പയ്യന്നൂർ: സിപിഎം ഉരുക്ക് കോട്ടയെന്നറിയപെടുന്ന കണ്ണൂരിൽ പാർട്ടിയിൽ കൂട്ടത്തോടെ അച്ചടക്ക നടപടി. ഡി.വൈ എഫ് ഐ വനിതാ നേതാവിന് അശ്‌ളീല സന്ദേശമയച്ച സിപിഎം നേതാവിനെതിരെ പരാതിപ്പെട്ടതിന് എട്ട് സി.പിഎം നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ പാർട്ടി ഏരിയാ കമ്മിറ്റി ശുപാർശ ചെയ്തു.

മൂന്ന് ലോക്കൽ കമ്മിറ്റിയംഗങ്ങൾ, മൂന്ന് മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങൾ രണ്ട് പാർട്ടി മെംബർമാർ എന്നിവർക്കെതിരെയാണ് നടപടി. നേരത്തെ ആലപ്പടമ്പ് വെസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം പി.ഗോപിനാഥിനെ കമ്മിറ്റിയിൽ നിന്നും പുറത്താക്കിയിരുന്നു. രണ്ട് ലോക്കൽ കമ്മിറ്റിയംഗങ്ങളെ പരസ്യമായി ശാസിച്ചു. രണ്ട് പാർട്ടി അംഗങ്ങളെ അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു രണ്ട് പാർട്ടി അംഗങ്ങളെ താക്കീത് ചെയ്തിട്ടുണ്ട്.

ആരോപണ വിധേയനായ ഏരിയാ കമ്മിറ്റിയംഗമായ സുനിൽ കുമാറിനെ നേരത്തെ തരം താഴ്‌ത്തിയിരുന്നു. പക്ഷെ ഇയാളിപ്പോഴും കാങ്കോൽ - ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്റായി തുടരുകയാണ് ഈ സ്ഥാനത്ത് നിന്ന് നീക്കാർ പാർട്ടി ഇതുവരെ തയ്യാറായിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ഏരിയാ സെക്രട്ടറി സി.സത്യപാലിനെതിരെ പരസ്യ വിമർശനം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നടത്തിയ വർക്കെതിരെയാണ് നടപടിയെടുത്തത്.

രണ്ടു വർഷം മുൻപാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം ഉണ്ടായത്. ഡി.വൈ എഫ്. ഐ വനിത നേതാവിന് സുനിൽകുമാർ അശ്‌ളീല സന്ദേശമയച്ചുവെന്നാണ് ആരോപണം. ഈ വനിത നേതാവ് തന്നെയാണ് ഈ കാര്യം പാർട്ടിയെ അറിയിക്കുന്നത് വാട്‌സ് ആപ്പ് സന്ദേശമടക്കം ഏരിയാ സെക്രട്ടറിക്ക് കൈമാറിയിരുന്നു. എന്നാൽ രണ്ടു വർഷമായിട്ടും നടപടി സ്വീകരിക്കാൻ തയ്യാറായില്ല.

ആരോപണ വിധേയനായ സുനിൽ കുമാറിനെ കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുകയും കാങ്കോൽ - ആലപ്പടമ്പ് പഞ്ചായത്തിന്റെ സെക്രട്ടറിയാക്കിയതുമാണ് പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കിയത്. ഇതേ തുടർന്നാണ് യുവതി തനിക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ സഹിതം ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയത്. തുടർന്നാണ് സുനിൽ കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.