കണ്ണൂർ: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്ന കേസിലെ കാര്യങ്ങൾ ഇപ്പോഴും അടിമുടി ദുരൂഹമയാി തുടരുന്നു. ആരോപണം മാധ്യമങ്ങൾക്ക് നേരിട്ട് നൽകുകയും പെൺകുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ പിതാവ് പോക്‌സോ കേസിലെ പ്രതിയാണെന്നതാണ് വിഷയം കൂടുതൽ സങ്കീർണമാക്കുന്നത്. മാത്രമല്ല, ആൺകുട്ടി 11 പെൺകുട്ടികളെ കൂടി പീഡിപ്പിച്ചു എന്നതും വിശ്വസനീയമായി തോന്നുന്നില്ലെന്നാണ് പൊലീസിന്റെ നിഗമനം.

മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ മഹാരാഷ്ട്രയിലെ ഖർഗർ പൊലീസ് ഇയാൾക്കെതിരെ രണ്ടുവർഷം മുൻപ് പോക്‌സോ കേസ് എടുത്തിരുന്നു. ഈ കേസിൽ ഇദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ് പരാതിക്കാരി. അതേസമയം, പീഡനം സംബന്ധിച്ച് മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ പൊലീസിനോട് പറയാൻ കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായില്ല. തനിക്കുപുറമെ, 11 പെൺകുട്ടികളെക്കൂടി ആൺകുട്ടി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്ന് പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞെങ്കിലും അത് വിശ്വസനീയമല്ലെന്നാണ് പൊലീസിന്റെ നിഗമനം.

സ്‌കൂൾ അധികൃതരും ഈ മൊഴികൾ വ്യാജമാണെന്ന് പറയുന്നു. കാരണം, വേറൊരു കുട്ടിയും പരാതിയുമായി വന്നിട്ടില്ല. താൻ കഞ്ചാവ് വലിക്കാറുണ്ടെന്ന് ആൺകുട്ടി അന്വേഷണോദ്യോഗസ്ഥരോട് സമ്മതിച്ചു. കഞ്ചാവ് തരുന്ന ആളുകളുടെ പേര് അറിയില്ലെന്നും കണ്ടാൽ തിരിച്ചറിയാമെന്നുമാണ് പറയുന്നത്. ഈ ആൺകുട്ടിക്ക് കഞ്ചാവ് നൽകുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പെൺകുട്ടിയാണ് തനിക്ക് ആദ്യം മയക്കുമരുന്ന് തന്നതെന്നാണ് ആൺകുട്ടി പൊലീസിന് നൽകിയ മൊഴി. കഞ്ചാവും ഹുക്കയും വലിക്കുന്ന ചിത്രം പെൺകുട്ടി സ്വയം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കേരളത്തിന് പുറത്തായിരുന്ന പെൺകുട്ടിയുടെ അമ്മ ബുധനാഴ്ച കണ്ണൂരിലെത്തി. പീഡനത്തിനിരയായ മകളെ ദൃശ്യമാധ്യങ്ങൾക്കു മുന്നിൽ രക്ഷിതാവ് ഹാജരാക്കുന്നതും കുട്ടിയുടെ ചിത്രമെടുക്കുന്നതും നിയമവിരുദ്ധമാണ്. ദൃശ്യമാധ്യമങ്ങളെ വിളിച്ചുവരുത്തി അവരുടെ മുന്നിൽ മകളെക്കൊണ്ട് മൊഴി നൽകിച്ചത് കുട്ടിയുടെ പിതാവാണ്. ദുരൂഹതകൾ ഏറെയുള്ള കേസിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

പൊലീസിനോട് പെൺകുട്ടി പറഞ്ഞത് ഇങ്ങനെ:

സഹപാഠിയായ 14 വയസുകാരൻ പ്രണയിച്ചു വിശ്വസിപ്പിച്ചാണ് തനിക്ക് ലഹരി തന്നതെന്നാണ് ഒൻപതാം ക്ലാസുകാരി പൊലിസിന് നൽകിയ മൊഴി. ടെൻഷൻ മാറ്റാൻ ഇതുപയോഗിച്ചാൽ മതിയെന്നു പറഞ്ഞാണ് മയക്കുമരുന്ന് നൽകിയത്. ആദ്യം ഇതു എന്താണെന്നറിയാനാണ് ഉപയോഗിച്ചത്. പിന്നീട് ഒരുമിച്ചിരുന്ന് സിന്തറ്റിക്ക് മയക്കുമരുന്ന ഉപയോഗിക്കുന്നത് ഹരമായെന്നും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.

പെൺകുട്ടി വെളിപ്പെടുത്തിയ ചിലകാര്യങ്ങൾ പൊലിസിനെപ്പോലും അക്ഷരാർത്ഥത്തിൽ പൊലിസിനെപ്പോലും ഞെട്ടിച്ചുകളഞ്ഞിരിക്കുകയാണ്. തന്നെ പ്രണയം നടിച്ചുവലയിലാക്കിയ സഹപാഠി അവനെതിരെ സംസാരിച്ചാൽ വയറിൽ ചവിട്ടും, മുഖത്തടിക്കും, ഇതിനാൽ പലപ്പോഴും ഞാൻ ഉറക്കെ കരഞ്ഞിട്ടുണ്ട്. അവനോട് നോയെന്നു പറയാൻ പാടില്ല. അവൻ തരുന്ന ലഹരി ഉപയോഗിക്കണമെന്ന് നിർബന്ധമാണ്. അതുപയോഗിച്ചാൽ നമ്മൾപിന്നെ വേറെ ലോകത്താവും. പിന്നീട് അതുകിട്ടാതെ വയ്യാണ്ടായി. ലഹരി ഉപയോഗിച്ചില്ലെങ്കിൽ ദേഹമാസകലം വിറയ്ക്കും.

പിന്നെ എല്ലാത്തിനോടും വലിയ ദേഷ്യമായിരിക്കും. അവന്റെ വലയിൽ എന്നെപ്പോലെ പതിനൊന്നു പെൺകുട്ടികൾ വീണതായി അറിയാം. അടുത്ത് അറിയാവുന്നവരോട് അവൻ ഈക്കാര്യം പറഞ്ഞതായി അറിഞ്ഞിരുന്നു. എന്നാലും അവൻ അവരെയൊക്കെ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചതു പോലെ അവരെയൊക്കെ അത്ര ആഴത്തിൽ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. അവനോട് പറഞ്ഞാൽ എത്രവേണമെങ്കിലും ലഹരി കൊണ്ടുവന്നു തരുമായിരുന്നു. കക്കാടു നിന്നും ഭായിമാരാണ് ഇതു നൽകുന്നതെന്നു പറഞ്ഞു. എന്നാൽ ആരാണ് ലഹരി നൽകുന്നതെന്ന് പറഞ്ഞിരുന്നില്ല. അവരുടെ പേരോ മറ്റുകാര്യങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല.

ഒരു പാവത്താൻ ചമഞ്ഞായിരുന്നു അവൻ നടന്നിരുന്നത്. ആരോടും ശബ്ദമുയർത്തി സംസാരിക്കില്ല. എല്ലാവർക്കുംവലിയ കാര്യമായിരുന്നു. അദ്ധ്യാപികമാർക്കുംകൂടെ പഠിക്കുന്നവർക്കുമൊക്കെ വെറുമൊരുനാണം കുണുങ്ങിയായിരുന്നു അവൻ. ഞങ്ങൾ തമ്മിലുള്ള ബന്ധം സൗഹൃദത്തിലാണ് തുടങ്ങിയത്. ബെസ്റ്റ് ഫ്രണ്ട്‌സായിരുന്നു. എന്നെ നന്നായി കെയർ ചെയ്തിരുന്നു. അവൻ ഒരു ദിവസം വന്ന് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഞാനും വീണുപോയി. ആത്മാർത്ഥമായി അവനെു പ്രണയിച്ചു. എന്നെ ശാരീരികമായി ഉപയോഗിക്കുമ്പോഴും എനിക്ക് പ്രശ്‌നമുണ്ടായിരുന്നില്ല. അവനെ അത്രയ്ക്കു വിശ്വാസമായിരുന്നു. ഏതുസാഹചര്യത്തിലും കൂടെ നിൽക്കുമെന്ന് വിശ്വസിച്ചു പോയി. പ്രണയിച്ചുവിശ്വസിച്ചാണ് എനിക്ക് ലഹരി തന്നത്. ഡിപ്രഷനും ടെൻഷനും മാറ്റാൻ ഇതുപയോഗിച്ചാൽ മതിയെന്നു തെറ്റിദ്ധരിപ്പിച്ചു. ആദ്യം ഇതെന്താണെന്ന് അറിയില്ലായിരുന്നു. പിന്നീട് ലഹരിപിടിച്ചപ്പോൾ അതില്ലാതെ ജീവിക്കാൻ പറ്റില്ലെന്നു വന്നു.

മടുത്തപ്പോൾ അവൻ എന്നെയും ഉപേക്ഷിച്ചു. എന്റെ നമ്പർ ബ്‌ളോക്ക് ചെയ്തപ്പോൾ ആത്മഹത്യയ്ക്കു ശ്രമിച്ചു. അവൻ ഉപേക്ഷിച്ചുവെന്നു മനസിലാക്കിയപ്പോൾ എനിക്ക് ഭ്രാന്തിളകി. എന്റെ സഹോദരി എന്റെ സ്വഭാവത്തിലെ മാറ്റം മനസിലാക്കി. ഭക്ഷണം കഴിക്കാത്തതെന്താണെന്ന് വീട്ടുകാർ ചോദിച്ചു. അവൾ കാര്യങ്ങൾ അമ്മയെ അറിയിച്ചതുകൊണ്ടുമാത്രമാണ് ഞാൻ ഇന്നും ജീവിക്കുന്നത്. അവന്റെ പേര് എന്റെ കൈയിൽ മൂർച്ചയുള്ള ബ്‌ളേഡുകൊണ്ടു എഴുതി. ഞാൻ ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ അവൻ മറ്റൊരു പെൺകുട്ടിയോടൊപ്പം ലഹരി ഉപയോഗിക്കുകയായിരുന്നുവെന്നു പിന്നീടാണ് അറിഞ്ഞത്. എന്റെ രക്ഷിതാക്കൾ എല്ലാം അറിഞ്ഞിട്ടും എന്നെ ചേർത്തുപിടിച്ചു അവരെന്നെ കുറ്റപ്പെടുത്താതെ പതിയെ ചികിത്സിച്ചു ലഹരിമുക്ത ജീവിതത്തിലേക്ക് കൊണ്ടുവന്നു. അതുകൊണ്ടു മാത്രമാണ് താൻ ജീവിച്ചിരിക്കുന്നതെന്നും അവൾ പൊലിസിനോട് പറഞ്ഞു.