- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ രാഷ്ട്രീയ അക്രമങ്ങൾക്കു കുട്ടിക്കുറ്റവാളികളെ ഉപയോഗിക്കുന്നു; വധശ്രമക്കേസിലും ബോംബേറിലും ബോംബ് നിർമ്മാണക്കേസിലും കുട്ടികൾ; അക്രമികളുടെ വരുംതലമുറയെ വാർത്തെടുക്കാൻ രാഷ്ട്രീയക്കാരുടെ ശ്രമം
കണ്ണൂർ: രാഷ്ട്രീയക്രിമിനലുകൾക്കൊപ്പം കുട്ടിക്കുറ്റവാളികളും അക്രമരാഷ്ട്രീയത്തിന്റെ പാതയിൽ. അക്രമരാഷ്ട്രീയത്തിന് കുപ്രസിദ്ധിയാർജിച്ച കണ്ണൂർ ജില്ലയിലെ പാനൂരിലാണ് കുട്ടിക്കുറ്റവാളികളുടെ അരങ്ങേറ്റം മൂലം ശ്രദ്ധേയമാവുന്നത്. പെരിങ്ങളം ഗ്രാമപഞ്ചായത്തംഗവും കോൺഗ്രസ് പാനൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ കെ.പി. ഹാഷിമിനെ വധ
കണ്ണൂർ: രാഷ്ട്രീയക്രിമിനലുകൾക്കൊപ്പം കുട്ടിക്കുറ്റവാളികളും അക്രമരാഷ്ട്രീയത്തിന്റെ പാതയിൽ. അക്രമരാഷ്ട്രീയത്തിന് കുപ്രസിദ്ധിയാർജിച്ച കണ്ണൂർ ജില്ലയിലെ പാനൂരിലാണ് കുട്ടിക്കുറ്റവാളികളുടെ അരങ്ങേറ്റം മൂലം ശ്രദ്ധേയമാവുന്നത്. പെരിങ്ങളം ഗ്രാമപഞ്ചായത്തംഗവും കോൺഗ്രസ് പാനൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ കെ.പി. ഹാഷിമിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരു കുട്ടിക്കുറ്റവാളികൂടി ഉൾപ്പെട്ടത് വീണ്ടും ഒരു തലമുറ കൂടി ക്രിമിനൽവൽക്കരിക്കപ്പെടുന്നതിന്റെ സൂചനയാണ്. ബൈക്ക് തടഞ്ഞു നിർത്തി ഇരുമ്പു വടികൊണ്ടുള്ള അക്രമത്തിൽ പരിക്കേറ്റ ഹാഷിം ആശുപത്രിയിൽ കഴിയുകയാണ്. സംഭവത്തിൽ 9 സിപിഐ(എം) പ്രവർത്തകർക്കെതിരെയുള്ള കേസിൽ അറസ്റ്റിലായത് ഒരു കുട്ടിയാണ്.
പാനൂർ മേഖലയിൽ സമീപകാലത്ത് മറ്റു നാലു കുട്ടികൾ രാഷ്ട്രീയ കുറ്റകൃത്യമുൾപ്പെടെ ചെയ്ത് പൊലീസ് പിടിയിലായവരാണ്. പാനൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പാലത്തായിയിൽ മുസ്ലിം ലീഗിന്റെ പ്രതിഷേധപ്രകടനത്തിനിടയിൽ നിന്നുണ്ടായ ബോംബേറിൽ രണ്ടു ഡിവൈഎഫ്ഐ. പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടത് രണ്ടു കുട്ടികളായിരുന്നു. അറസ്റ്റ് ചെയ്ത ശേഷം ജുവനൈൽ ഹോമിൽ റിമാൻഡിലായ രണ്ടുപേരും ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികളായിരുന്നു. വധശ്രമകേസിൽപ്പെട്ട രണ്ടു കുട്ടികളും റിമാൻഡ്് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയിരിക്കയാണ്.
ചൊക്ലി ടൗണിൽ സമീപത്തെ ഒരു വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിക്കപ്പെട്ട സംഭവത്തിലും ഒരു കുട്ടി തന്നെയായിരുന്നു പ്രതിസ്ഥാനത്തുള്ളത്. സിപിഐ(എം). നേതാവിന്റെ വീട്ടുമുറ്റത്തുനിന്നും അർദ്ധരാത്രിയോടെ മോഷ്ടിച്ച ബൈക്കിന്റെ അന്വേഷണത്തിനൊടുവിൽ എത്തിച്ചേർന്നത് ഒരു +1 വിദ്യാർത്ഥിയിലേക്കായിരുന്നു. കുട്ടിയെന്ന മാനുഷിക പരിഗണന വച്ച് സിപിഐ(എം) നേതാവ് പരാതി പിൻവലിക്കുകയായിരുന്നു. കൊളവല്ലൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ അടുത്ത കാലത്തുണ്ടായ ബോംബു സ്‌ഫോടനത്തിലും ഒരു കുട്ടി ക്രിമിനലുണ്ടായിരുന്നു.
കാക്രോട്ട് കുന്നിൽ വച്ച് നിർമ്മാണത്തിനിടയിലുണ്ടായ സ്‌ഫോടനത്തിൽ രണ്ടു സിപിഐ(എം) പ്രവർത്തകർ മരിച്ച സംഭവത്തിലായിരുന്നു പ്രായപൂർത്തിയാകാത്ത ആൾ കൂടി ഉണ്ടായതെന്ന് തിരിച്ചറിഞ്ഞത് . ഈ കുട്ടി അറസ്റ്റിലാവുകയും പിന്നീട് റിമാൻഡ് ചെയ്യപ്പെടുകയും ചെയ്തു. കുട്ടികൾ ഇത്തരം സംഭവങ്ങളിൽ പിടിയിലായതിനെ രാഷ്ട്രീയ കക്ഷികൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. രാഷ്ട്രീയ പാർട്ടികൾ വരുംതലമുറയിലേക്ക് ക്രിമിനലിസം കുത്തിത്തിരുകുന്നതിന്റെ സൂചനയായി വേണം കുട്ടികളുടെ ഇത്തരത്തിലുള്ള പങ്കാളിത്തത്തിനു കാരണമാവുന്നത്.
കുട്ടികളെ പിടികൂടി ചെറുപ്പെന്നേ ക്രിമിനൽവൽക്കരിക്കാൻ രാഷ്ട്രീയപാർട്ടികൾ ബോധപൂർവ്വം ശ്രമിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് പാനൂർ മേഖലയിലെ കുട്ടിക്കുറ്റവാളികൾ. സമീപകാലത്ത് നടന്ന തെളിയിക്കപ്പെട്ട സംഭവങ്ങൾ മാത്രമാണിത്. പിടികൂടപ്പെടാത്ത കുറ്റകൃതൃങ്ങളിൽ എത്ര കുട്ടികൾ പങ്കാളികളാണെന്നത് വ്യക്തമല്ല. എന്നാൽ അക്രമ സാഹചര്യം കണക്കിലെടുക്കുമ്പോൾ കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കാനുള്ള പ്രേരണ രാഷ്ട്രീയ പാർട്ടികൾ നൽകുന്നതിന്റെ സൂചനയാണിത്. ഈ പ്രവണതയെ മുളയിലേ നുള്ളിയില്ലെങ്കിൽ വരും തലമുറയിലും അക്രമങ്ങൾക്ക് വിരാമമിടാനാവില്ല.