- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈയിലും മുബൈയിലും ക്വട്ടേഷൻ എടുക്കാനും കണ്ണൂരിലെ രാഷ്ട്രീയ ക്രിമിനലുകൾ; പാർട്ടികൾക്ക് ഗുണ്ടകളിൽ സ്വാധീനും കുറയുന്നു; പട്ടിണിയ കറ്റാനിറങ്ങിയിരുന്നവർ ഇപ്പോൾ കോടീശ്വരന്മാർ
കണ്ണൂർ: മുബൈ മുതൽ ചെന്നൈ വരെയുള്ള നഗരങ്ങളിൽ ക്വട്ടേഷൻ സംഘങ്ങളായെത്തുന്നത് കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ ക്രിമിനലുകളാണെന്നു സൂചന. ഇക്കാരൃം കേരളാ പൊലീസിന് അറിയാമെങ്കിലും അവർക്കെതിരെ നടപടികളെടുക്കാൻ ആരും തയ്യാറാകുന്നില്ല. സിപിഐ.(എം)- ബിജെപി. കക്ഷിഭേദമില്ലാതെ കേരളത്തിനു പുറത്ത് വൻ മുതലാളിമാർക്കു വേണ്ടിയാണ് പ്രധാനമായും ഇവർ പ്രവർത്തി
കണ്ണൂർ: മുബൈ മുതൽ ചെന്നൈ വരെയുള്ള നഗരങ്ങളിൽ ക്വട്ടേഷൻ സംഘങ്ങളായെത്തുന്നത് കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ ക്രിമിനലുകളാണെന്നു സൂചന. ഇക്കാരൃം കേരളാ പൊലീസിന് അറിയാമെങ്കിലും അവർക്കെതിരെ നടപടികളെടുക്കാൻ ആരും തയ്യാറാകുന്നില്ല. സിപിഐ.(എം)- ബിജെപി. കക്ഷിഭേദമില്ലാതെ കേരളത്തിനു പുറത്ത് വൻ മുതലാളിമാർക്കു വേണ്ടിയാണ് പ്രധാനമായും ഇവർ പ്രവർത്തിക്കുന്നത്.
കണ്ണൂർ, കോഴിക്കോട്, ജില്ലകളിൽ രാഷ്ട്രീയ കുഴപ്പങ്ങൾക്ക് സജീവമാകുന്ന ക്വട്ടേഷൻ സംഘങ്ങൾക്ക് ഒളിത്താവളം ഒരുക്കുന്നത് മൈസൂർ, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളിലാണ്. കേരളത്തിലെ അക്രമങ്ങളിൽ പങ്കാളികളാകുന്ന ക്വട്ടേഷൻ സംഘങ്ങൾക്ക് ഒരു ടെലിഫോൺ വിളിയുടേയോ മെസ്സേജിന്റെയോ സമയം മതി അന്യ സംസ്ഥാനങ്ങളിൽ ഒളിത്താവളം ഒരുങ്ങാൻ. മുംബൈയിലെ വൻ ബ്ലേഡ് മാഫിയ, റിയൽ എസ്റ്റേറ്റ്, വ്യവസായ ഉടമകൾ, സ്വകാര്യ ബാങ്കുകൾ എന്നിവയുടെ സാമ്പത്തിക ഇടപെടലിനും കണ്ണൂർ ക്വട്ടേഷൻ സംഘങ്ങളെയാണ് ചുമതലപ്പെടുത്തുന്നത്.
അടുത്ത കാലത്തായി തലശേരി മേഖലയിലെ ഒരു കേസിൽപ്പെട്ട ക്വട്ടേഷൻ സംഘാംഗത്തെ മറ്റൊരു കേസിൽ ഇവിടെ പിടികൂടിയിരുന്നു. മണിക്കൂറുകൾക്കകം ബംഗളൂരുവിലെ ഒരു വ്യവസായി പൊലീസിന് കിഴി നൽകി അയാളെ മോചിപ്പിച്ചു. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസിന് മതിയായ തെളിവുകൾ ലഭിച്ചാലും പ്രതിയെ പിടികൂടാനുള്ള ശക്തി കേരളാ പൊലീസിനില്ലാതായിരിക്കുകയാണ്. ഇവിടെ നടക്കുന്ന ക്രിമിനൽ കേസുകളിൽ ചിലതിൽ തീവ്രവാദബന്ധമുണ്ടെന്ന സൂചനയും വെളിവാകുന്നുണ്ട്. എന്നാൽ ദുർബലമായ പൊലീസ് സംവിധാനം മൂലം ഇതൊന്നും തെളിയിക്കപ്പെടാനാകുന്നില്ല.
രാഷ്ട്രീയക്രിമിനലുകൾ പുതിയ മേച്ചിൽപുറങ്ങൾ തേടിയതോടെ സിപിഐ(എം) ക്കും ആർ.എസ്.എസ്-ബിജെപി.സംഘടനകൾക്കും ഇവരുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്ന സംഭവങ്ങളും അരങ്ങേറുന്നുണ്ട്. രാഷ്ട്രീയ കുഴപ്പങ്ങളില്ലാത്ത കാലത്ത് ഇവർ സ്പിരിട്ട്, കോഴി, മണൽ എന്നിവ കടത്തിയാണ് സുഖലോലുപരായി കഴിയുന്നത്. ഈ മേഖലയിലെ പൊലീസിന്റെ പിൻതുണയാണ് ഇവരെ ശക്തമാക്കുന്നത്. ഒരു കാലത്ത് അന്നന്നത്തെ അന്നത്തിനു വേണ്ടി ക്വട്ടേഷനേറ്റെടുത്തിരുന്നവർ ഇന്ന് ലക്ഷാധിപന്മാരും കോടീശ്വരന്മാരുമാണ്.
ഭരണം മാറി മാറി വന്നാലും ഇവരെ തൊടാനാവാത്ത അവസ്ഥയാണ് കേരളാ പൊലീസിനുള്ളത്. മക്കളെ അന്യസംസ്ഥാനങ്ങളിലെ വൻകിട വിദ്യാഭ്യാസ സ്ഥാപനങ്ങളിലയച്ച് പഠിപ്പിക്കുന്നവരും ക്വട്ടേഷൻ സംഘങ്ങളിലുണ്ട്. ഒരു കോടിയും അതിലപ്പുറവും കോഴ കൊടുത്താണ് ഇവർ എഞ്ചിനീയറിങ്ങിനും മെഡിസിനും സീറ്റുകൾ തരപ്പെടുത്തുന്നത്. നാട്ടിലെ ബാങ്കുകളിൽനിന്നൊന്നും ഇവർ വായ്പ എടുക്കുന്നുമില്ല. എന്നാൽ ഇവരുടെ സാമ്പത്തിക സ്രോതസ്സ് എവിടെനിന്നെന്ന അന്വേഷണം നടത്താൻ ആരും തയ്യാറല്ല.
രാഷ്ട്രീയ അക്രമങ്ങളിൽപ്പെട്ടവർക്ക് മുൻകാലങ്ങളിൽ കേസെടുത്ത പൊലീസുകാർപോലും ഇപ്പോൾ ക്വട്ടേഷൻ സംഘങ്ങളുടെ പ്രിയങ്കരരായി മാറിയിരിക്കയാണ്. പൊലീസുകാരുടെ പണം കായ്ക്കുന്ന മരങ്ങളാണ് ഈ രാഷ്ട്രീയ ക്രിമിനലുകൾ. അതുകൊണ്ടുതന്നെ അവരുടെ സംരക്ഷണവും പൊലീസ് ഏറ്റെടുക്കുന്നു. തലശ്ശേരി സിഐ ഓഫീസിൽ അടുത്ത കാലത്തായി നടന്ന ഇടപാടിൽ രാഷ്ട്രീയ ക്രിമിനലുകളും പൊലീസും യൂനിയൻ നേതാക്കളും തമ്മിലുള്ള അച്ചുതണ്ട് വ്യക്തമായിരുന്നു. സാമ്പത്തിക ഇടപാടിൽപ്പെട്ട ഒരു പ്രവാസി തന്റെ കെട്ടിടങ്ങൾ വിൽക്കാൻ ശ്രമിച്ചപ്പോഴാണ് ക്വട്ടേഷൻ സംഘത്തിന്റെ ഇടപെടൽ.
മൂന്നു കോടി രൂപയ്ക്ക് വിൽക്കാൻ ഉറപ്പായ കെട്ടിടത്തിന് കമ്മീഷനും മറ്റുമായി മൂന്നു കക്ഷികളും രംഗത്തിറങ്ങി. പരാതിയുമായി പൊലീസിനെ സമീപിച്ച പ്രവാസിക്ക് ഏക മകന്റെ സുരക്ഷക്ക് തങ്ങൾ പറയുംപോലെ ഡീൽ ഉറപ്പിക്കുന്നതാണ് നല്ലതെന്ന ഭീഷണി പൊലീസിൽനിന്നു തന്നെയുണ്ടായി. ഈ ഡീലിൽ കമ്മീഷൻ വാങ്ങിയത് കെപിസിസി. നേതാവും ഐ.എൻ.ടിയു.സി. നേതാവും ക്വട്ടേഷൻ സംഘവും ഒന്നു ചേർന്ന്. പൊലീസിനും കിട്ടി നല്ലൊരു തുക. പുറത്തു കാര്യമറിയിച്ചാൽ കാര്യം വഷളാകുമെന്ന ഭീഷണി പ്രവാസിക്കും കിട്ടി.
കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസിന്റെ കാര്യക്ഷമതയ്ക്ക് ഉത്തമ ഉദാഹരണമാണ് ഈ സംഭവം. രാഷ്ട്രീയ സംഘർഷം മറയാക്കി ഇവിടെ ക്വട്ടേഷൻ സംഘങ്ങൾ തിമിർത്താടുകയാണ്. രാഷ്ട്രീയ കുപ്പായമണിഞ്ഞ പൊലീസുകാരും ക്വട്ടേഷൻ സംഘങ്ങളും ഒരു വിഭാഗം രാഷ്ട്രീയക്കാരും ജീവിക്കുന്നത് അക്രമങ്ങൾ മുതലെടുത്താണ്. ഈ മേഖലയിലെ പൊലീസ് സംവിധാനം അടിമുടി മാറ്റിയില്ലെങ്കിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇനിയും അക്രമപരമ്പരകൾ അരങ്ങേറും.