കണ്ണൂർ: തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടിങ്ങിനിടെ അങ്ങിങ്ങ് അക്രമം. കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ തലയിൽ ചൂടുവെള്ളത്തിൽ മുളകു പൊടിയും നായിക്കുരണപൊടിയും കലക്കി ഒഴിച്ചു. യുഡിഎഫ് ബൂത്ത് ഏജന്റിന്റെ കണ്ണു കുത്തിപ്പൊട്ടിച്ച സംഭവം വരെയുണ്ടായി.

കണ്ണൂർ കോർപ്പറേഷനിലെ നാലാം വാർഡിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ തലയിൽ ചൂടുവെള്ളത്തിൽ മുളകു പൊടിയും നായിക്കുരണപൊടിയും കലക്കി ഒഴിച്ചതായി പരാതി ഉയർന്നത്.

പയ്യന്നൂർ വയക്കര പഞ്ചായത്തിൽ അജ്ഞാത സംഘം നടത്തിയ ആക്രമണത്തിൽ യു.ഡി.എഫ് ബൂത്ത് ഏജന്റിന്രെ കണ്ണിന് കുത്തേറ്റു. തവിടുശേരി ഒന്നാം നമ്പർ ബൂത്ത് ഏജന്റ് യു. പവിത്രനു നേരെയാണ് ആക്രമണമുണ്ടായത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പവിത്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം ജില്ലയിലെ പരിയാരത്ത് പരിയാരത്ത് റീപോളിങ് ആവശ്യപ്പെട്ടു സ്ഥാനാർത്ഥി രംഗത്തെത്തി. അഞ്ചാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി രേഷ്മ ഗോപനാണ് ഒന്നാം ബൂത്തിൽ റീ പോളിങ് ആവശ്യപ്പെട്ട് പ്രിസൈഡിങ് ഓഫീസർക്കു പരാതി നൽകിയത്. എൽഡിഎഫ് സ്ഥാനാർത്ഥി മർദ്ദിച്ചുവെന്നും സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് രേഷ്മ ഗോപൻ പരാതി നൽകിയത്.

ചിറ്റാരിക്കൽ 15ാം വാർഡ് യൂ.ഡിഎഫ് ബൂത്ത് ഏജന്റ് നാരായണന് മർദനമേറ്റു. തളിപ്പറമ്പ് ഏഴാം മൈലിൽ ലീഗ് സിപിഐഎം സംഘർഷത്തിനിടെ ബോംബേറിൽ നാല് ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങൾ തകർത്തു. ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.

ആലപ്പുഴ കഞ്ഞിക്കുഴിയിൽ സിപിഐ(എം) വിമത സ്ഥാനാർത്ഥിക്കു വേണ്ടി പ്രചാരണം നടത്തിയ കഞ്ഞിക്കുഴി വിമത സംഘം നേതാവ് എ. അനിൽ കുമാറിനെ ഒരു സംഘം ക്രൂരമായി മർദ്ദിച്ചു. പത്താം വാർഡിൽ വിമതയായി മൽസരിച്ച സാലമ്മയെ പാർട്ടി പുറത്താക്കിയിരുന്നു. സാലമ്മയ്ക്ക് വേണ്ടി പ്രചാരണം നടത്തിയതിന്റെ പേരിലാണ് മർദനം. അനിൽ കുമാർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

കോഴിക്കോട്ട് എൽഡിഎഫ് ബ്ലോക്ക് സ്ഥാനാർത്ഥിയെ യുഡിഎഫ് പോളിങ് ഏജന്റുമാർ മർദ്ദിച്ചെന്ന് പരാതി. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തി വീശി. കോഴിക്കോട് കിഴക്കോത്ത് കത്തറമ്മല്ലിലും എൽഡിഎഫ് യുഡിഎഫ് സംഘർഷമുണ്ടായി. കൊല്ലം പെരിനാട് എൽഡിഎഫ് സ്ഥാനാർത്ഥി ലെറ്റസ് ജെറോമിന് വെട്ടേറ്റു. ആക്രമണത്തിന് പിന്നിൽ ആർഎസ്എസാണെന്ന് സിപിഐഎം ആരോപിച്ചു. ജെറോമിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.