കണ്ണൂർ : കോവിഡ് മാരക വൈറസിനെ പ്രതിരോധിക്കുന്നതിൽ ഏറ്റവും ഫലപ്രദമായ മാർഗം രോഗബാധിത പ്രദേശങ്ങളെ കണ്ടെയിന്മെന്റ് സോണുകളായി തിരിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തലാണെന്ന് കേന്ദ്ര പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു. ഇതുൾപ്പെടെയുള്ള കോവിഡ് പ്രതിരോധത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കണ്ണൂർ ജില്ലയിൽ നടക്കുന്നതെന്നും അവർ പറഞ്ഞു. ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകൾ സന്ദർശിച്ച ശേഷം ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന അവലോകന യോഗത്തിലാണ് കേന്ദ്രസംഘം ഇക്കാര്യം വ്യക്തമാക്കിയത്.

സപ്തംബർ ഒക്ടോബർ മാസത്തോടെ മാത്രമേ രാജ്യത്ത് സമ്പൂർണമായി കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്നത് പൂർത്തിയാക്കാനാവൂ എന്നാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ മൂന്നാം തരംഗത്തെ നേരിടാൻ ശക്തമായ പ്രതിരോധ നടപടികളാണ് പ്രധാനം. വാക്സിനേഷൻ പൂർത്തിയായാൽ പോലും അത് സമ്പൂർണ പ്രതിരോധം നൽകുമെന്ന് ഇപ്പോൾ പറയാനാവില്ല. ഇത്തരമൊരു സാഹചര്യത്തിൽ രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ കണ്ടെയിന്മെന്റ് സോണുകളായി തിരിച്ച് നിയന്ത്രണം ശക്തിപ്പെടുത്തുക മാത്രമാണ് കൊവിഡിനെ പിടിച്ചുകെട്ടാനുള്ള ഫലപ്രദമായ മാർഗം.

ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിൽ കുറ്റമറ്റ രീതിയിലാണ് കണ്ടെയിന്മെന്റ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്താനായതായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഡി.എം. സെൽ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. പി രവീന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ ജില്ലയെ അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യ, സന്നദ്ധ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങി എല്ലാവർക്കും ഇതേക്കുറിച്ച് കൃത്യമായ അവബോധമുണ്ട്. നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ നല്ല ജാഗ്രതയും പ്രതിബദ്ധതയുമാണ് അവർ കാണിക്കുന്നത്. നഗരപ്രദേശങ്ങളിൽ കണ്ടെയിന്മെന്റ് സോണുകൾ കുറച്ചുകൂടി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രോഗവ്യപാനം തടയാൻ കണ്ടെയിന്മെന്റിനൊപ്പം ഹോംകെയർ സംവിധാനം കുറേക്കൂടി കർശനമാക്കണം. കൊവിഡിന്റെ മൂന്നാംതരംഗം ഉണ്ടാവാനുള്ള സാധ്യത മുന്നിൽക്കണ്ട് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലെ ഐസിയു പ്രവേശനം നിരന്തരം നിരീക്ഷിക്കണം. രോഗവ്യാപനം തീവ്രമായാൽ നേരിടാൻ കഴിയും വിധം അധിക മനുഷ്യശേഷിയും ആശുപ്രതി സൗകര്യങ്ങളും മുന്നൊരുക്കമെന്ന നിലയിൽ തയ്യാറാക്കി നിർത്തണമെന്ന് സംഘം നിർദേശിച്ചു. ആവശ്യമെങ്കിൽ ഐസിയു സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം. ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മൂന്നാം തരംഗം മുന്നിൽക്കണ്ട് ആവശ്യമായ പരിശീലന പരിപാടികൾ സംഘടിപ്പിക്കണമെന്നും സംഘം നിർദ്ദേശിച്ചു.

ഞായറാഴ്ച വൈകിട്ടോടെ ജില്ലയിലെത്തിയ സംഘം ജില്ലാ കലക്ടർ ടി വി സുഭാഷുമായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും കലക്ടറേറ്റിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡോ. പി രവീന്ദ്രനു പുറമെ, കോഴിക്കോട് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അഡീഷണൽ ഡയറക്ടർ ഡോ. കെ രഘുവും കേന്ദ്ര സംഘത്തിലുണ്ടായിരുന്നു. ജില്ലയിൽ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ജില്ലാ കലക്ടർ സംഘത്തെ ധരിപ്പിച്ചു.

അഞ്ചരക്കണ്ടി, എളയാവൂർ പ്രദേശങ്ങളിലെ കണ്ടെയിന്മെന്റ് സോണുകളും കണ്ണൂർ ഗവ. മെഡിക്കൽ കോളേജുമാണ് സംഘം സന്ദർശിച്ചത്. അസിസ്റ്റന്റ് കലക്ടർ മുഹമ്മദ് ശഫീഖ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. എം പ്രീത, ഡിപിഎം ഡോ. പി കെ അനിൽ കുമാർ തുടങ്ങിയവർ സംഘത്തോടൊപ്പമുണ്ടായിരുന്നു. സംഘം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ സൗകര്യങ്ങൾ വിലയിരുത്തി. സൂപ്രണ്ട് ഡോ. കെ സുദീപ്, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എസ് അജിത്, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എ കെ ജയശ്രീ എന്നിവരുമായി ചർച്ച നടത്തി. തിങ്കളാഴ്‌ച്ച ഉച്ചയോടെ കേന്ദ്ര സംഘം കാസർക്കോട്ടേക്ക് തിരിച്ചു.