കണ്ണൂർ: കണ്ണൂർ ജില്ലയിലെ പാർട്ടി ഗ്രാമങ്ങളിൽ വെടിമുഴങ്ങുന്നു. പുറമേ നിന്നും ഈച്ചപ്പോലും കയറാത്ത പാർട്ടി ഗ്രാമങ്ങളിൽ തോക്കു പരിശീലനം നടക്കുന്നുവെന്ന വിവരം ലഭിച്ചിട്ടും പൊലിസിന് നടപടിയെടുക്കാൻ കഴിയുന്നില്ല. കണ്ണുർ ജില്ലയിലെ കൂത്തുപറമ്പ് മേഖലയിൽ മാത്രം ഇരുപതോളം രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികളാണ് കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് പരോളിലിറങ്ങിയത്. എന്നാൽ കോവിഡ് വ്യാപനത്തിൽ അയവു വന്നിട്ടും ഇവരുടെ പരോൾ റദ്ദാക്കിയിട്ടില്ല.

പാർട്ടി ഗ്രാമങ്ങളിൽ ഇത്തരം കൊലക്കേസ് പ്രതികളുടെ നേതൃത്വത്തിലാണ് തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ചു പരിശീലനം നടത്തുന്നത്. ഇപ്പോൾ സമാധാന അന്തരിക്ഷം നിലനിൽക്കുന്നുണ്ടെങ്കിലും വരാൻ പോകുന്ന കാലങ്ങളിൽ സാഹചര്യം മാറുകയാണെങ്കിൽ കാലേക്കൂട്ടി ഒരുങ്ങുകയെന്ന ദീർഘവീക്ഷണവും ഈ പരിശീലനത്തിനുണ്ട്. ബോംബ് നിർമ്മാണത്തിനും വെട്ടിനും കൊലയ്ക്കും പേരെടുത്ത രാഷ്ട്രീയ ക്രിമിനലുകൾ അകത്തായതു കാരണം ആക്ഷൻ നടപ്പിലാക്കുന്നവരിൽ വൻ ക്ഷാമം തന്നെ ഇപ്പോൾ പലരും അനുഭവിക്കുന്നുണ്ട്.

അതു കൊണ്ടു തന്നെ ഇവരിൽ നിന്നും സായുധ വിദ്യകളും കൊലപാതക രീതികളും പഠിച്ചെടുക്കുന്നതിന് രണ്ടാം തലമുറയ്ക്കുള്ള പരിശീലനം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ് ഇതിന്റെ ഭാഗമായി പാർട്ടി ഗ്രാമങ്ങളിലെ പല കേന്ദ്രങ്ങളിലും ബോംബ് നിർമ്മാണ സ്‌കുളുകളും തുടങ്ങിയിട്ടുണ്ട്. എന്നാൽ പാർട്ടി ക്വട്ടേഷൻ ടീമുകളിലെ അച്ചടക്കമില്ലായ്മയും മദ്യപാനമടക്കമുള്ള ദുശീലങ്ങളും നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. ലഹരി മുക്കുമ്പോൾ ഇവർ തമ്മിൽ ചേരിപ്പോരും സായുധ കലാപവും പതിവാണ്.

ടിപി കേസ് പ്രതികൾ അടക്കം പരോളിലാണ്. കണ്ണവം കുത്തുപറമ്പ് പൊലിസ് സ്റ്റേഷൻ പരിധികളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. കണ്ണവം മെടോളിയിൽ യുവാവിന് വെടിയേറ്റ സംഭവത്തെ കുറിച്ചു പൊലിസ് അന്വേഷണം നടത്തിവരികയാണ്. കണ്ണവം സി .ഐ ടി.വി പ്രഭീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി വരുന്നത്. കണ്ണുരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് മുതുകത്താണ് വെടിയേറ്റത്.എന്നാൽ ഇയാൾക്ക് വെടി കൊണ്ടതോക്ക് പിടികൂടാൻ കഴിഞ്ഞിട്ടില്ല.

സിപിഎം പാർട്ടി ഗ്രാമമായ ചിറ്റാരിപ്പറമ്പിൽ കഴിഞ്ഞ മാസം പൊലിസ് പട്രോളിങ് നടത്തവേ കണ്ണവം ഗ്രേഡ് എസ്‌ഐയെ പരോളിലിറങ്ങിയ രാഷ്ട്രീയ കൊലക്കേസ് പ്രതികളുടെ നേതൃത്വത്തിൽ കൃത്യനിർവഹണത്തിനിടെ തല്ലി പരുക്കേൽപ്പിച്ചിരുന്നു. ഈ സംഭവത്തിൽ ഇരുപതോളം പേർക്കെതിരെ കേസെടുത്ത കണ്ണവം സി .ഐയെയെ സ്ഥലം മാറ്റിയിരുന്നു.

ഇദ്ദേഹത്തെ കണ്ണുർ സ്‌പെഷ്യൽ ബ്രാഞ്ചിലേക്കും തല്ലു കൊണ്ട ഗ്രേഡ് എസ്‌ഐയെ കുത്തുപറമ്പ് സ്റ്റേഷനിലേക്കുമാണ് സ്ഥലം മാറ്റിയത്.ഇതോടെ സിപിഎം രാഷ്ട്രീയ ക്രിമിനലുകളെ തൊടുന്നതിൽ പൊലിസും ഭയക്കുകയാണ്.