കണ്ണൂർ: പാർട്ടിക്കുള്ളിലെ പടലപിണക്കവും തൊഴുത്തിൽ കുത്തും അലക്കി വെളുപ്പിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം സമാപിച്ചു. ചരിത്രത്തിലാദ്യമായാണ് തുറന്ന ചർച്ചകളും വിമർശനങ്ങളും കൊണ്ടു സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇത്ര മുഖരിതമായതെന്നാണ് സൂചന. പാർട്ടി നേതാക്കൾ തമ്മിലുള്ള ഉൾ പ്പോര് എന്തു തന്നെയായാലും ചൊവ്വാഴ്‌ച്ച നടക്കുന്ന ജില്ലാ കമ്മിറ്റിയിലെത്തിക്കരുതെന്ന ദൃഢനിശ്ചയത്തിലായിരുന്നു മേൽ കമ്മിറ്റിയെ പ്രതിനിധീകരിച്ചു കൊണ്ട് യോഗത്തിൽ പങ്കെടുത്ത പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ.

ഹയാനുള്ളത് ആർക്കും എന്തും ഇപ്പോൾ തുറന്നു പറയാമെന്ന കോടിയേരിയുടെ തുറന്ന സമീപനമാണ് കാര്യങ്ങൾ വെട്ടി തുറന്ന് പറയാൻ പ്രേരണയായത്. ചൊവ്വാഴ്‌ച്ച നടക്കുന്ന ജില്ല കമ്മിറ്റി യോഗത്തിൽ പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങളുണ്ടെന്ന പ്രതീതി സൃഷ്ടിക്കരുതെന്നും കോടിയേരി ആവശ്യപ്പെട്ടു. ഇതോടെയാണ് പാർട്ടി സമ്മേളനങ്ങൾ എന്ന അജൻഡ വെച്ചു ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം മറ്റു കാര്യങ്ങളിലേക്ക് വഴുതിമാറിയത്. ആദ്യം പ്രശ്‌നങ്ങൾ ചർച്ച ചെയ്യു അതിനു ശേഷം പാർട്ടി സമ്മേളനം ചർച്ച ചെയ്യാമെന്നായിരുന്നു കോടിയേരിയുടെ ലൈൻ.

എല്ലാവരും പറയുന്ന കാര്യങ്ങൾ അതീവ സുഷ്മതയോടെ കുറിച്ചെടുത്ത കോടിയേരി ഇതിൽ പ്രധാനപ്പെട്ടവ മേൽ കമ്മിറ്റിയെ അറിയിക്കുമെന്നും ഉറപ്പു നൽകി. ഇതോടെയാണ് ജില്ലാ സെക്രട്ടറിയേറ്റിൽ തുറന്ന ചർച്ചയ്ക്കു വേദിയൊരുങ്ങിയത്. പാർട്ടിയിൽ തന്നെക്കാൾ ജൂനിയറായ ആളുകൾക്ക് സംസ്ഥാന തലത്തിൽ വർഗ ബഹുജന സംഘടനകളുടെ നേതൃസ്ഥാനം കിട്ടുമ്പോൾ തന്നെ തഴയുകയാണെന്നാണ് കുത്തുപറമ്പ് മേഖലയിലെ ഒരു പ്രമുഖ നേതാവിന്റെ ആരോപണം ഈ കാര്യത്തിലുള്ള നീരസം അദ്ദേഹം മറച്ചുവെച്ചതുമില്ല. പി.ജയരാജനെതിരെ വലതുപക്ഷ മാധ്യമങ്ങൾ കൊണ്ടുവന്ന അർജുൻ ആയങ്കി- ആകാശ് തില്ലങ്കേരിമാരുമായുള്ള ബന്ധമെന്ന കെട്ടുകഥ പാർട്ടി നേതൃത്വത്തിലുള്ള ചിലർ പോലും വിശ്വസിക്കുകയാണെന്നും അഭിപ്രായമുയർന്നു.

കോവിഡ് കാലത്ത് സർക്കാർ സംവിധാനങ്ങൾക്കു പരിയായി ജയരാജൻ നേതൃത്വം നൽകിയ ഐ.ആർ.പി.സിക്ക് നിരവധി പ്രവർത്തനങ്ങളിലൂടെ പൊതു സമൂഹത്തിന്റെ കൈയടി നേടാൻ കഴിഞ്ഞുവെങ്കിലും പാർട്ടിക്ക് അതുപയോഗിക്കാൻ കഴിഞ്ഞില്ലെന്നും ഈ കാര്യത്തിൽ വേണ്ടത്ര പിൻതുണ നൽകാൻ കഴിഞ്ഞില്ലെന്നും വിമർശനമുയർന്നു. സംസ്ഥാന നേതാവെന്ന നിലയിൽ ജയരാജനെ ശാസിച്ചുവെന്ന വാർത്ത തിരുവനന്തപുരത്ത് തടന്ന സംസ്ഥാന കമ്മിറ്റിക്ക് ശേഷം എങ്ങനെയാണ് പുറത്തു വന്നതെന്ന ചോദ്യവും ഉയർന്നു.

പാർട്ടിയിലും സർക്കാരിലും പുതുമുഖങ്ങളെ കൊണ്ടുവരുന്നത് സ്വാഗാർഹമാണെങ്കിലും കഴിവു തെളിയിച്ച നേതാക്കളെ മാറ്റിനിർത്തുന്നത് ശരിയായ പ്രവണതയല്ലെന്ന വിമർശനവും യോഗത്തിൽ ഉയർന്നു വന്നു. ഇ പി ജയരാജനെയും കെ.കെ ശൈലജയെയും രണ്ടു ടേമിന്റെ പേരിൽ മന്ത്രിസഭയിൽ നിന്നും മാറ്റി നിർത്തിയതിനെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടായിരുന്നു വിമർശനം. എന്നാൽ സംസ്ഥാന - കേന്ദ്ര കമ്മിറ്റിയംഗങ്ങളെന്ന നിലയിൽ പി.ജയരാജനോ ഇ പി യോ, പി.കെ ശ്രീമതിയോ എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ ചർച്ചയിൽ അവരുടെ അഭിപ്രായങ്ങൾ പറയാതെ പൊതു വിഷയങ്ങൾ കേന്ദ്രീകരിച്ച് സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യമാണ് ചുണ്ടിക്കാട്ടിയത്.

സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഒരു ടേം കുടി പരിഗണിക്കാൻ സാധ്യതയുള്ള കോടിയേരിയുടെ സാന്നിധ്യവും സമവായത്തോടെയുള്ള ഇടപെടലും കണ്ണുർ ജില്ലാ നേതൃത്വത്തിൽ ഉരുണ്ടുകൂടിയ അസ്വാരസ്വങ്ങളെ ഒരു പരിധി വരെ ഇല്ലാതാക്കിയാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം സമാപിച്ചത്. ചർച്ചയുടെ സ്പിരിറ്റ് ഉൾകൊണ്ടു കൊണ്ട് ചൊവ്വാഴ്‌ച്ച നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിലും കോടിയേരി പങ്കെടുക്കുന്നുണ്ട്.