- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെൽഫി എടുക്കവേ കടന്നുപിടിച്ച സംഭവത്തിൽ നേതൃത്വം ഒളിച്ചുകളിക്കുന്നു; സിപിഎം ലോക്കൽ സെക്രട്ടറിക്ക് എതിരായ പീഡന പരാതിയിൽ 'പാലക്കാട് മോഡൽ' കളി സംശയം; പാർട്ടി കോടതി പ്രതിയെ പേരിന് ശിക്ഷിച്ചുവെന്ന് യുവതിയുടെ പരാതി
കണ്ണൂർ: സി.പി. എം ലോക്കൽസെക്രട്ടറി വനിതാ നേതാവിനെ പീഡിപ്പിച്ച സംഭവത്തിൽ പാലക്കാട് പി.കെ ശശി, പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ചെയ്തതു പോലെ കണ്ണൂരിലും പാർട്ടി നേതൃത്വം ഒളിച്ചു കളിക്കുന്നതായി പരാതി. കുറ്റാരോപിതനായ വ്യക്തിക്കെതിരെ യുവതി നിയമനടപടി സ്വീകരിക്കുന്നത് തടഞ്ഞ സി.പി. എം നേതൃത്വം ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നുമാത്രമാണ് ഒഴിവാക്കിയത്.
ഇക്കാര്യത്തിൽ യുവതിക്കും ബന്ധുക്കൾക്കും കടുത്ത അതൃപ്തിയുണ്ട്. സി.പി. എം സംസ്ഥാന കമ്മിറ്റിക്ക് ഈ വിഷയം ചൂണ്ടിക്കാട്ടി പരാതി നൽകാനുള്ള ഒരുക്കത്തിലാണ് അവർ. നേരത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻപങ്കെടുത്ത കണ്ണൂർ ജില്ലാകമ്മിറ്റിയോഗത്തിലും ഈക്കാര്യം ചർച്ചയായിരുന്നു.
കുറ്റാരോപിതനായ സി.പി. എം പേരാവൂർ ഏരിയാകമ്മിറ്റിയംഗവും കണിച്ചാർ ലോക്കൽ സെക്രട്ടറിയും പാർട്ടി മുഖപത്രത്തിന്റെ പേരാവൂർ ഏരിയാലേഖകനുമായ കെ.കെ ശ്രീജിത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ കോടിയേരി ജില്ലാനേതൃത്വത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം പിറ്റേന്നു തന്നെ സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജന്റെ സാന്നിധ്യത്തിൽ പേരാവൂർ ഏരിയാകമ്മിറ്റിയോഗം ചേരുകയും ശ്രീജിത്തിനെ പാർട്ടി തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കുകയുമായിരുന്നു.
എന്നാൽ ഇയാളുടെ പാർട്ടി അംഗത്വം നിലനിർത്തിക്കൊണ്ടായിരുന്നു നടപടി. ഇയാളുടെ പാർട്ടി അംഗത്വം നിലനിർത്തിയതുകാരണം കണ്ണൂരിൽ പി.ശശിയും എർണാകുളത്ത് ഗോപി കോട്ടമുറിക്കലും പാലക്കാട് പി.കെ ശശിയും കമ്യൂണിസ്റ്റ് ആരോഗ്യം വീണ്ടെടുത്ത് പൂർവാധികം ശക്തിയോടെ തിരിച്ചുവന്നതിന് സമാനമായി ഇപ്പോൾ ആരോപണ വിധേയനായ നേതാവും തിരിച്ചുവരുമെന്നാണ് പീഡനത്തിനിരയായ യുവതിയുടെ ആശങ്ക. ഈക്കാര്യം അവർ പാർട്ടിയിലെ വനിതാ നേതാക്കളെ ഉൾപ്പെടെ അറിയിച്ചിരുന്നുവെങ്കിലും കെ.കെ ശൈലജ എംഎൽഎ ഉൾപ്പെടെയുള്ളവർ മൗനം പാലിക്കുകയാണ്.
ഒന്നര ആഴ്ചയ്ക്കു മുൻപ് കണ്ണൂരിൽ നടന്ന ഡി.വൈ. എഫ്. ഐ ജില്ലാസമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കുന്നതിന് പോകുന്നതിനായി അതിരാവിലെ തന്നെ പേരാവൂർ ഏരിയാകമ്മിറ്റി ഓഫിസിലെത്തണമെന്ന് കെ.കെ ശ്രീജിത്ത് ഡിഫി ബ്ലോക്ക് നേതാവായ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. ഒരുമിച്ചു മറ്റുള്ളവരോടൊപ്പം കണ്ണൂരിലേക്ക് പോകാമെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. ഇതു പ്രകാരം രാവിലെ തന്നെ പാർട്ടി ഓഫിസിലെത്തിയ യുവതിയോട് മീഡിയാറൂമിൽ നിന്നും ഒരു സെൽഫിയെടുത്ത് പോസ്റ്റ് ചെയ്യാമെന്ന് ഇയാൾ ആവശ്യപ്പെടുകയായിരുന്നു. ഇങ്ങനെ സെൽഫിയെടുക്കുന്നതിനിടെ ശ്രീജിത്ത് യുവതിയോട് അപമര്യാദയോടെ പെരുമാറിയത് അവരെ പ്രകോപിക്കുകയും മേലിൽ ഇതാവർത്തിക്കരുതെന്ന് താക്കീതു ചെയ്യുകയുമായിരുന്നു.
എന്നാൽ ഇതുവകവയ്ക്കാതെ അവരുടെ നേരെ ബലപ്രയോഗത്തിന് മുതിരുകയും അവരുടെ കൈപിടിച്ചു വലിച്ചിഴച്ചു മീഡിയോറൂമിന്റെ ഒരു കോണിലേക്ക് കൊണ്ടുപോയി ലൈംഗികപീഡനത്തിനിരയാക്കാൻ ശ്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ലൈംഗികാതിക്രമത്തിന്റെ ഞെട്ടലിൽ നിന്നും മോചിതയായ യുവതി ഇയാളെ തള്ളിമാറ്റി പുറത്തേക്ക് ഓടുകയായിരുന്നു. ഇതിനു ശേഷമാണ് ഇവർ ശ്രീജിത്തിനെതിരെഏരിയാകമ്മിറ്റിക്കും ജില്ലാ നേതൃത്വത്തിനും പരാതി നൽകിയത്. ഇതുകൂടാതെ ഡിഫി സംസ്ഥാന നേതാക്കളെ ഇവർ വിവരം അറിയിക്കുകയും ചെയ്തു. ഇതിനു ശേഷം നടന്ന പാർട്ടിതല അന്വേഷണത്തിൽ ശ്രീജിത്ത് കുറ്റക്കാരനാണെന്ന് വ്യക്തമാവുകയും ഇയാൾക്കെതിരെ സി.പി. എം നടപടിയെടുക്കുകയുമായിരുന്നു. ഇയാളെ ഡി.വൈ. എഫ്. ഐയുടെ ജില്ലാ നേതൃത്വത്തിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ പാർട്ടി അംഗത്വം നിലനിർത്തിക്കൊണ്ടുള്ള നടപടിക്കെതിരെ യുവതി രംഗത്തു വന്നത് പാർട്ടി നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്