കണ്ണൂർ:കോൺഗ്രസ് നിയന്ത്രിത വനിതാ സഹകരണസംഘം ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവും കണ്ണൂർ കോർപ്പറേഷൻ കിഴുന്ന ഡിവിഷൻ മുപ്പത്തിയാറാംവാർഡ് കൗൺസിലറുമായ പി വി കൃഷ്ണകുമാറിന് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് ജാമ്യം നൽകിയതിനെതിരെ പൊലിസ് ഹർജി നൽകും.

കൃഷ്ണകുമാർ യുവതിയെ പീഡിപ്പിച്ചതായുള്ള വ്യക്തമായ സി.സി.ടി.വി ക്യാമറ ദൃശ്യമുണ്ടെന്നാണ് പൊലിസിന്റെ നിലപാട്. ഈക്കാര്യം റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലിസ് പറയുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലിസിന്റെ വാദം. അറസ്റ്റു ചെയ്തു മണിക്കൂറുകൾക്കുള്ളിൽ തന്നെ കുറ്റാരോപിതന് ജാമ്യം ലഭിച്ചത് പൊലിസിന് കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

പീഡനകേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ബംഗ്ളൂരിൽ നിന്നും എടക്കാട് പൊലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള വനിതാ സഹകരണസംഘം ശാഖാ ഓഫീസിൽ ജൂലൈ 15നാണ് കേസിനാസ്പദമായസംഭവം. സംഘത്തിലെ മുൻ ജീവനക്കാരനായ കൃഷ്ണകുമാർ യുവതിയെ കടന്നുപിടിച്ചെന്നും എതിർത്തപ്പോൾ ബലംപ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമായിരുന്നു പരാതി.

എടക്കാട് പൊലീസ് കേസെടുത്തതോടെ ഒളിവിൽപോയി. ബംഗളൂരു, ഗൂഡല്ലൂർ, ഹൈദരാബാദ്, വയനാട് എന്നിവിടങ്ങളിലെ ലോഡ്ജുകളിലാണ് ഒളിച്ചുകഴിഞ്ഞത്. മുൻ കൂർ ജാമ്യഹർജി ജില്ല സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു.ഇതിനെ തുടർന്നാണ് കൃഷ്ണകുമാർ ഒളിവിൽ പോയത്. പീഡനക്കേസിൽപ്രതിയായതിനെ തുടർന്ന് ഇയാളെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഡി.സി.സി പുറത്താക്കിയിരുന്നു. ഒളിവിൽ കഴിയവേ കണ്ണൂരിലുള്ള ഒരു പെൺസുഹൃത്തുമായി കൃഷ്ണകുമാർഫോണിൽ സംസാരിച്ചതാണ് കേസിൽ വഴിത്തിരിവായത്.

പൊലിസ് ഫോൺലൊക്കേഷൻ പരിശോധിച്ചപ്പോൾ കൃഷ്ണകുമാർ ബംഗ്ളൂരിലുണ്ടെന്ന് വ്യക്തമായി. ഇതേ തുടർന്ന് എടക്കാട് പൊലിസ് ബംഗ്ളൂരിലേക്ക് പോകുന്നതിനിടെ ഇയാൾ കണ്ണൂരിലേക്ക് മടങ്ങിവരുന്നതായിപൊലിസിന് വിവരം ലഭിച്ചു. ഇതേ തുടർന്ന് കണ്ണൂരിലേക്കുള്ള വഴിമധ്യേ കൃഷ്ണകുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരന്നു. ഇതിനെ തുടർന്നാണ് കൃഷ്ണകുമാറിനെ കോടതിയിൽ ഹാജരാക്കിയത്. വയനാട്ടിലെ മാനന്തവാടിയിലും ഗൂഡല്ലൂര്, ചെന്നൈ,തിരിപ്പൂർ, ബംഗളൂര് എന്നിവടങ്ങളിൽ ഇയാൾ മാറിമാറി താമസിച്ചതായി പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.

തലശേരി കോടതി മുൻകൂർ ജാമ്യഹരജി തള്ളിയതിനെ തുടർന്നാണ് കൃഷ്ണകുമാർ ഒളിവിൽ പോയത്. ഇതിനിടെ പീഡനകേസിൽ പ്രതിയായ കൗൺസിലർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ കോർപറേഷനിലെ പ്രതിപക്ഷമായ എൽ.ഡി. എഫ് പ്രതിഷേധസമരത്തിലാണ്.വരും നാളുകളിൽ സമരം ശക്തിപ്രാപിക്കുമെന്നാണ് വിവരം.