കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർ പ്രവേശിപ്പിക്കുന്നതു മുതൽ വിമാനത്തിൽ കയറുന്നതു വരെയുള്ള ദൃശ്യങ്ങൾ ഓരോന്നായി ക്യാമറ കണ്ണുകളിൽ പതിയും. അതനുസരിച്ചുള്ള ക്രമീകരണങ്ങൾ വിമാനത്താവളത്തിൽ സജ്ജമായി കഴിഞ്ഞു. അടുത്ത മാസം 9 ാം തീയ്യതി വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമാകും.

പ്രവേശന കവാടം മുതൽ പാസഞ്ചർ ടെർമിനൽ വരെ വിവിധ സ്ഥലങ്ങളിലായി 480 സി.സി. ടി.വി. ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള കേന്ദ്ര വ്യവസായ സുരക്ഷാ സേനക്കാണ് സി.സി.ടി.വി,യുടെ ചുമതല. 24 മണിക്കൂറും വിമാനത്താവളം സേനയുടെ നിരീക്ഷണത്തിലായിരിക്കും. സുരക്ഷാപാളിച്ചകൾ ഉണ്ടായാൽ സിഐ. എസ്. എഫ്. ഉദ്യോഗസ്ഥർക്കാണ് ക്യമാറ പ്രവർത്തിക്കുന്നതിനും പരിശോധിക്കുന്നതിനുമുള്ള അധികാരം.

വിമാനത്താവളത്തിന് അകത്ത് കടക്കുന്ന വാഹനത്തിന്റെ നമ്പർ പ്ലേറ്റ് , ഡ്രൈവർ എന്നിവ തിരിച്ചറിയുന്ന തരത്തിൽ നമ്പർ പ്ലേറ്റ് സെക്ക്ഷൻ ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്. എയർ സൈഡിലേക്ക് വാഹനം പ്രവേശിച്ചാൽ അതിന്റെ വിവരങ്ങൾ വ്യക്തമാകുന്ന തരത്തിൽ ക്യാമറകൾ ക്രമീകരിച്ചിട്ടുണ്ട്.

കൂടാതെ പ്രവേശന കവാടം, ഫ്ളൈഓവർ, പാർക്കിങ്, എന്നിവിടങ്ങളിൽ അണ്ടർ വെഹിക്കിൾ സ്‌കാനറും നമ്പർ പ്ലേറ്റ് സെക്ഷൻ ക്യാമറയും ഒരുക്കിയിട്ടുണ്ട്. ടാക്സി പാർക്കിങ്, കവാടത്തിന് സമീപത്തുള്ള ബസ്സ് റൂട്ടുകൾ, ഫയർ സ്റ്റേഷൻ, ഇന്ധന സംഭരണശാലാ കേന്ദ്രം, എയർ ട്രാഫിക് കൺട്രോൾ സ്റ്റേഷൻ പരിസരം, പാസഞ്ചർ ടെർമിനൽ എന്നിവിടങ്ങളിലൊക്കെ അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ബംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് സർവ്വീസ് നടത്താൻ സ്പൈസ് ജെറ്റും തയ്യാറായി വരുന്നുണ്ട്. സ്പൈസ് ജെറ്റ് അധികൃതർ കിയാൽ അധികാരികളുമായി കൂടിക്കാഴ്ചക്ക് അടുത്ത ദിവസം തന്നെ എത്തുമെന്നാണ് വിവരം. അതോടൊപ്പം ഗോ എയറും കണ്ണൂരിൽ നിന്ന് സർവ്വീസ് തുടങ്ങാൻ സന്നദ്ധരായിട്ടുണ്ട്. ഇൻഡിഗോ എയറും പ്രതിദിന സർവ്വീസ് നടത്താൻ തയ്യാറാവുന്നുണ്ട്.

ഉഡാൻ പദ്ധതിയുടെ ഭാഗമായും അല്ലാതേയും സർവ്വീസ് നടത്താൻ ഇൻഡിഗോ ശ്രമം തുടങ്ങിയിട്ടുണ്ട്. അടുത്ത മാസം തന്നെ ഇൻഡിഗോ ആഭ്യന്തര സർവ്വീസുകൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ്. അതിന്റെ ഭാഗമായി വിമാനത്താവളത്തിൽ ഓഫീസ് സജ്ജമാക്കുന്ന പ്രവർത്തി ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 9 ന് രാവിലെ 10 മണിക്ക് വിമാനത്താവളത്തിന്റെ ഔപചാരികമായ ഉത്ഘാടനം നിർവ്വഹിക്കാനുള്ള ശ്രമവുമായി കിയാൽ അധികൃതർ മുന്നോട്ട് പോവുകയാണ്.