏച്ചൂർ സംഘം കാര്യങ്ങൾ ആസൂത്രണം ചെയ്തത്. പ്രതിരോധമെന്ന നിലയ്ക്കു മറ്റൊരു ഗുണ്ടാ സംഘത്തിന്റെ സഹായം ഏച്ചൂർ സംഘം തേടിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.