- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അശ്‌നയുടെ കാലിൽ ബോംബ് പതിച്ച പൂവത്തൂരിനു മാറ്റമില്ല; അശ്‌ന മെഡിക്കൽ വിദ്യാർത്ഥിനി; ബിജെപിക്കാരൻ അശോകൻ ഇന്നു സിപിഐ(എം) നേതാവ്; ബോംബേറു കേസിൽ ശിക്ഷിക്കപ്പെട്ടതുകൊണ്ടു സ്ഥാനാർത്ഥിയാക്കാനായില്ല: കണ്ണൂരിലെ ചില തിരഞ്ഞെടുപ്പ് കഥകൾ
കണ്ണൂർ: ചെറുവാഞ്ചേരി പൂവത്തൂരിലെ നാണുവിനും ഭാര്യ ശാന്തക്കും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വേദനിക്കുന്ന ഓർമ്മയാണ്. അവരുടെ മകൾ അശ്‌നക്ക് വൈകല്യം സംഭാവന ചെയ്ത ആ തിരഞ്ഞെടുപ്പിനെ ഭീതിയോടെയാണ് അവർ ഓർക്കുന്നത്. അധികാരം പിടിച്ചടക്കാൻ ഒരു കൂട്ടം രാഷ്ട്രീയ കിരാതന്മാരുടെ ബോംബേറിലാണ് അശ്‌നക്ക് ഈ ദുർവിധി ഉണ്ടായത്. പൂവത്തൂർ യുപി സ്‌കൂളിനു
കണ്ണൂർ: ചെറുവാഞ്ചേരി പൂവത്തൂരിലെ നാണുവിനും ഭാര്യ ശാന്തക്കും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വേദനിക്കുന്ന ഓർമ്മയാണ്. അവരുടെ മകൾ അശ്‌നക്ക് വൈകല്യം സംഭാവന ചെയ്ത ആ തിരഞ്ഞെടുപ്പിനെ ഭീതിയോടെയാണ് അവർ ഓർക്കുന്നത്. അധികാരം പിടിച്ചടക്കാൻ ഒരു കൂട്ടം രാഷ്ട്രീയ കിരാതന്മാരുടെ ബോംബേറിലാണ് അശ്‌നക്ക് ഈ ദുർവിധി ഉണ്ടായത്.
പൂവത്തൂർ യുപി സ്‌കൂളിനു പിന്നിലാണ് അശ്‌നയുടെ വീട്്്. പഴയ ഓടുമേഞ്ഞ ചെറിയ വീടിനു പകരം ചെറുതെങ്കിലും കോൺക്രീറ്റ് ചെയ്ത വീട് കോൺഗ്രസ് പാർട്ടി പിന്നീടു പണിയിപ്പിച്ചുകൊടുത്തതാണ്, 2001-ൽ എട്ടു ലക്ഷം മുടക്കായി. പതിനഞ്ചു വർഷം മുമ്പ്് ഇതുപോലൊരു തദ്ദേശതെരഞ്ഞെടുപ്പു സമയത്താണ് അശ്‌നയുടെ കാലു തകർത്ത ബോംബേറുണ്ടായത്. അന്നു ബോംബു വീണ മുറ്റത്തിനു സ്‌കൂൾ വക മതിൽക്കെട്ട് അതിർത്തി തിരിച്ചിട്ടുണ്ടെന്ന മാറ്റമുണ്ട്.
കൂത്തുപറമ്പിൽനിന്നു ചെറുവാഞ്ചേരിയിൽ ബസിറങ്ങിയാൽ പിന്നെ നമ്മെ പിന്തുടരാൻ ഒട്ടേറെ കണ്ണുകളും പിന്തുടരാൻ നിരവധി കാലുകളുമുണ്ടാവും, പാർട്ടിഗ്രാമം പോലെ, ഇവിടെ ബിജെപിയാണെന്നേയുള്ളൂ, അശ്‌നയുടെ അച്ഛൻ നാണുവിന് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞതിന്റെ അവശതയുള്ളതിനാൽ സംസാരിക്കാൻ ബുദ്ധിമുട്ട്. അതോ, ഭയമോ? പഴയ രാഷ്ട്രീയ സാഹചര്യം ഇപ്പോഴും. മനുഷ്യരുടെ സ്വഭാവത്തിലും വലിയ മാറ്റമില്ല. അന്നത്തെപ്പോലെ ഒരു വിളിപ്പാടകലെയാണ് പോളിങ് ബൂത്തായ പൂവത്തൂർ സ്‌കൂൾ. അന്നു പോളിങ് ബൂത്തിൽ നിന്നു പുറപ്പെട്ട സംഘർഷമാണ് അശ്‌നയുടെ ശരീരത്തിൽ ചെന്നു പതിച്ചത്.
തെരഞ്ഞെടുപ്പിന്റെ ലഹരിയൊന്നും ഇല്ലാത്ത പ്രായത്തിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് അശ്‌നയെ വികലാംഗയാക്കിയ ബോംബു വന്നു പതിച്ചത്. അനിയൻ ആനന്ദിനും പരിക്കേറ്റു. അശ്‌നക്ക് അന്ന് പ്രായം 6, അനിയന് മൂന്ന്.. ഏറെക്കാലം എറണാകുളത്ത് ചികിത്സയിൽ കഴിഞ്ഞാണ് അശ്‌ന വീട്ടിലേക്ക് തിരിച്ചത്.
പഠിപ്പിൽ മിടുക്കിയായ എ.അശ്‌ന ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ്. പഴയ സംഭവത്തെക്കുറിച്ച് അശ്‌ന പറയുന്നത് ഇങ്ങനെ- ആ ദുരന്തദിനത്തെക്കുറിച്ച് ഓർക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ഒരേയൊരു അപേക്ഷ മാത്രമേ ഉള്ളൂ. തെരഞ്ഞെടുപ്പുകൾ സമാധാനപരമായിരിക്കണം. ആരുടേയും രക്തം ചീന്തിയുള്ള ജനവിധി ഉണ്ടാകരുത്. എനിക്കുണ്ടായ ദുരന്തം ഇനിയൊരാൾക്കും ഉണ്ടാകരുത്. ജനാധിപത്യത്തിൽ പിടിച്ചടക്കലല്ല, ജനവിധിയായിരിക്കണം ഉണ്ടാകേണ്ടത്. നിർഭാഗ്യവശാൽ എനിക്ക് സംഭവിച്ചത് ആവർത്തിക്കപ്പെടരുത്...
തിരഞ്ഞെടുപ്പിന് രണ്ടു ദിവസത്തെ അവധി ലഭിച്ചാൽ താൻ വോട്ടു ചെയ്യാനെത്തും. ഒറ്റദിവസം കൊണ്ട് വന്നുതിരിച്ചു പോകാനാവില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കന്നിവോട്ടു ചെയ്തതും അശ്‌ന അനുസ്മരിച്ചു. 2000 സെപ്റ്റംബർ 27 നു നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലാണ് അശ്‌നക്കും അനുജൻ ആനന്ദിനും അമ്മ ശാന്തക്കും പരിക്കേൽക്കാനിടയായ സംഭവം അരങ്ങേറിയത്. പാട്യം പഞ്ചായത്തിലെ പൂവ്വത്തുർ യു.പി.സ്‌കൂളിലെ 10- ാം നമ്പർ ബൂത്തിലാണ് ബിജെപി- കോൺഗ്രസ്സ് സംഘർഷം നടന്നത്. കാലാകാലങ്ങളിൽ കോൺഗ്രസ്സിന്റെ ശക്തി കേന്ദ്രമായ പൂവ്വത്തൂരിൽ അവരാണ് ഇവിടെ തെരഞ്ഞെടുക്കപ്പെട്ടു പോന്നത്. തൊട്ടടുത്ത കണ്ണവവും കോൺഗ്രസ്സിന്റെ കയ്യിലാണ്. ഈ രണ്ടു വാർഡുകളും പിടിച്ചടക്കുക എന്ന തന്ത്രവുമായി തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ആർ.എസ്.എസ്. സഹായത്തോടെ ബിജെപി.ക്കാർ പരസ്യമായി രംഗത്തുവന്നു.
പോളിങ് ആരംഭിച്ച ഉടൻ തന്നെ വ്യാജപ്പേരിൽ വോട്ടു ചെയ്യാനെത്തിയ ബിജെപി.ക്കാരനെ കോൺഗ്രസ്സുകാർ ചോദ്യം ചെയ്തു. തുടർന്ന് മറുഭാഗത്തുനിന്ന് ഭീഷണിയും അക്രമവും അരങ്ങേറി. ബൂത്തിനു നേരേയും പരിസരത്തും ബിജെപി.ക്കാർ ബോംബെറിഞ്ഞു ഭീതി പരത്തി. ശബ്ദം കേട്ട് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന 6 വയസ്സുകാരി അശ്‌നയേയും ആനന്ദിനേയും വീട്ടിനകത്തേക്ക് എടുത്തു കൊണ്ടുവരാൻ ശ്രമിക്കവെയാണ് ബോംബേറുണ്ടായത്. വീട്ടുമുറ്റത്ത് പതിച്ച ബോംബ് അശ്‌നയേയും ആനന്ദിനേയും അപകടത്തിലാക്കി. അശ്‌നയുടെ വലത് കാൽ ചിതറി. ആനന്ദിന്റെ ദേഹത്ത് മുഴുവൻ ചോര. ശാന്തക്കും പരിക്കേറ്റു. തുടർന്ന് തലശ്ശേരി ആശുപത്രിയിലെത്തി. അവിടെനിന്ന് കോഴിക്കോട്. പിന്നീട് കൊച്ചിയിലും ചികിത്സ തേടി. ചികിത്സയിലൊന്നും അശ്‌നക്ക് സംഭവിച്ച പരിക്കിന്റെ ഗൗരവത്തെ ഭേദമാക്കാൻ കഴിഞ്ഞില്ല. മുട്ടിനുമുകളിൽ വച്ച് പിഞ്ചുകാൽ മുറിച്ചു മാറ്റി. നടക്കാൻ കൃത്രിമക്കാൽ വേണ്ടി വന്നു. വളരുന്നതിനനുസരിച്ച് അത് മാറ്റുകയും വേണം.
വേദന തിന്നുമ്പോഴും അവൾ പഠിച്ചു മിടുക്കിയായി. എസ്.എസ്.എൽ. സി., +2 വിജയങ്ങൾക്കു ശേഷം മെഡിക്കൽ പ്രവേശനവും ലഭിച്ചു. എന്നാൽ അവിടേയും വൈകല്യം പ്രശ്‌നക്കാരനായി. മെഡിക്കൽ കോളേജിലെ മൂന്നാം നിലയിലായിരുന്നു ക്ലാസ്സ്. അവിടെ കയറിയെത്തുക വിഷമം സൃഷ്ടിച്ചു. കോഴിക്കോട് എംപി, എം.കെ. രാഘവൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽ വിഷയം അവതരിപ്പിച്ചു. നടപടി ഉടനെയുണ്ടായി. അശ്‌നയുടെ പഠനസൗകര്യത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ലിഫ്റ്റ് ഏർപ്പെടുത്തി. അതിനിടെ തന്നെ അശ്‌നയുടെ കുടുംബത്തിന് കോൺഗ്രസ്സുകാർ വീടുണ്ടാക്കി നൽകിയിരുന്നു. മറ്റ് അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും കുടുംബത്തെ സഹായിക്കാനും പാർട്ടി മുൻനിരയിലുണ്ടെന്ന് പ്രാദേശിക നേതാവ് സുരേശൻ പറഞ്ഞു. അശ്‌നയുടെ സഹോദരൻ ആനന്ദ് ഇപ്പോൾ നഴ്‌സിങ് വിദ്യാർത്ഥിയാണ്.
കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ അക്രമത്തിന് ഒരു കുട്ടി ഇരയാകുന്നത് ഇതാദ്യമായിരുന്നു. അതുകൊണ്ടുതന്നെ കേരള രാഷ്ട്രീയത്തിൽ ഈ സംഭവം ഏറെ കോളിളക്കമുണ്ടാക്കി. ബിജെപി, ആർ.എസ്.എസ്. നേതൃത്വങ്ങൾ അശ്‌ന സംഭവത്തിൽ മുൾമുനയിലായി. തലശ്ശേരി അതിവേഗ കോടതിയിൽ പതിനാല് ബിജെപി- ആർ.എസ്.എസ്. കാരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിക്കപ്പെട്ടു. വിധി അശ്‌നക്കനുകൂലമായിരുന്നു. അതിവേഗ കോടതി 13 പ്രതികളേയും ശിക്ഷിച്ചു. അഞ്ചാം പ്രതി നരോത്ത് രാമചന്ദ്രനെ പത്തുവർഷവും എ.അശോകനുൾപ്പെടെയുള്ളവരെ അഞ്ചുവർഷം വീതവും തടവുശിക്ഷക്കു വിധിച്ചു. കേസിലെ ആറാം പ്രതി പ്രദീപൻ മറ്റൊരു ബോംബു സ്‌ഫോടനത്തിൽ കൊല്ലപ്പെടുകയായിരുന്നു. അശോകന്റെ ഭാര്യ ജസീനയായിരുന്നു പൂവത്തൂരിലെ ബിജെപി. സ്ഥാനാർത്ഥി. അശോകനിപ്പോൾ ഒ.കെ. വാസുവിനൊപ്പം സിപിഐ (എം)യിൽ ചേർന്നിരിക്കയാണ്. സ്ഥാനാർത്ഥിപ്പട്ടികയിൽപ്പെടുത്താൻ പരിഗണിച്ചെങ്കിലും അശ്‌നക്കേസിൽ കീഴ്‌ക്കോടതി ശിക്ഷിച്ചതിനാൽ മത്സരിക്കാൻ അയോഗ്യനാണ്. പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിനാൽ ഇപ്പോൾ ജാമ്യത്തിൽ കഴിയുകയാണ്.