- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോംബേറ് പേടിക്കാതെ ബൂത്തിൽ പോകണമെങ്കിൽ കേന്ദ്ര സേന വേണം; കണ്ണൂരിൽ പ്രശ്‌ന ബൂത്തുകളുടെ കണക്കെടുക്കുന്നു; കേന്ദ്രസേന വേണമെന്ന കോൺഗ്രസിന്റെ ആവശ്യത്തെ പിന്തുണച്ച് ബിജെപിയും; ദേശീയ നേതൃത്വത്തോട് ആവശ്യം അറിയിച്ചു
കണ്ണൂർ: കണ്ണൂർ ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിന് കേന്ദ്രസേന വേണമെന്ന ആവശ്യം ബിജെപി. ജില്ലാ നേതാക്കൾ ദേശീയ സെക്രട്ടറി എച്ച് രാജയോട് ആവശ്യപ്പെട്ടു. സമാധാനപരമായ തെരഞ്ഞെടുപ്പിന് കേന്ദ്രസേന ആവശ്യമാണെന്നു കേന്ദ്ര നേതാക്കളെ ബോധ്യപ്പെടുത്തുമെന്ന് അദ്ദേഹം ബിജെപി. ജില്ലാ നേതാക്കൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ജില്ലയിൽ പലയിടത്തുനിന്നും ആയ
കണ്ണൂർ: കണ്ണൂർ ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിന് കേന്ദ്രസേന വേണമെന്ന ആവശ്യം ബിജെപി. ജില്ലാ നേതാക്കൾ ദേശീയ സെക്രട്ടറി എച്ച് രാജയോട് ആവശ്യപ്പെട്ടു. സമാധാനപരമായ തെരഞ്ഞെടുപ്പിന് കേന്ദ്രസേന ആവശ്യമാണെന്നു കേന്ദ്ര നേതാക്കളെ ബോധ്യപ്പെടുത്തുമെന്ന് അദ്ദേഹം ബിജെപി. ജില്ലാ നേതാക്കൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ജില്ലയിൽ പലയിടത്തുനിന്നും ആയുധശേഖരം പിടികൂടിയ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ അക്രമം അരങ്ങേറുമെന്ന ഭയം വ്യാപകമായിട്ടുണ്ട്. ജനങ്ങൾ വോട്ടു രേഖപ്പെടുത്താൻ ഭയമില്ലാതെ ബൂത്തുകളിൽ എത്തണമെങ്കിൽ സുരക്ഷാസംവിധാനം ഒരുക്കേണ്ടതുണ്ട്. നീതിപൂർവകമായ തിരഞ്ഞെടുപ്പു നടന്നാൽ ബിജെപി. ജില്ലയിൽ ശക്തി തെളിയിക്കുമെന്നും ജില്ലാനേതാക്കൾ എച്ച് രാജയെ ധരിപ്പിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽ എണ്ണൂറോളം പ്രശ്‌ന ബൂത്തുകൾ ഉണ്ടെന്ന കണക്കുകൂട്ടലിലേക്കാണ് ജില്ലാ പൊലീസിന്റെ അന്വേഷണ വിഭാഗം എത്തിച്ചേർന്നിട്ടുള്ളത്. ഇതിന്റെ കരടു രൂപം തയ്യാറായിട്ടുണ്ട്. പ്രശ്‌ന ബൂത്തുകൾ, പ്രശ്‌നസാധ്യതാ ബൂത്തുകൾ, പ്രശ്‌നബാധിത ബൂത്തുകൾ എന്നീ ക്രമത്തിൽ ലിസ്റ്റ് തയ്യാറാക്കി വരികയാണ്. മുൻകാലങ്ങളിൽ സംഘർഷവും കുഴപ്പവും നടന്ന ഇടങ്ങൾ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ട പട്ടുവം പഞ്ചായത്തിലെ അരിയിൽ ബൂത്ത് , ആന്തൂർ മുൻസിപ്പാലിറ്റിയിലെ നാല് ബൂത്തുകൾ എന്നിവ പ്രശ്‌നബാധിത ബൂത്തുകളിൽപ്പെടും. ഇരിട്ടിക്കടുത്ത പായം പഞ്ചായത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബാലറ്റ് പെട്ടി തട്ടിക്കൊണ്ടുപോയിരുന്നു. ഇതേ തുടർന്നുള്ള സംഘർഷത്തിൽ നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇത് പ്രശ്‌നബാധിത ബൂത്താണ്. തളിപ്പറമ്പ് നഗരസഭയിലെ കുപ്പം മുസ്ലിം ലീഗ് കേന്ദ്രമാണ്. ഇതും പ്രശ്‌നബൂത്തുകളിൽപ്പെടുന്നു. ഇവിടെ കള്ളവോട്ടു നടക്കാറുണ്ട്. ലീഗിന് മാത്രം ഭൂരിപക്ഷമുള്ള പ്രദേശമാണിത്. കൂത്തുപറമ്പ് മേഖലയിൽ ചെറുവാഞ്ചേരി പ്രശ്‌നകേന്ദ്രമാണ്. 95 ൽ ആറ് വയസ്സുകാരി അസ്‌നയെ ബോംബെറിഞ്ഞ് ഗുരുതരമായി പരിക്കേൽപ്പിച്ചത് പൂവത്തൂർ ബൂത്തിലാണ്. പാട്യം, പത്തായക്കുന്ന് എന്നീ സിപിഐ.(എം) കേന്ദ്രങ്ങളും പ്രശ്‌നമേഖലയാണ്. ഏതെങ്കിലും ഒരു പാർട്ടിക്ക് മാത്രം മഹാഭൂരിപക്ഷമുള്ള കേന്ദ്രത്തെയും പ്രശ്‌നമേഖലയായി കണക്കാക്കിയിട്ടുണ്ട്. അന്തിമ ലിസ്റ്റ് ഉടൻ പുറപ്പെടുവിക്കുമെന്നാണ് സൂചന.
കേന്ദ്രസേനയെ ജില്ലയിലെ തെരഞ്ഞെടുപ്പിനു നിയോഗിക്കണമെന്ന ആവശ്യം ആദ്യമായി ആവശ്യപ്പെട്ടത് കോൺഗ്രസ്സ് നേതാവ് കെ.സുധാകരനായിരുന്നു. ആന്തൂർ മുൻസിപ്പാലിറ്റിയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക നല്കാത്ത സംഭവം കോൺഗ്രസ്സിന് സംസ്ഥാനതലത്തിൽ അവമതിപ്പ് ഉണ്ടാക്കാൻ കാരണമായിരുന്നു. ഇതേ തുടർന്ന് സിപിഐ.(എം) നേതാവ് പി.ജയരാജനും കോൺഗ്രസ് നേതാവ് കെ.സുധാകരനും തമ്മിൽ വാക്ക് പോരും നടന്നു. ആന്തൂർ വിഷയത്തിൽ കോൺഗ്രസ്സിൽ സംഭവിച്ച പരാജയത്തിൽ നിന്നും കരകയറാൻ കെ.സുധാകരൻ കണ്ണൂരിൽ കേന്ദ്രസേനയെ തിരഞ്ഞെടുപ്പിനു നിയോഗിച്ചാൽ കോൺഗ്രസ്സ് ശക്തി തെളിയിക്കുമെന്നും സിപിഐ.(എം) ന്റെ അവസ്ഥ അപ്പോൾ കാണാമെന്നും പറയുകയുണ്ടായി.
തൊട്ടടുത്ത ദിവസം തന്നെ കേന്ദ്രസേന കണ്ണൂരിലെ തിരഞ്ഞെടുപ്പു നിയന്ത്രിക്കണമെന്ന ആവശ്യവുമായി ബിജെപി. ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്തും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ബിജെപി. നേതാവ് എച്ച് രാജക്ക് മുമ്പാകെ വിഷയം അവതരിപ്പിച്ചതോടെ കണ്ണൂരിൽ കേന്ദ്രസേനയെ നിയോഗിക്കാൻ സാധ്യത തെളിയുകയാണ്. ബീഹാറിൽ തിരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ ആവശ്യമായ അത്രയും സേനയെ നല്കാനാവില്ലെന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ. എന്നാൽ കണ്ണൂർ ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയിലേക്ക് മാത്രമായി കേന്ദ്രസേനയെ എത്തിക്കാൻ കേന്ദ്ര നേതാക്കളോട് ശുപാർശ ചെയ്യുമെന്ന് എച്ച് രാജ കണ്ണൂരിലെ ബിജെപി. നേതാക്കൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം കൂത്തുപറമ്പ് പഴയ നിരത്തിലെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ നിന്നും ആയുധശേഖരം പിടിച്ചെടുത്ത സ്ഥലം തിരഞ്ഞെടുപ്പു നിരീക്ഷകർ സന്ദർശിച്ചു. ബോംബുകളും പിസ്റ്റളും വടിവാളുകളുമാണ് ഇവിടെനിന്നും പൊലീസ് കണ്ടെടുത്തത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഈ സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് തിരഞ്ഞെടുപ്പു നിരീക്ഷകനായ സിയോൾ പാട്ടീൽ പറഞ്ഞു. തിരഞ്ഞെടുപ്പു രംഗം സമാധാനപൂർണ്ണമാക്കാൻ ഈ മേഖലയിൽ ഗൗരവത്തോടെതന്നെ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി ആയിത്തറ, കൈതേരി, കൂത്തുപറമ്പ്, എന്നിവിടങ്ങളിൽ പൊലീസ് സംഘം തെരച്ചിൽ നടത്തി. തുടർ ദിവസങ്ങളിൽ ഊർജിതമായ പരിശോധന നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ നിലവിലുള്ള സാഹചര്യത്തിൽ കേന്ദ്ര സേന തിരഞ്ഞെടുപ്പു ക്രമസമാധാനം നിലനിർത്താൻ എത്തണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. കോൺഗ്രസ്സും ബിജെപി.യും അതിനെ പിൻതുണക്കുന്നുണ്ട്. എന്നാൽ സിപിഐ.എം ഏതു സേന എത്തിയാലും ഒരു പ്രശ്‌നവുമില്ലെന്ന അഭിപ്രായക്കാരാണ്.
മഹാനവമി പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (വ്യാഴം) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ